ഭക്ഷണം അതിഥി തൊഴിലാളികള്‍ പ്ലാറ്റ്ഫോമുകളിലേക്ക് വലിച്ചെറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വിദ്വേഷപരമായ കുറിപ്പുകളോട് കൂടി പ്രചരിച്ചത്.
കേരളത്തില്‍ നിന്ന് പ്രത്യേക ട്രെയിനുകളില്‍ മടങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ നന്ദികേട് കാണിച്ചെന്ന പേരില്‍ നടക്കുന്ന പ്രചാരണം വ്യാജം. ഉപയോഗ ശൂന്യമായ ഭക്ഷണം അതിഥി തൊഴിലാളികള്‍ പ്ലാറ്റ്ഫോമുകളിലേക്ക് വലിച്ചെറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വിദ്വേഷപരമായ കുറിപ്പുകളോട് കൂടി പ്രചരിച്ചത്. ലോക്ക്ഡൌണ്‍ കാലത്ത് സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികള്‍ കഴിഞ്ഞ ദിവസം മുതലാണ് പ്രത്യേക ട്രെയിനുകളില്‍ മടങ്ങിപ്പോകാന്‍ ആരംഭിച്ചത്.
ഇവര്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നും നല്‍കിയായിരുന്നു യാത്ര അയച്ചത്. എന്നാല്‍ ഈ ഭക്ഷണം തൊഴിലാളികള്‍ വലിച്ചെറിഞ്ഞ് നന്ദികേട് കാണിക്കുന്നുവെന്നാണ് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ നടന്ന പ്രചാരണം. എന്നാല്‍ പശ്ചിമ ബംഗാളിലെ അസംസോള്‍ സ്റ്റേഷനിലാണ് സംഭവം നടന്നിട്ടുള്ളതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ബിഹാറിലെ ധാനാപൂറിലേക്ക് പോയ ട്രെയിനില്‍ അതിഥി തൊഴിലാളികള്‍ക്ക് മോശം ഭക്ഷണം നല്‍കിയപ്പോഴാണ് സംഭവമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് 19 നിയന്ത്രണങ്ങളുള്ളതിനാല്‍ ട്രെയിനില്‍ നല്‍കുന്ന ഭക്ഷണം മാത്രമായിരുന്നു അതിഥി തൊഴിലാളികള്‍ക്ക് ആശ്രയം. അസംസോള്‍ റെയില്‍വേ സ്റ്റേഷനില്‍ അല്‍പസമയം നിര്‍ത്തിയിട്ട് ഭക്ഷണപ്പൊതികള്‍ അധികൃതര്‍ നല്‍കിയത്.
ഈ ഭക്ഷണപ്പൊതികളാണ് അതിഥിതൊഴിലാളികള്‍ വലിച്ചെറിഞ്ഞത്. വ്യാജ പ്രചാരണങ്ങള്‍ അവകാശപ്പെടുന്നത് പോലെ കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികള്‍ക്ക് നല്‍കിയ ഭക്ഷണമല്ല വലിച്ചെറിഞ്ഞത്. യാത്രയില്‍ അസംസോളില്‍ മാത്രമാണ് ഇത്തരമൊരു അനുഭവമുണ്ടായിട്ടുള്ളതെന്നാണ് തൊഴിലാളികള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ഈ വീഡിയോയാണ് അതിഥി തൊഴിലാളികള്‍ക്കെതിരായി വിദ്വേഷപ്രചാരണത്തിനായി വ്യാപകമായി ഉപയോഗിക്കുന്നത്.