ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ സഹോദരിമാര്‍ കൊല്ലപ്പെട്ട ഗാസയിലെ ബാലന്‍ നിലവിളിക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്
ഗാസ: എല്ലാ യുദ്ധങ്ങളും സ്ത്രീകളെയും കുട്ടികളെയുമാണ് സാരമായി ബാധിക്കുക എന്ന വിലയിരുത്തല്‍ ശരിവെക്കുന്ന കാഴ്‌ചയാണ് ഗാസയില്‍ നിന്ന് പുറത്തുവരുന്നത്. നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷങ്ങളില്‍ നിരവധി കുരുന്നുകള്‍ക്കാണ് ഗാസയില്‍ ജീവന്‍ പൊലിഞ്ഞത്. ജീവനറ്റതും പരിക്കേറ്റതുമായ കുട്ടികളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്‍റെതായി ഇതിനകം പുറത്തുവരുന്നു. ഇതിലൊരു ദൃശ്യമാണ് തന്‍റെ സഹോദരിമാരെ നഷ്‌ടമായ ഒരു പിഞ്ചുബാലന്‍റെ കരച്ചില്‍. എന്നാല്‍ ഈ കരളലിയിക്കുന്ന ദൃശ്യത്തിന് നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷങ്ങളുമായി ബന്ധമില്ല. പ്രചാരണവും വസ്‌തുതയും അറിയാം.
പ്രചാരണം
undefined
ഇസ്രയേലി വ്യോമാക്രമണങ്ങളില്‍ സഹോദരികള്‍ കൊല്ലപ്പെട്ട ഗാസയിലെ പിഞ്ചുബാലന്‍ പൊട്ടിക്കരയുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ ഫേസ്‌ബുക്കില്‍ ദി ട്രൂത്ത് മീഡിയ എന്ന അക്കൗണ്ടില്‍ നിന്ന് 2023 ഒക്ടോബര്‍ 12-ാം തിയതി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. കുട്ടി ഹൃദയംപൊട്ടി കരയുന്നത് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. #Gaza #Isreal #Palestine #Hammas തുടങ്ങിയ ഹാഷ്‌ടാഗുകളെല്ലാം ഈ വീഡിയോയ്‌ക്കൊപ്പം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഈ വീഡിയോ നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷങ്ങളുടെതാണോ എന്ന് വസ്‌തുതാ പരിശോധനയ്‌ക്ക് വിധേയമാക്കി. ഇസ്രയേലും ഹമാസും തമ്മില്‍ 2023 ഒക്ടോബര്‍ ആദ്യ വാരത്തിനൊടുവില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ ശേഷമാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയത്.
വീഡിയോ
വസ്‌തുത
ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷങ്ങളുടെത് അല്ല എന്താണ് യാഥാര്‍ഥ്യം. SHAAM SNN എന്ന അക്കൗണ്ടില്‍ നിന്ന് ഇതേ പിഞ്ചുബാലന്‍റെ മറ്റൊരു ആംഗിളിലുള്ള ദൃശ്യം 2014 ഫെബ്രുവരി 14ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്‌തിട്ടുള്ളതായി കണ്ടെത്താനായി. ഇരു വീഡിയോകളിലുമുള്ള ബാലന്‍ ഒന്ന് തന്നെയെന്ന് മുഖവും ധരിച്ചിരിക്കുന്ന വസ്ത്രവും കയ്യിലുള്ള വസ്‌തുവും തെളിയിക്കുന്നു.
ഇരു വീഡിയോകളിലെയും ബാലന്‍ ധരിച്ചിരിക്കുന്ന വസ്ത്രം ശ്രദ്ധിക്കുക
ഈ വീഡിയോ എവിടെ നിന്നുള്ളതാണ് എന്ന സംശയമാകും ഇനി. ഇതിനുള്ള ഉത്തരം രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് നല്‍കുന്നുണ്ട്. സിറിയയിലെ അലപ്പോയില്‍ നിന്ന് 2014 ഫെബ്രുവരിയില്‍ ചിത്രീകരിച്ച വീഡിയോയാണിത് എന്ന് റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട് ലിങ്കില്‍ വായിക്കാം.
യൂട്യൂബില്‍ 2014ല്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള ദൃശ്യം
നിഗമനം
സഹോദരികള്‍ കൊല്ലപ്പെട്ട ഗാസയിലെ പിഞ്ചുബാലന്‍ പൊട്ടിക്കരയുന്നു എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന വീഡിയോയ്‌ക്ക് നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷങ്ങളുമായി യാതൊരു ബന്ധവുമില്ല. 2014ല്‍ സിറിയയില്‍ നിന്നുള്ള വീഡിയോയാണ് ഗാസയിലെത് എന്ന വാദത്തോടെ ഇപ്പോള്‍ പ്രചരിക്കുന്നത്.
Read more: നെറ്റിയില്‍ കുറിതൊട്ട് വിഎസ് അച്യുതാനന്ദന്‍; ആ വൈറല്‍ ചിത്രം വ്യാജം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം