'കൊവിഡിനുള്ള ചികിത്സ ഇന്ത്യന്‍ പാഠപുസ്‍തകത്തില്‍; അതും 30 വർഷം മുന്‍പ്'; വൈറല്‍ സ്ക്രീന്‍ഷോട്ട് സത്യമോ?

By Web Team  |  First Published Apr 15, 2020, 4:28 PM IST
കൊവിഡിനെ തുരത്താനുള്ള ചികിത്സ 30 വർഷങ്ങള്‍ക്ക് മുന്‍പേ കണ്ടെത്തിയിരുന്നതായും അത് ഇന്ത്യയിലെ പാഠപുസ്തകത്തില്‍ രേഖപ്പെടുത്തിയതായും പ്രചാരണമുണ്ട്

ദില്ലി: കൊവിഡ് 19 മഹാമാരിയെ ചങ്ങലയ്ക്കിടാനുള്ള വാക്സിനും മരുന്നിനുമായി തലപുകയ്ക്കുകയാണ് ശാസ്ത്രലോകം. കൊവിഡിന് എതിരായ വാക്സിന്‍ എപ്പോള്‍ തയ്യാറാവും എന്നുപോലും വ്യക്തമല്ല. എന്നാല്‍ കൊവിഡിനെ തുരത്താനുള്ള ചികിത്സ 30 വർഷങ്ങള്‍ക്ക് മുന്‍പേ കണ്ടെത്തിയിരുന്നതായും അത് ഇന്ത്യയിലെ പാഠപുസ്തകത്തില്‍ രേഖപ്പെടുത്തിയതായും പ്രചാരണമുണ്ട്. എന്താണ് ഈ പ്രചാരണത്തിന് പിന്നിലെ വസ്തുത. 



ഹിന്ദിയിലുള്ള ഒരു പാഠപുസ്‍തകത്തിന്‍റെ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചിത്രം ഷെയർ ചെയ്തുകൊണ്ട് ഒരാള്‍ കുറിച്ചതിങ്ങനെ...'കൊവിഡ് 19 ചികിത്സക്കായി ഞാന്‍ ഏറെ പുസ്തകങ്ങള്‍ പരതി. 12-ാം ക്ലാസിലെ പാഠപുസ്തകത്തില്‍ പ്രതിവിധി കണ്ടെത്താനായി. ഇതൊരു പുതിയ വൈറസല്ല, ഏറെക്കാലമായി ഭൂമിയിലുണ്ട് എന്നാണ് പാഠപുസ്തകത്തില്‍ പറയുന്നത്. അവശ്യഘട്ടത്തില്‍ മരുന്നിനായി ചിലപ്പോള്‍ വലിയ ഗവേഷക പുസ്തകങ്ങളൊക്കെ നമ്മള്‍ പരതും, എന്നാല്‍ സ്കൂള്‍ പുസ്തകങ്ങള്‍ മറിച്ചുനോക്കാന്‍ മറക്കും'.

Read more: ലോക്ക്ഡൌണ്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഗുജറാത്തില്‍ കരസേന വിന്യാസം നടന്നോ? വസ്തുത ഇതാണ്

പ്രചരിക്കുന്ന പുസ്തകത്തില്‍ കൊറോണ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് സത്യം തന്നെയാണ്. എന്നാല്‍ അത് 2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ നോവല്‍ കൊറോണ(കൊവിഡ് 19) വൈറസ് അല്ല. 'കൊറോണ' എന്നതുകൊണ്ട് ഒരുകൂട്ടം വൈറസുകളെയാണ് പുസ്തകത്തില്‍ ഉദേശിക്കുന്നത്. അതിന് നിലവിലെ കൊവിഡ് 19നുമായി ബന്ധമൊന്നുമില്ലെന്ന് ചുരുക്കം. ഡോ. രമേശ് ഗുപ്ത എഴുതിയ ഈ പുസ്തകം 1987ലാണ് പ്രസിദ്ധീകരിച്ചത്.


പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വ്യാജമാണെന്നും ഇന്ത്യയുടെ പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോ(പിഐബി) മുന്‍പ് വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഇപ്പോഴും ഈ സ്ക്രീന്‍ഷോട്ട് പ്രചരിക്കുകയാണ്. 

കൊവിഡ് മരുന്ന്; 'WHO' പറയുന്നത്



നോവല്‍ കൊറോണ വൈറസിന്(കൊവിഡ് 19) മരുന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന(WHO)യും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സിഡംബറില്‍ വുഹാനില്‍ റിപ്പോർട്ട് ചെയ്യും മുന്‍പ് ഇത്തരമൊരു വൈറസിനെ കുറിച്ച് അറിവില്ലായിരുന്നു. വാക്സിനും മരുന്നും കണ്ടെത്താനും പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കുന്നതായും ലോകാരോഗ്യ സംഘടന വെബ്സൈറ്റില്‍ പറയുന്നു.

Read more: 'വുഹാനെ മാത്രം പിടികൂടിയ, ബീജിംഗും ഷാങ്‍ഹായിയും തൊടാതിരുന്ന കൊവിഡ്'; വാദത്തില്‍ സത്യമെത്ര?





 
click me!