കൊവിഡ് 19 രോഗികളെ പരിചരിക്കുന്നതിനിടയില്‍ പരസ്പരം ആലിംഗനബദ്ധരായി നില്‍ക്കുന്ന ഇറ്റലിയിലെ നഴ്സുമാര്‍ എന്ന കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം വ്യാജം. ഇറ്റലിയെ ആശുപത്രിയിലെ ചിത്രമെന്ന പേരിലായിരുന്നു സമൂഹമാധ്യമങ്ങളില്‍ ചിത്രം വൈറലായത്. സോഫിയ, ആന്റണി എന്നീ നഴ്സുമാര്‍ തങ്ങളുടെ മക്കളെ വിട്ട് കൊവിഡ് 19 രോഗികളെ പരിചരിക്കാനെത്തി, ഇത് അവരുടെ അവസാന ചുംബനമാണോയെന്ന് അറിയില്ല. അന്‍റോണിയോയ്ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന കുറിപ്പോടെയായിരുന്നു ചിത്രം വ്യാപകമായി പ്രചരിച്ചത്.
എന്നാല്‍ സ്പെയിനിലെ ബാഴ്‍സലോണ എയര്‍പോര്‍ട്ടില്‍ വച്ച് അസോസിയേറ്റഡ് പ്രസിന്‍റെ ഫോട്ടോഗ്രാഫറായ എമിലിയോ എടുത്ത ചിത്രമാണ് കുറിപ്പിനൊപ്പം പ്രചരിക്കുന്നതെന്ന് അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുടെ വസ്തുതാ പരിശോധനാ വിഭാഗം കണ്ടെത്തി. മാര്‍ച്ച് 25 മുതലാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇറ്റലിയില്‍ നിന്നുള്ള ചിത്രമെന്ന പേരില്‍ ഇത് പ്രചരിച്ചത്. മാര്‍ച്ച് 12നാണ് അസോസിയേറ്റഡ് പ്രസ് ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്.