പ്രിയങ്ക ഗാന്ധി തയ്യാറാക്കിയ 1000 ബസുകള്‍; കേരളത്തിലടക്കം വൈറലായ ചിത്രം വ്യാജം

By Web Team  |  First Published May 19, 2020, 8:18 PM IST

പ്രിയങ്ക ഗാന്ധിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ അനുമതി കാത്തുനില്‍ക്കുന്ന ബസുകളുടെ ചിത്രം എന്ന തലക്കെട്ടോടെ സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടുകളില്‍ നിന്നായിരുന്നു ഈ പോസ്റ്റുകളും ട്വീറ്റുകളും. 


ലഖ്‌നൗ: ലോക്ക് ഡൗണിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ഉത്തര്‍പ്രദേശില്‍ തിരിച്ചെത്തിക്കാന്‍ 1000 ബസുകള്‍ തയ്യാറാക്കിയിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ബസുകളുടെ അനുമതി യുപി സര്‍ക്കാര്‍ നിഷേധിച്ചത് വലിയ വിവാദമാവുകയും ചെയ്തു. ഈ ബസുകള്‍ യുപി അതിര്‍ത്തിയില്‍ അനുമതി കാത്ത് നില്‍ക്കുകയാണ് എന്ന് പ്രിയങ്ക നേരത്തെ വീഡിയോയിലൂടെ അറിയിച്ചിരുന്നു. പ്രിയങ്കയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, അനുമതി കാത്തുനില്‍ക്കുന്ന ബസുകളുടെ ചിത്രം എന്ന തലക്കെട്ടോടെ സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടുകളില്‍ നിന്നായിരുന്നു ഈ പോസ്റ്റുകളും ട്വീറ്റുകളും. എന്നാല്‍ ഈ ചിത്രം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നു. 

Latest Videos

 

ചൂടുപിടിച്ച പ്രചാരണം ഇങ്ങനെ

'ഈ കിടക്കുന്നത് ട്രെയിന്‍ അല്ല, ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സജീകരിച്ച 1000 ബസുകള്‍ ആണ്. മുഖ്യമന്ത്രി യോഗി അനുമതി നല്‍കിയിട്ടില്ല. ജനങ്ങള്‍ ഹൈവേയിലൂടെ മക്കളും പ്രായമായവരുമായി നടക്കുന്നു. അനുമതി ഇല്ലാത്തതിനാല്‍ ബസുകള്‍ വഴിയില്‍ തടഞ്ഞിട്ടിരിക്കുന്നു'- ഇതായിരുന്നു InciOnline എന്ന പേജില്‍ നിന്ന് മലയാളത്തിലുള്ള ഫേസ്‌ബുക്ക് പോസ്റ്റ്.

 

മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി അടക്കമുള്ള ഭാഷകളിലും സമാന സ്വഭാവമുള്ള പോസ്റ്റുകള്‍ ഫേസ്‌ബുക്കില്‍ പ്രചരിച്ചു. പ്രിയങ്ക ഗാന്ധി സജീകരിച്ച ബസുകളുടെ ചിത്രമാണ് ഇതെന്നായിരുന്നു പോസ്റ്റുകളിലെല്ലാം. ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റ് സുഷ്‌മിത ദേവ് ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് ഈ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. ആയിരക്കണത്തിന് തൊഴിലാളികള്‍ക്ക് പ്രയോജനമാകുന്ന നീക്കത്തിന് പ്രിയങ്കയ്‌ക്ക് നന്ദി അറിയിച്ചായിരുന്നു സുഷ്‌മിതയുടെ ട്വീറ്റ്. ഈ ട്വീറ്റ് പിന്നീട് നീക്കം ചെയ്തു. ഇത്തരത്തില്‍ അനവധി പേരാണ് ബസുകളുടെ ചിത്രം പങ്കുവെച്ചത്. 

 

വാസ്‌തവം എന്ത്?

എന്നാല്‍, പ്രചരിക്കുന്ന ചിത്രം ലോക്ക് ഡൗണ്‍ കാലത്തെയോ, പ്രിയങ്ക ഗാന്ധി ഏര്‍പ്പെടുത്തിയ 1000 ബസുകളുടേയോ അല്ല എന്നതാണ് വസ്‌തുത. 

വസ്‌തുതാ പരിശോധനാ രീതി

 

യുപി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം(2019) കുംഭമേളയില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രയാഗ് രാജില്‍ തയ്യാറാക്കിയ 500 പ്രത്യേക ബസുകളുടെ ചിത്രമാണ് പ്രചരിക്കുന്നത് എന്ന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ വ്യക്തമായി. ഇത്രയും ബസുകള്‍ അണിനിരത്തി യുപി റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിടുന്നതായി 2019 ഫെബ്രുവരി 28ന് വാര്‍ത്താ ഏജന്‍സിയായ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ, എന്‍ഡിടിവിയും ടൈംസ് നൗവും അടക്കമുള്ള ദേശീയ മാധ്യമങ്ങളും 500 ബസുകളെ കുറിച്ചുള്ള വാര്‍ത്ത നല്‍കിയിട്ടുണ്ട്. 

 

കുംഭമേളക്കായി 500 പ്രത്യേക ബസുകള്‍ അണിനിരത്തി യുപി സര്‍ക്കാര്‍ ഗിന്നസ് ബുക്കില്‍ ഇടംനേടിയിരുന്നു. ഇക്കാര്യം ഫിനാന്‍ഷ്യല്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തതിന്‍റെ സ്‌ക്രീന്‍ ഷോട്ട് ചുവടെ കൊടുക്കുന്നു. അണിനിരന്ന ബസുകളുടെ നിരവധി ചിത്രങ്ങള്‍ ഈ വാര്‍ത്തയിലുണ്ട്. യുപി സര്‍ക്കാരിന് ലഭിച്ച ഗിന്നസ് സര്‍ട്ടിഫിക്കറ്റിന്‍റെ ചിത്രവും കാണാം. 

 

നിഗമനം

ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളെ യുപിയില്‍ തിരിച്ചെത്തിക്കാനായി പ്രിയങ്ക ഗാന്ധി തയ്യാറാക്കിയ 1000 ബസുകളുടെ ചിത്രം എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വൈറലായ ചിത്രം 2019ലെ കുംഭമേളയില്‍ നിന്നുള്ളതാണ്.  

ആയിരം ബസുകളുണ്ട്, ഓടിക്കാന്‍ അനുവദിക്കണമെന്ന് പ്രിയങ്കാ ഗാന്ധി; അനുമതി നല്‍കി യോഗി സര്‍ക്കാര്‍

പ്രിയങ്ക വാഗ്ദാനം ചെയ്തത് കാറും ഓട്ടോയുമെന്ന് ബിജെപി; എത്തിച്ച ബസുകള്‍ക്ക് അനുമതി നല്‍കിയില്ലെന്ന് കോണ്‍ഗ്രസ്

 


 

click me!