ജോമിറ്റ് ജോസ്
മലയാളത്തിന് അധികം പരിചയമില്ലാത്ത കറുത്ത ഹാസ്യത്തിന്‍റെ പരീക്ഷണമാണ് ടൊവിനോ നായകനായ തരംഗം. കാമ്പില്ലാത്ത കറുത്ത ഹാസ്യം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ വലിയ തരംഗമാക്കാതെ കടന്നുപോകുന്നു നവാഗതനായ ഡൊമിനിക് അരുണിന്‍റെ ആദ്യ ചിത്രം. ടൊവിനോ- ധനുഷ് കൂട്ടുകെട്ടിലെ ആദ്യ മലയാള ചിത്രം എന്ന ലേബലില്‍ നിന്ന് സിനിമയ്ക്ക് ഉയരാനായില്ല. പപ്പനായി ആഭിനയിച്ച ടൊവിനോയും ജോയ് ആയി അഭിനയിച്ച ബാലു വര്‍ഗീസും തകര്‍ത്തഭിനയിച്ചെങ്കിലും കഥാപാത്രങ്ങള്‍ ഇരുവര്‍ക്കും വലിയ വെല്ലുവിളിയായില്ല.
undefined
സസ്‌പെന്‍ഷനിലായ പൊലിസ് ഉദ്ദ്യോഗസ്ഥനായ പപ്പന്‍, ജോയ് എന്നിവരുടെ അതിജീവനത്തിന്‍റെ കഥയാണ് തരംഗം. മസിലു പെരുപ്പിക്കുന്ന പൊലിസുകാരനില്‍ നിന്നുള്ള ടൊവിനോയുടെ വേഷപ്പകര്‍ച്ച ഗംഭീരമായി. എന്നാല്‍ ദാസനെയും വിജയനെയും കണ്ട് ശീലിച്ച മലയാളിക്ക് തരംഗത്തിലെ സിഐഡികള്‍ വേറിട്ടതായില്ല. മികച്ച തിരക്കഥയുടെ അസാന്നിധ്യം മുഴച്ചുനിന്ന ആദ്യ പകുതിയില്‍ നിന്ന് ചെറിയ സസ്പെന്‍സുകള്‍ തീര്‍ത്ത രണ്ടാം പകുതി. എന്നാല്‍ അതിനിടയില്‍ ഫാന്‍റസിയും സ്‌പൂഫ് കോമഡികളും ചേര്‍ത്തുള്ള പരീക്ഷണം നാടകീയമായി അനുഭവപ്പെട്ടു.
എങ്കിലും അവതരണത്തില്‍ പുതുമ കൊണ്ടുവരാന്‍ സംവിധായകന്‍ ഡൊമിനിക് അരുണിനായി. കള്ളന്‍ പവിത്രന്‍റെ കഥയെന്നത് ആദ്യവസാനം സിനിമയെ ബന്ധിപ്പിക്കുന്ന കഥാതന്തു മാത്രമായിരുന്നു. എന്നാല്‍ സിനിമ പറയാന്‍ ശ്രമിച്ച കള്ളന്‍ പവിത്രന്‍റെ കഥ പ്രേക്ഷകന് കൗതുകമായോ എന്ന് സംശയമാണ്. അതേസമയം പശ്ചാത്തല സംഗീതം ഫാന്‍റസിയുടെ തലങ്ങളോട് ചേര്‍ന്ന് പോയി. അവിടെയും പതിവ് വഴിയില്‍ നിന്ന് മാറി നടക്കാന്‍ സിനിമയ്ക്കായോ എന്ന് സംശയമാണ്. ഹാസ്യ പരീക്ഷണമാണെങ്കിലും പൊലിസ് കഥയിലെ സസ്പെന്‍സുകള്‍ കാത്ത് തിയേറ്ററില്‍ എത്തുന്നവര്‍ക്ക് സിനിമ നിരാശയാണ് സമ്മാനിക്കുക.
കഥാപാത്രങ്ങള്‍ക്കെല്ലാം ഐഡിന്‍റിറ്റി നല്‍കാന്‍ സിനിമയ്ക്കായി എന്നത് ദുര്‍ബലമായ തിരക്കഥയ്ക്കിടയിലും പ്രശംസനീയമാണ്. നായികയായെത്തിയ ശാന്തി ബാലചന്ദ്രന്‍ പുതുമുഖത്തിന്‍റെ ആശങ്കകളില്ലാതെ മികച്ച അഭിനയം കാഴ്ച്ചവെച്ചു. ശാന്തി ബാലചന്ദ്രന്‍റെ മാലുവും നേഹ അയ്യരുടെ ഓമനയും ശക്തമായ സ്ത്രീ സാന്നിധ്യം കൊണ്ട് സ്കീനില്‍ നിറഞ്ഞു. അതോടൊപ്പം ഷമ്മി തിലകനും അലന്‍സിയറും വിജയ് രാഘവനും സൈജു കുറുപ്പും അവരുടെ വേഷങ്ങള്‍ മികച്ചതാക്കി. വേറിട്ട റോളിലെത്തിയ ദിലീഷ് പോത്തന്‍ തന്‍മയത്വം കാത്തു. വലിയ സസ്പെന്‍സിനൊടുവിലെത്തിയ ഉണ്ണി മുകുന്ദന്‍ അവസാന സീനില്‍ നിന്നാണ് ചെറിയ കഥാപാത്രത്തെ അടയാളപ്പെടുത്തിയത്.
ഡൊമിനിക് അരുണും അനില്‍ നാരായണനും ചേര്‍ന്ന് ആലോചിച്ച തിരക്കഥയില്‍ പുതുമകളേറെയുണ്ട്. എന്നാല്‍ പൂര്‍ണ്ണമാകാതെ പോയ തിരക്കഥയും സംവിധാനത്തിലെ പാളിച്ചകളും സിനിമയെ ബാധിക്കുന്നു. തിരക്കഥയുടെ വേഗക്കുറവിലും സിനിമയ്ക്ക് വേഗം നല്‍കിയത് എഡിറ്റര്‍ ശ്രീനാഥിന്‍റെ മികവ് തന്നെ. അതേസമയം പലയിടത്തും ഏല്‍ക്കാതെ പോയ കോമഡികള്‍ സിനിമയുടെ മാറ്റ് കുറച്ചു. ആദ്യമായി ക്യാമറ ചലിപ്പിച്ച ദീപക് ഡി മേനോനും സംഗീതം നലകിയ അശ്വിന്‍ രഞ്ജുവും നിരാശനാക്കിയില്ല. എങ്കിലും ക്യാമറയ്ക്ക് മുന്നിലും പിന്നിലും പുതുമുഖങ്ങളെ അണിനിരത്തി പരീക്ഷണത്തിനു മുതിര്‍ന്ന സംവിധായകന് കയ്യടിക്കാതെ വയ്യ. വിയോജിപ്പുകളേറെയുണ്ടാകുമെങ്കിലും കാണാവുന്ന സിനിമയാണ് തരംഗം.