പാലാ: പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സന്ന്യാസ ഏകാന്തവാസത്തിനായി സ്ഥാനത്യാഗം ചെയ്യുന്നതായുള്ള വാര്‍ത്ത വിശ്വാസികള്‍ക്ക് വലിയ ഞെട്ടലാണ് നല്‍കിയത്. ബിഷപ്പിന്‍റെ സ്ഥാനത്യാഗത്തിന് പിന്നില്‍ പാലാ രൂപതയിലെ ചില വൈദികരാണെന്നും അഴിമതിയെ എതിര്‍ത്താണ് പിതാവിന്‍റെ രാജിയെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. സ്ഥാനത്യാഗത്തിന് വത്തിക്കാന്‍റെ അനുമതി ലഭിച്ചതായും വാര്‍ത്തയിലുണ്ടായിരുന്നു. ഇത് വലിയ വിവാദത്തിനാണ് വഴിതുറന്നത്.
undefined
സ്ഥാനത്യാഗത്തെ കുറിച്ചുള്ള പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായതോടെ വിശദീകരണവുമായി മാര്‍ ജേക്കബ് മുരിക്കന്‍ രംഗത്തെത്തി. പ്രിയപ്പെട്ടവരെ, എന്ന് തുടങ്ങുന്ന കത്തിലൂടെയാണ് മാര്‍ ജേക്കബ് മുരിക്കന്‍ കാര്യങ്ങള്‍ വിശദമാക്കിയത്. സ്ഥാനത്യാഗം ചെയ്തിട്ടില്ലെന്നും എന്നാല്‍ സന്യാസ ഏകാന്തവാസം എന്നത് നാളുകളായുള്ള ആഗ്രഹമാണെന്നും കത്തില്‍ പറയുന്നു.
'വര്‍ഷങ്ങളായി സന്ന്യാസ ഏകാന്തവാസം നയിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. ആ ആഗ്രഹം രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനോടും മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനോടും ഞാന്‍ പങ്കുവെച്ചിട്ടുള്ളതാണ്. എന്നാല്‍ ഇതിന്‍റെ അനുവാദം സംബന്ധിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട് രൂപതയിലെ ചില വൈദികരുടെ പേരെടുത്ത് പറഞ്ഞും രൂപതയിലെ കാര്യങ്ങള്‍ തെറ്റായി അവതരിപ്പിച്ചും നടത്തുന്ന പ്രചാരണങ്ങള്‍ വേദനാജനകമാണ്. ഇത്തരം കുപ്രചാരണങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് ദയവായി അഭ്യര്‍ത്ഥിക്കുന്നു'.
സഭയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ് സ്ഥാനത്യാഗം. അതിനാലാണ് മാര്‍ ജേക്കബ് മുരിക്കന്‍ സ്ഥാനത്യാഗം ചെയ്യുന്നതായുള്ള വാര്‍ത്ത വിശ്വാസികളില്‍ വലിയ ആശ്ചര്യവും ആശയക്കുഴപ്പവും സൃഷ്ടിച്ചത്. സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ കൂടിയായതോടെ മാര്‍ ജേക്കബ് മുരിക്കന്‍റെ സ്ഥാനത്യാഗത്തെ കുറിച്ച് കഥകള്‍ നിരവധി പ്രചരിക്കുകയായിരുന്നു. എന്നാല്‍ സ്ഥാനത്യാഗം ചെയ്യുന്നതായുള്ള പ്രചാരണങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ് ഇപ്പോള്‍ മാര്‍ ജേക്കബ് മുരിക്കന്‍.