സാമൂഹ്യമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കത്തിപ്പടർന്ന കഥക്ക് ഇപ്പോള്‍ വമ്പന്‍ ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്
കുന്നംകുളം: ഏഴടി ഉയരം, കാലുകളില്‍ സ്പ്രിങ്. മരങ്ങളില്‍ നിന്ന് മരങ്ങളിലേക്കുള്ള വവ്വാലുകളി. രണ്ടുനില വീടിന്‍റെ മുകളിലേക്ക് ടപ്പേന്ന് കയറി ടപ്പേന്ന് ഇറങ്ങുന്നു. കാറ്റിനു പോലും ഇത്ര വേഗം കണ്ടിട്ടില്ല. ആളൊരു കുമ്പിടിയാ, പലയിടങ്ങളില്‍ കണ്ടവരുത്. ബ്ലാക്ക്മാനോ അതോ കള്ളനോ, ഇനി ഒടിയനെങ്ങാനും ഇതുവഴി?. ഇന്നലെ കയ്യീന്ന് ജസ്റ്റ് മിസായതാ. അവനെ കിട്ടും. കിട്ടിയാല്‍, കലിപ്പ് തീരണില്ല... കുന്നംകുളത്തെ അജ്ഞാത രൂപത്തെ കുറിച്ച് വാട്‍സ്ആപ്പില്‍ നിറഞ്ഞ കഥകളിങ്ങനെ നീളുന്നു.
undefined
എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കത്തിപ്പടർന്ന കഥക്ക് ഇപ്പോള്‍ വമ്പന്‍ ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. അജ്ഞാത മനുഷ്യന്‍റെ കാര്യം തിരക്കി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ സമീപിച്ചപ്പോള്‍ കുന്നംകുളം പൊലീസ് കാര്യങ്ങള്‍ വിശദീകരിച്ചു. ഏഴടി ഉയരക്കാരനെ ഉറക്കമൊഴിച്ച് കാത്തിരുന്നവർക്ക് പൊലീസ് നല്‍കുന്നത് ചില സന്ദേശങ്ങളും മുന്നറിയിപ്പുകളുമാണ്. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നു എന്ന പ്രചാരണത്തിനും പൊലീസ് മറുപടി നല്‍കി.
കാര്യങ്ങള്‍ക്ക് ഒരു തീരുമാനമായെന്ന് പൊലീസ്
"മൂന്ന് ദിവസം പകലും രാത്രിയുമായി അന്വേഷണം നടത്തി. പറയപ്പെടുന്ന അജ്ഞാതന്‍ ഒരാളുടെയെങ്കിലും വീട്ടില്‍ കയറുകയോ ആരേയും ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല. എന്തിനേറെ കണ്ടവർ പോലുമില്ല. ഏഴ് മണി മുതല്‍ ഒന്‍പത് മണിവരെ നാട്ടിലിറങ്ങുന്ന കള്ളനുണ്ടാകുമോ. പ്രദേശത്ത് ഇതുവരെ ഒരു മോഷണശ്രമവും നടന്നിട്ടില്ല. അജ്ഞാതനില്ല, ബ്ലാക്ക്മാനില്ല, കള്ളനില്ല. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള വ്യാജ പ്രചാരണമാണ് കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും നടക്കുന്നത്. നൂറോളം പരാതികള്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. സ്ഥലത്തെ സുരക്ഷ പിന്‍വലിച്ചു".
തുടക്കം മുതല്‍ ഒടുക്കം വരെ; കഥകളും ട്വിസ്റ്റുകളും
പഴഞ്ഞിയിലാണ് ആദ്യം കണ്ടത്. പിന്നീട് ചിറയന്‍കാട്, സ്രായില്‍, പാലോട്ടുമിറി, ചിറക്കല്‍ പട്ടിത്തടം, കരിക്കാട്, അരുവായില്‍, കാണിപ്പയ്യൂർ, പന്തല്ലൂർ... അങ്ങനെ സ്ഥലങ്ങളുടെ നീണ്ടപട്ടിക വാട്‍സ്ആപ്പില്‍ ഇറങ്ങിയോടി. മരത്തീന്ന് ഊർന്നിറങ്ങുകയായിരുന്നു, കണ്ടപാടെ ബോധം പോയി. ഏഴടിയാണ്, അല്ല ആറടിയാണ് അജ്ഞാതന്. അങ്ങനെയൊരു ചർച്ചയും കൊടുംമ്പിരികൊണ്ടു. പിന്നെ ഒന്നുംനോക്കിയില്ല. അജ്ഞാതനെ പിടിക്കാന്‍ നാട്ടുകാരിറങ്ങി. 500 ഓളം പേരാണ് സംഘത്തിലുണ്ടായിരുന്നു എന്നൊക്കെയാണ് കഥകള്‍.
പൊലീസിനും സമാധാനം പോയി. മൂന്നുദിവസം രാപ്പകലില്ലാതെ അവരും അലഞ്ഞു. ഓരോ തവണ കാണുമ്പോഴും നാട്ടുകാർ ഓരോരോ പുതിയ 'കഥകള്‍' പറഞ്ഞുകൊടുത്തു. തെളിവ് ചോദിച്ച പൊലീസിന്‍റെ മുന്നിലേക്ക് ഒരു സിസിടിവി ദൃശ്യം എറിഞ്ഞുകൊടുത്തു. ആ ദൃശ്യമാണ് ഏഴടി മനുഷ്യന്‍റെ കഥയ്ക്ക് വിശ്വസനീയത കൂട്ടിയത്. കുന്നംകുളത്ത് എവിടെ പതിഞ്ഞതാണ് ഈ ദൃശ്യം എന്ന കാര്യത്തില്‍ ഇപ്പോഴും തർക്കമാണ്, അതവിടെ നില്‍ക്കട്ടെ. വീഡിയോയ്ക്ക് മറ്റ് ജില്ലകളില്‍ നിന്നും അവകാശികള്‍ എത്തിയിട്ടുണ്ട് എന്നത് മറ്റൊരു കാര്യം. അതിന്‍റെ വസ്തുത പിന്നാലെ പറയാം.
തപ്പിയവനെ കണ്ടതുമില്ല, കിട്ടിയതുമില്ല എന്ന അവസ്ഥയായപ്പോള്‍ കുന്നംകുളത്തെ അജ്ഞാത മനുഷ്യന്‍റെ കഥയ്ക്ക് പൊലീസ് വിലങ്ങിട്ടിരിക്കുകയാണ്. ഇനിയും വിശ്വസിക്കാനാകാത്തവർക്ക് കുന്നംകുളം എസ് ഐ ബാബുവിന്‍റെ മറുപടി വായിക്കാം.
പ്രചരിക്കുന്ന വീഡിയോയും ചിത്രവും?
"മലപ്പുറത്ത് 2017 ഏപ്രില്‍- മെയ് മാസങ്ങളില്‍ നടന്ന ഒരു മോഷണശ്രമത്തിന്‍റെ വീഡിയോയും ചിത്രവുമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആരാണ് ഇത് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് അന്വേഷിച്ചുവരികയാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴി അത് പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കും. ഒപ്പം ജനങ്ങളുടെ ആശങ്ക മാറ്റാനുള്ള നടപടിയും ഉടന്‍ സ്വീകരിക്കും" എന്നും കുന്നംകുളം എസ്ഐ വ്യക്തമാക്കി.
13 വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം...ഇങ്ങനെയൊരു സംഭവം?
'വെള്ളിയാഴ്‍ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. വീടിന്‍റെ ഉമ്മറത്ത് പഠിക്കാനിരിക്കുകയായിരുന്ന 13 വയസുകാരനെ ആരോ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ഒന്നര കി.മീ അപ്പുറത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്' എന്നായിരുന്നു പ്രചാരണം. ഈ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.
"ഒരു തോന്നലിന്‍റെ പുറത്താവണം, കുട്ടി അടുത്ത വീട്ടിലെ സൈക്കിളോടിച്ച് പോവുകയായിരുന്നു. വീട്ടുകാർ ആദ്യം അന്വേഷിച്ചപ്പോള്‍ കണ്ടില്ല. പരിസരത്തൊന്നും കാണാതെവന്നപ്പോള്‍ വീടിന് പുറത്തിറങ്ങി നോക്കി. കുട്ടി സൈക്കിളുമായി പോകുന്നത് അപ്പോള്‍ കണ്ടു. പരിചയക്കാര്‍ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ആരോ തട്ടിക്കോണ്ടുപോകാന്‍ ശ്രമിച്ചതായി ഡോക്ടറോട് കുട്ടി പറഞ്ഞെു. എന്നാല്‍ എല്ലാം കുട്ടിയുടെ തോന്നല്‍ മാത്രമാകാനാണ് സാധ്യത. രാത്രി തന്നെ കുട്ടിയെ നേരില്‍ കണ്ടിരുന്നു. തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല, മറ്റ് തെളിവുകളുമില്ല"- കുന്നംകുളം എസ്ഐ കൂട്ടിച്ചേർത്തു.
'ഇനിയും തപ്പാനിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്'; മുന്നറിയിപ്പുമായി പൊലീസ്
എവിടെയെങ്കിലും അജ്ഞാത രൂപം കണ്ടു എന്നുപറഞ്ഞ് കൂട്ടംകൂടി നില്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്നും കുന്നംകുളം പൊലീസ് മുന്നറിയിപ്പ് നല്‍കി. ആരും കണ്ടിട്ടുപോലുമില്ലാത്ത അജ്ഞാത രൂപത്തെ തേടി യുവാക്കളടക്കമുള്ളവരുടെ സംഘം കാവല്‍ നില്‍ക്കുകയായിരുന്നു കുന്നംകുളത്ത് കഴിഞ്ഞ ദിവസങ്ങളില്‍. കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തിയായിരുന്നു നാട്ടുകാരുടെ അന്വേഷണം.
നടക്കുന്നതത്രയും വ്യാജ പ്രചാരണങ്ങളാവാനാണ് സാധ്യത എന്ന് കുന്നംകുളം മുന്‍സിപ്പാലിറ്റി ചെയർപേർസണ്‍ സീതാ രവീന്ദ്രന്‍ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കിയിരുന്നു.
"പലയിടങ്ങളിലും കണ്ടു എന്ന് പറയുന്നതേയുള്ളൂ. ഇന്നലെ രാത്രി ചിറ്റന്നൂർ ഭാഗത്ത് കണ്ടു എന്ന് പറയുന്നു. ഈ പ്രദേശത്തെ പലരും വാട്‍സ്‍ആപ്പില്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു ചിത്രം പോലുമില്ല. കാലില്‍ സ്‍പ്രിങ് ഉണ്ട് എന്നൊക്കെ പലരും പറയുന്നു. മരത്തിന്‍റെ മുകളില്‍ ഓടിക്കയറുന്നു, ടെറസില്‍ നിന്ന് അടുത്ത ടെറസിലേക്ക് ചാടുന്നു. കാറ്റിന്‍റെ വേഗത്തില്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ മനുഷ്യന് സാധിക്കുമോ. എന്നാല്‍ ഇതുവരെ തെളിവുകളോ ചിത്രങ്ങളോ ഒന്നും ലഭിച്ചിട്ടില്ല. ഭീതി സൃഷ്ടിക്കാനുള്ള അടവാണ് ഇതെന്നാണ് തോന്നുന്നത്"- ഇതായിരുന്നു അവരുടെ വാക്കുകള്‍.
Read more: കുന്ദംകുളത്തെ പറക്കുന്ന കള്ളന്‍: നേരെത്ര, നുണയെത്ര?