പിഎം കെയേര്‍സ് ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു വ്യാജ വെബ്സൈറ്റ് ലിങ്ക് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്
ദില്ലി: കൊവിഡ് 19 പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപീകരിച്ചതാണ് 'പിഎം കെയേര്‍സ് ഫണ്ട്'. എന്നാല്‍ പിഎം കെയേര്‍സ് ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു വ്യാജ വെബ്സൈറ്റ് ലിങ്ക് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഈ വെബ്സൈറ്റ് ലിങ്ക് പ്രമുഖരുള്‍പ്പടെ നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
undefined
(വ്യാജ വെബ്സൈറ്റിന്‍റെ ചിത്രം)
പിഎം കെയേര്‍സ് ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ pmcaresfund.online സന്ദര്‍ശിക്കാനാണ് ട്വീറ്റുകളിലും ഫേസ്ബുക്ക് പോസ്റ്റുകളിലും ആവശ്യപ്പെടുന്നത്. ഈ വെബ്സൈറ്റ് ഐഡി ഷെയര്‍ ചെയ്തവരില്‍ പ്രമുഖ നേതാക്കളും ഉണ്ടായിരുന്നു എന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്. പിഎം കെയേര്‍സ് ഫണ്ടിന്‍റെ മറവില്‍ സാമ്പത്തിക തട്ടിപ്പിനായാണ് ശ്രമമെന്ന ആരോപണം ശക്തമാണ്. എന്നാല്‍ പ്രചരിക്കുന്നത് വ്യാജ ലിങ്കാണ് എന്നറിയാതെ ഷെയര്‍ ചെയ്യുകയായിരുന്നു എന്നാണ് നേതാക്കളുടെ വിശദീകരണം.
പ്രചരിക്കുന്ന വെബ്സൈറ്റ് ലിങ്ക് വ്യാജമാണെന്ന് തെളിഞ്ഞതിങ്ങനെയാണ്. https://www.pmcares.gov.in/en/ എന്ന വെബ്സൈറ്റാണ് പിഎം കെയേര്‍സ് ഫണ്ടിനായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ വെബ്സൈറ്റ് ലിങ്കുകളും അവസാനിക്കുന്നത് gov.in എന്ന വിലാസത്തിലാണ്. online എന്ന വിലാസത്തില്‍ അവസാനിക്കുന്ന ഒരു വെബ്സൈറ്റും സര്‍ക്കാരിനില്ല.
(ശരിയായ വെബ്സൈറ്റിന്‍റെ ചിത്രം)
വ്യാജ വെബ്സൈറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിനൊപ്പം മറാത്തിയിലുള്ള രണ്ട് വരിയും കാണാം. ഗൂഗിള്‍ പേ, പേടിഎം എന്നിവയിലൂടെ നേരിട്ട് പണം സംഭാവന നല്‍കാനാണ് വെബ്സൈറ്റില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇങ്ങനെ നിക്ഷേപിക്കുന്ന പണം ഏത് അക്കൗണ്ടിലേക്കാണ് എത്തുന്നത് എന്ന് വ്യക്തമല്ല. പിഎം കെയേര്‍സ് ഫണ്ടിന്‍റെ പേരില്‍ നേരത്തെ വ്യാജ യുപിഐ ഐഡിയും(UPI ID) പ്രചരിച്ചിരുന്നു.
Read more: കൊവിഡ് 19 വ്യാപനം തടയാന്‍ അടുത്ത 7 ദിവസം വെള്ളം തിളപ്പിച്ച് ഉപയോഗിക്കണോ? വാസ്തവമെന്ത്?