ആഫ്രിക്കന്‍ ജനതയെ ഉന്‍മൂലനം ചെയ്യാന്‍ ചൈനയും യുഎസും നിര്‍മ്മിച്ച ആയുധമോ കൊറോണ വൈറസ്?

By Web Team  |  First Published May 22, 2020, 10:32 PM IST

ഫ്രഞ്ച് മൈക്രോ ബയോളജിസ്റ്റായ ദിദിയര്‍ റൗള്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ആയിരക്കണക്കിന് പോസ്റ്റുകളില്‍ പറയുന്നത്


പാരിസ്: ആഫ്രിക്കന്‍ ജനതയെ ഭുമുഖത്തുനിന്ന് തുടച്ചുനീക്കാനായി അമേരിക്കയും ചൈനയും ചേര്‍ന്ന് സൃഷ്ടിച്ചതോ കൊറോണ വൈറസ്. കൊറോണയ്‌ക്ക് പിന്നില്‍ അമേരിക്കയും ചൈനയുമാണെന്ന് ഫ്രഞ്ച് മൈക്രോ ബയോളജിസ്റ്റായ ദിദിയര്‍ റൗള്‍ട്ട് വെളിപ്പെടുത്തി എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ആയിരക്കണക്കിന് പോസ്റ്റുകളില്‍ പറയുന്നത്. എന്താണ് ഈ പ്രചാരണത്തിലെ വസ്‌തുത. 

പ്രചാരണം ഇങ്ങനെ

Latest Videos

undefined

 

കൊറോണ വൈറസിനെ സൃഷ്‌ടിച്ചത് അമേരിക്കയും ചൈനയും ചേര്‍ന്നാണ്, ദിദിയര്‍ റൗള്‍ട്ട് പറയുന്നു. കൊവിഡ് വ്യാപനം അവസാനിക്കുമ്പോഴേക്കും 30 മില്യണ്‍ ആളുകള്‍ ആഫ്രിക്കയില്‍ മരണപ്പെടും. 19,000ത്തിലേറെ തവണ ഷെയര്‍ ചെയ്യപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റിലെ വരികളാണിത്. ആഫ്രിക്കയെ തകര്‍ക്കുന്നതിനായി ബില്‍ ഗേറ്റ്‌സിന് ഒപ്പം ചേര്‍ന്ന് അമേരിക്കയും ചൈനയും വമ്പന്‍ ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ട് എന്നും പോസ്റ്റ് പറയുന്നു. മെയ് 12 നാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് എന്നോര്‍ക്കണം. 

അതേസമയം, ഫ്രഞ്ച് ഭാഷയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് 1,65,000 തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടത്. എന്നാല്‍ പിന്നീട് ഇത് ഫേസ്‌ബുക്കില്‍ നിന്ന് നീക്കം ചെയ്തു. പോസ്റ്റിന്‍റെ ആര്‍ക്കൈവ് ചുവടെ... 

 

വസ്‌തുത

എന്നാല്‍, കൊറോണക്കാലത്തെ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ എല്ലാംപോലെ ഈ പ്രചാരണത്തിനും തെളിവുകളുടെ പിന്‍ബലമില്ല. ദിദിയര്‍ റൗള്‍ട്ട് ഇങ്ങനെയൊരു പ്രസ്‌താവന പറഞ്ഞിട്ടില്ല എന്ന് വ്യക്തമായി. 

വസ്‌തുതാ പരിശോധനാ രീതി

വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയുടെ ഫാക്‌ട് ചെക്ക് വിഭാഗമാണ് ദിദിയര്‍ റൗള്‍ട്ടിനെതിരായ പ്രചാരണത്തിന് പിന്നിലെ ചുരുളഴിച്ചത്. കൊറോണ വൈറസിന് പിന്നില്‍ ചൈനയും അമേരിക്കയും ആണെന്നും ആഫ്രിക്കയെ ലക്ഷ്യമിട്ടാണ് ജൈവായുധം നിര്‍മ്മിച്ചത് എന്നും ദിദിയര്‍ റൗള്‍ട്ട് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് അദേഹത്തിന്‍റെ ഓഫീസ് എഎഫ്‌പിയോട് വ്യക്തമാക്കി. 

നിഗമനം

ആഫ്രിക്കക്കാരെ ഇല്ലാതാക്കാന്‍ അമേരിക്കയും ചൈനയും ചേര്‍ന്ന് ലാബില്‍ സൃഷ്‌ടിച്ചതാണ് കൊറോണ വൈറസ് എന്ന പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നു. കൊറോണ സ്വാഭാവിക സൃഷ്‌ടിയാണ് എന്നാണ് ശാസ്‌ത്രലോകം വിശ്വസിക്കുന്നത്. വൈറസിന്‍റെ ഉല്‍പത്തിയെ കുറിച്ച് മുമ്പും പല ഗൂഢാലോചനാ സിദ്ധാന്തങ്ങളും ചര്‍ച്ചയായിരുന്നു.

click me!