ഉള്ളുലച്ച് ഒഴുകുന്ന അരുവി; റിവ്യൂ

By WebDesk  |  First Published Jan 8, 2018, 6:02 PM IST

മികച്ച സിനിമകളുടെ തിയേറ്റര്‍ ഉത്സവമായിരുന്നു മലയാളത്തിന് ക്രിസ്തുമസ്-പുതുവത്സര അവധിക്കാലം. മായാനദിയും ആട്2വും തീര്‍ത്ത തരംഗത്തിനിടയില്‍ തിയേറ്ററിലെത്തിയ തമിഴ് സിനിമ അരുവിയും പ്രേക്ഷക സ്വീകാര്യത നേടി. മികച്ച രണ്ട് മലയാള സിനിമകളോട് മത്സരിച്ച് അരുവി മലയാളത്തിന് തമിഴ് നവധാരയുടെ ആസ്വാദനം ഒരിക്കല്‍ കൂടി കാട്ടിക്കെടുത്തു. ആഴ്ച്ചകള്‍ പിന്നിട്ടിട്ടും അരുവി മറ്റ് ചിത്രങ്ങള്‍ക്കൊപ്പം തീയ്യറ്ററുകളില്‍ ഹൗസ്ഫുള്‍ ആയി നിറഞ്ഞൊഴുകുകയാണ്. എന്നാല്‍ പ്രമേയത്തിന്‍റെ ആഴവും കഥപറച്ചിലിന്‍റെ അടക്കവും കൊണ്ട് മറ്റ് രണ്ട് ചിത്രങ്ങള്‍ക്ക് മുകളിലാണ് അരുവിയുടെ സ്ഥാനം. അരുവിയുടെ റിവ്യൂ ജോമിറ്റ് ജോസ് എഴുതുന്നു...

തമിഴ് നവധാരയില്‍ തന്‍റെ ആദ്യ ചിത്രത്തിലൂടെ കയ്യൊപ്പ് പടര്‍ത്തുകയാണ് അരുണ്‍ പ്രഭു പുരുഷോത്തമന്‍ എന്ന സംവിധായകന്‍. ബാലൻസ്ഡ് ആയ കഥയും കഥാപാത്രങ്ങളും ഉള്ളപ്പോളും അതിശക്തമായ സ്ത്രീപക്ഷ സിനിമ കൂടിയാണ് അരുവി. കയ്യടക്കത്തോടെയുള്ള തിരക്കഥയും സംവിധാന ചാരുതയും ചേരുന്നിടത്താണ് അരുവി മികച്ച സൃഷ്ടിയാവുന്നത്. തമിഴ് നവധാര സിനിമകളിൽ തലയുയർത്തി നിൽക്കുന്ന സൃഷ്ടിയായി തന്നെ ഇത് കാണാം. ദൃശ്യവത്കരണത്തിലെ മൗലികതയില്‍ സിനിമ കയ്യടക്കമുള്ള ഛായാഗ്രാഹകന്‍റെ കൂടി സൃഷ്ടിയാവുന്നു. 

Latest Videos

undefined

മനസിൽ തറച്ചുവീണ കുത്തൊഴുക്കിന്റെ പേരാണ് അരുവി. പതഞ്ഞൊഴുകി, ആഴങ്ങളിലേക്ക് വലിച്ചിഴച്ച്, വീണ്ടും ഉയർത്തി, ദൂരേക്ക് തള്ളിവിട്ട പ്രതിഷേധത്തിന്റെ പേര്. മായാനദി പുഴയാണെങ്കിൽ അരുവി കടലിലേക്ക് തിരശ്ചീനമായ് പതിക്കുന്ന വെള്ളച്ചാട്ടമാണ്. ഒരു കാടിനെയൊട്ടാകെ തന്നിലൂടെ യാത്രയാക്കി പെടുന്നനെ കടലിലേക്ക് കൊണ്ടിട്ട അനുഭവം. കണ്ണീരിന് മനസിന്റെ നിറവും കലക്കുവെള്ളത്തിന്റെ രുചിയുമാണെന്ന് പറഞ്ഞ ചിത്രം. പരസ്യമായി പറഞ്ഞ രാഷ്ട്രീയ-സാമൂഹ്യ രഹസ്യങ്ങളുടെ തിരക്കാഴ്ച്ചയാകുന്നു അരുവി.

ഉദ്യോഗജനകമായ കഥാപരിസരത്തു നിന്നാണ് അരുവി ആരംഭിക്കുന്നത്. ഓടിക്കിതച്ചെത്തുന്ന പൊലിസ് വാഹനങ്ങളും മാധ്യമപ്പടയും തീര്‍ക്കുന്ന സസ്പെന്‍‌സ് ചൂണ്ടുവിരല്‍. ന്യൂസ് ഫ്ലാഷുകളുടെയും തത്സമയ റിപ്പോര്‍ട്ടിംഗുകളുടെയും ഇടയില്‍ നിന്ന് അരുവിയെ പരിചയപ്പെടുത്തുകയാണ് സംവിധായകന്‍. തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ പിടിയിലായ അരുവിയെ അന്വേഷണ തലവന്‍ ചോദ്യം ചെയ്യുന്നു. അവളുടെ മറുപടികള്‍ക്കിടെ പുറത്ത് കാത്തിരിക്കുന്ന പിതാവില്‍ നിന്ന് ഫ്ലാഷ് ബാക്കിലൂടെ കഥ അതിന്‍റെ ഉള്‍ച്ചൂരിലേക്ക് പ്രവേശിക്കുന്നു. 

അരുവിയെന്ന ബാലികയെ അഹ്ലാദത്തിന്റെ കൗമാരം കടത്തി ആത്മസംഘർഷങ്ങളുടെ യൗവനത്തിലേക്ക് കടലോളം താഴ്ത്തിയ കഥാപരിസരം. സ്വാതന്ത്ര്യത്തിന്റെ പരകോടിയും വിലങ്ങുകളുടെ കെട്ടുറപ്പും വേദനകളുടെ ഉൾകാമ്പും അതിൽ സമാസമം ചേർത്തിരിക്കുന്നു. സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളെ അതേ കരുത്തിൽ കറുപ്പു വെളുപ്പുമായി വിന്യസിച്ചു. വിസാരണെയും ജോക്കറും പറഞ്ഞ അതേ മൈലേജിൽ ഹാസ്യത്തിന് രാഷ്ട്രീയമുണ്ട് സിനിമയിൽ. ആദ്യ പകുതിയില്‍ സിനിമാറ്റിക് എന്ന് തോന്നുമെങ്കിലും പിന്നീട് റിയലിസ്റ്റിക് കഥപറച്ചിലായി അത് മാറുന്നു.

സന്തോഷ നിബിഡമായിരുന്നു അരുവിയുടെ ബാല്യമെന്ന് അച്ഛന്‍റെ ഓര്‍മ്മകളിലൂടെ സിനിമ പറയുകയാണ്. അത്രയേറെ പുതുമകള്‍ അവകാശപ്പെടാനില്ലാത്ത ഗൃഹാതുരത്വത്തിന്‍റെ ഓര്‍മ്മപ്പെടുത്തലും നിഷ്കളങ്കതയും ചേര്‍ന്ന കാലം. സിഗരറ്റിന്‍റെ പുക ഇഷ്ടമല്ലെന്ന് അരുവി പറഞ്ഞപ്പോള്‍ പുകവലി നിര്‍ത്തിയ അച്ഛന്‍. എന്നാൽ അവൾ കോളേജിലേത്തുന്നതോടെ മറ്റൊരു തലം രൂപപ്പെടുകയാണ്. അവളിലെ കടലാഴമുള്ള ആത്മസംഘർഷങ്ങൾ അവിടെ വെച്ച് ഉടലെടുക്കുന്നു. പിന്നീട് സംവിധായകൻ ആ കണ്ണീരുകൊണ്ടാണ് കഥ പറഞ്ഞത്. 

അരുവിക്ക് എയ്ഡ്സ് പിടിപെട്ടു എന്ന് തിരിച്ചറിയുന്നതോടെ അച്ഛനും അമ്മയും അവളിലെ വിശ്വാസത്തിന്‍റെ വ്യാജനിര്‍മ്മിതികള്‍ പൊളിക്കുന്നു. സംശയത്തിന്റെ കണ്ണുകൾ അവളെ വല്ലാതെ മുറിപ്പെടുത്തുന്നു. ആ മുറിവുകൾ തരുന്ന ആത്മപീഡകളാണ് പിന്നെയവളെ നയിക്കുന്നത്. അതിനിടയിൽ ക്ലാസ് മുറിയിൽ നിന്ന് ചർദ്ദിക്കാൻ ഇറങ്ങിയോടുന്നതും പിന്നീട് മാതാപിതാക്കളുടെ വൈകാരിക പ്രക്ഷുബ്ധതയും കാട്ടി സംവിധായകൻ സംശയം ജനിപ്പിക്കുകയാണ്. കുറ്റപ്പെടുത്തൽ താങ്ങാനാവാതെ ഒടുവിൽ അരുവി വീടുവിട്ടിറങ്ങുന്നു. 

എത്തിച്ചേരുന്ന എയ്ഡ്സ് രോഗികളുടെ പുനരധിവാസ കേന്ദ്രത്തിൽ നിന്ന് അവൾക്ക് എമിലിയെന്ന ട്രാന്‍സജന്‍റര്‍ സുഹൃത്തിനെ കിട്ടി. പിന്നീടങ്ങോട്ട് അരുവിയോളം പ്രാധാന്യമുള്ള കഥാപാത്രമായി സിനിമയിൽ എമിലി നിറഞ്ഞു നിൽക്കുന്നു. വെള്ളച്ചാട്ടം പോലെ സുന്ദരമായി കാടും വേരും കല്ലും വകഞ്ഞ് അവരൊരു യാത്ര പോവുകയാണ്. ഇതിനിടയിൽ മൂന്ന് സന്ദർഭങ്ങളിലെ തീക്ഷണമായ അനുഭവങ്ങൾ അരുവിയെ ഉലയ്ക്കുന്നു. അതിനെ മറികടക്കാനുള്ള ഇരുവരുടെയും ജൈത്രയാത്രയാണ് പിന്നീടുള്ള സിനിമ.

സുരക്ഷിതബോധത്തിൽ നിന്ന് ഭയത്തിലൂടെ അരുവി ഒരര്‍ത്ഥത്തില്‍ സ്വതന്ത്രമാവുകയാണ്. ഇനിയുള്ളത് അവളും സുഹൃത്തായ ട്രാന്‍സ്ജന്‍റര്‍ എമിലിയും ചേര്‍ന്നുള്ള അതിജീവനത്തിനായുള്ള പോരാട്ടവും ബന്ധങ്ങളുടെ ആഴവും പരപ്പും തേടുന്ന യാത്രയുമാണ്. എന്നാല്‍ സമൂഹത്തിന്‍റെ മുന്‍വിധികളെയും അബദ്ധധാരകളെയും തൊട്ട് ഒരു രാഷ്ട്രീയ പുനര്‍നിര്‍മ്മിതിക്കായുള്ള ശ്രമമായി ആ പോരാട്ടം മാറുകയാണ്. ഒരറ്റത്ത് അരുവിയെയും എമിലിയെയും നിര്‍ത്തി മറുവശത്ത് സമൂഹത്തിന‍ു നേരെ വിരല്‍ചൂണ്ടുകയാണ് ചിത്രം.

അപനിര്‍മ്മിക്കപ്പെട്ട മൂല്യബോധത്തോടും സമൂഹികാവസ്ഥയുടെ അടുക്കുകളിലെ ‍ജീര്‍ണ്ണതയോടും വൈകാരികമായി കഥപറച്ചില്‍ സംസാരിക്കുന്നു. മധ്യവര്‍ഗത്തിന്‍റെ സാമൂഹിക മിഥ്യാധാരണകളില്‍ നിന്ന് അതിനെ ചുട്ടെരിക്കുകയാണ് സംവിധായകന്‍. അരുവിയുയര്‍ത്തുന്ന ഓരോ ചോദ്യങ്ങളും മനുഷ്യമനസിനോടുള്ള പ്രതികരണമായാണ് അവിടെ അടയാളപ്പെടുത്തുന്നത്. റിയലിസ്റ്റിക് കഥപറച്ചിലിന്‍റെ വശ്യതയില്‍ സിനിമ നമ്മിലെ മൂല്യബോധത്തോട് നമ്മിലൊരാളായി സംസാരിക്കുന്നു. 

അസ്വാതന്ത്ര്യത്തെ മറികടക്കാന്‍ അരുവി ഒരു മാര്‍ഗം തേടുകയാണ്. അങ്ങനെ 'സൊല്‍വതെല്ലാം സത്യം' എന്ന ചാനല്‍ പ്രോഗ്രാമിലേക്ക് അവര്‍ എത്തുന്നു. ജീവിതത്തിലെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ അരുവി നടത്തുന്നത് ഇവിടെയാണ്. സിനിമയില്‍ ആദ്യമായി അരുവി എയ്ഡ്സ് ബാധിയാണെന്ന് വെളിപ്പെടുത്തുന്നതും ഈ രംഗത്തിലാണ്.  ഇവിടെ നിന്ന് മീഡിയ സെന്‍സേഷണലിസത്തെ രൂക്ഷമായി വിമര്‍ശിച്ച് മറ്റൊരു സംഘര്‍ഷ തലത്തിലേക്ക്, ആരംഭത്തില്‍ കാണിച്ച മൊണ്ടാഷുകളിലേക്ക് സിനിമ മടങ്ങുന്നു.   

അരുവി പുഴ പോലെ ഒഴുകുന്ന കഥാവതരണമാണ്. ഓരോ സംഭാഷണത്തിനും ഷോട്ടിനും വരെ തുടർച്ചകളുണ്ടാകുന്നു. ബന്ധങ്ങൾ പോലെ ഊഷ്മളമായ തുടർച്ചയാണതെന്ന് സിനിമ സ്ഥാപിക്കുന്നു. ക്യാമറ റോളിംഗ് എന്ന സംഭാഷണം എത്ര മനോഹരമായാണ് ഇടയ്ക്കിടക്ക് കയറിവരുന്നത്. സിനിമയിൽ ലക്ഷ്മി ഗോപാലസ്വാമി പറയുന്ന ഓരോ ഡയലോഗും അരുവിയിലൂടെ ആവർത്തിക്കപ്പെടുന്നു. പിറന്നാളാശംസകൾ അരുവിയുടെ കൗമാരത്തിവും യൗവനത്തിലും രണ്ട് ദ്രുവങ്ങളിൽ പുനരാവിഷ്കരിക്കപ്പെടുന്നു. 

എന്നാൽ ഓരോ തവണയും അവയ്ക്ക് പുതിയ രാഷ്ട്രീയ അർത്ഥങ്ങൾ കൈവരുന്നു എന്നതാണ് മെറിറ്റ്. കുട്ടിയായിരിക്കെ കൗതുകത്തോടെ അവളെടുത്ത് നോക്കുന്ന തോക്ക് പിന്നീട് വില്ലനാകുന്നു. സൊല്‍വതെല്ലാം സത്യം എന്ന ടെലിവിഷന്‍ പ്രോഗ്രാം അങ്ങനെ അരുവിയുടെ മാനസിക സംഘര്‍ഷങ്ങളുടെ വിളഭൂമിയാകുന്നു. അതോടെയാണ് അവള്‍ മാവോയിസ്റ്റും തീവ്രവാദിയുമായി മുദ്രകുത്തപ്പെടുന്നത്. അതിന്‍റെ പര്യവസാനവും ബന്ധങ്ങളുടെ കൂടിച്ചേരലുമായി സിനിമ അന്ത്യത്തിലേക്ക് കടക്കുന്നു.

എല്ലാ കഥാപാത്രങ്ങൾക്കും ആടിത്തിമിര്‍ക്കാന്‍ പാകത്തിലുള്ള പാത്രസൃഷ്ടിയും വ്യക്തമായ അരങ്ങും സിനിമയിലുണ്ട്. അവർ സ്ക്രീനില്‍ നിറഞ്ഞ് നിന്നപ്പോള്‍ വേദനകൾക്ക് മുകളിൽ അതൊരു ഉത്സവമായി. അതിമനോഹരമായി ട്രാൻസ്ജെന്റർ കഥാപാത്രം സിനിമയിൽ അവതരിപ്പിക്കപ്പെട്ടു. ചായ കുടിക്കുന്നതിനിടെ അദൃശ്യൻ ചൂളമടിക്കുമ്പോൾ ട്രാൻസ്ജെന്ററിന്റെ പ്രതികരണവും ലക്ഷ്മി ഗോപാലസ്വാമിയോടുള്ള മറുപടിയും അത് വ്യക്തമാക്കുന്നു. ട്രാൻസ്ജന്ററുകളോടുള്ള പതിവ് അപഹാസ്യങ്ങൾ ഒഴിവാക്കിയിട്ടുണ്ട് സംവിധായകന്‍.

അരുവിയുടെ വേഷപ്പകര്‍ച്ചയില്‍ അതിഥി ബാലന്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ എമിലിയുടെ റോളിലെത്തിയ അഞ്ജലി വരദനും സൊല്‍വതെല്ലാം സത്യത്തിന്‍റെ അവതാരികയായി എത്തിയ ലക്ഷി ഗോപാലസ്വാമിയും അന്വേഷണ ഉദ്യോഗസ്ഥാനായെത്തിയ മുഹമ്മഹ് അലി ബെയ്ഗും പകര്‍ന്നാട്ടം ഗംഭീരമാക്കി. അത്രയേറെ പ്രാധ്യാന്യമില്ലാത്ത കഥാപാത്രം എന്ന് തോന്നിച്ച ശ്വേത ശേഖറും വേഷം മോശമാക്കിയില്ല. അരുവിയുടെ മിന്നലാട്ടത്തിനിടയില്‍ പീറ്റര്‍ എന്ന കഥാപാത്രം നായകന്‍റെ വേഷഭൂഷാദികളില്ലാതെ നായകനായി തന്നെ കയ്യടി നേടി.

സിനിമയുടെ വേഗത്തിനൊപ്പം സഞ്ചരിക്കുന്ന പശ്ചാത്തല സംഗീതവും ഗാനങ്ങളും ബഹളങ്ങളില്ലാതെയാണ് കടന്നുപോയത്. ഓരോ ഗാനങ്ങളും പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാകും പോലെ ചിട്ടപ്പെടുത്തിയിട്ടുണ്ട്. മെലോ ഡ്രാമയുടെ സ്വഭാവത്തില്‍ നിന്ന് ഡോക്യുമെന്‍റി രീതിയിലേക്ക് പരിണമിക്കുന്ന സിനിമയുടെ സ്വഭാവത്തെ കൃത്യമായി അടയാളപ്പെടുത്താന്‍ ഛായാഗ്രഹണത്തിനും ദൃശ്യ സന്നിവേശനത്തിനും സാധിച്ചു. സിനിമയുടെ റിയലിസ്റ്റിക് അനുഭവം ഷെല്ലി കാലിസ്റ്റിന്‍റെ ക്യാമറക്കണ്ണുകളില്‍ നിന്ന് വായിച്ചെടുക്കാം. 

എന്നാല്‍ രാഷ്ട്രീയ തിരുത്തല്‍ വരുത്തുമ്പോളും ഭരണകൂടത്തിന്‍റെ അധികാര മേധാവിത്വത്തോടുള്ള അവസാന പ്രതികരണം എന്താണെന്ന് വ്യക്തമാക്കാതെയാണ് ചിത്രം അവസാനിപ്പിക്കുന്നത്. അരുവിയുടെ സന്തോഷങ്ങളിലേക്കും ബന്ധങ്ങളുടെ ആഴത്തിലേക്കും ക്യാമറ തിരിച്ച് സിനിമ മിഴിയടയ്ക്കുന്നു. എന്നാല്‍ അരുവിയും എമിലിയും തീര്‍ക്കുന്ന രൗദ്രവഴികളില്‍ നിന്ന് കാഴ്ച്ചക്കാരന്‍റെ മനസിലേക്ക് എരിയുന്ന കനല്‍ കോരിയിട്ട് സിനിമ ശുഭപര്യവസായി എന്ന് തോന്നിച്ച് അലിഞ്ഞില്ലാതാവുകയാണ്.

ചോദ്യം ചെയ്യാനെത്തിയ അന്വേഷണ തലവനോട് ഇറങ്ങിപ്പോടാ എന്ന് പറയുന്ന അരുവിയുടെ രാഷ്ട്രീയ വിവേകത്തിന് കയ്യടിക്കാം... 
 

click me!