കറുത്ത മുണ്ട്; അയ്യപ്പഭക്തനെ കരിങ്കൊടിയാണെന്ന് കരുതി അറസ്റ്റ് ചെയ്‌തതായി വ്യാജ പ്രചാരണം

By Jomit Jose  |  First Published Dec 22, 2023, 2:29 PM IST

കേരളത്തില്‍ അയ്യപ്പഭക്തന്‍മാര്‍ക്ക് രക്ഷയില്ല എന്ന് വീണ്ടും പ്രചാരണം, കരിങ്കൊടിയാണെന്ന് കരുതി അറസ്റ്റ് ചെയ്തതായി വ്യാജ വീഡിയോ


മാലയിട്ട അയ്യപ്പസ്വാമിയെ മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുത്ത പരിപാടിക്കിടെ കറുത്ത മുണ്ട് കരിങ്കൊടിയാണെന്ന് കരുതി കേരള പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി വീഡിയോ പ്രചാരണം. സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ വീഡിയോ സജീവമായ സാഹചര്യത്തില്‍ ദൃശ്യങ്ങളുടെ വസ്‌തുത പരിശോധിക്കാം. 

പ്രചാരണം

Latest Videos

undefined

മന്ത്രി പി എ മുഹമ്മദ് റിയാസ് ഏതോ ഒരു പൊതുപരിപാടിക്കായി വേദിയിലേക്ക് വരുമ്പോള്‍ തൊട്ടരികിലുണ്ടായിരുന്ന കറുത്ത മുണ്ട് ധരിച്ചയാളെ പൊലീസ് പിടികൂടുന്നതാണ് പ്രചരിക്കുന്ന ദൃശ്യത്തിലുള്ളത്. 'കരിങ്കൊടിയാണെന്ന് കരുതി, മാലയിട്ട സ്വാമിയെ പിടിച്ചോണ്ടു പോകുന്നു' എന്ന കുറിപ്പോടെയാണ് ഫേസ്ബുക്കില്‍ റീല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിണറായി വിജയന്‍, ഡിവൈഎഫ്‌ഐ, നവകേരള ന്യൂസ്, നവകേരള യാത്ര, സിപിഐഎം തുടങ്ങിയ ഹാഷ്ടാഗുകള്‍ വീഡിയോയിലെ കുറിപ്പിനൊപ്പം കാണാം. 

വീഡിയോ

വസ്‌തുതാ പരിശോധന

പ്രചരിക്കുന്ന എഫ്‌ബി റീല്‍സില്‍ കേരള വിഷന്‍ ചാനലിന്‍റെ ലോഗോ കാണാം. ഈ സൂചന പിന്തുടര്‍ന്നാണ് വീഡിയോയുടെ വസ്‌തുത ആദ്യം അന്വേഷണ വിധേയമാക്കിയത്. കേരള വിഷന്‍ ചാനല്‍ 2023 നവംബര്‍ 15ന് അവരുടെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള ഒരു വാര്‍ത്ത പരിശോധനയില്‍ കണ്ടെത്താനായി. 'മന്ത്രി മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി; യുവാവ് അറസ്റ്റില്‍' എന്ന തലക്കെട്ടോടെയാണ് വീഡിയോ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. 

കേരള വിഷന്‍ വീഡിയോ- സ്ക്രീന്‍ഷോട്ട്

'ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി. കരിങ്കൊടി കാണിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാമാബസാര്‍ സ്വദേശി കുയില്‍ എന്ന് വിളിക്കുന്ന ബഷീറിനെയാണ് ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രി ആള്‍ക്കൂട്ടത്തിനിടയിലൂടെ സ്റ്റേജിലേക്ക് വരുന്നതിനിടെ ബഷീര്‍ കറുത്തമുണ്ട് ഉരിഞ്ഞ് മന്ത്രിക്ക് നേരെ വീശുകയായിരുന്നു. ഉടന്‍ പൊലീസ് ഇയാളെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഇയാള്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. ഇയാള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്നും മദ്യ ലഹരിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു'- എന്നും കേരള വിഷന്‍ യൂട്യൂബ് വീഡിയോയുടെ വിവരണത്തില്‍ നല്‍കിയിട്ടുണ്ട്. 

കേരള വിഷന്‍ വീഡിയോയുടെ വിവരണം- സ്ക്രീന്‍ഷോട്ട്

ഈ വാര്‍ത്ത ഒന്നുകൂടി ഉറപ്പിക്കാന്‍ കൂടുതല്‍ തുടര്‍ പരിശോധനകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം നടത്തി. ഗുരുവായൂരില്‍ മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത പരിപാടിയില്‍ നടന്ന സംഭവത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ 2023 നവംബര്‍ 14ന് വാര്‍ത്ത നല്‍കിയിരുന്നതാണെന്ന് പരിശോധനയില്‍ വ്യക്തമായി. 'ഗുരുവായൂർ മേൽപ്പാലം ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുപ്പ് മുണ്ട് ഉരിഞ്ഞ് പ്രതിഷേധം. മാമാ ബസാർ സ്വദേശി ബഷീറാണ് പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യ ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു' എന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ വാര്‍ത്തയിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത- സ്ക്രീന്‍ഷോട്ട്

ഗുരുവായൂർ മേൽപ്പാലം ഉദ്ഘാടനത്തിനെത്തിയ മന്ത്രി റിയാസിന് നേരെ കറുപ്പ് മുണ്ടുരിഞ്ഞ് പ്രതിഷേധം

മാലയിട്ട സ്വാമിയെ കറുത്ത മുണ്ട് കണ്ട് കരിങ്കൊടിയാണെന്ന് കരുതി കേരള പൊലീസ് കസ്റ്റഡിയിലെടുത്തു എന്ന പ്രചാരണം വ്യാജമാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെയും കേരള വിഷന്‍റേയും വാര്‍ത്തകളില്‍ നിന്ന് ഉറപ്പിക്കാം.

നിഗമനം 

മാലയിട്ട സ്വാമിയെ മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത പരിപാടിക്കിടെ കറുത്ത മുണ്ട് കരിങ്കൊടിയാണ് എന്ന് തെറ്റിദ്ധരിച്ച് കേരള പൊലീസ് കസ്റ്റഡിയിലെടുത്തു എന്ന വീഡിയോ പ്രചാരണം വ്യാജമാണ്. ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി കാണിച്ച മാമാബസാര്‍ സ്വദേശി കുയില്‍ എന്ന് വിളിക്കുന്ന ബഷീറിനെ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോയാണിത്. 

Read more: മുഖ്യമന്ത്രിയുടെ വിവാദ ഗണ്‍മാന്‍ അടിതെറ്റി റോഡില്‍ വീണതായി ചിത്രം വൈറല്‍; സംഭവം നവകേരള സദസിലോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!