അങ്കിള്‍: സദാചാര കാപട്യങ്ങളിലേക്ക് ഒരു ഡ്രൈവ്

By Nirmal Sudhakaran  |  First Published Apr 27, 2018, 6:47 PM IST
  • 'ഷട്ടറി'ന് ശേഷം ജോയ് മാത്യുവിന്റെ തിരക്കഥ
     
  • മമ്മൂട്ടിയിലെ അഭിനേതാവിന്റെ സ്വാഭാവികത
     

മലയാളി സദാചാര കാപട്യങ്ങളുടെ ഇരുട്ട് മുറിയിലേക്ക് ഊക്കോടെ വാതില്‍ തള്ളിത്തുറന്നാണ് ജോയ് മാത്യു എന്ന തിരക്കഥാകൃത്തും സംവിധായകനും മലയാളത്തിന്റെ സ്‌ക്രീനിലേക്ക് ആദ്യമെത്തിയത്. 2013ല്‍ പുറത്തെത്തിയ 'ഷട്ടറി'ലൂടെ. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഗിരീഷ് ദാമോദര്‍ എന്ന നവാഗതസംവിധായകനുവേണ്ടി കരിയറിലെ രണ്ടാമത്തെ തിരക്കഥയൊരുക്കുമ്പോഴും ജോയ് മാത്യു സ്വീകരിച്ചിരിക്കുന്ന വിഷയം സമാനം. ധാര്‍മ്മികതയുടെയും സദാചാര മൂല്യങ്ങളുടെയും മൊത്തക്കച്ചവടക്കാരായി എപ്പോഴും ഞെളിയുന്ന മലയാളിയുടെ, വിശേഷിച്ചും മലയാളിയുടെ പുരുഷന്റെ അക്കാര്യത്തിലെ സത്യസന്ധത എത്രത്തോളമുണ്ട്? സ്വന്തം കുടുംബത്തിനകത്തും പുറത്തും വിഭിന്ന ധ്രുവങ്ങളില്‍ നില്‍ക്കുന്നതാണോ 'അയാള്‍' പറയുന്ന സദാചാരം? 'ഷട്ടര്‍' പോലെ 'അങ്കിളും' ക്യാമറ തിരിയ്ക്കുന്നത് അവിടേയ്ക്കാണ്- അങ്കിളിന്റെ റിവ്യു. നിര്‍മ്മല്‍ സുധാകരൻ എഴുതുന്നു.

സ്ത്രീസൗഹൃദങ്ങളുടെ ധാരാളിത്തത്താല്‍ സമപ്രായക്കാരുടെ കൂട്ടങ്ങളില്‍ എപ്പോഴും അസൂയയോടെ പരാമര്‍ശിക്കപ്പെടുന്ന പേരാണ് കെ.കെ എന്ന കൃഷ്‍ണകുമാര്‍ മേനോന്റേത്. ഒരു ബാച്ചിലറുടെ ആഘോഷജീവിതം നയിക്കുന്ന ബിസിനസുകാരനായ അയാള്‍ വിവാഹമോചിതനാണെന്ന് സുഹൃത്തുക്കളില്‍ ചിലര്‍ക്ക് മാത്രമാണ് അറിയുക. സ്ത്രീകളെ സ്വാധീനിക്കാനുള്ള മിടുക്കിനാല്‍ സുഹൃത്തുക്കളുടെ മദ്യപാന സദസ്സുകളിലൊക്കെ എപ്പോഴും 'വീരപരിവേഷം' ലഭിക്കാറുണ്ട് അയാള്‍ക്ക്. അക്കൂട്ടത്തില്‍പ്പെട്ട വിജയന്‍ (ജോയ് മാത്യു) എന്ന സുഹൃത്തിന്റെ കോളെജ് വിദ്യാര്‍ഥിയായ മകളുമൊത്ത് കെ.കെ അവിചാരിതമായി നടത്തുന്ന യാത്രയാണ് 'അങ്കിളി'ന്റെ പ്ലോട്ട്. കൃഷ്‍ണമാറിന്റെ സ്ത്രീസംസര്‍ഗങ്ങളെ അസൂയയോടെ കാണുകയും പലപ്പോഴും പ്രശംസിക്കുകയും ചെയ്യാറുള്ള വിജയന് ഒരു രാത്രിയും രണ്ട് പകലുകളും നീളുന്ന ആ യാത്രയെക്കുറിച്ചുണ്ടാകുന്ന വേവലാതികളും.

Latest Videos

undefined

മമ്മൂട്ടിയാണ് കൃഷ്‍ണകുമാര്‍ മേനോനെ അവതരിപ്പിച്ചിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയിലെ അഭിനേതാവ് ഗൗരവത്തോടെ സമീപിച്ചിരിക്കുന്ന തിരക്കഥയാണ് 'അങ്കിളി'ന്റേതെന്ന് കാഴ്ചാനുഭവം. നല്‍കുന്ന അനുഭവത്തിന്റെ തീവ്രത കൊണ്ടല്ലെങ്കിലും പ്രമേയപരമായ സമാനതകൊണ്ട് 'ഷട്ടറി'ന്റെ തുടര്‍ച്ചയാണ് 'അങ്കിള്‍'. 'ഷട്ടറി'ന്റെ റഫറന്‍സുമുണ്ട്. 'ഷട്ടറി'ലെ നായകന്‍ 'റഷീദി'ന്റെ (ലാല്‍) അയല്‍വാസിയാണ് 'അങ്കിളി'ലെ ജോയ് മാത്യു കഥാപാത്രം വിജയന്‍'. 'റഷീദി'ന്റെ ഭാര്യാകഥാപാത്രം പലതവണയായി സ്‌ക്രീനില്‍ എത്തുന്നുമുണ്ട്. 

സ്ത്രീസംസര്‍ഗങ്ങളില്‍ മിടുക്ക് കാട്ടുന്ന സുഹൃത്തിനൊപ്പം സ്വന്തം മകള്‍ക്ക് യാത്ര ചെയ്യേണ്ടിവരുന്നതില്‍ വിജയന്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളിലൂടെ മലയാളി പുരുഷന്റെ സദാചാരകാപട്യങ്ങളിലേക്ക് ഫോക്കസ് ചെയ്യാനാണ് ജോയ് മാത്യുവിന്റെ ശ്രമം. ഊട്ടിയില്‍ കോളെജ് വിദ്യാര്‍ഥിയായ 'ശ്രുതി'ക്ക് (കാര്‍ത്തിക മുരളീധരന്‍) തെരുവിലേക്ക് വ്യാപിച്ച അപ്രതീക്ഷിത വിദ്യാര്‍ഥിസമരം മൂലം വീട്ടിലേക്ക് മടങ്ങാനുള്ള വാഹനസൗകര്യം അപ്രാപ്യമാകുന്നിടത്താണ് ഒരു ലക്ഷ്വറി എസ്‌യുവിയില്‍ മമ്മൂട്ടി കഥാപാത്രം എത്തുന്നത്. അവരുടെ യാത്ര ആരംഭിച്ച് വൈകാതെയെത്തുന്ന ഇന്റര്‍കട്ടുകളില്‍ ആരാണ് കെ.കെ എന്ന് സംവിധായകന്‍ പറഞ്ഞുവെക്കുന്നുണ്ട്. മകളുടെ യാത്ര ഈ സുഹൃത്തിനൊപ്പമെന്ന് അറിയുമ്പോള്‍ വിജയന്‍ അസ്വസ്ഥനാവുന്നത് എന്തിനെന്നും.

രാത്രിയ്ക്ക് മുന്‍പേ അവസാനിക്കേണ്ട യാത്ര രാത്രിയും കടന്ന് പിറ്റേന്ന് പകലിലേക്കും നീളുമ്പോള്‍ പ്രേക്ഷകന്റെ കൗതുകത്തെ പിടിക്കാനുള്ള വസ്‍തുക്കള്‍ തിരക്കഥയിലുണ്ട്. കഥാപാത്രങ്ങളും പശ്ചാത്തലവും സംഭാഷണങ്ങളുമൊക്കെ വിശ്വാസ്യതയുള്ളതെങ്കിലും 'ഷട്ടര്‍' പോലെ മുറുക്കമുള്ള ഒരു കാഴ്‍ചാനുഭവം സമ്മാനിക്കാനാവുന്നില്ല 'അങ്കിളി'ന്. മമ്മൂട്ടിയിലെ അഭിനേതാവിനെ ഏറെക്കാലത്തിന് ശേഷം സ്വാഭാവികതയോടെ കാണാനായ കഥാപാത്രമാണ് കെ.കെ. പക്ഷേ സിനിമ ഒരു തീവ്രാനുഭവം സമ്മാനിക്കാതെപോകുന്നതിന് കാരണം മമ്മൂട്ടിയുടെ സ്‌ക്രീന്‍ ഇമേജിന്റെ ഭാരവും. ഒരുവശത്ത് പെണ്‍കുട്ടിയുടെ അച്ഛന്റെ മാനസികവ്യാപാരങ്ങളിലൂടെ കാര്യഗൗരവം പ്രാപിക്കുന്നുണ്ട് സിനിമ. 'ഷട്ടറി'ലെ റഷീദിനെപ്പോലെ മലയാളികള്‍ക്ക് എളുപ്പം ഐക്യപ്പെടാനാവുന്നയാളാണ് വിജയനും. അതേസമയം കെ.കെയെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ് എന്നതിനാല്‍ വിജയന്റെ അസ്വസ്ഥത പ്രേക്ഷകരിലേക്ക് പടരാന്‍ മമ്മൂട്ടിയുടെ സ്‌ക്രീന്‍ ഇമേജ് ഒരു തടസ്സമായും നില്‍ക്കുന്നു. ഒപ്പം യാത്ര ചെയ്യുന്ന സുഹൃത്തിന്റെ മകള്‍ക്ക് കൃഷ്‍ണകുമാര്‍ മേനോന്‍ ഏതെങ്കിലും തരത്തിലുള്ള അപകടം സൃഷ്ടിച്ചേക്കും എന്ന തോന്നല്‍ കാണിയില്‍ നിന്ന് അകറ്റുന്നതാണ് ആ ഇമേജ്. 

'ശ്രുതി'യായി കാര്‍ത്തികാ മുരളീധരന്റേത് മികച്ച കാസ്റ്റിംഗ് ആണ്. വിജയനായി ജോയ് മാത്യുവും ഭാര്യയായി മുത്തുമണിയുമൊക്കെ നന്നായി. സിനിമയുടെ ഫോക്കസ് ഈ മൂന്നുപേരിലും കെകെയിലുമാണ് എന്നതിനാല്‍ അത്രത്തോളം പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങളാണ് ബാക്കിയുള്ളത്.

ഒരു ആണിനെയും പെണ്ണിനെയും അടുപ്പത്തോടെ പെതുവിടത്തില്‍ കണ്ടാല്‍ സദാചാര പൊലീസിംഗ് എന്ന ജനാധിപത്യ വിരുദ്ധത കൈയിലെടുക്കുന്ന കൂട്ടങ്ങളെ മാത്രമല്ല അക്കാര്യത്തില്‍ ഓഡിറ്റിംഗിന് വിധേയമാക്കേണ്ടതെന്ന് പറഞ്ഞുവെക്കുന്നുണ്ട് ജോയ് മാത്യു. ചെറുപ്പക്കാര്‍ ഒഴികെ ചിത്രത്തിലെ മിക്ക പുരുഷകഥാപാത്രങ്ങളിലും സദാചാരകാപട്യത്തിന്റെ സംശയം ഉന്നയിക്കപ്പെടുന്നുണ്ട്. കുടുംബത്തിനകത്തും പുറത്തും സദാചാരപരമായി ഇരട്ടജീവിതം ജീവിക്കുന്ന മലയാളി പുരുഷനോടാണ് 'അങ്കിള്‍' സംവദിക്കുന്നത്, 'ഷട്ടര്‍' പോലെ അത്ര കാര്യക്ഷമമായല്ലെങ്കിലും.

click me!