'കാണ്ടാമൃഗത്തിന്‍റെ കൊമ്പില്‍ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചത്?' പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

By Web Team  |  First Published Feb 5, 2020, 10:26 PM IST

നോവല്‍ കൊറോണ വൈറസിന്‍റെ ഉത്ഭവം കാണ്ടാമൃഗത്തിന്‍റെ കൊമ്പില്‍ നിന്നാണെന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?


ദില്ലി: നോവല്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ നിരവധി വ്യാജവാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ് ജനങ്ങളില്‍ ഭീതിയും ആശങ്കയും ജനിപ്പിക്കുന്ന വാര്‍ത്തകളാണിവ. കാണ്ടാമൃഗത്തിന്‍റെ കൊമ്പില്‍ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചത് എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത ഇത്തരത്തിലൊന്നാണ്.

ഫേസ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും മീമുകളുടെ രൂപത്തിലാണ് ഈ വാര്‍ത്ത പ്രചരിച്ചത്. 'കാണ്ടാമൃഗത്തിന്‍റെ കൊമ്പില്‍ നിന്നാണ് കൊറോണ വൈറസ് ഉണ്ടായതെന്നാണ് വിശ്വസിക്കുന്നത്'  എന്ന കുറിപ്പിനൊപ്പം കാണ്ടാമൃത്തിന്‍റെ കൊമ്പുകളുടെ ചിത്രം കൂടി ഉള്‍പ്പെടുത്തിയുള്ള മീമാണ് വന്‍ തോതില്‍ പ്രചരിച്ചത്. ഏകദേശം 2,000ത്തോളം തവണ ഈ വാര്‍ത്ത ഷെയര്‍ ചെയ്യപ്പെട്ടു. 

Latest Videos

undefined

കാണ്ടാമൃഗ വേട്ടയ്‍‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍ ഈ മീം തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാനുള്ള നീക്കമെന്ന രീതിയില്‍ ചിലര്‍ പീറ്റേഴ്സണെ അനുകൂലിച്ചെങ്കിലും മറ്റ് ചിലര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. പ്രശസ്ത ഗവേഷകരുള്‍പ്പെടെ ഇത്തരം മീമുകള്‍ പ്രചരിപ്പിക്കുന്നതിനെ എതിര്‍ത്ത് അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. 

2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് നോവല്‍ കൊറോണ വൈറസിന്‍റെ ഉത്ഭവം. പനി, സാര്‍സ്, മെര്‍സ് തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന വൈറസിന്‍റെ ഗണത്തില്‍പ്പെട്ട വൈറസാണ് 2019-നോവല്‍ കൊറോണ വൈറസ് എന്ന ഔദ്യോഗിക പേരിലറിയപ്പെടുന്ന കൊറോണ വൈറസ്. എന്നാല്‍ നോവല്‍ കൊറോണ വൈറസിന്‍റെ ഉത്ഭവ കേന്ദ്രം ഇതുവരെ കണ്ടെത്താനായിട്ടില്ല. വുഹാനില്‍ കണ്ടെത്തിയ നോവല്‍ കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രം ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് കാണ്ടാമൃഗത്തിന്‍റെ കൊമ്പില്‍ നിന്നാണെന്നുള്ള തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്. വൈറസ് എവിടെ നിന്നാണ് ഉത്ഭവിച്ചതെന്നതിന് ഇതുവരെ  സ്ഥിരീകരണം ലഭിച്ചിട്ടില്ല. പ്രചരിക്കുന്നത് വ്യജവാര്‍ത്തയാണെന്ന് ഇതിലൂടെ തെളിഞ്ഞതായി 'എഎഫ്പി' ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

Read More: കൊറോണവൈറസ് ഇറച്ചിക്കോഴികളില്‍ കണ്ടെത്തിയോ?; വാട്സ് ആപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തിന്‍റെ പിന്നിലെന്ത്?

click me!