മുഴുവൻ ഇടവകാ കുടുംബത്തിനും ദേവാലയ അങ്കണത്തിൽ പ്രതീകാത്മകമായി ഇരിപ്പിടങ്ങൾ തയ്യാറാക്കി പ്രാർത്ഥനകള്‍ നടത്തുന്ന ചിത്രമാണ് പ്രചരിച്ചത്
കൊച്ചി: കൊവിഡ് 19 മഹാമാരിയെ തുടർന്ന് ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ ആളൊഴിഞ്ഞ ഓശാന ഞായർ ചടങ്ങുകളാണ് നടന്നത്. സങ്കീർണമായ പ്രശ്നങ്ങളുള്ള ഇടങ്ങളില്‍ ഓശാന ശുശ്രൂഷകള്‍ നടന്നുമില്ല. പതിവില്‍ നിന്ന് വ്യത്യസ്തമായി ഏകനായാണ് മാർപ്പാപ്പ കുർബാന അർപ്പിച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓശാന ദിന ചടങ്ങുകളുടെ അസാധാരണ ചിത്രങ്ങള്‍ പുറത്തുവന്നു.
ഇത്തരത്തിലൊരു ചിത്രം കേരളത്തില്‍ നിന്നുള്ളതായിരുന്നു. ലോക്ക് ഡൌണ്‍ മൂലം വിശ്വാസികള്‍ക്ക് പള്ളിയിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രതീകാത്മകമായി വൈദികന്‍ ശുശ്രൂഷകള്‍ അർപ്പിക്കുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ ഇങ്ങനെയൊരു സംഭവം ഇല്ലെന്നും ഫോട്ടോഷോപ്പാണ് എന്നും വാദങ്ങള്‍ ഉയർന്നു. പ്രചരിക്കുന്ന ചിത്രം കൊച്ചി മട്ടാഞ്ചേരിയില്‍ നിന്നുള്ളതാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ പരിശോധനയില്‍ വ്യക്തമായി.
undefined
കൊച്ചി രൂപതയിൽപെട്ട മട്ടാഞ്ചേരിയിലെ ജീവമാതാ പള്ളിയാണ് മുഴുവൻ ഇടവകാ കുടുംബത്തിനും ദേവാലയ അങ്കണത്തിൽ പ്രതീകാത്മകമായി ഇരിപ്പിടങ്ങൾ തയ്യാറാക്കി പ്രാർത്ഥനകള്‍ നടത്തിയത്. കസേരകളില്‍ അവരുടെ പേരുകൾ എഴുതി കുരുത്തോലകൾ ഒരുക്കുകയായിരുന്നു.
ഓശാന ചടങ്ങുകള്‍ വ്യത്യസ്തമായി ആചരിക്കുന്ന വിവരം വിശ്വാസികളെ ഫേസ്ബുക്കിലൂടെ മുന്‍കൂട്ടി അറിയിച്ചിരുന്നു. വിശുദ്ധ കർമ്മങ്ങളുടെ ചിത്രങ്ങള്‍ ജീവമാതാ പള്ളി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. മാത്രമല്ല, ചടങ്ങുകള്‍ തത്സമയം യൂട്യൂബിലൂടെ വിശ്വാസികളുടെ വീടുകളില്‍ എത്തിക്കുകയും ചെയ്തു. ഇവ രണ്ടും പരിശോധിച്ചാണ് ചിത്രത്തിന്‍റെ വസ്തുത ഉറപ്പിച്ചത്.
ഇടവകാ വികാരി ഫാ. ഡൊമിനിക് അലുവാപ്പറമ്പില്‍, അസി. വികാരി ഫാ പ്രസാദ് കണ്ടത്തിപ്പറമ്പില്‍, സാമൂഹ്യമാധ്യമങ്ങളുടെ ചുമതലയുള്ള ലിനു തോമസ് എന്നിവരും പ്രചരിക്കുന്ന ചിത്രം ജീവമാതാ പള്ളിയിലേത് തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.