പൂമുത്തോളിന്‍റെ പിറവി; ജോസഫിന്‍റെ പാട്ടുവഴി

By Prashobh PrasannanFirst Published Nov 30, 2018, 12:30 PM IST
Highlights

ആത്മനൊമ്പരവും ആത്മഹര്‍ഷവും അനുഭവിപ്പിച്ച് കുറേദിവസങ്ങളായി ആ പാട്ട് നെഞ്ചിലങ്ങനെ പെയ്തിറങ്ങുന്നു. അങ്ങനെയാണ് ഈണക്കാരനായ രഞ്‍ജിന്‍ രാജിനോടും എഴുത്തുകാരന്‍ അജീഷ് ദാസനോടും സംസാരിക്കുന്നത്, പാട്ടു പിറന്നതിന്‍റെ പിന്നിലെ നൊമ്പരങ്ങളറിയുന്നത്.. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു

പൂമുത്തോളേ നീയെരിഞ്ഞ വഴിയില്‍
ഞാന്‍ മഴയായി പെയ്തെടീ...

നൊമ്പരവും സന്തോഷവുമൊക്കെ ഇഴചേര്‍ന്ന വിജയ് യേശുദാസിന്‍റെ ശബ്ദത്തിന് വെറുമൊരു ഓടക്കുഴല്‍ മാത്രമായിരുന്നു ആദ്യം കൂട്ട്. കൃത്യം ഒന്നരമിനുട്ടോട് അടുക്കുമ്പോഴാണ് പാട്ടിലേക്ക് പതിയെ തബല കയറി വരുന്നത്. പിന്നെ പാട്ട് കൂട്ടിക്കൊണ്ടു പോയത് മറ്റൊരു ലോകത്തേക്കായിരുന്നു. താളാത്മകതയാല്‍ സമ്പന്നമായിരുന്ന മലയാള സിനിമാഗാനങ്ങളുടെ ഗൃഹാതുരതയിലേക്ക്. ഓര്‍മ്മകളുടെ ബാല്യകാലത്തേക്ക്. പൂമുത്തോളെ മാത്രമല്ല, ജോസഫിലെ എല്ലാ പാട്ടുകളും അങ്ങനെയായിരുന്നു. ആത്മനൊമ്പരവും ആത്മഹര്‍ഷവും അനുഭവിപ്പിച്ച് കുറേദിവസങ്ങളായി നെഞ്ചിലത് പെയ്തിറങ്ങുന്നു. അങ്ങനെയാണ് പാട്ടിന്‍റെ ഈണക്കാരനായ രഞ്‍ജിന്‍ രാജിനോടും എഴുത്തുകാരന്‍ അജീഷ് ദാസനോടും സംസാരിക്കുന്നത്, പാട്ടു പിറന്നതിന്‍റെ പിന്നിലെ നൊമ്പരങ്ങളറിയുന്നത്.

Latest Videos

പാടുവാനായി വന്നൂ, ഈണക്കാരനായി
കുട്ടിക്കാലം മുതല്‍ സിനിമാപ്പാട്ടുകളെ നെഞ്ചേറ്റിയിരുന്നു പാലക്കാടുകാരനായ രഞ്‍ജിന്‍ രാജ്. അച്ഛന്‍റെ റേഡിയോ ആയിരുന്നു പാട്ടുപ്രേമത്തിന്‍റെ ഉറവിടം. ഒരു പാട്ടു കേട്ടാല്‍ അതിന്‍റെ വരികള്‍ക്കൊപ്പം സംഗീത സംവിധായകനയെും രചയിതാവിനെയുമൊക്കെ ഹൃദിസ്ഥമാക്കിയിരുന്ന കാലം. അങ്ങനെ സുഹൃത്തുക്കള്‍ക്കിടയില്‍ പാട്ടുകളുടെ എന്‍സൈക്ലോപീഡിയയായി  രഞ്‍ജിന്‍. അമ്മയുടെ മോഹം രഞ്‍ജിനെ ഒരു പാട്ടുകാരനാക്കണമെന്നതായിരുന്നു. സംഗീത സംവിധായകനാകണമെന്ന മോഹം ഉള്ളിലൊതുക്കി മലയാളത്തിലെ ആദ്യ ജനപ്രിയ റിയാലിറ്റി ഷോ ആയ ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ 2007ന്‍റെ വേദിയിലെത്തുന്നത് അങ്ങനെ. ആറാം റൗണ്ട് വരയെ പാടിയെത്തിയുള്ളൂ. പക്ഷേ പത്തൊമ്പതാമത്തെ വയസില്‍ അത് വലിയൊരു ബ്രേക്കായിരുന്നു രഞ്‍ജിന്. പിന്നീട് സ്റ്റേജ് ഷോകളുടെ കാലമായിരുന്നു. റേഡിയോയിലും ടെലിവിഷന്‍ ചാനലുകളിലുമൊക്കെ അവതാരകന്‍റെ വേഷമിടാന്‍ കാരണവും സ്റ്റാര്‍ സിംഗറിലെ പ്രകടനം തന്നെ. അതിനിടെ 2013ല്‍ പുറത്തിറങ്ങിയ കുന്താപുര എന്ന ചിത്രത്തിലെ കണ്‍മണിയേ നിന്‍ കണ്‍കള്‍ എന്ന പാട്ട് പാടി. ഗാനം ശ്രദ്ധിക്കപ്പെട്ടെങ്കിലും സിനിമ വിജയമായിരുന്നില്ല. 

രഞ്‍ജിന്‍ രാജ്

2014 ഓടെയാണ് സംഗീത സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. പരസ്യചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും ഹ്രസ്വചിത്രങ്ങള്‍ക്കുമൊക്കെ ഈണമൊരുക്കിയായിരുന്നു തുടക്കം. തുടര്‍ന്ന് അഞ്ഞൂറിലധികം പരസ്യങ്ങള്‍ക്കും ടിവി ചാനലുകളുടെ പ്രമോകള്‍ക്കുമൊക്കെ ഇക്കാലത്ത് ഈണമൊരുക്കി.  അജയ് ശിവറാമിന്‍റെ നീരവം ആയിരുന്നു ആദ്യ സിനിമ. ബാവുള്‍ സംഗീതത്തിന്‍റെ ചുവടുപിടിച്ചുള്ള ചിത്രത്തില്‍ മൂന്നുഗാനങ്ങള്‍ക്ക് ഈണമിട്ടു. എന്നാല്‍ 2018 നവംബര്‍ 16 ആയിരുന്നു രഞ്‍ജിന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസം. അന്നാണ് നിത്യഹരിത നായകനും ജോസഫും റിലീസാകുന്നത്. രണ്ടിന്‍റെയും സംഗീതസംവിധാനം രഞ്‍ജിനായിരുന്നു. ഒരു തുടക്കക്കാരന്‍റെ രണ്ടുചിത്രങ്ങള്‍  ഒരുമിച്ച് ഒരു ദിവസം തിയേറ്ററില്‍! ആനന്ദലബ്ദിക്ക് ഇതില്‍പ്പരമെന്തു വേണമെന്ന് രഞ്‍ജിന്‍.

വേദനയുടെ പൂമുത്തോള്‍

'ഒരു മുപ്പതു വയസുകാരന്‍ എടുത്തു പോക്കേണ്ട ഭാരമാണോ ഇത്? അതുമൊരു ന്യൂജന്‍ മ്യൂസിക്ക് ഡയറക്ടര്‍?'

ജോസഫിലെ പൂമുത്തോള്‍ എന്ന പാട്ടു കേട്ട് വിളിച്ച ആസ്വാദകരിലൊരാള്‍ രഞ്‍ജിനോട് ചോദിച്ച ചോദ്യമാണിത്. അത്രമാത്രം ആത്മ നൊമ്പരത്തോടെയാണ് അയാള്‍ ഈ പാട്ട് ഓരോ തവണയും കേട്ടത്. ഇങ്ങനൊരു ഈണമൊരുക്കിയതിനു പിന്നില്‍ കണ്ണീരിന്‍റെ നനവു പടര്‍ന്നൊരു കഥ പറയാനുണ്ട് രഞ്‍ജിന്. അമ്മയുടെ മരണത്തിന്‍റെ നാലാംദിവസമാണ് രഞ്‍ജിന്‍ പൂമുത്തോളിന്‍റെ  ഈണമുണ്ടാക്കാനിരുന്നത്. ജോസഫ് എന്ന മനുഷ്യന്‍റെ ഭൂതകാലം തുടിക്കൊന്നൊരു ഈണം. എണ്‍പതുകളോ തൊണ്ണൂറുകളോ ആവാം ആ കാലം. ഇതാണ് സംവിധായകനും തിരക്കഥാകാരനും നല്‍കിയ സിറ്റ്വേഷന്‍. ഈണങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ അമ്മ. ബ്രെയിന്‍ സര്‍ജറിക്ക് ശേഷം ഒരു കുഞ്ഞിനെപ്പോലെ മരണത്തിലേക്കു നടന്നുപോയ അമ്മ. കനമോ ആഴമോ തിരിച്ചറിയാനാവാത്ത നൊമ്പരം നെഞ്ചിലങ്ങനെ ഏറിവന്ന സമയങ്ങള്‍. ഇളയരാജയും രവീന്ദ്രനും ജോണ്‍സനുമൊക്കെ പാട്ടുകള്‍ കൊണ്ട് സമ്പന്നമാക്കിയ കുട്ടിക്കാലം ഒരു ഈണമായി മനസില്‍ വന്നു നിറഞ്ഞു. അതില്‍ ജോസഫിന്‍റെ ആത്മ നൊമ്പരവും ഹര്‍ഷവുമൊക്കെ തുടിക്കുന്നുണ്ടെന്നു തോന്നി. അതാണ് ഈ ഈണം. രഞ്‍ജിന്‍ പറയുന്നു. 

'പൂമുത്തോളേ..' എന്ന പ്രയോഗം ഈ ലേഖകനെ പെട്ടെന്ന് ഓര്‍മ്മിപ്പിച്ചത് അന്തരിച്ച പാട്ടെഴുത്തുകാരന്‍ ഗിരീഷ് പുത്തഞ്ചേരിയെ ആയിരുന്നു. വാക്കുകളുടെ മഹാസാഗരം തൂലികയിലൊതുക്കിയ പുത്തഞ്ചേരിയപ്പൊലെ ആത്മസംഘര്‍ഷങ്ങള്‍ നെഞ്ചിലൊതുക്കിയാണ് അജീഷ് ദാസനെന്ന എഴുത്തുകാരന്‍ ഈ വരികളെഴുതിയതെന്ന് ഓരോ തവണ കേള്‍ക്കുമ്പോഴും തോന്നിയിരുന്നു. അതേപ്പറ്റി ചോദിച്ചപ്പോള്‍  ഒരു അര്‍ദ്ധരാത്രിയില്‍ വീട്ടിലെ ഒറ്റയിരിപ്പിലാണ് താന്‍ ഈ പാട്ടെഴുതിത്തീര്‍ത്തതെന്ന് മാത്രം അജീഷ് പറഞ്ഞു. പാട്ടിന്‍റെ മുഴുവന്‍ ക്രെഡിറ്റും രഞ്‍ജിന്‍റെ ഈണത്തിനാണ്. ഒപ്പം ജോസഫിന്‍റെ കഥാപശ്ചാത്തലവും ചിത്രത്തിലെ ജോജുവിന്‍റെ ഫിഗറും തന്നെ അത്രയേറെ സ്വാധീനിച്ചിരുന്നു. ജീവിത ദുഖങ്ങള്‍ക്കൊപ്പം ഈണത്തിന്‍റെ കരുത്തും ജോജു ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയും കൂടിയായപ്പോള്‍ വാട്‍സാപ്പില്‍ കിട്ടിയ ഈണത്തിനൊപ്പം അരമണിക്കൂറിനകം പാട്ടെഴുതിത്തീര്‍ത്തു. പൂമരം എന്ന ചിത്രത്തിലെ കടവത്തൊരു തോണി എന്ന പാട്ടിലൂടെ ശ്രദ്ധേയനായ അജീഷ് പറയുന്നു. 

അജീഷ് ദാസന്‍

ഓര്‍ക്കസ്‍ട്രയാണ് താരം
പൂമുത്തോളെ കൂടാതെ ബി കെ ഹരിനാരായണന്‍ എഴുതിയ ഉയിരിന്‍ നാഥനെ, കണ്ണെത്താ ദൂരം, കരിനീലക്കണ്ണുള്ള, ഭാഗ്യരാജ് എഴുതിയ പണ്ടു പാടവരമ്പത്ത് തുടങ്ങി രഞ്‍ജിന്‍ ഈണമിട്ട ജോസഫിലെ ആറോളം ഗാനങ്ങളുണ്ട് ജോസഫില്‍. നിരഞ്‍ജ് സുരേഷ് പാടിയ പൂമുത്തോളിന്‍റെ മറ്റൊരു വേര്‍ഷനും ഇതില്‍ ഉല്‍പ്പെടും. ഈ ഗാനങ്ങളൊക്കെ ഹിറ്റായതിനു പ്രധാനകാരണങ്ങളിലൊന്ന് ലളിതവും സ്വാഭാവികവുമായ ഓര്‍ക്കസ്‍ട്രഷനാണ്. ഈ പാട്ടുകളുടെയൊക്കെ വലിയൊരു പ്രത്യേകതയും അതുതന്നെ. ഉയിരിന്‍ നാഥനെ എന്ന പാട്ടുതുടങ്ങുന്നത് ഹാര്‍മോണിക്കയുടെ മനോഹരമായ ശബ്ദത്തില്‍ നിന്നാണെന്നത് ശ്രദ്ധിക്കുക. 

ഓര്‍ക്കസ്‍ട്രേഷനെപ്പറ്റി രഞ്‍ജിന്‍ പറയുന്നത് കേള്‍ക്കുക. തബല, ഗഞ്ചിറ, ഡോലക്ക്, ഘടം, ഓടക്കുഴല്‍, ക്ലാര്‍നെറ്റ്, സിത്താര്‍ തുടങ്ങിയ ഉപകരണങ്ങള്‍ അതേപടി ഉപയോഗിച്ചായിരുന്നു ഓര്‍ക്കസ്‍ട്രേഷന്‍. പാടവരമ്പത്തിലൂടെ എന്ന നാടന്‍ പാട്ടിനായി അടുക്കളപ്പാത്രങ്ങളിലും മനുഷ്യശരീരത്തിലും ജീപ്പിന്‍റെ ബോണറ്റിലുമൊക്കെ തട്ടിയും വെറും വായ കൊണ്ടുമൊക്കെയുണ്ടാക്കുന്ന ലൈവ് ശബ്ദങ്ങള്‍ തന്നെയായിരുന്നു ഉപയോഗിച്ചത്. രഞ്‍ജിന്‍ പറയുന്നു. 

അക്ഷരാര്‍ത്ഥത്തില്‍ ജോസഫിലെ ഗാനങ്ങള്‍ ഒരു വീണ്ടെടുക്കലാണ്. ഇലക്ട്രോണിക്ക് ശബ്ദഘോഷങ്ങളുടെ പ്രകമ്പനത്തിനിടയ്ക്ക് മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് കൈമോശം വന്ന ഉപകരണ സംഗീതത്തിന്‍റെ വീണ്ടെടുക്കല്‍. ലൈവ് ഓര്‍ക്കസ്‍ട്രേഷനുണര്‍ത്തുന്ന വൈകാരിക സാധ്യതകളുടെ വീണ്ടെടുക്കല്‍. തികച്ചും സ്വാഭാവികമായ തനതു ശബ്‍ദങ്ങളുടെ, ലളിത സംഗീതത്തിന്‍റെയൊക്കെ വീണ്ടെടുക്കല്‍. ഇതിനൊരു തുടര്‍ച്ചയുണ്ടാകുമെന്ന് ഉറപ്പ്.


 

 

click me!