വീണ്ടും മനം നിറയ്ക്കുന്ന മമ്മൂട്ടി: 'യാത്ര' റിവ്യൂ

By Nirmal Sudhakaran  |  First Published Feb 8, 2019, 5:37 PM IST

'പേരന്‍പി'ലെ 'അമുദന്‍' മമ്മൂട്ടിയിലെ ഇരുത്തംവന്ന നടനെയാണ് ഉപയോഗിച്ചതെങ്കില്‍ 'യാത്ര'യില്‍ സംവിധായകനായ മഹി വി രാഘവ് അദ്ദേഹത്തിലെ താരത്തെയും നടനെയും ഒപ്പം ഉപയോഗിക്കുന്നു. മൂന്ന് പതിറ്റാണ്ട് തെരഞ്ഞെടുപ്പുകളില്‍ പരാജയം എന്തെന്നറിയാത്ത രാഷ്ട്രീയ നേതാവിനെ സ്‌ക്രീനിലെത്തിക്കാന്‍ മമ്മൂട്ടിയുടെ താരപ്രഭാവത്തെയാണ് സംവിധായകന്‍ പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. അതില്‍ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്.


ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം അവശേഷിക്കെ ഇന്ത്യന്‍ സിനിമയില്‍ പൊളിറ്റിക്കല്‍ ബയോപിക്കുകളുടെ കാലമാണ്. മന്‍മോഹന്‍സിംഗിന്റെയും (ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍) ബാല്‍ താക്കറെയുടെയും (താക്കറെ) ജീവിത ഘട്ടങ്ങള്‍ ആവിഷ്‌കരിച്ച ചിത്രങ്ങള്‍ ഇതിനകം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കഴിഞ്ഞു. 'താഷ്‌കന്റ് ഫയല്‍സും' 'പിഎം നരേന്ദ്ര മോദി'യുമൊക്കെ പിന്നാലെയെത്തും. എന്നാല്‍ രാഷ്ട്രീയ ജീവചരിത്ര ചിത്രങ്ങളോട് പൊടുന്നനെ ഉണ്ടായിരിക്കുന്ന ഈ താല്‍പര്യം ബോളിവുഡിന് മാത്രമല്ല. ഇന്ത്യന്‍ പ്രാദേശിക സിനിമകളില്‍ തെലുങ്കിലാണ് ഒന്നിലധികം ചിത്രങ്ങള്‍ ഈ ഗണത്തില്‍ ഒരുങ്ങിയത്. ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ എക്കാലത്തെയും പ്രധാന നേതാവായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെയും (യാത്ര) തെലുങ്കുദേശം പാര്‍ട്ടിയുടെ സ്ഥാപകനും ടോളിവുഡിന്റെ പ്രിയതാരവുമായിരുന്ന എന്‍ ടി രാമറാവുവിന്റെയും ബയോപിക്കുകള്‍ എത്തുന്നത് ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പും.

നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം എന്നതാണ് കേരളത്തിലെ പ്രേക്ഷകര്‍ക്കിടയില്‍ 'യാത്ര' ചര്‍ച്ചാവിഷയമാക്കിയത്. 'പേരന്‍പി'ന് ശേഷം മറ്റൊരു മറുഭാഷാ ചിത്രത്തില്‍, അതും ആന്ധ്രയിലെ എക്കാലത്തെയും പ്രധാന രാഷ്ട്രീയ നേതാക്കളില്‍ ഒരാളുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നതും കൗതുകം കൂട്ടിയ കാര്യമായിരുന്നു. റാമിന്റെ 'പേരന്‍പി'ലെ 'അമുദന്‍' മമ്മൂട്ടിയിലെ ഇരുത്തംവന്ന നടനെയാണ് ഉപയോഗിച്ചതെങ്കില്‍ 'യാത്ര'യില്‍ സംവിധായകനായ മഹി വി രാഘവ് അദ്ദേഹത്തിലെ താരത്തെയും നടനെയും ഒപ്പം ഉപയോഗിക്കുന്നു. മൂന്ന് പതിറ്റാണ്ട് തെരഞ്ഞെടുപ്പുകളില്‍ പരാജയം എന്തെന്നറിയാത്ത രാഷ്ട്രീയ നേതാവിനെ സ്‌ക്രീനിലെത്തിക്കാന്‍ മമ്മൂട്ടിയുടെ താരപ്രഭാവത്തെയാണ് സംവിധായകന്‍ പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. അതില്‍ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്.

Latest Videos

undefined

റിലീസിന് മുന്‍പ് അണിയറക്കാര്‍ പറഞ്ഞിരുന്നതുപോലെ വൈഎസ്ആറിന്റെ ജീവിതത്തിന്റെ സമഗ്രചിത്രണമല്ല 'യാത്ര'. മറിച്ച് 2004 നിയമസഭാ തെരഞ്ഞെടുപ്പില്‍, ചിത്രത്തിലില്ലാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഭരണത്തിലെത്താന്‍ കാരണമായ, വൈഎസ്ആര്‍ നയിച്ച 1475 കി.മീ. ദൈര്‍ഘ്യമുള്ള പദയാത്രയിലാണ് സിനിമയുടെ ഊന്നല്‍. രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വിജയമായി വിലയിരുത്തപ്പെട്ടതാണ് ഈ പദയാത്ര. സംസ്ഥാന കോണ്‍ഗ്രസിനും പുതുജീവനേകിയ ഈ പദയാത്രയ്ക്ക് വൈഎസ്ആറിനെ പ്രേരിപ്പിച്ചതെന്തൊക്കെയെന്നും ആ യാത്രയിലൂടെ വൈഎസ്ആറിലെ രാഷ്ട്രീയ നേതാവിനുണ്ടായ തിരിച്ചറിവുകള്‍ എന്തൊക്കെയെന്നും സിനിമ പരിശോധിക്കുന്നു.

രണ്ട് മണിക്കൂര്‍ ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ ബഹുഭൂരിപക്ഷം സമയവും പദയാത്രയുടെ ചിത്രീകരണമാണ്. എന്നാല്‍ സിനിമ എന്ന തരത്തില്‍ ബോറടിപ്പിക്കുന്നേയില്ല 'യാത്ര'. മറിച്ച് ഏറെ എന്‍ഗേജിംഗുമാണ്. വൈഎസ്ആര്‍ ആയി അപാര സ്‌ക്രീന്‍ പ്രസന്‍സിലാണ് മമ്മൂട്ടി. സ്‌ക്രീനിലെത്തി ചുരുക്കം രംഗങ്ങള്‍ക്കകം വൈഎസ്ആര്‍ ആയി കണ്‍വിന്‍സിംഗ് സാന്നിധ്യമാവുന്നുണ്ട് അദ്ദേഹം. മമ്മൂട്ടി പതിറ്റാണ്ടുകള്‍ നീളുന്ന തന്റെ ഫിലിമോഗ്രഫിയില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമാണ് ഇത്. കാലങ്ങളായി തോല്‍വിയറിയിക്കാത്ത ജനങ്ങളോട് താന്‍ പ്രസംഗിക്കുന്നത് ഏതൊക്കെയോ പുസ്തകങ്ങളില്‍ വായിച്ച ദാരിദ്ര്യത്തെക്കുറിച്ചാണല്ലോയെന്ന വൈഎസ്ആറിന്റെ കുറ്റബോധവും നിര്‍ണായകസന്ധിയിലെ ആത്മസംഘര്‍ഷങ്ങളും ജനപിന്തുണയിലെ ഹര്‍ഷവുമൊക്കെ മമ്മൂട്ടിയിലെ നടന്‍ മികവുറ്റതാക്കിയിട്ടുണ്ട്. 'പേരന്‍പി'ന് ശേഷം 'യാത്ര'യില്‍ കാണുമ്പോഴും മമ്മൂട്ടിയിലെ നടന്‍ എന്‍ഗേജിംഗ് ആണ്. കേരളത്തില്‍ നൂറോളം തീയേറ്ററുകളില്‍ റിലീസ് ഉണ്ടെങ്കിലും പ്രദര്‍ശനങ്ങളില്‍ ബഹുഭൂരിപക്ഷവും മലയാളം ഡബ്ബിംഗ് പതിപ്പാണ്. അതിനാല്‍ മമ്മൂട്ടിയുടെ തെലുങ്ക് സംഭാഷണങ്ങള്‍ കേള്‍ക്കാനുള്ള അവസരം ലഭിച്ചില്ല.

വൈഎസ്ആറിന്റെ ജീവിതത്തിലെ പ്രധാനഘട്ടം പരാമര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിനെതിരായ വിമര്‍ശനങ്ങള്‍ അപൂര്‍വ്വമായി മാത്രമേ സംവിധായകന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. അദ്ദേഹത്തിനെതിരേ ഉയര്‍ന്നിട്ടുള്ള അനധികൃത സ്വത്തുസമ്പാദനക്കേസടക്കം പരാമര്‍ശിക്കപ്പെടാതെയിരുന്നപ്പോള്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയ ഖമ്മം പൊലീസ് വെടിവയ്പ്പ് മാത്രം പരാമര്‍ശിച്ചുപോകുന്നുണ്ട്. റെഡ്ഡിയുടെ ഒറ്റവരി മറുപടിയിലൂടെ അവസാനിക്കുന്ന രംഗമാണ് അത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എന്തുകൊണ്ട് പൊളിറ്റിക്കല്‍ ബയോപിക്കുകള്‍ എന്ന ചോദ്യത്തിനുള്ള ഉത്തരം യാത്രയുടെ കാഴ്ചാനുഭവത്തില്‍ അനുഭവപ്പെട്ടു. ജനസ്വാധീനമുണ്ടായിരുന്ന ഒരു രാഷ്ട്രീയനേതാവിന്റെ ജീവിതം സിനിമാറ്റിക് രൂപത്തിലാക്കിയിരിക്കുന്നത് എല്ലാവിധ ചേരുവകളോടെയുമാണ്. രാഷ്ട്രീയത്തിലെ വൈഎസ്ആര്‍ സിനിമയിലെ നായകന്‍/ കേന്ദ്ര കഥാപാത്രമാവുമ്പോള്‍ പദയാത്രയുടെ സമയത്തെ ഭരണകക്ഷിയായിരുന്ന തെലുങ്കുദേശം പാര്‍ട്ടി (സിനിമയില്‍ മറുദേശം പാര്‍ട്ടിയെന്ന് പേര് മാറ്റിയിട്ടുണ്ട്) നേതാക്കള്‍ക്കും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് തന്നെയും നെഗറ്റീവ് ഷെയ്ഡാണ്. അഥവാ സിനിമ എന്ന മാധ്യമത്തെ ഒരു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മികച്ച പ്രചരണതന്ത്രം ആക്കാവുന്നതാണെന്ന് 'യാത്ര' പറയുന്നു. ഒരു തെലുങ്ക് ചിത്രത്തിന്റെ മലയാളം പരിഭാഷാ പതിപ്പായിരിക്കുമ്പോള്‍ത്തന്നെ 'യാത്ര' കാണികളുമായി പലഘട്ടത്തിലും വൈകാരിക അടുപ്പം ഉണ്ടാക്കുന്നുണ്ട്. മലയാളികളെ സംബന്ധിച്ച് അതിന് കാരണം മമ്മൂട്ടി ആയിരിക്കാമെങ്കില്‍ തെലുങ്കരെ സംബന്ധിച്ച് അത് സാക്ഷാല്‍ വൈഎസ്ആര്‍ തന്നെയാവും. 

ഈ ചിത്രം കൊണ്ട് ആര്‍ക്കാണ് യഥാര്‍ഥമെച്ചം എന്നതിന്റെ തെളിവായിരുന്നു ചിത്രത്തിന്റെ ടെയില്‍ എന്‍ഡ് പോലെ വന്ന യഥാര്‍ഥ വൈഎസ്ആര്‍ കടന്നുവരുന്ന വിഷ്വല്‍സ്. വൈഎസ്ആറിന്റെ 2004ലെ സത്യപ്രതിജ്ഞാചടങ്ങോടെ മമ്മൂട്ടി സ്‌ക്രീനില്‍ നിന്ന് പിന്‍വാങ്ങുന്നു. പിന്നീടുള്ള മിനിറ്റുകള്‍ നീളുന്ന സീക്വന്‍സില്‍ യഥാര്‍ഥ വൈഎസ്ആറും അദ്ദേഹം നടത്തിയ പദയാത്രയും പിന്നാലെ ഹെലികോപ്റ്റര്‍ അപകടവും മരണവുമൊക്കെ കടന്നുവരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാപക നേതാവും വൈഎസ്ആറിന്റെ മകനുമായ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി ഒരു വേദിയില്‍ നിന്ന് അണികളെ അഭിസംബോധന ചെയ്യുന്ന ദൃശ്യത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. രണ്ട് മാസത്തിനപ്പുറം നടക്കുന്ന ആന്ധ്ര പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗന്‍മോഹന്‍ റെഡ്ഡിക്കുള്ള സാധ്യതകളെ വര്‍ധിപ്പിച്ചേക്കും 'യാത്ര'. ഈ സാഹചര്യം മുന്‍കൂട്ടിക്കണ്ടുകൊണ്ടാവും നേരത്തേ പറഞ്ഞ എന്‍ടിആര്‍ ബയോപിക്കും തെരഞ്ഞെടുപ്പിന് മുന്‍പ് അണിയറയില്‍ ഒരുങ്ങിയത്. പക്ഷേ രണ്ട് ഭാഗങ്ങളായുള്ള ചിത്രത്തിന്റെ ആദ്യഭാഗത്തിന് (എന്‍ടിആര്‍: കഥാനായകുഡു) മോശം പ്രതികരണമാണ് ലഭിച്ചത്. രണ്ടാംഭാഗമായ 'എന്‍ടിആര്‍: മഹാനായകുഡു' ഈ മാസം അവസാനം പുറത്തെത്തും.

click me!