എന്തുകൊണ്ട് 'വള്ളീംതെറ്റി പുള്ളീംതെറ്റി' റിട്രോ മോഡേണ്‍ ക്ലാസിക്കാകുന്നു

By Vipin Panappuzha  |  First Published May 11, 2016, 9:30 AM IST

ഒരു സംവിധായകനായി മാറുന്നു, ഇത് സ്വന്തം ചുറ്റുപാടില്‍ എന്തെങ്കിലും മാറ്റം വരുത്തിയതായി തോന്നിയോ?

Latest Videos

undefined

പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും വന്നിട്ടില്ല, എന്നാല്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ അദ്ധ്വാനത്തെ എങ്ങനെ പ്രേക്ഷകര്‍ സ്വീകരിക്കും എന്ന ആകാംക്ഷയാണ് ഇപ്പോള്‍ മനസിലുള്ളത്.

ഏതാണ്ട് ആറു വര്‍ഷത്തെ അദ്ധ്വാനമുണ്ട് ഈ സിനിമയ്‍ക്കു പിന്നില്‍, എങ്ങനെയായിരുന്നു വള്ളീംതെറ്റി പുള്ളീംതെറ്റി എന്ന ചിത്രത്തിന്റെ പരിണാമവും വികാസവും?

ഒരു ആശയത്തില്‍ നിന്നു സിനിമ എന്ന രൂപത്തിലേക്ക് എത്തുക എന്നത് പരിശ്രമം നിറഞ്ഞ കാര്യം തന്നെയാണ്. അതിന്റെ വിവിധ ഘട്ടങ്ങള്‍ക്കായി എടുത്ത സമയാണ് ഈ അഞ്ചര ആറ് കൊല്ലം എന്ന് പറയുന്നത്. ആത്യന്തികമായ നമ്മുടെ ആശയം ഒരു പ്രൊഡ്യൂസറില്‍ എത്തുമ്പോള്‍ മുതലാണ് ശരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. നമ്മളെ മനസിലാക്കുന്ന ഒരു പ്രോഡ്യൂസറായിരിക്കണം, അത് സംഭവിച്ചു. എന്നാല്‍ അതിന് മുന്‍പുള്ള കാലത്ത് പലപ്പോഴും ഇതിന്റെ സ്‍ക്രിപ്റ്റ് തിരുത്തിയും, വെട്ടിയും, ഇതിന്റെ സ്റ്റോറി ബോര്‍ഡ് തയ്യാറാക്കിയും, കഥാപാത്രങ്ങളുടെ രൂപരേഖകള്‍ തയ്യാറാക്കിയും വള്ളീംതെറ്റി പുള്ളീംതെറ്റി യാഥാര്‍ത്ഥ്യമാക്കണം എന്ന സ്വപ്‍നത്തോട് മല്ലിടുമ്പോഴും ഒരോ രസകരമായ കാര്യങ്ങള്‍ ഞാനും എന്റെ ക്രൂവും ചെയ്തുകൊണ്ടിരുന്നു. ഈ ആറു വര്‍ഷത്തെ അദ്ധ്വാനങ്ങള്‍ എല്ലാം പിന്നീട് ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട് എന്നാണ് വിശ്വസിക്കുന്നത്.

ഈ ചിത്രത്തെക്കുറിച്ച് പറയാവുന്ന ഏറ്റവും വലിയ പ്ലസ് പോയിന്റ് ഇതിലെ ചെറുപ്പക്കാരായ അണിയറക്കാരാണ്, എന്നാല്‍ ചിത്രം പറയുന്നത് 90കളിലെ കഥയാണ്, ആ കാലത്ത് കുട്ടികളായിരുന്ന നിങ്ങള്‍ക്ക് ആ കാലം പുന:സൃഷ്‍ടിക്കുക എന്നത് ഒരു വെല്ലുവിളിയായില്ലേ?

തീര്‍ച്ചയായും വലിയൊരു വെല്ലുവിളിയാണ്, എന്നാല്‍ അത് ഞങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. 90കള്‍ എന്നു പറഞ്ഞാല്‍ വളരെയെറേ ഓര്‍മ്മകള്‍ വലിയൊരു വിഭാഗം കാഴ്‍ചക്കാര്‍ക്കും ഉണ്ടാക്കുന്നത് അക്കാലത്തെ സിനിമകളിലൂടെയാണ്. അതിന്റെ ചുവടുപിടിച്ചാണ് ഇത്തരം ഒരു കാലം ചിത്രീകരിക്കാന്‍ ശ്രമിച്ചത്.  ഒപ്പം എന്റെ അച്‍ഛന്റേയും കൂട്ടുകാരുടെയും അക്കാലത്തെ ഓര്‍മ്മകളും അനുഭവങ്ങളും തിരക്കഥയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ഒപ്പം നല്ല റിസര്‍ച്ച് തന്നെ ആവശ്യമായിരുന്നു, ഒപ്പം കുറേ പുസ്‍തകങ്ങളും തിരഞ്ഞു. 90കളിലെ ഒരു കേരളഗ്രാമം റീക്രിയേറ്റ് ചെയ്യുക എന്നത് ശരിക്കും ഏറ്റെടുത്തത് വള്ളീംതെറ്റി പുള്ളീംതെറ്റിയുടെ കലാസംവിധായകന്‍ ജ്യോതിഷ് ശങ്കറും, ഛായഗ്രാഹകന്‍ കുഞ്ഞുണ്ണിയുമാണ്. ഇതില്‍ ജ്യോതിഷ് എട്ടന്റെ പങ്ക് വലുതാണ്. ജ്യോതിഷേട്ടനെ ആദ്യമായി കാണും മുന്‍പ് ചിത്രത്തിലെ പ്രധാന സെറ്റായ ശ്രീദേവി ടാക്കീസ് സംബന്ധിച്ച് ഒരു രൂപരേഖ ഞാന്‍ തയ്യാറാക്കിയിരുന്നു. പാലക്കാട്ടെ തസ്രാക്കില്‍  ശ്രീദേവി ടാക്കീസിന്റെ സെറ്റ് തീര്‍ന്നപ്പോള്‍ ആ രൂപരേഖയെക്കാള്‍ മികച്ചതായിരുന്നു അത്. തസ്രാക്കിലെ നാട്ടുകാരെപ്പോലും ചിത്രത്തിന്‍റെ സെറ്റ് അത്ഭുതപ്പെടുത്തിയിരുന്നു. ഇത് ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി. 

അടുത്തകാലത്ത് തനിച്ച് കൊമേഷ്യല്‍ വിജയങ്ങള്‍ ഇല്ലാത്ത താരമാണ് കുഞ്ചാക്കോബോബന്‍, എന്നിട്ടും വള്ളീംതെറ്റി പുള്ളീംതെറ്റിയിലെ  വിനയന്‍ എന്ന കഥാപാത്രത്തിലേക്ക് കുഞ്ചാക്കോ ബോബന്‍ എന്ന ഓപ്ഷന്‍ വരുന്നത് എങ്ങനെയാണ് ?

നേരത്തെ സൂചിപ്പിച്ചല്ലോ, ഏതാണ്ട് ആറുകൊല്ലത്തെ ഒരു പരിശ്രമം ആണ് ഈ ചിത്രം. ചിത്രം കണ്‍സീവ് ചെയ്യുന്ന സമയം തൊട്ട് ചിത്രീകരണം വരെ ഇതിലെ നായകനടന്‍ വിനയന്റെ ക്യാരക്ടര്‍ എഴുതിവരുമ്പോള്‍ പലമാറ്റങ്ങളും വന്നിട്ടുണ്ട്. ഒരിക്കലും കുഞ്ചാക്കോ ബോബന്‍ എന്ന നടന് വേണ്ടി എഴുതിയതല്ല ഈ ചിത്രം. ആറു വര്‍ഷത്തിന് ശേഷം വെട്ടിയും തിരുത്തിയും വിനയന്‍ എന്ന കഥാപാത്രം ഫൈനലൈസ് ചെയ്‍തപ്പോള്‍ അതിന് കൂടുതല്‍ അനുയോജ്യന്‍ കുഞ്ചാക്കോ ബോബനാണെന്ന് ബോദ്ധ്യമായതാണ്, അദ്ദേഹത്തെ ഈ ചിത്രത്തില്‍ എത്തിച്ചത്.  ചക്കോച്ചന്‍ ഈ ചിത്രത്തില്‍ ഭാഗമായതോടെ അദ്ദേഹത്തിനെ നന്നായി തന്നെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞെന്നാണ് എനിക്ക് തോന്നുന്നത്. എപ്പോഴും ഒരു കോമ്പനിനേഷന്‍ മൂഡിലുള്ള ചാക്കോച്ചന്റെ ഒരു സോളോ പെര്‍ഫോമന്‍സ്  ഇതില്‍ കാണാം. ചാക്കോച്ചനും ചിത്രത്തിനായി ഏറെ പരിശ്രമിച്ചിട്ടുണ്ട്. വള്ളീംതെറ്റി പുള്ളീംതെറ്റിയുടെ തിരക്കഥ കേട്ട സമയത്ത് ചക്കോച്ചന്‍ തന്നെ ഇങ്ങോട്ട് പറഞ്ഞു, ഞാന്‍ 10 കിലോ കുറയ്‍ക്കാമെന്ന്. അതു മാത്രമല്ല ചിത്രത്തിന്റെ ഒരോ ഘട്ടത്തിലും പ്രീപ്രൊഡക്ഷന്‍ സമയത്തും ചാക്കോച്ചന്‍ ഞങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്നു. ഇത്രയും ചെറിയ പ്രായക്കാരോടൊപ്പം അവര്‍ക്കൊപ്പം ഒരാളായി നിന്ന്, ഞങ്ങളെ അനിയന്മാരെപ്പോലെ കണ്ട്  ചക്കോച്ചന്‍ നിന്നത് ഞങ്ങള്‍ക്കും ഊര്‍ജമായി.

രണ്‍ജി പണിക്കര്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്‍ണ - ഇത്തരത്തിലുള്ള ഒരു വിഭാഗം, എതിര്‍വശത്ത് യുവാക്കളായ നടന്മാര്‍ ഇവരെ ഒന്നിച്ച് അവതരിപ്പിക്കുക എന്നത് വെല്ലുവിളിയാണോ?

ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രായം ശരാശരി ഒരു 26 വയസാണ്. എന്നാല്‍ ആ പ്രായത്തിലേക്ക് ഇതില്‍ പ്രവര്‍ത്തിച്ച ആര്‍ട്ടിസ്റ്റുകള്‍ ഇറങ്ങിവന്നു എന്നതാണ് വലിയകാര്യം. രണ്‍ജി പണിക്കര്‍ സാറും, മനോജേട്ടനും, സുരേഷേട്ടനും ഒക്കെ കഥ കേട്ടപ്പോള്‍ തന്നെ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു, സാധാരണ രീതിയില്‍ നിന്ന് മാറി മേക്കോവറുകള്‍ ആവശ്യമായ വേഷങ്ങളായിരുന്നു മൂവരുടെയും, എന്നാല്‍ അത് പൂര്‍ണ്ണമായും ഉള്‍കൊള്ളുവാന്‍ അവര്‍ തയ്യാറായി. മാത്രവുമല്ല മേക്ക് ഓവറുകളില്‍ അവരും നിര്‍ദേശങ്ങള്‍ വച്ചിരുന്നു. വളരെ രാത്രി വൈകിയുള്ള ചിത്രീകരണത്തിന് പോലും ഒരു പ്രശ്‍നവും ഇവര്‍ ആരു പറഞ്ഞില്ല. കുട്ടികളെപ്പോലെ ഇവര്‍ സെറ്റില്‍ ഓടിച്ചാടി നടന്നു. ഇതേ എനര്‍ജി ഇവര്‍ കഥാപാത്രങ്ങള്‍ക്ക് നല്‍കുന്നതായാണ് കണ്ടത്. മത്രമല്ല ഇവരില്‍ നിന്നു മതിയാവോളം പ്രോത്സാഹനവും ലഭിച്ചു. മികച്ച അനുഭവമാണ് ഇവരെ ക്യാമറയ്‍ക്കു മുന്നില്‍ എത്തിച്ചു എന്നത്.

പാലക്കാട് പാശ്ചത്തലമായി എടുക്കാനുള്ള കാരണം എന്താണ് ?

90കളുടെ കാലഘട്ടമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. എന്നാല്‍ ഇന്ന് കേരളത്തിലെ പലഭാഗത്തും ഇത് കണക്ട് ചെയ്യാന്‍ സാധിക്കില്ല.  ഇന്നും പാലക്കാട് ഫ്രഷ് ആയ സ്ഥലങ്ങള്‍ ലഭിക്കും. കൃത്യമായ, നമ്മുടെ കഥയ്‍ക്ക് അനുസരിച്ച് മോഡിഫൈ ചെയ്യാം. മാത്രമല്ല, പാലക്കാടിന്റെ പാശ്ചാത്തലത്തില്‍ തന്നെയാണ്  ഞാന്‍ ചിത്രം എഴുതി വന്നതും. ഗ്രാമത്തിന്റെ നാട്ടുവഴികള്‍, ഇന്‍സ്റ്റന്‍റ് അല്ലാത്ത ഉത്സവങ്ങള്‍, ഹനുമാന്‍ ആട്ടം ഇങ്ങനെ പലതും പാലക്കാടിന്റെ ഫ്ലേവറില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. പാലക്കാടിനെ ഒരു പുതിയ മൂഡിലാണ് ചിത്രം അവതരിപ്പിക്കുന്നത്. അത് എങ്ങനെ വര്‍ക്ക് ഔട്ട് ചെയ്യും എന്ന് കണ്ടറിയാം.

ശ്യാമിലിയെ നടിയായി പരിഗണിക്കുന്നത് എങ്ങനെ? കുഞ്ചാക്കോ ബോബന്‍ - ശ്യാമിലി എന്ന കൂട്ടുകെട്ടിന്റെ കൗതുകമാണോ വര്‍ക്ക് ഔട്ട് ചെയ്യാന്‍ ശ്രമിക്കുന്നത്?

ഒരിക്കലും അല്ല. ചിത്രത്തിന്റെ ആദ്യഘട്ടത്തില്‍ ശ്യാമിലി ഒരിക്കലും ചിന്തയില്‍ ഇല്ലായിരുന്നു. ഒരു പുതിയ നായികയെ അവതരിപ്പിക്കുക എന്നതായിരുന്നു എനിക്കും നിര്‍മ്മാതാവിനും താല്‍പ്പര്യമുണ്ടായിരുന്നത്. എന്നാല്‍ ഷൂട്ടിംഗിന്റെ അവസാന തയ്യാറെടുപ്പിനിടയില്‍ പോലും നായിക ആരെന്ന് നിശ്ചയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ അവസരത്തില്‍ ചാക്കോച്ചനാണ് ശ്യാമിലിയുടെ കാര്യം സൂചിപ്പിച്ചത്. അപ്പോള്‍ പോലും ഞങ്ങള്‍ അവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ചാക്കോച്ചന്‍ ധൈര്യം തന്നു. അങ്ങനെ അവരെപ്പോയി കണ്ടു. ഈ  തിരക്കഥ കാത്തുനില്‍ക്കുന്ന പോലെയായിരുന്നു ശ്യാമിലിയുടെ പ്രതികരണം. ഏതായാലും ശ്യാമിലി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പിന്നെ  കുഞ്ചാക്കോ ബോബന്‍ - ശ്യാമിലി എന്ന കൂട്ടുകെട്ടിന്റെ കൗതുകത്തിന് അപ്പുറം ചിത്രം പലകാര്യങ്ങളും പറയുന്നുണ്ട്.

സംഗീതമാണ് ചിത്രത്തെ റിലീസിന് മുന്‍പ് ശ്രദ്ധേയമാക്കുന്നത്?

സൂരജ് കുറുപ്പിന്റെ ആരാധകര്‍ ഇപ്പോള്‍ കൂടിയെന്ന് പറയേണ്ടിവരും. സൂരജ് ചിത്രത്തിന്റെ ഏല്ലാ ഘട്ടത്തിലും എന്നോടൊപ്പം ഉണ്ടായിരുന്നു. ഒരു സംഗീതസംവിധായകന്‍ എന്നതിനപ്പുറം  മികച്ച വിഷ്വലൈസറാണ് സൂരജ്. അതിനാല്‍ തന്നെ ഞാന്‍ മനസില്‍ കാണുന്ന ഒരോ രംഗവും സൂരജും മനസില്‍ കാണും. ഈ കഴിവ് തന്നെയാണ് സൂരജ് ചിത്രത്തിന് നല്‍കിയത്. ചിത്രത്തിലെ ഒരു ഗാനം ഒഴികെ എല്ലാ ഗാനത്തിനും സംഗീതവും രചനയും നല്‍കിയിരിക്കുന്നത് സൂരജ് ആണ്. ചിത്രത്തിലെ ആറു ഗാനത്തിനും ആറു മൂഡ് വേണം എന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അത് കൃത്യമായി സാക്ഷത്കരിക്കാന്‍ സൂരജിന് ആയിട്ടുണ്ടെന്നാണ് വിശ്വാസം. ഞങ്ങള്‍ തമ്മിലുള്ള വേവ് ലൈംഗ്ത്ത് മികച്ചതാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതും ഇതില്‍ വര്‍ക്ക് ഔട്ട് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.

ഒരു പ്രേക്ഷകന്  'വള്ളീംതെറ്റി പുള്ളീംതെറ്റിയെ' എങ്ങനെ പരിചയപ്പെടുത്തും?

ഒരു മുന്‍ധാരണകളും ഇല്ലാതെ കാണുവാന്‍ പറ്റുന്ന ഒരു സാധാരണ ചാക്കോച്ചന്‍ പടമാണ് ഇത്. ഒരു കൊച്ചുപടമാണ് ഇത്. 90കളുടെ നഷ്‍ടപ്പെട്ട ഗ്രാമത്തിന്റെ കഥ ഫീല്‍ ചെയ്യാനുള്ള അവസരമാണ് ഇത്.

അപ്പോള്‍ ടാഗ്‍ലൈനായി റിട്രോ മോഡേണ്‍ ക്ലാസിക്ക് എന്ന് പറയുന്നതോ?

അത്തരം ഒരു വിഭാഗം ചിത്രമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. 'വള്ളീംതെറ്റി പുള്ളീംതെറ്റി'യെക്കുറിച്ച് അണിയറക്കാന്‍ വിശേഷിപ്പിച്ച ഒരു വെറും വിശേഷണമായി കണ്ടാല്‍ മതി. നമ്മളിപ്പോള്‍ ഒരുപാട് പീരീഡ് സിനിമകള്‍ കാണുന്നുണ്ട്. 2016ലും നമുക്ക് രസിക്കാവുന്ന രീതിയില്‍ ചെയ്‍തിരിക്കുന്ന ചിത്രം. 90കളുടെ യുവാക്കളുടെ ആഘോഷവുമായി ബന്ധപ്പെട്ട് റെട്രോ മോഡിലാണ് ചെയ‍തിരിക്കുന്നത്. മോഡേണ്‍ എന്നു പറയുമ്പോള്‍ പണ്ട് ഉണ്ടായിരുന്ന പ്രണയാണെങ്കിലും സൗഹൃദമാണെങ്കിലും എന്തു കാര്യങ്ങള്‍ കാണിച്ചാലും ഒരു മോഡണൈസേഷന്‍ എന്നു പറയുന്ന രീതിയുണ്ട്. അത് ഇപ്പോഴത്തെ ആളുകള്‍ക്ക് ഇഷ്‍ടപ്പെടുന്ന രീതിയിലുള്ള ഒരു മോഡണൈസേഷന്‍ ആണ് ഉദ്ദേശിച്ചിരിക്കുന്നത്.

click me!