ഈ പയ്യന്‍ അത്ര 'കുപ്രസിദ്ധ'നല്ല; റിവ്യൂ

By Web Team  |  First Published Nov 9, 2018, 6:19 PM IST
  • സിനിമാ നടന്‍ എന്നതിലുപരി ഒരു സംവിധായകന്റെ വേഷത്തില്‍ മധുപാലിനെ കാണാനായിരിക്കും സിനിമ പ്രേക്ഷകര്‍ക്കിഷ്ടം. അദ്ദേഹം സംവിധാനം ചെയ്ത തലപ്പാവ്, ഒഴിമുറി എന്നീ സിനിമകള്‍ക്ക് ലഭിച്ച നിരൂപക പ്രശംസ തന്നെ അതിന് കാരണം. രണ്ട് ചിത്രങ്ങളും ഒരുക്കിയത് യുവനടന്മാരെ നായകന്മാരാക്കിയായിരുന്നു. മൂന്നാമത്തെ ചിത്രത്തിലും മറ്റൊരു യുവനടന്‍ നായകനായെത്തി.

സിനിമാ നടന്‍ എന്നതിലുപരി ഒരു സംവിധായകന്റെ വേഷത്തില്‍ മധുപാലിനെ കാണാനായിരിക്കും സിനിമ പ്രേക്ഷകര്‍ക്കിഷ്ടം. അദ്ദേഹം സംവിധാനം ചെയ്ത തലപ്പാവ്, ഒഴിമുറി എന്നീ സിനിമകള്‍ക്ക് ലഭിച്ച നിരൂപക പ്രശംസ തന്നെ അതിന് കാരണം. രണ്ട് ചിത്രങ്ങളും ഒരുക്കിയത് യുവനടന്മാരെ നായകന്മാരാക്കിയായിരുന്നു. മൂന്നാമത്തെ ചിത്രത്തിലും മറ്റൊരു യുവനടന്‍ നായകനായെത്തി. ടൊവിനൊ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ആദ്യ രണ്ട് ചിത്രങ്ങളെ അപേക്ഷിച്ച് ട്രീറ്റ്‌മെന്റില്‍ വലിയ മാറ്റവുമായിട്ടാണ് മധുപാല്‍ ചിത്രമൊരുക്കിയത്. കൊമേഴ്‌സ്യല്‍ എലമെന്റ്‌സിന് കൂടി പ്രാധാന്യം നല്‍കിയിട്ടുണ്ട്. മുന്‍ചിത്രങ്ങള്‍ സാമ്പത്തികമായി വലിയ നേട്ടം കൊയ്തില്ലെന്ന ബോധ്യമാവാം പുതിയ രീതി അവലംബിക്കാന്‍ കാരണം. എന്നാല്‍, കുപ്രസിദ്ധ പയ്യന്‍ പൂര്‍ത്തിയാവുമ്പോള്‍ പുത്തന്‍ സാങ്കേതിക രീതികളുമായി മധുപാല്‍ എത്രത്തോളം പൊരുത്തപ്പെട്ടുവെന്നത് പരിശോധിക്കാതെ വയ്യ.

Latest Videos

undefined

സിനിമയുടെ റിലീസിന് മുമ്പ് മധുപാല്‍ തന്നെ പറഞ്ഞിരുന്നു, കുപ്രസിദ്ധ പയ്യന് കേരളത്തിലെ സമകാലിക സംഭവവികാസങ്ങളുമായി ഏറെ ബന്ധമുണ്ടെന്ന്. സംവിധായകന്റെ വാക്കുകള്‍ വെറുതെ ആയിരുന്നില്ല. ഇന്ന് മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകളുമായി ഇഴപിരിക്കാനാവാത്ത ബന്ധമുണ്ട് ചിത്രത്തിന്. ഒരു ഗ്രാമത്തില്‍ നടക്കുന്ന കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് കുപ്രസിദ്ധ പയ്യനില്‍ കാണാനാവുക. കൊലപാതകിയെ പിടിക്കിട്ടാതാവുമ്പോള്‍ നിരപരാധിയെ കുറ്റവാളിയാക്കുന്നതും, അയാള്‍ ആ സാഹചര്യം എങ്ങനെ അതിജീവിക്കും എന്നുള്ളതുമാണ് സിനിമയുടെ ഇതിവൃത്തം. ജീവന്‍ ജോബ് തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. നാട്ടില്‍ നടന്ന ഒരു കൊലപാതകത്തില്‍ നിന്നാണ്, ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന കുപ്രസിദ്ധ പയ്യനുണ്ടായത്. ഒരു മനുഷ്യന്‍ അല്ലെങ്കില്‍ നിരപരാധി ഏത് നിമിഷവും തെറ്റുക്കാരനോ കുറ്റക്കാരനോ ആവാമെന്ന് ചിത്രം വരച്ചുക്കാട്ടുന്നുണ്ട്. 

ടൊവിനോ തോമസ്, അനു സിതാര, നിമിഷ സജയന്‍, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനതാരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹോട്ടല്‍ തൊഴില്‍ ചെയ്യുന്ന അജയന്‍ എന്ന ഗ്രാമീണ കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്. അജയന്‍ അനാഥനായി വളര്‍ന്നവനാണ്. അന്തര്‍മുഖനും നിഷ്‌കളങ്കനുമൊക്കെയാണ് അജയന്‍ എന്ന കഥാപാത്രം. ഇതുവരെ ടൊവിനോയ്ക്ക് ലഭിച്ചുവന്നതില്‍ നിന്ന് വ്യത്യസ്തമായ വേഷം. പക്വതയോടെ ടൊവിനോ കഥാപാത്രത്തെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചു. ഇമോഷണല്‍ രംഗങ്ങളില്‍ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് താരത്തിന്റെ മറ്റൊരു മുഖം തന്നെ കണ്ടു. ഫ്രീക്കന്‍ വേഷങ്ങളില്‍ മാത്രമല്ല, മറ്റു വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ടോവിനോയുടേത്.

പക്വതയോടെ ടൊവിനോ കഥാപാത്രത്തെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചു. ഇമോഷണല്‍ രംഗങ്ങളില്‍ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് താരത്തിന്റെ മറ്റൊരു മുഖം തന്നെ കണ്ടു. ഫ്രീക്കന്‍ വേഷങ്ങളില്‍ മാത്രമല്ല, മറ്റു വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ടോവിനോയുടേത്.

എന്നാല്‍ ഞെട്ടിച്ചത് നിമിഷ സജയനായിരുന്നു. ഹന്ന എലിസബത്ത് എന്ന ജൂനിയര്‍ വക്കീലിന്റെ വേഷമാണ് നിമിഷയ്ക്ക്. പഠനം കഴിഞ്ഞെങ്കിലും കോടതിയില്‍ കയറിയിറങ്ങി നടക്കുന്നു. പ്രാക്ടീസ് ചെയ്തുക്കൊണ്ടിരിക്കുന്നു, വാദിക്കാന്‍ കേസുകളില്ല. എന്നാല്‍ സാഹചര്യവശാല്‍ അജയന്റെ കേസ് ഹന്നയുടെ മുന്നിലെത്തി. വക്കീലില്ലാത്തവര്‍ക്ക് വേണ്ടി കോടതി നിയമിക്കുന്ന വക്കീലാവുകയാണ് ഹന്ന. രണ്ടാം പകുതിയില്‍ ഹന്ന സ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുന്നു. ആദ്യ കേസ് വാദിക്കുന്ന ജൂനിയര്‍ വക്കീലിന്റെ പരിഭ്രമവും അങ്കലാപ്പുമെല്ലും നിമിഷ അവതരിപ്പിച്ച കഥാപാത്രത്തില്‍ ഭദ്രം. 

ജലജയെന്ന ഹോട്ടല്‍ തൊഴിലാളിയായ അനു സിതാരയെത്തി. അധികം സംഭാഷണങ്ങളോ അഭിനയിച്ച് ഫലിപ്പിക്കാനോ ഇല്ലാത്ത വേഷം. ആ ഒതുങ്ങിയ കഥാപാത്രത്തിന് പോലും അനു സിതാര സമ്മതം മൂളിയെന്നത് തന്നെ വളരെ വലിയകാര്യം. ചിത്രത്തില്‍ നായകന്റെ നായിക എന്ന് അനുസിതാരയുടെ കഥാപാത്രത്തെ വിളിക്കാമെങ്കിലും കുപ്രസിദ്ധ പയ്യനില്‍ നിമിഷ അവതരിപ്പിച്ച കഥാപാത്രം ഒരുപടി മുന്നില്‍ തന്നെയാണ്. ചെമ്പകമ്മാള്‍ എന്ന തമിഴ് സ്ത്രീയായിട്ടാണ് ശരണ്യ സ്‌ക്രീനിലെത്തുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീ. ഹോട്ടലിലേക്ക് വേണ്ട ഇഡ്‌ലിയും സാമ്പാറും പാകം ചെയ്യലാണ് ചെമ്പകമ്മാളിന്റെ ജോലി. അവരില്‍ ഒരു ദുരൂഹതയുണ്ട്. ആ ദുരൂഹതയുടെ ചുരുളഴിക്കല്‍കൂടിയാണ് സിനിമ.

ചെറിയ ഇടവേളയ്ക്ക് ശേഷം നെടുമുടി വേണു സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അഡ്വ. സന്തോഷ് നാരായണന്‍ എന്ന സീനിയര്‍ വക്കീലിന്റെ കഥാപാത്രമാണ് നെടുമുടിവേണുവിന്. സ്‌ക്രീന്‍ പ്രസന്‍സ് കുറവെങ്കിലും കൈയ്യടി നേടാന്‍ അദ്ദേഹത്തിനായി. ക്രൈം ബ്രാഞ്ച് പോലീസ് ഓഫീസറായി സുജിത് ശങ്കറും അദ്ദേഹത്തിന്റെ സഹായിയായി സുധീര്‍ കരമനയും പ്രകടനം മോശമാക്കിയില്ല. 

എഡിറ്റ് ചെയ്ത് ഒഴിവാക്കിയാല്‍ പോലും ഒന്നും സംഭവിക്കാത്ത ഒരു രംഗത്തോടെയാണ് സിനിമയുടെ തുടക്കം. ആ രംഗത്തെ വിഎഫ്എക്‌സ് രംഗങ്ങള്‍ അതിന്റെ പൂര്‍ണതയിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്നുള്ളത് കല്ലുകടിയായി. ഇന്റര്‍വെല്ലിന് മുന്‍പുള്ള മെല്ലെപ്പോക്കും സിനിമയെ ഇടയ്‌ക്കെപ്പോഴോ വിരസമാക്കി. എന്നാല്‍ പതിയെ പതിയെ ചിത്രം അതിന്റെ ശരിയായ വഴിയിലേക്കെത്തി. പ്രണയവും പാട്ടും ആക്ഷനുമെല്ലാമുള്ള ഒരു ത്രില്ലര്‍ തന്നെയാണ് ഒരു കുപ്രസിദ്ധ പയ്യന്‍. എന്നാല്‍ സംവിധായകന്‍ അദ്ദേഹത്തിന് അപരിചിതമായ ഒരു കഥപറച്ചില്‍ രീതിയിലേക്ക് മാറിയപ്പോഴുള്ള പോരായ്മകള്‍ ചിത്രത്തില്‍ വ്യക്തമായി കാണാം. മുന്‍പ് മധുപാല്‍ ഒരുക്കിയത് ചരിത്രമോ പഴയകാല കഥകളോ ആയിരുന്നു. എന്നാല്‍ ഇത് ഇന്നിന്റെ കഥയാണ്. അങ്ങനെയൊരു കഥ അവതരിപ്പിക്കാന്‍ സംവിധായകന്‍ ട്രീറ്റ്‌മെന്റൊന്ന് മാറ്റിപ്പിടിച്ചെങ്കിലും, ശരാശരിക്കും മുകളില്‍ രീതിയില്‍ ഒരുക്കിയിട്ടുണ്ട്. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ പ്രേക്ഷകന് പറയാം, ഈ പയ്യന്‍ അത്ര കുപ്രസിദ്ധനൊന്നുമാവില്ല.

click me!