മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്‍റെ മകനെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജയെ തുന്നല്‍ ടീച്ചറെന്നും ഫിഷറീസ്- കയര്‍ വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ അണ്ടിക്കുഞ്ഞമ്മയെന്നും വിളിച്ച് അധിക്ഷേപിക്കുന്നതിനെ വിമര്‍ശിക്കുന്ന പോസ്റ്റാണ് #സുനിൽ_പി_ഇളയിടം# എന്ന ഹാഷടാഗോടെ പ്രചരിക്കുന്നത്.
തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളില്‍ തന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സുനില്‍ പി ഇളയിടം രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്‍റെ മകനെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജയെ തുന്നല്‍ ടീച്ചറെന്നും ഫിഷറീസ്- കയര്‍ വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ അണ്ടിക്കുഞ്ഞമ്മയെന്നും വിളിച്ച് അധിക്ഷേപിക്കുന്നതിനെ വിമര്‍ശിക്കുന്ന പോസ്റ്റാണ് #സുനിൽ_പി_ഇളയിടം# എന്ന ഹാഷ്‌ടാഗോടെ പ്രചരിക്കുന്നത്. പോസ്റ്റിലെ ആശയങ്ങളോട് വിശാലാർത്ഥത്തിൽ യോജിക്കുന്നതായും എന്നാല്‍, അതില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ സ്വീകാര്യമല്ലെന്നും സുനില്‍ പി ഇളയിടം വ്യക്തമാക്കി.
സുനില്‍ പി ഇളയിടത്തിന്‍റെ പേരിലുള്ള പ്രചാരണം ഇങ്ങനെ
undefined
'ചെത്തുകാരൻറെ മകൻ...
തുന്നൽ ടീച്ചർ....
അണ്ടിക്കുഞ്ഞമ്മ...
കയറ് പിരി ശാസ്ത്രജ്ഞൻ...
ആക്രി പെറുക്കികൾ...
ഇതേ ടോൺ പണ്ടെവിടെയെങ്കിലും കേട്ടിട്ടുണ്ടോ...
ഉണ്ടല്ലോ...
പാളേൽ കഞ്ഞി കുടിപ്പിക്കും
തമ്പ്രാനെന്ന് വിളിപ്പിക്കും
ചാത്തൻ പൂട്ടാൻ പോവട്ടെ
ചാക്കോ നാട് ഭരിക്കട്ടെ
വിമോചന സമരത്തിൻറെ ജീർണ്ണതകൾ പുതിയ രൂപത്തിൽ തിരിച്ചുവരികയാണ്
ഭരിക്കാനും സുഖിക്കാനും
വിധിക്കപ്പെട്ടവർഗ്ഗം ഞങ്ങളാണെന്ന്
പണ്ടേ മനസ്സുകൊണ്ടുറപ്പിച്ചവർക്ക്
മണ്ണിൽ അധ്വാനിക്കുന്ന മനുഷ്യരെ
പരമ പുഛമായിരിക്കും..
അവരുടെ കണ്ണിൽ
ചുമട്ടുതൊഴിലാളികൾ
ഭീകരന്മാരായിരിക്കും
ഓട്ടോ തൊഴിലാളികൾ
സാമൂഹ്യവിരുദ്ധരായിരിക്കും..
തലമുറകളുടെ ചോരയും വിയർപ്പു മൂറ്റിയെടുത്ത് കൊട്ടാരം കെട്ടിയ തമ്പുരാക്കന്മാരുടെ പിന്മുറക്കാർക്ക് കോരൻറെ മക്കൾ കേരളം ഭരിക്കുന്നത് സഹിക്കാനാവില്ലെന്നറിയാം...
കട്ടും പിടിച്ചുപറിച്ചും
പറ്റിച്ചും പരമാവധി ചൂഷണം
ചെയ്തുമുണ്ടാക്കിയതല്ല
അത്യധ്വാനം ചെയ്ത്
അരവയറുണ്ട് മിച്ചം വെച്ച്
സ്വരുക്കൂട്ടി പടുത്തുയർത്തിയതാണ്
തൊഴിലാളിയുടെ ഇന്നത്തെ
ജീവിത സൗകര്യങ്ങളത്രയും
മനുഷ്യനെന്ന പരിഗണനതൊട്ട്
മാന്യമായ വേതനം വരെ
ഒരു പൊന്നുതമ്പുരാനും
കനിഞ്ഞനുഗ്രഹിച്ച് തന്നതല്ല
തൊഴിലാളിക്ക്..
തല്ലു കൊണ്ടും
തീവെടിയുണ്ട യേറ്റും
ജീവൻ വെടിഞ്ഞ
പൂർവ്വികന്മാർ
പൊരുതിപ്പൊരുതി പിടിച്ചു
വാങ്ങിയതാണ്...
ഞങ്ങളിൽ
ചെത്തുകാരുണ്ട്
കൈവേലക്കാരുണ്ട്
അണ്ടിത്തൊഴിലാളികളും
കയർപിരിക്കാരുമുണ്ട്
ഞങ്ങൾ നാടുഭരിക്കും പുനർനിർമ്മിക്കും അതിജീവിക്കും..
അസൂയപ്പെട്ടിട്ടു കാര്യമില്ല.
ഇത് കേരളമാണ് കയ്യൂരും കരിവെള്ളൂരും പുന്നപ്രയും ചോര കൊണ്ട് അതിർത്തി വരച്ച തൊഴിലാളികളുടെ കേരളം'.
എന്നാല്‍, ഈ കുറിപ്പ് തന്‍റേതല്ലെന്നും തന്‍റെ പേര് ചേര്‍ത്ത് പ്രചരിപ്പിക്കരുത് എന്ന അഭ്യര്‍ത്ഥനയുമായാണ് സുനില്‍ പി ഇളയിടം രംഗത്തെത്തിയത്.
വസ്‌തുത വ്യക്തമാക്കി സുനില്‍ പി ഇളയിടം രംഗത്ത്
'എന്റെ പേരിനൊപ്പം ഹാഷ്‌ടാഗ് ചേർത്ത് ഇങ്ങനെയൊരു മെസേജ് പ്രചരിക്കുന്നുണ്ട്. ഇത് ഞാനെഴുതിയതല്ല. ഇതോടൊപ്പം എന്റെ പേര് ഉപയോഗിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഇതിലെ ആശയങ്ങളോട് വിശാലാർത്ഥത്തിൽ യോജിക്കുന്ന ഒരാളാണ് ഞാൻ ( ഭാഷയോടല്ല). പക്ഷേ, അതിന്റെ പേരിൽ ഞാനെഴുതാത്ത ഒന്ന് എന്റെ പേരിൽ പ്രചരിപ്പിക്കുന്നത് തികച്ചും അനുചിതമാണ്. ബന്ധപ്പെട്ടവർ അത് ഒഴിവാക്കണം' എന്നാണ് സുനില്‍ പി ഇളയിടത്തിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്.
തന്‍റേതല്ല എന്ന് സുനില്‍ പി ഇളയിടം വ്യക്തമാക്കിയിട്ടും പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വൈറല്‍ പോസ്റ്റ് നിരവധി ഫേസ്‌ബുക്ക് പ്രൊഫൈലുകളില്‍ കണ്ടെത്താനായി.