"പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍.."
മോഹന രാഗത്തില്‍ ബോംബെ രവി ചിട്ടപ്പെടുത്തി, സുജാത മോഹനെന്ന ഭാവഗായികയുടെ ശബ്‍ദത്തില്‍ അനശ്വരമായ ഗാനം. ഓരോ പ്രണയദിനങ്ങളിലും നമ്മള്‍ മൂളിനടക്കുന്ന മനോഹരമായ ഈ പ്രണയഗാനത്തിന്‍റെ രചയിതാവിനെക്കുറിച്ച് നമുക്ക് എന്തറിയാം? ആ അറിയാത്ത കഥകളുമായി പാട്ടുകഥ. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു
രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പു നടന്ന കഥയാണ്. മുംബൈ മലയാളികളായ ചിലര്‍ ചേര്‍ന്ന് ഒരു സിനിമ പിടിക്കാന്‍ തീരുമാനിച്ചു. തിരക്കഥയെഴുതാന്‍ മുംബൈയില്‍ ജോലി തേടിയെത്തിയ വടക്കേ മലബാറുകാരനായ ഒരു ചെറുപ്പക്കാരനെയും അവര്‍ ഒപ്പം കൂട്ടി. തിരക്കഥ പൂര്‍ത്തിയായി. പാട്ടുണ്ടാക്കേണ്ട നേരമായി. ബോംബെ രവിയെന്ന രവിശങ്കർ ശർമ്മയുടെ ചില പഴയകാല ഹിറ്റ് ഹിന്ദി ഗാനങ്ങളുടെ മലയാളം പതിപ്പായിരുന്നു സംവിധായകന്‍റെ മനസില്‍. അതിനായി മുംബൈയിലെ പല എഴുത്തുകാരെയും സമീപിച്ചു. പക്ഷേ ഒന്നും നടന്നില്ല. അങ്ങനെ സംവിധായകനും സംഘവും നേരേ കേരളത്തിലേക്കു പറന്നു. യൂസഫലി കേച്ചേരിയെ തേടിയായിരുന്നു ആ യാത്ര. കേച്ചേരിയുടെ വീട്ടിലെത്തി രവിയുടെ 'ചൗദവി ക ചാന്ദ്', 'സൗ ബാർ ജനം ലേംഗേ', 'നീലെ ഗഗന്‍ കെ തലെ' തുടങ്ങിയ ഗാനങ്ങളുടെ സിഡി നല്‍കി സംവിധായകന്‍ പറഞ്ഞു: "ഈ ഗാനങ്ങളുടെ അതേ അർത്ഥമുള്ള മലയാളം വരികള്‍ വേണം.." ഇതു കേട്ട യൂസഫലി പൊട്ടിത്തെറിച്ചു:
Latest Videos
undefined
"എനിക്കും ഓഎൻവിക്കുമൊക്കെ ഇവിടെ ജീവിക്കണം...!"
ഇനിയെന്താണ് വേണ്ടതെന്നറിയാതെ അന്തിച്ചു നിന്ന സംവിധായകനെ തിരക്കഥാകൃത്തായ വടക്കേമലബാറുകാരന്‍ ആശ്വസിപ്പിച്ചു. പിന്നെ പോക്കറ്റില്‍ നിന്നും ഒരു കുറിപ്പെടുത്തു നീട്ടി.
ഒരു നൂറു ജന്മം പിറവിയെടുത്താലും...
ഒരു നൂറു ജന്മം മൃതിയിൽ കൊഴിഞ്ഞാലും..
പ്രിയമുള്ളവളെ പ്രിയമുള്ളവളേ
പിരിയാൻ ആകുമോ തമ്മിൽ...
1963ല്‍ 'ഉസ്താദോൻ കി ഉസ്‍താദി'നു വേണ്ടി ഉറുദു കവി ആസാദ് ഭോപാലി എഴുതി രവി ഈണമിട്ട 'സൗ ബാർ ജനം ലേംഗേ'യുടെ തനി മലയാളം! കുറിപ്പ് വായിച്ച സംവിധായകന്‍റെ കണ്ണു നിറഞ്ഞു, പിന്നെ മനസും. ഇതാണ് താന്‍ തേടി നടന്നതെന്നും ഈ സിനിമയിലെ എല്ലാ ഗാനങ്ങളും നിങ്ങള്‍ തന്നെ എഴുതിയാല്‍ മതിയെന്നുമായി അയാള്‍. അപ്പോള്‍ നമ്മുടെ തിരക്കഥാകൃത്ത് ഇങ്ങനെ പറഞ്ഞു: "ഇതേ രീതിയിൽത്തന്നെ ഈ ഗാനം ഞാന്‍ പൂർത്തിയാക്കാം. പക്ഷേ ഒരപേക്ഷയുണ്ട്, എനിക്ക് സ്വതന്ത്രമായി എഴുതാൻ ഒരു പാട്ടു വേണം.. ഒരൊറ്റയെണ്ണം.." സംവിധായകന്‍ സമ്മതിച്ചു. അങ്ങനെ താനെ നലസൊപ്പാരയിലെ ആ മുറിയിലിരുന്ന് അയാള്‍ രണ്ടാമത്തെ പാട്ടെഴുതി:
"പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍.."
മോഹന രാഗത്തില്‍ ബോംബെ രവി ചിട്ടപ്പെടുത്തിയ ആ വരികള്‍ സുജാത മോഹനെന്ന മലയാളത്തിന്‍റെ ഭാവഗായികയുടെ ശബ്‍ദത്തില്‍ അനശ്വരമായി. ഓരോ പ്രണയദിനങ്ങളിലും ഹൃദയപാതകളിലൂടെ പറന്നു നടക്കുന്ന ഈ ഗാനം ഇന്നും മലയാളികളുടെ പ്രണയത്തെ ജന്മാന്തരങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. വിഷാദം മഞ്ഞായി മൂടുന്ന നേരങ്ങളില്‍ കാറ്റായി വന്നു തലോടുന്നു. ഒരിക്കലും പിരിയരുതെന്ന് ചൊല്ലിയുറപ്പിക്കുന്നു. ഒരൊറ്റ പാട്ടുകൊണ്ട് ജനഹൃദയങ്ങളിലേക്ക് നടന്നു കയറിയ ആ പാട്ടെഴുത്തുകാരന്‍റെ പേര് സുരേഷ് രാമന്തളി.
മുംബൈ ജീവിതമെന്ന മഞ്ഞുതുള്ളി
പയ്യന്നൂരിനടുത്ത രാമന്തളിയാണ് സുരേഷിന്‍റെ ജന്മദേശം. പയ്യന്നൂര്‍ പാട്ടും തോറ്റംശീലുകളുമൊക്കെ ഉറങ്ങുന്ന ഏഴിമലയുടെ താഴ്‍വാരം. കുട്ടിക്കാലത്തു തന്നെ കഥയും കവിതകളുമൊക്കെ എഴുതിയിരുന്ന സുരേഷ് ടൈംസ് ഓഫ് ഇന്ത്യയിലെ ജോലിയുമായി ബന്ധപ്പെട്ടാണ് മുംബൈയില്‍ എത്തുന്നത്. അവിടെ മലയാളി സമാജവുമായൊക്കെ ബന്ധപ്പെട്ട് കഥാചര്‍ച്ചകളും കവിയരങ്ങുമൊക്കെയായി ഒരു കാലം. അങ്ങനിരിക്കെയാണ് 'മനസില്‍ ഒരു മഞ്ഞുതുള്ളി' എന്ന സിനിമയ്ക്ക് തിരക്കഥയെഴുതാന്‍ അവസരം കിട്ടുന്നത്.
"2000ല്‍ ആയിരുന്നു അത്. സംവിധായകന്‍ ജയകുമാര്‍ നായരും നിര്‍മ്മാതാവ് സന്തോഷ് കുമാറുമൊക്കെ മുംബൈ മലയാളികളായിരുന്നു. മലാഡിലെ വെസ്റ്റേൺ ഹൈവേയിലുള്ള നിർമാതാവിന്റെ ഓഫീസിലായിരുന്നു സിനിമയുടെ ചര്‍ച്ചകള്‍.." പാട്ടെഴുത്തുകാരെ തേടി സംവിധായകന്‍റെ ഒപ്പം മുംബൈ മുതല്‍ കേച്ചേരി വരെയുള്ള യാത്രകള്‍ സുരേഷ് ഓര്‍ക്കുന്നുണ്ട്.
"സംവിധായകന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് തുടക്കത്തിലേ തന്നെ എനിക്ക് അറിയാമായിരുന്നു. അങ്ങനെയാണ് 'ഒരു നൂറുജന്മം' എഴുതി നോക്കുന്നത്. ആത്മവിശ്വാസം കുറവായതിനാല്‍ ആദ്യമൊന്നും പുറത്തു പറഞ്ഞില്ലെന്നു മാത്രം. ഹിന്ദി വാക്കുകളുടെ ഏകദേശ അര്‍ത്ഥം മലയാളത്തിലേക്ക് മാറ്റി എഴുതുകയായിരുന്നു. അറുപതുകളിലെ ഹിന്ദിപ്പാട്ടുകളില്‍ ഉറുദുവിന്‍റെ വലിയ സ്വാധീനമുണ്ട്. അതുകൊണ്ട് ഉറുദു റഫര്‍ ചെയ്ത് പഠിച്ചാണ് 'ഒരു നൂറു ജന്മം' എഴുതിക്കൊടുക്കുന്നത്.." സുരേഷ് പറയുന്നു.
"ചിത്രത്തിനു വേണ്ടി ആറു പാട്ടുകളാണ് പ്ലാന്‍ ചെയ്‍തത്. ബാക്കി ഗാനങ്ങളും എന്നെക്കൊണ്ടു തന്നെ എഴുതിക്കാനായിരുന്നു സംവിധായകന്‍റെ പദ്ധതി. പക്ഷേ ഒരു പുതുമുഖം എഴുതിയാല്‍ കാസറ്റിന് മാര്‍ക്കറ്റ് ഉണ്ടാവില്ല. ഓഡിയോ കമ്പനികള്‍ കരുത്തരായി നില്‍ക്കുന്ന കാലമാണ്. എഴുത്തുകാരെയൊക്കെ അവര്‍ ശ്രദ്ധിക്കും. അങ്ങനെ ഞാന്‍ തന്നെയാണ് എനിക്ക് ഒരുപാട് ഇഷ്‍ടമുള്ള പാട്ടെഴുത്തുകാരനായ എം ഡി രാജേന്ദ്രന്‍റെ പേര് പറയുന്നത്... "
യൂസഫലിയുടെ മുന്നില്‍ അവതരിപ്പിച്ച അതേ ആവശ്യം സംവിധായകൻ എം ഡി രാജേന്ദ്രനോടും പറഞ്ഞു. അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു: "അതിനെന്താ എഴുതാമല്ലോ.. ഇതൊന്നും ആദ്യമല്ല. ഇത്തരത്തിൽ പല പാട്ടുകളും മുമ്പും ഇവിടെ ഉണ്ടായിട്ടുണ്ട്. 'ആ നിമിഷം'(1977) ലെ 'അയലത്തെ ജനലിൽ ഒരമ്പിളി വിടർന്നു' എന്ന ഗാനം ഇങ്ങനെ ഉണ്ടാക്കിയതാണ്. ഇതേ യൂസഫലി തന്നെയാണ് അതെഴുതിയതും. പടോസൻ (1968) എന്ന ഹിന്ദി ചിത്രത്തിനായി രാജേന്ദ്ര കിഷൻ, ആർ ഡി ബർമൻ, കിഷോര്‍ കുമാര്‍ ടീം ഒരുക്കിയ 'മേരെ സാമ്‌ന വാലി കിഡ്‌ക്കി മേ..' എന്ന പാട്ടിന്‍റെ മലയാള പരിഭാഷയാണത്..!"
എന്തായാലും സംവിധായകൻ ആഗ്രഹിച്ചതു നടന്നു. നാലു ഹിന്ദിപ്പാട്ടുകള്‍ എം ഡി രാജേന്ദ്രന്‍ മലയാളത്തിലേക്കു മൊഴിമാറ്റി. അങ്ങനെ രവിയുടെ മാസ്റ്റര്‍ പീസായ റഫി ഗാനം 'ചാന്ദ് വി ക ചാന്ദ്' 'പൗർണമി പൂന്തിങ്കളും' ഹംറാസിലെ രവിയുടെ തന്നെ മഹേന്ദ്ര കപൂര്‍ ഗാനം 'നീലെ ഗഗന്‍ കെ തലെ' 'മഴ മഴ മഴയും' ആയി മാറി. ഷാരൂഖ് ഖാന്‍ ചിത്രം ഡാറിലെ 'ജാദു തേരി നസര്‍' എന്ന ശിവ് - ഹരി ഈണവും സംവിധായകനു വേണമായിരുന്നു. അതാണ് 'മായാ നയനങ്ങളില്‍' ആയി വേഷം മാറുന്നത്.
"രവിക്ക് ഈ പരിപാടിയൊന്നും ഒട്ടും ഇഷ്‍ടമല്ലായിരുന്നു.. ഫാസ്റ്റ് നമ്പറാണ് വേണ്ടതെങ്കില്‍ പുതിയതൊന്ന് ഞാനുണ്ടാക്കിത്തരാം, അല്ലെങ്കില്‍ എന്‍റേതു തന്നെ നൂറോളമുണ്ട്.. അതില്‍ നിന്നും എടുക്കാം.. എന്തിനാണ് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്..? എന്ന് അന്നദ്ദേഹം ചോദിച്ചിരുന്നു.." സുരേഷ് പറയുന്നു.
ഒരു പാട്ടിന് രവി നല്‍കിയത് 28 തരം ഈണങ്ങള്‍!
"വരികളെഴുതിയ ശേഷം ചിട്ടപ്പെടുത്തുന്നതാണ് രവിയുടെ രീതി. പ്രണയിക്കുകയായിരുന്നു എന്ന പാട്ടിന് 28 തരത്തിലുള്ള ഈണങ്ങളാണ് രവി നല്‍കിയത്. അതിലൊന്നു മാത്രമാണ് ഇന്നു കേള്‍ക്കുന്നത്..!" ബോംബെ രവിയെന്ന രവിശങ്കർ ശർമ്മക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സുരേഷിന് അതിശയം അടക്കാനാവില്ല. "പാട്ടുകളെക്കുറിച്ച് സംസാരിക്കാന്‍ രവിയുടെ അരികിലേക്ക് സംവിധായകന്‍ ആദ്യം പറഞ്ഞുവിട്ടത് എന്നെയായിരുന്നു. മുംബൈ സാന്താ ക്രൂസ് വെസ്റ്റിലുള്ള രവിയുടെ 'വചൻ' എന്ന വീട്ടിലെത്തി കാര്യങ്ങളൊക്കെ സംസാരിച്ചു. പിന്നീടുള്ള മിക്കദിവസങ്ങളിലും ആ വീട്ടില്‍ കയറിയിറങ്ങി. അദ്ദേഹത്തിന്‍റെ കൂടെത്തന്നെയായിരുന്നു. അങ്ങനെ ബന്ധം വളര്‍ന്നു.. സൗബാർ ജനം ലേംഗേ രവിയുടെ മാന്ത്രിക വിരലുകളിലൂടെ 'ഒരു നൂറു ജന്മ'മായി മാറുന്നതൊക്കെ അദ്ഭുതത്തോടെയാണ് നോക്കിയിരുന്നത്.."
താനെ നലസൊപ്പാരയിലെ മുറിയിലിരുന്നാണ് സുരേഷ് 'പ്രണയിക്കുകയായിരുന്നു നാം' എഴുതുന്നത്. "പ്രണയത്തിന്‍റെ അപാരതയിൽ ഇണങ്ങിയും പിണങ്ങിയും കഴിയുന്ന കാമുകി കാമുകന്മാരുടെ വിഹ്വല സ്വപ്നങ്ങൾ.. ഇനിയൊരു ജന്മം കൂടി ഉണ്ടെങ്കിൽ അപ്പോഴും കാതരമായൊരു കാറ്റായി ഞാൻ കൂടെ ഉണ്ടാകും എന്ന് മനസു കൊണ്ട് അവൾ അവനു നൽകുന്ന ഉറപ്പ്.. ഇതൊക്കെയാണ് സിറ്റ്വേഷന്‍.. സംവിധായകന്‍ എനിക്ക് മാത്രം തന്ന സ്വാതന്ത്ര്യമാണെന്ന ഭയത്തോടെയായിരുന്നു പേനയെടുത്തത്.."
ഒറ്റ ദിവസം കൊണ്ട് പാട്ടെഴുതി തീര്‍ത്ത സുരേഷ് അതുമായി നേരെ രവിയുടെ വീട്ടിലെത്തി. "ആദ്യം തന്നെ നമ്മള്‍ എഴുതിയ വാക്കുകള്‍ മുഴുവന്‍ അദ്ദേഹം ഹിന്ദിയില്‍ എഴുതിയെടുക്കും. എന്നിട്ട് ഓരോ വാക്കിന്‍റെയും കൃത്യമായ അര്‍ത്ഥം ചോദിച്ചു മനസിലാക്കും. തുടര്‍ന്നാണ് ഈണമിടുക. തുടക്കക്കാരനായതിനാല്‍ മീറ്ററിന്‍റെ പ്രശ്നം ഉണ്ടാകുമോയെന്നു സംശയിച്ചിരുന്നു.. എന്നാല്‍ ചെറിയ പ്രശ്നങ്ങളേ ഉള്ളൂവെന്ന് രവി പറഞ്ഞു. അപ്പോള്‍ത്തന്നെ തിരുത്തി എഴുതിക്കൊടുത്തപ്പോള്‍ അദ്ദേഹത്തിനും സന്തോഷമായി. ഈ ഒരു പാട്ടിനു മാത്രം 28 ട്യൂണുകള്‍ ഇട്ട ആ ഒരു ഡെഡിക്കേഷനുണ്ടല്ലോ അതാണ് അമ്പരപ്പിക്കുന്നത്. ഇപ്പോള്‍ കേള്‍ക്കുന്നതിനെക്കാളും മികച്ച ഈണങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നുവെന്നതാണ് രസകരം. പക്ഷേ സംവിധായകന്‍ തെരെഞ്ഞെടുത്തത് ഇതായിരുന്നു.."
രവിയുടെ കൂടെയുള്ള ആ നാളുകള്‍ മധുരമായ ഓര്‍മ്മയാണ് സുരേഷിന്. സംഗീതത്തെപ്പറ്റി മാത്രമായിരുന്നു സംസാരങ്ങളധികവും. മലയാളത്തില്‍ ഒഎന്‍വി, കൈതപ്രം, യൂസഫലി, കെ ജയകുമാര്‍ തുടങ്ങിയവരുടെ കൂടെയൊക്കെ രവി ജോലി ചെയ്തിട്ടുണ്ട്. പക്ഷേ ഏറ്റവുമധികം ഹിറ്റുകള്‍ യൂസഫലിയുടെ കൂടെയാണ്. അതെന്തുകൊണ്ടാണെന്ന് ഒരു ദിവസം ചോദിച്ചപ്പോള്‍ രവി പറഞ്ഞു: "ഞങ്ങളുടെ ഭാഷയുടെ ചേര്‍ച്ചയാണ് അതിനു കാരണം. യൂസഫലിക്ക് ഹിന്ദിയും ഉറുദുവുമൊക്കെ നന്നായി വഴങ്ങും. അതുകൊണ്ട് എഴുതിയതിന്‍റെ വ്യക്തമായ അര്‍ത്ഥം പറഞ്ഞ് ഫലിപ്പിക്കാനും എന്നെ ബോധ്യപ്പെടുത്താനും യൂസഫലിക്ക് കഴിയും.."
ചിത്രം: ബോംബെ രവി
എറണാകുളത്തെ മാർട്ടിൻ സ്റ്റുഡിയോയിലായിരുന്നു റെക്കോഡിംഗ്. രവിയുടെ റെക്കോഡിംഗ് മറക്കാനാവാത്ത അനുഭവമാണെന്ന് സുരേഷ് പറയുന്നു. "അവസാന കാലത്തും ലൈവ് റെക്കോഡിംഗ് തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ രീതി. പത്തോളം വയലിനുകളൊക്കെ ഒരുമിച്ചു വായിച്ചു കേള്‍ക്കുന്നതും കാണുന്നതും എന്തൊരു സുഖമാണ്..! തംബുരു പോലുള്ള ചില ഉപകരണങ്ങള്‍ മാത്രാണ് അന്ന് പിന്നീട് വായിച്ചത്. സ്റ്റുഡുയോയില്‍ എത്തിയാല്‍ ഒറ്റയിരിപ്പിരിക്കും രവി. ഭക്ഷണം, സമയം അതൊന്നും വിഷയമല്ല. രാവിലെ കയറിയാല്‍ രാത്രി വരെയൊക്കെ ഇരിക്കും..."
തബല വായിച്ചത് രവിക്ക് തൃപ്തിയായില്ല. റെക്കോഡിംഗിനിടെ 'എന്‍റെ നിക്കാഹിലെ പാട്ടുകളുടെ തബല ഓര്‍ക്കുന്നില്ലേയെന്ന്' രവി ചോദിച്ചു. അപ്പോള്‍ താന്‍ അമ്പരന്നുപോയെന്ന് സുരേഷ്. "എന്നേപ്പോലെ വെറുമൊരു തുടക്കക്കാരനായ ഒരാളോടാണ് ലെജന്‍ഡായ ഒരു മനുഷ്യന്‍ സുഹൃത്തിനൊടെന്ന പോലെ സംസാരിക്കുന്നത്..എങ്ങനെ അമ്പരക്കാതിരിക്കും?!" ഒടുവില്‍ മുംബെയിലെ തബലിസ്റ്റുകളെക്കൊണ്ട് വീണ്ടും വായിപ്പിച്ചു മിക്സ് ചെയ്തപ്പോഴാണ് രവിക്ക് തൃപ്തിയായതെന്നും സുരേഷ് പറയുന്നു.
യേശുദാസ് ആയിരുന്നില്ല അത് പാടേണ്ടിയിരുന്നത്!
'ഒരു നൂറുജന്മം' യേശുദാസ് തന്നെ പാടണമെന്നായിരുന്നു രവിക്ക്. 'സ്വരരാഗ ഗംഗാ പ്രവാഹം' പോലെ ഹൈപിച്ചിലുള്ള പാട്ടാണ്, ദാസ് പാടിയാലേ അത് ശരിയാവൂ എന്നായിരുന്നു രവിയുടെ വാദം. എന്നാല്‍ യേശുദാസിനെക്കൊണ്ട് പാടിപ്പിക്കാന്‍ നിര്‍മ്മാതാവിനും സംവിധായകനും താല്‍പര്യമില്ലായിരുന്നു. ജയചന്ദ്രനും ചില പുതുമുഖങ്ങളുമായിരുന്നു അവരുടെ മനസില്‍. ഒടുവില്‍ സംവിധായകന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി പുതിയൊരു പയ്യനെ പാടിക്കാന്‍ രവി തയ്യാറായി. റെക്കോഡിംഗിനായി എത്തിയ പയ്യനായ ആ ഗായകന്‍ രാവിലെ മുതല്‍ പാടി. വൈകുന്നേരമായപ്പോള്‍ രവി സംവിധായകനോടു പറഞ്ഞു:
"അയാള്‍ നന്നായി പാടുന്നുണ്ട്.. പക്ഷേ ഈ പാട്ട് അയാളല്ല പാടേണ്ടത്.. ദാസ് പാടിയാല്‍ കൂടുതല്‍ നന്നാവും.." ആ വാക്കുകളില്‍ എന്തോ കഴമ്പുണ്ടെന്ന് തോന്നിയിട്ടാവണം, സംവിധായകന്‍ വഴങ്ങി. അങ്ങനെ യേശുദാസിന്‍റെയും ചിത്രയുടെയും സൗകര്യത്തിനായി 'ഒരു നൂറുജന്മത്തിന്‍റെ' റെക്കോര്‍ഡിംഗ് ചെന്നൈയിലേക്ക് മാറ്റി. "യേശുദാസിനു വേണ്ടി വഴിമാറിയ അന്നത്തെ ആ പയ്യനാണ് മധു ബാലകൃഷ്ണന്‍.."
പേര് മായുന്നു
റെക്കോഡിംഗിനു ശേഷം മുംബൈയിലേക്ക് തിരികെപ്പോയി സുരേഷ്. സിനിമ പരാജയപ്പെട്ടെങ്കിലും പാട്ടുകള്‍ വലിയ ഹിറ്റായി. കുറേക്കാലത്തിനു ശേഷം കാസറ്റുകള്‍ കണ്ടപ്പോഴാണ് സുരേഷ് ഞെട്ടിയത്. ഗാനരചയിതാക്കളുടെ സ്ഥാനത്ത് തന്‍റെ പേരില്ല. പകരം മുഴുവന്‍ പാട്ടുകളും എം ഡി രാജേന്ദ്രന്‍റെ പേരില്‍. അതേപ്പറ്റി സുരേഷ് പറയുന്നത് ഇങ്ങനെ: "തൃശൂരുള്ള എസെല്‍ ഡിജി ഓഡിയോസ് ആയിരുന്നു കാസറ്റ് കമ്പനി. ആദ്യം 10000 കാസറ്റുകളാണ് ഇറക്കിയത്. അതില്‍ എം ഡി രാജേന്ദ്രന്‍റെയും എന്‍റെയും പേരുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീടിറക്കിയ കാസറ്റുകളില്‍ നിന്നും സിഡിയില്‍ നിന്നുമൊക്കെ എന്‍റെ പേരെടുത്തു കളഞ്ഞു. പ്രണയിക്കുകയായിരുന്നു ഗാനത്തിന് രണ്ടു മെയില്‍ വേര്‍ഷനുകളുണ്ട്. സന്തോഷ് ബോംബെയാണ് ആദ്യം പാടിയത്. പിന്നീട് എടപ്പാള്‍ വിശ്വനെക്കൊണ്ടും പാടിച്ചു. കാസറ്റ് കമ്പനിയുടെ കളികളാവണം ഇതൊക്കെ.."
രണ്ടു ഗാനങ്ങളിലും എം ഡി രാജേന്ദ്രന്‍റെ പേരുപയോഗിച്ചു കണ്ടപ്പോള്‍ കാസറ്റ് കമ്പനിക്ക് വക്കീല്‍ നോട്ടീസയച്ചു സുരേഷ്. പക്ഷേ അപ്പോഴേക്കും കമ്പനി പൂട്ടിപ്പോയിരുന്നു. "അതിനിടെ പുതിയ ജോലിയുമായി ഞാന്‍ ഗള്‍ഫിലേക്കു പോയി. പ്രണയിക്കുകയായിരുന്നു എന്ന ഗാനം പലയിടങ്ങളിലും എംഡിആറിന്‍റെ പേരില്‍ കണ്ടപ്പോള്‍ വിഷമം തോന്നി. ഗള്‍ഫിലൊക്കെ ഭയങ്കര പോപ്പുലറായിരുന്നു ഈ പാട്ട്. അവിടൊക്കെ പാട്ടിന്‍റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നു. അതിനിടെ നിജസ്ഥിതി അന്വേഷിക്കാന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ എംഡിആറിനെ ഫോണില്‍ വിളിച്ചു. അദ്ദേഹത്തിന്‍റെ മകനാണ് ഫോണെടുത്തത്. അയാള്‍ പറഞ്ഞു അത് അച്ഛന്‍റെ പാട്ടാണെന്ന്..." സുരേഷ് പറയുന്നു.
"ആ മാധ്യമപ്രവര്‍ത്തകന്‍ ഇക്കാര്യം എന്നോടു പറഞ്ഞു. എന്‍റെ പാട്ടെടുത്തോളൂ, എന്തായാലും സിനിമയുടെ ടൈറ്റിലില്‍ എന്‍റെ പേരുണ്ടല്ലോ, താനെഴുതിയ പാട്ടേതാണെന്ന് അവര്‍ തന്നെ പറയട്ടെ എന്ന് ഞാന്‍ മറുപടിയും പറഞ്ഞു.." അതിനു ശേഷം തൃശൂരില്‍ ഒരു പരിപാടിയില്‍ വച്ചാണ് എംഡി രാജേന്ദ്രനെ നേരില്‍ കാണുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ആ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചോദിച്ചു: "ഞാന്‍ ഒരിക്കലും അങ്ങനെ പറയില്ല.." എം ഡി രാജേന്ദ്രന്‍ ഉറപ്പിച്ചു പറഞ്ഞു. അപ്പോഴേക്കും ഓഡിയോ കാസറ്റ് യുഗം അവസാനിച്ചിരുന്നുവെന്നും പിന്നെ അധികമൊന്നും അതിന്‍റെ പിറകെ പോയില്ലെന്നും സുരേഷ് പറയുന്നു. അടുത്തിടെ ആകാശവാണി ഈ ഗാനം എം ഡി രാജേന്ദ്രന്‍റെതാണെന്നു പറഞ്ഞു. കത്തെഴുതി ചോദിച്ചപ്പോള്‍ കംപ്യൂട്ടറില്‍ ഇതാണ് വിവരമെന്നും വേണമെങ്കില്‍ ബാഗ്ലൂരില്‍ ഡയറക്ടര്‍ക്ക് പരാതി കൊടുത്തോളൂ എന്നും പറഞ്ഞു.
"നമ്മുടെ ഒരു സൃഷ്ടി നമ്മുടേതാണെന്ന് വിളിച്ചു പറഞ്ഞു നടക്കേണ്ടി വരുന്ന ഗതികേടിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വിഷമം തോന്നും.."
നൂറോളം ആല്‍ബങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും നാടകഗാനങ്ങള്‍ക്കുമൊക്കെ തൂലിക ചലിപ്പിച്ച സുരേഷിന്‍റെ വാക്കുകളില്‍ വേദന. 2018ല്‍ ബോണ്‍സായി എന്ന സിനിമയ്ക്കായി മൂന്നു പാട്ടുകളെഴുതി. ജയചന്ദ്രന്‍ കാവുന്താഴെയായിരുന്നു സംഗീതം. അടുത്തിടെ പുറത്തിറങ്ങിയ 'സില്‍ക്കു മുക്ക്' എന്ന ഷോര്‍ട് ഫിലിമിലെ 'കൂവളക്കണ്ണഴകേ' എന്ന പാട്ടിന് യൂടൂബില്‍ മികച്ച പ്രതികരണമാണ്. 'കൊസ്രാക്കൊള്ളികള്‍' എന്ന സിനിമയ്ക്കു വേണ്ടി കൈതപ്രം വിശ്വനാഥന്‍റെ സംഗീത്തില്‍ രണ്ടു പാട്ടുകളാണ് ഒടുവില്‍ ചെയ്തത്.
മനസില്‍ ഒരു മഞ്ഞുതുള്ളിയും അതിലെ ഗാനങ്ങളും എന്തുനല്‍കിയെന്നു ചോദിച്ചാല്‍ 'ബോംബെ രവി എന്ന മഹാപ്രതിഭയുടെ കൂടെ ചിലവഴിക്കാന്‍ പറ്റി എന്നതു തന്നെ മഹാഭാഗ്യമെന്ന്' സുരേഷ് പറയും. മാർട്ടിൻ സ്റ്റുഡിയോയിലെ റെക്കോർഡിങ്ങിനു ശേഷം കൈകള്‍ ചേർത്തു പിടിച്ചു രവി പറഞ്ഞ വാക്കുകൾ ഇന്നും കാതില്‍ മുഴങ്ങും.
"പ്രണയിക്കുകയായിരുന്നു നാം ഏറെ പോപ്പുലർ ആകും. യുവതീ യുവാക്കളുടെ പ്രിയഗാനങ്ങളിൽ ഒന്നായി ഇതു മാറും. പക്ഷേ എനിക്ക് കൂടുതൽ ഇഷ്ടം താങ്കളുടെ 'ഒരു നൂറു ജന്മത്തോടാണ്.."
ഒരു നൂറുജന്മം എഴുതി നേടേണ്ടത് ഒരൊറ്റ ഗാനം കൊണ്ട് സ്വന്തമാക്കുന്ന ചിലരെപ്പോലെയാണ് സുരേഷുമെന്ന് ആ മഹാസംഗീതജ്ഞനും തോന്നിയിരിക്കണം. 'ദേവീക്ഷേത്ര നടയില്‍' എഴുതിയ പരത്തുള്ളി രവീന്ദ്രനെപ്പോലെ. 'പുളിയിലക്കരയോലും' ഈണമിട്ട ആര്‍ സോമശേഖരനെപ്പോലെ. 'ഇലപൊഴിയും ശിശിരത്തില്‍' എഴുതിയ കോട്ടയ്ക്കല്‍ കുഞ്ഞുമൊയ്‍തീനെപ്പോലെ.
ഈ പംക്തിയിലെ മറ്റ് ലേഖനങ്ങള്‍ വായിക്കാം
"പട പൊരുതണം... വെട്ടിത്തലകള്‍ വീഴ്ത്തണം..." ഇതാണ് ആ പാട്ടിന്‍റെ യഥാര്‍ത്ഥ കഥ!
"എന്നും വരും വഴി വക്കില്‍.." ആ കവിയും ഗായകനും മരിച്ചിട്ടില്ല!
പൂമുത്തോളിന്‍റെ പിറവി; ജോസഫിന്‍റെ പാട്ടുവഴി