കൊവിഡ്19 മാറാന്‍ ചൂടുവെള്ളത്തില്‍ കുളിക്കാനും ചൂടുവെള്ളം കുടിക്കാനും വെയില്‍ കായാനും നിര്‍ദേശിക്കുന്ന വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികളിലെ വൈറല്‍ സന്ദേശങ്ങള്‍ക്ക് പിന്നിലെ വസ്‌തുതകള്‍ നോക്കാം
ലണ്ടന്‍: കൊവിഡ്19 പടര്‍ന്നുപിടിച്ചതിന് പിന്നാലെ വ്യാജ സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഒഴുകുകയാണ്. ആളുകളില്‍ ജാഗ്രത സൃഷ്‌ടിക്കുന്നതിന് പകരം ഭയാശങ്കയുണ്ടാക്കുകയും അശാസ്‌ത്രീയ ചികിത്സാ രീതികള്‍ക്ക് കുടപിടിക്കുകയും ചെയ്യുകയാണ് ഇത്തരം പ്രചാരണങ്ങള്‍. കൊവിഡ്19നെ ഒഴിവാക്കാന്‍ 15 മിനുറ്റ് ഇടവിട്ട് വെള്ളം കുടിക്കാനും വെയില്‍ കായാനും നിര്‍ദേശിക്കുന്ന വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികളുടെ വൈറല്‍ സന്ദേശങ്ങള്‍ക്ക് പിന്നിലെ വസ്‌തുതകള്‍ നോക്കാം. ആഗോളമാധ്യമമായ ബിബിസിയാണ് ഫാക്‌ട് ചെക്ക് നടത്തിയിരിക്കുന്നത്.
മിറാക്കിള്‍ മിനറല്‍സ്(Miracle Minerals) കൊവിഡ്19നെ തുരത്തുമോ
undefined
യൂട്യൂബ് വ്ലോഗറായ ജോര്‍ദന്‍ സതറാണ് എംഎംഎസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മിറാക്കിള്‍ മിനറല്‍ സപ്ലിമെന്‍റിനെ വീണ്ടും വലിയ ചര്‍ച്ചയാക്കിയത്. മിറാക്കിള്‍ മിനറല്‍സിന് കൊവിഡ്19നെ ഉന്‍മൂലനം ചെയ്യാനാകുമെന്ന് സതര്‍ അവകാശപ്പെടുന്നു. ബ്ലീച്ചിംഗ് പദാര്‍ഥമായ ക്ലോറിന്‍ ഡയോക്‌സൈഡാണ് എംഎംഎസില്‍ അടങ്ങിയിരിക്കുന്നത്.
കാൻസർ കോശങ്ങള്‍ മാത്രമല്ല, കൊറോണ വൈറസിനെയും ഈ എംഎംഎസ് തുടച്ചുനീക്കുമെന്നാണ് സതറിന്‍റെ വാദം. എംഎംഎസ് ഭക്ഷിക്കുന്നത് അപകടമാണ് എന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ ആരോഗ്യവിഭാഗങ്ങള്‍ കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നതാണ് ശ്രദ്ധേയം. അത് നിലനില്‍ക്കേയാണ് എംഎംഎസ് ഉപയോഗിച്ചുള്ള കൊവിഡ്19 ചികിത്സയുമായി ജോര്‍ദന്‍ സതര്‍ രംഗത്തെത്തിയത്. വിവിധ പ്ലാറ്റ്ഫോമുകളിലായി ആയിരക്കണക്കിനാളുകള്‍ സതറിനെ ഫോളോ ചെയ്യുന്നുണ്ട് എന്നത് ഭയപ്പെടുത്തുന്ന വസ്‌തുതയാണ്.
'വീട്ടില്‍ നിര്‍മ്മിക്കുന്ന അണുനാശിനിയുണ്ട്, ബെസ്റ്റാണ്' എന്ന് ചിലര്‍
കൈകള്‍ വൃത്തിയായി കഴുകുക... കൊവിഡ്19നെ ചെറുക്കാന്‍ വിവിധ ആരോഗ്യമന്ത്രാലങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളിലൊന്നാണിത്. കൈകള്‍ അണുവിമുക്തമാക്കുന്ന പദാര്‍ഥങ്ങള്‍ക്ക് ഇറ്റലിയടക്കമുള്ള രാജ്യങ്ങളില്‍ ക്ഷാമം നേരിടുന്നതായി പിന്നാലെ വാര്‍ത്തകള്‍ വന്നു. എന്നാല്‍ അണുനാശിനികള്‍ വീട്ടില്‍ നിര്‍മ്മിക്കാമെന്നും സംഭവം പൊളിയാണെന്നും അവകാശപ്പെട്ട് ചിലര്‍ സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തി. ഒരു തട്ടിക്കൂട്ട് നിര്‍മ്മാണക്കൂട്ടും ഇവര്‍ പുറത്തുവിട്ടു.
ഈ തട്ടിക്കൂട്ട് അണുനാശിനിയുടെ അവസ്ഥ പരിതാപകരമാണ് എന്നാണ് വിദഗ്‌ധര്‍ പറയുന്നത്. ഇത് ആരോഗ്യത്തിന് ഹാനികരമാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്ന അണുനാശിനികള്‍ വീട്ടില്‍ നിര്‍മ്മിക്കാനാവില്ല എന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. 'തട്ടിക്കൂട്ട് അണുനാശിനി' നിലം തുടയ്‌ക്കാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
15 മിനുറ്റ് ഇടവിട്ട് വെള്ളം കുടിച്ചാല്‍ കൊവിഡ്19 മാറുമോ?
ഓരോ 15 മിനുറ്റിലും വെള്ളം കുടിച്ചാല്‍ കൊവിഡ്19 മാറുമെന്നൊരു പ്രചരണം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. അജ്ഞാതനായ ജാപ്പനീസ് ഡോക്‌ടരുടെ പേരിലാണ് ഈ കുറിപ്പ് പ്രചരിക്കുന്നത്. 15 മിനുറ്റ് ഇടവിട്ട് വെള്ളംകുടിച്ചാല്‍ ഏത് വൈറസും പമ്പകടക്കുമെന്ന് കുറിപ്പ് പറയുന്നു. ഇതിനും ശാസ്‌ത്രീയത ഏഴയലത്തുകൂടെ പോയിട്ടില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ. എങ്കിലും ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണ് എന്ന കാര്യം മറക്കണ്ട.
വെയിലത്ത് നിന്നാല്‍ കൊറോണ മാറുമത്രേ!
വെള്ളത്തില്‍ വരച്ച വരപോലുള്ള മറ്റൊരു പ്രചാരണമാണിത്. വ്യാപകമായി പ്രചരിച്ചത് ഫേസ്‌ബുക്കിലും. ചൂടുവെള്ളം ധാരാളം കുടിച്ചാല്‍, ചൂടുവെള്ളത്തില്‍ കുളിച്ചാല്‍, ഹെയര്‍ ഡ്രെയര്‍ ഉപയോഗിച്ചാല്‍ കൊവിഡ്19 വൈറസ് ചാകുമെന്ന് വൈറല്‍ സന്ദേശത്തില്‍ പറയുന്നു. കൊവിഡ്19 പകരാതിരിക്കാന്‍ ഐസ്‌ക്രീം കഴിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിക്കുന്നു. യുനിസെഫ് പുറത്തിറങ്ങിയ ജാഗ്രതാ നിര്‍ദേശം എന്ന പേരിലാണ് ഈ വ്യാജന്‍ പ്രചരിച്ചത്. ശരീരത്തിന് പുറത്തുള്ള വൈറസുകളെ കൊല്ലാന്‍ കുറഞ്ഞത് 60 ഡിഗ്രി ചൂടെങ്കിലും വേണമെന്നിരിക്കേയാണ് യുനിസെഫിനെ വരെ വെട്ടിലാക്കി വ്യാജന്‍മാര്‍ ഇറങ്ങിയതെന്ന് ബിബിസി റിപ്പോര്‍ട്ട് പറയുന്നു.