നവാഗത സംവിധായകന്‍ കിരണ്‍ നാരായണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രം ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ തിയേറ്ററുകള്‍ കീഴടക്കുകയാണ്. കോഴിക്കോട്ടെ ബിരിയാണി നേര്‍ച്ചയും അതിനോട് അനുബന്ധിച്ചുള്ള രസകരമായ സംഭവങ്ങളും കൂട്ടിയിണക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ലെന, നെടുമുടി വേണു, വി.കെ. ശ്രീരാമന്‍, മാമുക്കോയ, സുനില സുഗത, ജോജു ജോരജ്ജ്, ഭഗത് മാനുവല്‍, ശശി കലിംഗ, വിനോദ് കോവൂര്‍, പ്രദീപ് കോട്ടയം എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. അജു വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, ലാല്‍, ഭാവന എന്നിവര്‍ അതിഥി താരങ്ങളായും എത്തുന്നുണ്ട്.
ലെന അവതരിപ്പിക്കുന്ന കഥാപാത്രം താരയെ ചുറ്റിപ്പറ്റിയാണ് ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സയുടെ കഥ മുന്നോട്ടു പോകുന്നത്. ഹാജിയാരുടെ ബിരിയാണി നേര്‍ച്ചയ്ക്കുള്ള ബിരിയാണി പാകം ചെയ്യാന്‍ എത്തുന്ന കഥാപാത്രമാണിത്. കോഴിക്കോടിന്റെ സ്വന്തം കലാകാരന്‍ വിനോദ് കോവൂര്‍ ചിത്രത്തില്‍ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സിനിമയുടെ പിന്നാമ്പുറ വിശേഷങ്ങളും, വന്‍ താരനിരയോടൊപ്പമുള്ള അനുഭവങ്ങളുമടക്കം ബിരിയാണിക്കിസ്സയുടെ വിശേഷങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പങ്കുവയ്ക്കുകയാണ് വിനോദ് കോവൂര്‍. പ്രഭീഷ് ഭാസ്കര്‍ നടത്തിയ അഭിമുഖം.
undefined
ചിത്രത്തിലെ വേഷം
ഗള്‍ഫില്‍ നിന്നു വന്ന് ഭാര്യവീട്ടില്‍ താമസമാക്കുന്ന ഒരാളുടെ വേഷമാണ് ഞാന്‍ സിനിമയില്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം പോലെ തന്നെ എന്റെ കഥാപാത്രവും കോഴിക്കോടിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. ഒരു കോഴിക്കോടന്‍ പള്ളിയിലെ ബിരിയാണി നേര്‍ച്ചയെ ചുറ്റിപ്പറ്റി കഥപറയുന്ന ചിത്രമാണ് ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ. മാമു കോയയുടെ മകന്റെ വേഷത്തില്‍ ഞാനും എന്റെ ഭാര്യയുടെ വേഷത്തില്‍ സുരഭി ലക്ഷ്മിയുമാണ് അഭിനയിച്ചിരിക്കുന്നത്. ഞങ്ങള്‍ ഒരുമിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു തമാശയുടെ രസവും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട്ടുകാരനും ബിരിയാണിക്കിസ്സയും
കഴിഞ്ഞ മഴക്കാലത്ത് കോഴിക്കോട് തന്നെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. അന്ന് മഴമൂലം കുറച്ചധികം ബുദ്ധിമുട്ടി. പിന്നെ സിനിമയുടെ കഥയെയും കോഴിക്കോടിനെയും കുറിച്ച് ചോദിച്ചാല്‍ ഒരുപക്ഷെ കഥ മുഴുവന്‍ ഞാന്‍ പറഞ്ഞു പോകും. അതിന് വേറൊരു കാരണം കൂടിയുണ്ട്. തിരുവനന്തപുരം കാരനായ സംവിധായകന്‍ കിരണ്‍ നാരായണന്‍. തിരക്കഥയും കിരണിന്റേതു തന്നെയായിരുന്നു. ഇങ്ങനെ ഒരു കഥ എഴുതിയപ്പോള്‍ ആദ്യം തന്നെ എന്നെ വിളിച്ചിരുന്നു. കോഴിക്കോടിനെ കുറിച്ചുള്ള കഥയാണെന്നും ഡയലോഗുകള്‍ക്കെല്ലാം ഒരു കോഴിക്കോടന്‍ സ്‌റ്റൈല്‍ ഉണ്ടാക്കാന്‍ സഹായിക്കണമെന്നായിരുന്നു ആവശ്യം. അങ്ങനെ ഞങ്ങള്‍ ഒരുമിച്ചിരുന്നാണ് തിരക്കഥയില്‍ കോഴിക്കോടന്‍ ടച്ച് കൂടുതല്‍ കൊണ്ടുവന്നത്. നേരത്തെ കഥപറഞ്ഞാല്‍ മുഴുവന്‍ പറയുമെന്ന് പറഞ്ഞതിന്റെ കാരണം ഇതാണ്. ഞാനും സുരഭിയും ദമ്പതികളായി എത്തുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ബിരിയാണിക്കിസ്സയ്ക്കുണ്ട്.
ഷൂട്ടിങ് സെറ്റിലെ ബിരിയാണി തീറ്റി
വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ ബിരിയാണി വിളമ്പുന്നതാണ് കഥ. മിക്ക ഷൂട്ടുകളും ഇതിനെ ചുറ്റിപ്പറ്റിയുള്ളതുമായിരുന്നു. അങ്ങനെ ഒട്ടുമിക്ക ദിവസങ്ങളിലും ഷൂട്ട് കഴിഞ്ഞാല്‍ ബിരിയാണി കിട്ടും. അടിപൊളി ബിരിയാണി ആയിരിക്കും അത് കഴിക്കാനായി ഷൂട്ട് കഴിയാന്‍ ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു. സിനിമയിലെ തമാശകള്‍ പോലെ തന്നെ ബിരിയാണി ഷൂട്ടിങ് സെറ്റിലും തമാശകള്‍ നിറയ്ക്കുന്നുണ്ട്.
കോഴിക്കോടന്‍ ഭാഷയും ബിരിയാണിക്കിസ്സയും
താന്‍ നേരത്തെ പറഞ്ഞപോലെ ബിരിയാണിക്കിസ്സയുടെ പ്രാധാന ആകര്‍ഷണം കോഴിക്കോടന്‍ ഭാഷയാണ്. ബിരിയാണിക്ക് പേരുകേട്ട നാടാണല്ലോ കോഴിക്കോട്. ബിരിയാണിയെ കുറിച്ച് പറയാന്‍ നല്ലത് കോഴിക്കോടന്‍ ഭാഷതന്നെയാണ്. തമാശയുടെ എല്ലാ എലമെന്റും കോഴിക്കോടന്‍ ഭാഷയുടെ സഹായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഞാനും സുരഭിയുമുള്ള ഭാഗങ്ങളില്‍ കോഴിക്കോടന്‍ ഭാഷയുടെ കൂടുതല്‍ രസകരമായ അവതരണങ്ങളുണ്ട്.
ഊര്‍ജം നിറച്ച് താരനിര
സിനിമ സെറ്റില്‍ ഭയങ്കര ഊര്‍ജമായിരുന്നു. കാരണം വളരെ അനുഭവസമ്പന്നരായിട്ടുള്ള ഒത്തിരി താരങ്ങളും പുതിയ താരങ്ങളും ഒക്കെയായി അടിച്ചുപൊളിച്ചു. നെടുമുടി വേണു, മാമുക്കോയ ഒപ്പം തന്നെ പുതിയ കാലത്തെ താരങ്ങളും എല്ലാം ചേര്‍ന്ന് രസകരമായ സെറ്റായിരുന്നു. ഭയങ്കരമായ ഊര്‍ജമാണ് എല്ലാം താരങ്ങളും പരസ്പരം നല്‍കിയത്. ഇതിന്റെ ബാക്കിപത്രമാണ് സിനിമയുടെ വിജയം.
പുതിയ അവസരങ്ങള്‍
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വന്നിട്ടുണ്ട്. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ പുണ്യാളന്‍ അഗര്‍ബത്തീസ്-2 പുറത്തിറങ്ങാനിരിക്കുന്നുണ്ട്. പൂജകള്‍ കഴിഞ്ഞ കുറച്ച് ചിത്രങ്ങളും ഉണ്ട്. ഒരു തമിഴ് ചിത്രത്തില്‍ അവസരം ലഭിച്ചിട്ടുണ്ട്. തമിഴ് സിനിമയെ കുറിച്ച് പിന്നീട് പറയാം. മറ്റൊരു സന്തോഷം കൂടിയുള്ളത് പറയാതെ വയ്യ, നിദ്രാടനം എന്ന ചിത്രത്തില്‍ ഒരു പാട്ടുപാടാന്‍ ലഭിച്ചു. സജീവ് വൈക്കത്തിന്റെ ചിത്രമാണിത്. കിളിമാനൂര്‍ രാമവര്‍മയാണ് സംഗീതം ചെയ്തിരിക്കുന്നത്. വളരെ രസകരമായ ഒരു നാടന്‍ പാട്ടാണിത്. ഓണത്തിന് അത് പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. പിന്നണി ഗായക രംഗത്തേക്ക് ഒരു കാല്‍വെപ്പ് നടത്തിയെന്നൊക്കെ ആലങ്കാരികമായി പറഞ്ഞോളൂ...