1ജി മുതല്‍ 5ജി വരെയുള്ള ടെലികോം സാങ്കേതിക വിദ്യകള്‍ പ്രാബല്യത്തില്‍ വന്നപ്പോഴാണ് ലോകത്ത് പകര്‍ച്ചവ്യാധികളും മഹാമാരികളുമുണ്ടായത് എന്നാണ് ഈ വാദം
ദില്ലി: കൊവിഡ് 19 മഹാമാരിയെ കുറിച്ച് പല ഗൂഢാലോചനാ സിദ്ധാന്തങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. 5ജി മൊബൈല്‍ സാങ്കേതികവിദ്യയാണ് കൊവിഡ് പരത്തുന്നത് എന്നതായിരുന്നു ഇതിലൊരു പ്രചാരണം. ഇതേത്തുടര്‍ന്ന് 5ജി ടവറുകള്‍ക്ക് തീയിടുന്നതുവരെ ലോകം കണ്ടു. ടെലികോം രംഗവുമായി ബന്ധപ്പെട്ട് പുതിയൊരു ഗൂഢാലോചനാ സിദ്ധാന്തം കൂടി രൂപപ്പെട്ടിരിക്കുകയാണ്.
undefined
1ജി മുതല്‍ 5ജി വരെയുള്ള ടെലികോം സാങ്കേതിക വിദ്യകള്‍ പ്രാബല്യത്തില്‍ വന്നപ്പോഴാണ് ലോകത്ത് പകര്‍ച്ചവ്യാധികളും മഹാമാരികളുമുണ്ടായത് എന്നാണ് ഈ വാദം. ഓരോ നെറ്റ്‍വര്‍ക്കുകളും നടപ്പാക്കിയ വര്‍ഷവും ആ വര്‍ഷം പടര്‍ന്നുപിടിച്ച പകര്‍ച്ചവ്യാധിയുടെ പേരും പറയുന്ന ചിത്രം സഹിതമാണ് ഈ പ്രചാരണം. ഏപ്രില്‍ രണ്ട് മുതല്‍ ഫേസ്‍ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഈ പ്രചാരണം ശക്തമാണ്.
പ്രചരിക്കുന്ന ചിത്രത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍
1918- റേഡിയോ തരംഗങ്ങള്‍- സ്‍പാനിഷ് ഫ്ലൂ
1979- റഡാര്‍ സാങ്കേതികവിദ്യ- ലണ്ടൻ ഫ്ലൂ
2001- 3ജി- സാര്‍സ്
2009- 4 ജി- എച്ച്1എന്‍1
2019- 5ജി- കൊവിഡ് 19
എന്നാല്‍ 5ജിയും കൊവിഡ് 19ഉം തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് ആരോഗ്യ, സാങ്കേതിക വിദഗ്ധര്‍ പറയുന്നു. റേഡിയോ തരംഗങ്ങളിലൂടെയോ മൊബൈല്‍ നെറ്റ്‍വര്‍ക്കിലൂടയോ കൊവിഡ് 19 പ്രചരിക്കില്ലെന്നും 5ജി നെറ്റ്‍വര്‍ക്കില്ലാത്ത പല രാജ്യങ്ങളിലും കൊവിഡ് പടരുന്നതായും ലോകാരോഗ്യ സംഘടന(WHO) വ്യക്തമാക്കിയിട്ടുണ്ട്. മൊബൈല്‍ നെറ്റ്‍വര്‍ക്കുകള്‍ കൊവിഡ് പരത്താനുള്ള സാധ്യത ഐറിസ് അര്‍ബുദ ഗവേഷകനായ ഡോ. ഡേവിഡ് റോബര്‍ട്ട് ഗ്രിബെസും തള്ളിക്കളഞ്ഞു.
5ജി മാത്രമല്ല, മുന്‍ ജനറേഷന്‍ മൊബൈല്‍ നെറ്റ്‍വര്‍ക്ക് സാങ്കേതികവിദ്യകളും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായി എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. മൊബൈല്‍ നെറ്റ്‍വര്‍ക്കുകള്‍ ഹ്രസ്വ- ദീര്‍ഘകാലത്തെ ആരോഗ്യപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഇതുവരെ തെളിയിക്കാനായിട്ടില്ലെന്ന് 2006ല്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
Read more: കൊവിഡ് പരത്തുന്നു എന്ന ഭീതിയില്‍ 5ജി ടവർ മറിച്ചിടുന്നതായി വീഡിയോ; സംഭവിച്ചത് എന്ത്?