എല്ലാ ഇന്ത്യക്കാര്‍ക്കും അക്കൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ 2000 രൂപയോ? സത്യമിത്

By Web Team  |  First Published Jan 11, 2024, 3:32 PM IST

എല്ലാ ഇന്ത്യക്കാരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 2000 രൂപ പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതി പ്രകാരം ലഭിക്കും എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്


ദില്ലി: എല്ലാ ഇന്ത്യക്കാരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് ഉടനടി 2000 രൂപ വരുമോ? പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതിക്ക് കീഴില്‍ എല്ലാവര്‍ക്കും ഈ തുക ലഭിക്കുമെന്ന പ്രചാരണം ഫേസ്‌ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ സജീവം. ഈ സാഹചര്യത്തില്‍ ഇതിന്‍റെ യാഥാര്‍ഥ്യം എന്താണ് എന്ന് പരിശോധിക്കാം. 

പ്രചാരണം

Latest Videos

undefined

എല്ലാ ഇന്ത്യക്കാരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 2000 രൂപ പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതി പ്രകാരം ലഭിക്കും. ഇതിനായി www.pmjdyan-dhan.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ പറഞ്ഞുകൊണ്ടാണ് ലിങ്ക് ഫേസ്‌ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ ഓഫര്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെയും ഡിജിറ്റല്‍ ഇന്ത്യയുടേയും ലോഗോകളും സന്ദേശത്തില്‍ കാണാം. 

ചിത്രം- ഫേസ്‌ബുക്ക് പോസ്റ്റ്

വസ്‌തുതാ പരിശോധന

എന്നാല്‍ പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതി പ്രകാരം 2000 രൂപ ലഭിക്കുമോ എന്നത് സംബന്ധിച്ച് കീവേഡ് സെര്‍ച്ച് നടത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അറിയിപ്പുകളോ ആധികാരികമായ വാര്‍ത്തകളോ കണ്ടെത്താന്‍ സാധിച്ചില്ല. മാത്രമല്ല വൈറല്‍ സന്ദേശത്തിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് പരിശോധിച്ചപ്പോള്‍ www.pmjdyan-dhan.in വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാനായില്ല. ഇതോടെ ഈ വെബ്‌സൈറ്റ് വ്യാജമാണ് എന്ന സൂചന കിട്ടി.

ചിത്രം- വെബ്‌സൈറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചത്

സര്‍ക്കാരിന് കീഴിലുള്ള എല്ലാ വെബ്‌സൈറ്റുകളുടെയും വിലാസം അവസാനിക്കുന്നത് .gov എന്നാണ്. എന്നാല്‍ വൈറല്‍ ലിങ്കിന്‍റെ യുആര്‍എല്‍ അവസാനിക്കുന്നത് .in എന്ന അഡ്രസിലാണ്. ഇതോടെ പ്രചാരത്തിലുള്ള വെബ്‌സൈറ്റ് വ്യാജമാണ് എന്ന് ഉറപ്പായി. www.pmjdy.gov.in ആണ്  പ്രധാനമന്ത്രി ജന്‍ ദന്‍ യോജന പദ്ധതിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റിന്‍റെ മേല്‍വിലാസം എന്നും തിരിച്ചറിഞ്ഞു. 

ചിത്രം- ഓദ്യോഗിക വെബ്‌സൈറ്റിന്‍റെ വിലാസവും രൂപവും

നിഗമനം

പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതി പ്രകാരം എല്ലാ ഇന്ത്യക്കാര്‍ക്കും അക്കൗണ്ടിലേക്ക് 2000 രൂപ ലഭിക്കും എന്ന പ്രചാരണം വ്യാജമാണ്. പണം ലഭിക്കുമെന്ന് അവകാശപ്പെടുന്ന വെബ്‌സൈറ്റും വ്യാജമാണ് എന്ന് വസ്‌തുതാ പരിശോധനയില്‍ വ്യക്തമായി. 

Read more: രണ്ട് ശതമാനം പലിശയ്ക്ക് മൂന്ന് ലക്ഷം രൂപ ലോണ്‍ ഉടനടിയോ; വൈറല്‍ കത്ത് ശരിയോ? Fact Check

click me!