കഥയാണ് താരം, വിവാദങ്ങളോട് താല്‍പര്യമില്ല; തുറന്ന് പറഞ്ഞ് വിജയ് ബാബു

By എല്‍സ ട്രീസ ജോസ്  |  First Published Mar 17, 2018, 7:48 PM IST
  • എന്തിനാണ് ഈ വിവാദമെന്ന് മനസിലാകുന്നില്ല
  • സിനിമയെ സംബന്ധിച്ച് പേരല്ല കഥയാണ് താരം

മിഥുന്‍ മാനുവല്‍ തോമസും വിജയ് ബാബുവും മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന പുതിയ ചിത്രത്തിന്റെ പേര് കോട്ടയം കുഞ്ഞച്ചന്‍ 2 എന്ന് പ്രഖ്യാപിച്ചിരുന്നു. കോട്ടയം കുഞ്ഞച്ചന്‍ 2 എന്ന പേര് പുറത്ത് വന്ന കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വിവാദമായി. പുതിയ അണിയറക്കാര്‍ മമ്മൂട്ടിയെ വരെ തെറ്റിദ്ധരിപ്പിച്ചെന്നും പേരും പോസ്റ്ററും ഇറക്കിയത് അനുമതി കൂടാതെയാണെന്നുമായിരുന്നു കോട്ടയം കുഞ്ഞച്ചന്റെ അണിയറക്കാരായ അരോമ മണിയും ടി എസ് സുരേഷ് ബാബുവിന്റെയും പ്രതികരണം. 

ഈ പശ്ചാത്തലത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ പുതിയ സിനിമയെക്കുറിച്ച് നിര്‍മാതാവും അഭിനേതാവുമായ വിജയ് ബാബു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു.

Latest Videos

undefined

പേര് പ്രഖ്യാപിച്ച സമയത്ത് തന്നെ ഉയര്‍ന്നു വന്ന വിവാദത്തെക്കുറിച്ച്...

മിഥുന്‍ മാനുവല്‍ തോമസിനൊപ്പമുള്ള പുതിയ ചിത്രത്തിലെ കഥാപാത്രത്തിന് കോട്ടയം കുഞ്ഞച്ചനോട് സമാനതകള്‍ വന്നപ്പോഴാണ് ചിത്രത്തിന്റെ പേര് കോട്ടയം കുഞ്ഞച്ചന്‍ 2 എന്നാക്കിയാലോയെന്ന് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് അരോമ മണി സാറുമായും മകനുമായുമാണ് ആദ്യം സംസാരിച്ചത് . അവരുടെ നിര്‍ദേശ പ്രകാരമാണ് സുരേഷ് ബാബുവിനോടും  ഡെന്നീസ് ജോസഫിനോടും സംസാരിച്ചത്. അവര്‍ക്ക് എതിര്‍പ്പില്ലെന്ന് അറിഞ്ഞതിന് ശേഷം  അരോമ മണിയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നെ ഇപ്പോള്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ എന്തിനാണ് ഈ വിവാദമെന്ന് മനസിലാകുന്നില്ല.

പേര് പ്രഖ്യാപനം വിവാദമായതോടെ അരോമ മണിയെ വിളിച്ചിരുന്നോ...
വിവരം അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണ് തുടര്‍ന്ന് അദ്ദേഹത്തെ നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷേ കിട്ടിയില്ല. എന്താണ് പ്രശ്നമെന്ന് അതു കൊണ്ട് തന്നെ അദ്ദേഹത്തോട് എന്താണ് പ്രശ്നമെന്ന് ചോദിക്കാന്‍ സാധിച്ചിട്ടില്ല. അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പേര് മാറ്റും. കഥ പോലും എഴുതി പൂര്‍ത്തിയാവുന്നതിന് മുമ്പെയാണ് ഈ വിവാദങ്ങള്‍.

പേര് മാറ്റം സിനിമയെ ബാധിക്കുമെന്ന് കരുതുന്നുണ്ടോ...
സിനിമയെ സംബന്ധിച്ച് പേരല്ല കഥയാണ് താരമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി മിഥുന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കും അതാണ് ബാധകം. വൃത്തിയായി എഴുതും, നന്നായി ചെയ്യും അല്ലാതെ ചിത്രത്തിന്റെ പേര് കോട്ടയം കുഞ്ഞച്ചന്‍ എന്നാകുന്നതോ,മറ്റെന്തെങ്കിലുമാകുന്നതോ ചിത്രത്തെ ബാധിക്കുമെന്ന് കരുതുന്നില്ല. 

നേരിട്ട് അനുമതി തേടിയില്ലെന്ന ആരോപണത്തെക്കുറിച്ച്...
എഴുത്ത് പുരോഗമിക്കുന്ന ഒരു ചിത്രത്തെക്കുറിച്ചാണ് ഈ വിവാദമെല്ലാം. അരോമ മണി ഇപ്പോള്‍ എതിര്‍പ്പ് പറഞ്ഞത് നന്നായി. അതുകൊണ്ട് തന്നെ എഴുത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. ഞങ്ങള്‍ നേരിട്ട് അദ്ദേഹത്തോട് അനുമതി ചോദിച്ചതും ഏറെ സമയം ചിത്രത്തെക്കുറിച്ച് സംസാരിച്ചതുമാണ്. പേര് ഉപയോഗിക്കുന്നതില്‍ പ്രശ്നങ്ങള്‍ ഇല്ലെന്ന് വിശദമാക്കുകയും ചെയ്ത ശേഷമാണ് ഈ അനാവശ്യ വിവാദം. നാല്‍പത് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിനെ നേരില്‍ കണ്ട് സംസാരിച്ചിരുന്നതാണ്. അപ്പോഴില്ലാത്ത പ്രശ്നമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. 


സിനിമയ്ക്ക് ബില്‍ഡ് അപ്പിനായി സൃഷ്ടിക്കുന്നതാണോ വിവാദം...
വിവാദങ്ങളോട് ഒരു താല്‍പര്യവുമില്ലാത്ത ആളാണ് ഞാന്‍. സിനിമയില്‍ കഥ മാത്രമാണ് താരം. തുടക്കത്തില്‍ ഇത്തരം വിവാദം ഉണ്ടായത് നന്നായി. അവര്‍ക്ക് എതിര്‍പ്പ് ഉണ്ടെങ്കില്‍ സിനിമയുടെ ടൈറ്റിലില്‍ കോട്ടയം കുഞ്ഞച്ചന്‍ ഉണ്ടാകില്ലെന്ന് മാത്രം. 

click me!