"പട പൊരുതണം... വെട്ടിത്തലകള്‍ വീഴ്ത്തണം..." ഇതാണ് ആ പാട്ടിന്‍റെ യഥാര്‍ത്ഥ കഥ!

By Prashobh Prasannan  |  First Published Dec 27, 2018, 6:16 PM IST

സോഷ്യല്‍ മീഡിയയിലും യൂട്യൂബിലുമൊക്കെ അടുത്തകാലത്ത് തരംഗമായ 'പട പൊരുതണം കടലിളകണം വെട്ടിത്തലകള്‍ വീഴ്ത്തണം..' എന്ന വിവാദഗാനത്തിന്‍റെ കഥകളെക്കുറിച്ച് പ്രശോഭ് പ്രസന്നന്‍ എഴുതുന്നു


രാവണനെന്ന രാക്ഷസന്‍റെ പക്ഷം പറഞ്ഞ നാടകകൃത്ത് സി എന്‍ ശ്രീകണ്ഠന്‍ നായര്‍ക്കും ചലച്ചിത്രകാരന്‍ രഞ്‍ജിത്തിനും നോവലിസ്റ്റ് ആനന്ദ് നീലകണ്ഠനുമൊക്കെ കൈനിറയെ കയ്യടി കിട്ടി. ആ സൃഷ്‍ടികളൊക്കെ അവരുടെ പേരില്‍ത്തന്നെ നാടറിഞ്ഞു. എന്നാല്‍ തൃശൂര്‍ സ്വദേശികളായ രണ്ടുപേര്‍ ഇതേ മാതൃകയില്‍ രാവണനെ നായകനാക്കി ഒരു പടപ്പാട്ടുണ്ടാക്കിയപ്പോള്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. രാമായണത്തില്‍ പോലുമില്ലാത്ത, ഒരിക്കലും വാത്മീകി പോലും ചിന്തിക്കാനിടയില്ലാത്ത ഒരുതരം ട്വിസ്റ്റ്. 

Latest Videos

undefined

ചിലര്‍ ആ പാട്ട് തട്ടിയെടുത്ത് അവരുടേതാക്കി മാറ്റിക്കളഞ്ഞു! തന്‍റെ എതിരാളിയുടെ രാഷ്ട്രീയ പ്രചരണഗാനമെന്ന് അറിയപ്പെടാനായിരുന്നു 12 മിനിട്ട് ദൈര്‍ഘ്യമുള്ള രാവണന്‍റെ പടപ്പാട്ടിന്‍റെ വിധി. വെല്ലുവിളിപ്പാട്ട്, അക്രമണോത്സുകത പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ പഴികളും രാവണന്‍റെ ആത്മഭാഷണം നിറഞ്ഞ ഈ പാട്ട് ഏറെക്കേട്ടു.  ഒരുപക്ഷേ രാമബാണമേറ്റു വീഴുമ്പോള്‍ പോലും അനുഭവിക്കാത്തത്ര വേദനയാവും ഇക്കഥകളൊക്കെയറിഞ്ഞാല്‍ രാവണന്‍റെ നെഞ്ചകത്തുണ്ടാകുക. പറഞ്ഞുവരുന്നത്, അടുത്തകാലത്ത് സോഷ്യല്‍ മീഡിയയിലും യൂട്യൂബിലുമൊക്കെ തരംഗമായ 'പട പൊരുതണം കടലിളകണം വെട്ടിത്തലകള്‍ വീഴ്ത്തണം..' എന്ന വിവാദഗാനത്തിന്‍റെ കഥയാണ്. 

ആഘോഷിക്കപ്പെടാത്ത പാട്ടുകാരന്‍
'എന്നും വരും വഴി വക്കില്‍..' എന്ന ഹിറ്റ് ഗാനത്തെപ്പോലെ ഇതുമൊരു ഓണക്കളിപ്പാട്ടാണ്. ആറോ ഏഴോ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടാക്കപ്പെട്ട ഈ പാട്ട് ഒരു വര്‍ഷം മുമ്പാണ് വൈറലാകുന്നത്. അപ്പോഴും അതിന് ഈണമിട്ട് പാടിയ മനുഷ്യന്‍ അധികമാരും അറിയാതെ ഒരിടത്തു ജീവിക്കുന്നുണ്ട്. തന്നെ നെഞ്ചിലേറ്റുന്ന ചെറിയൊരു ആള്‍ക്കൂത്തിനിടയില്‍ പിന്നെയും പിന്നെയും പാട്ടുകളുണ്ടാക്കി അയാള്‍ പാടുന്നുണ്ട്. വീടുകള്‍ക്ക് ചായം പൂശിയും പോളിഷ് ജോലിയുമൊക്കെയെടുത്ത് സ്വന്തം ജീവിതത്തിനു നിറംപിടിപ്പിക്കുന്നുമുണ്ട്. തൃശൂര്‍ നെല്ലായി സ്വദേശിയായ ആ പാട്ടുകാരന്‍റെ പേര് വിനോദ് എന്നാണ്. കലാഭവന്‍ മണി പാടിയ അവസാന ഗാനമെന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ട 'മേലേ പടിഞ്ഞാറ് സൂര്യന്‍..' എന്ന പാട്ടിന് ഈണമൊരുക്കിയ അതേ വിനോദ് നെല്ലായി.

ഫോട്ടോ: വിനോദ് നെല്ലായി

"നമ്മളൊക്കെ വെറും സാധാരണക്കാരാട്ടോ..." തനി തൃശൂര്‍ ശൈലിയിലുള്ള സംസാരത്തിലുടനീളം പ്രകടമായത് പല ന്യൂജന്‍ കലാകാരന്മാരെയും പോലെ സ്വയം മാര്‍ക്കറ്റ് ചെയ്യാനറിയാത്ത കലാകാരന്‍റെ  നിഷ്‍കളങ്കതയും നിസ്സഹായതയും. ഓണക്കളിപ്പാട്ടില്ലാത്ത കഥ വിനോദിന്‍റെ കഥയല്ല. മുകുന്ദപുരം താലൂക്കിലെ ഏതൊരു മനുഷ്യനെയും പോലെ ആ കലാരൂപത്തോട് അത്രമേല്‍ ഇഴചേര്‍ന്നു കിടക്കുന്നു ഈ നെല്ലായിക്കാരന്‍റെയും ജീവിതം. പതിമൂന്നാമത്തെ വയസില്‍ ചെട്ടിക്കുളങ്ങരക്കാരന്‍ കളപ്പുരയ്ക്കല്‍ ചന്ദ്രനാശാന്‍റെ കൈയ്യും പിടിച്ചാണ് വിനോദ് ഓണക്കളിക്ക് താളം ചവിട്ടിത്തുടങ്ങുന്നത്. അച്ഛന്‍റെയും അദ്ദേഹത്തിന്‍റ പിതാവിന്‍റെയുമൊക്കെ താളബോധം മാത്രമായിരുന്നു കൈമുതല്‍. ഇപ്പോള്‍ വര്‍ഷം 32  കഴിഞ്ഞു. ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഓണക്കളിപ്പാട്ടെന്നാല്‍ വിനോദിന്‍റെ ശബ്‍ദമാണ്. ഇക്കാലത്തിനിടയ്ക്ക്  എണ്ണിത്തിട്ടപ്പെടുത്താനൊട്ടും എളുപ്പമല്ലാത്ത അത്രയും പാട്ടുകള്‍ ഈണമിട്ട് പാടിക്കഴിഞ്ഞു ഈ നാല്‍പ്പത്തഞ്ചുകാരന്‍. 

എല്ലാം കാണുന്നുണ്ട്, പക്ഷേ..
"പടപൊരുതണമെന്ന പാട്ടിന്‍റെ പേരിലുള്ള വിവാദങ്ങളെക്കുറിച്ചൊക്കെ കേട്ടിട്ടുണ്ട്. പല പാര്‍ട്ടിക്കാരും അവരുടെ കൊടികളൊക്കെ വച്ച് വീഡിയോ ഉണ്ടാക്കിയതും വരികള്‍ മാറ്റി ഈണമെടുത്ത് അതേപടി ഉപയോഗിക്കുന്നതുമൊക്കെ അറിയാം. മതസൗഹാര്‍ദ്ദ ഗാനത്തിനു വേണ്ടിയും ചിലര്‍ ഇതേ ഈണം ഉപയോഗിച്ചതായി കേട്ടിട്ടുണ്ട്. സത്യം പറഞ്ഞാല്‍ ഞാന്‍ ഇതൊന്നും കൂടുതല്‍ ശ്രദ്ധിക്കാറില്ല..." വിനോദ് പറയുന്നു.  

"ഒരുപാട്ട് ട്യൂണ്‍ ചെയ്‍ത് പാടി സീഡിയോ കാസറ്റോ ഒക്കെ ചെയ്തു കൊടുത്തു കഴിഞ്ഞാല്‍ പിന്നെ നമ്മളല്ല അതിന്‍റെ ഉടമകള്‍. അതിനു വേണ്ടി പണമിറക്കിയവര്‍ മാത്രമാണ് അതിന്‍റെ യഥാര്‍ത്ഥ അവകാശി. പിന്നെ നമ്മളെന്തിന് അതിന്‍റെ പിന്നാലെ പോകണം? ഒരിക്കലും അതിന്‍റെ ആവശ്യമില്ല..." വിനോദ് നിലപാട് വ്യക്തമാക്കിയപ്പോള്‍ കോപ്പി റൈറ്റിന്‍റെ പേരില്‍ അടുത്തകാലത്ത് പരസ്പരം ചെളിവാരി എറിഞ്ഞ പ്രമുഖ സംഗീത സംവിധായകരെയും ഗായകരെയുമൊക്കെ ഓർത്തു. 

"നമ്മള്‍ വേറൊരു തലത്തില്‍ ചെയ്തുപോയ സൃഷ്‍ടിയാണത്. ഒരു ഓണക്കളിക്കു വേണ്ടി മാത്രം ചെയ്‍തത്. നമ്മളെ സംബന്ധിച്ച് രാമായണ യുദ്ധം മാത്രമാണത്. പാട്ടിനെ അനുകൂലിച്ചും എതിര്‍ത്തുമൊക്കെയുള്ള ബഹളങ്ങളും വെല്ലുവിളികളുമൊക്കെ കാണാറുണ്ട്. അന്ന് ഈ പാട്ടു ചെയ്യുമ്പോള്‍ അതൊന്നും സ്വപ്‍നത്തില്‍ പോലും ചിന്തിച്ചിരുന്നില്ലെന്നതാണ് സത്യം. പക്ഷേ ഇപ്പോള്‍ ഇതില്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും? ഇതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ല. ഏതൊരു പാട്ടും ഈണമിട്ടു പാടിക്കഴിഞ്ഞാല്‍ പിന്നെ അങ്ങു വിടുകയാണ് പതിവ്. എന്നാലല്ലേ പുതിയ പാട്ടുകളെപ്പറ്റി ചിന്തിക്കാന്‍ പറ്റൂ?" വിനോദ് ചോദിക്കുന്നു. "പണിയെടുത്താണ് ജീവിക്കുന്നത്. ജോലി ചെയ്യണം, കുടുംബം പുലര്‍ത്തണം, ഇനിയുമൊരുപാട് പാട്ടുകളുണ്ടാക്കണം, പാടണം. ഇതൊക്കെയാണ് ആഗ്രഹം..." ഏഴിലും നാലിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളുടെ പിതാവു കൂടിയായ വിനോദിന്‍റെ വാക്കുകള്‍.

രാവണ ഭാവങ്ങള്‍ എഴുതിയ കവി ഇന്നില്ല

നീലശൈലം ദൂരെ മാറിനിൽക്കും 
പത്തു കണ്ഠന്‍റെ നെഞ്ചിലൊളിപ്പരപ്പും 
ശംഖ് കടഞ്ഞ കഴുത്തഴകും 
എന്തും കൊത്തിപ്പറിക്കും മിഴിയഴകും 
രാവണ ഭാവങ്ങൾ വർണ്ണിക്കാനൊക്കുമോ 
നാരായണ പാടും നാരദനും...?!

പാട്ടില്‍ രാവണന്‍റെ വിവിധ ഭാവങ്ങളെക്കുറിച്ചുള്ള വര്‍ണ്ണനയാണിത്. സാക്ഷാല്‍ നാരദനെപ്പോലും അമ്പരപ്പിക്കുന്ന തരം എഴുത്ത്. ഇതെഴുതിയ പ്രദീപ് ഇരിങ്ങാലക്കുട എന്ന പാട്ടെഴുത്തുകാരന്‍ ഇന്നില്ല. നൂറുകണക്കിന് നാടന്‍പാട്ടുകളും ഭക്തിഗാനങ്ങളും കവിതകളുമൊക്കെക്കൊണ്ട് മലയാള പാട്ടുസാഹിത്യത്തില്‍ സ്വയം അടയാളപ്പെടുത്തിയ  പ്രദീപിനെ ഹൃദയസ്‍തംഭനത്തിന്‍റെ രൂപത്തില്‍ മരണം വന്നു വിളിച്ചുകൊണ്ടു പോയിട്ട് വര്‍ഷം അഞ്ചു തികഞ്ഞു. അതിനും ഒന്നുരണ്ടു വര്‍ഷം മുമ്പാണ് 'പട പൊരുതണം ഉണ്ടാക്കിയതെന്നാണ് വിനോദിന്‍റെ ഓര്‍മ്മ. ആ വര്‍ഷത്തെ ഓണക്കളിക്ക് വേണ്ടിയായിരുന്നു അത്.  രാവണന്‍റെ ഭാഗം പറയുന്ന ഒരു പടപ്പാട്ടെന്ന ആലോചനയില്‍ നിന്നാണ് പാട്ടിന്‍റെ പിറവി. വിനോദ് ഈണമിട്ട ശേഷമായിരുന്നു പ്രദീപിന്‍റെ എഴുത്ത്. അധികം വേദികളിലൊന്നും ഈ പാട്ട് അവതരിപ്പിച്ചിട്ടില്ല. പതിവു പോലെ പിന്നീടത് കാസറ്റ് ഇറക്കുന്നവര്‍ക്ക് കൈമാറുകയായിരുന്നു.

ഫോട്ടോ: പ്രദീപ് ഇരിങ്ങാലക്കുട

അത് കലാഭവന്‍ മണിയുടെ അവസാന ഗാനമല്ല..

നേരെ പടിഞ്ഞാറ് സൂര്യന്‍ 
താനെ മറയുന്ന സൂര്യന്‍
ഇന്നലെ ഈ തറവാട്ടില്‍
തത്തിക്കളിച്ചൊരു പൊന്‍സൂര്യന്‍..

കലാഭവന്‍ മണി മരിച്ചതിനു തൊട്ടുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഗാനമാണിത്. മണിയുടെ അവസാന ഗാനമെന്ന രീതിയിലായിരുന്നു പ്രചരണം. എന്നാല്‍ മണി മരിക്കുന്നതിനും ആറോ ഏഴോ വര്‍ഷം മുമ്പ് പാടിയതാണിതെന്ന് ഈ പാട്ടിന്‍റെ ഈണക്കാരന്‍ കൂടിയായ വിനോദ് ഓര്‍ക്കുന്നു. പ്രദീപ് ഇരിങ്ങാലക്കുട തന്നെയായിരുന്നു ഈ പാട്ടിന്‍റെയും രചന. പ്രദീപ് മുഖേനയാണ് വിനോദ് മണിയുടെ മുന്നിലെത്തുന്നത്. രാഷ്‍ട്രീയ കൊലപാതകങ്ങളായിരുന്നു ഈ പാട്ടിന്‍റെ പ്രമേയം. ചാലക്കുടിയിലെ സ്റ്റുഡിയോയില്‍ അന്ന് മണി പാടുമ്പോള്‍ വിനോദും പ്രദീപും കൂടെത്തന്നെയുണ്ടായിരുന്നു. 

പാട്ടിനു പിന്നാലെ പ്രദീപ് മരണത്തിലേക്കു പോയി. പിന്നെയും ഏറെക്കഴിഞ്ഞാണ് മണിയുടെ മരണം. പ്രദീപുമൊന്നിച്ച് നിരവധി പാട്ടുകള്‍ ചെയ്‍തിട്ടുണ്ട്. വലിയ ആത്മബന്ധമായിരുന്നു തമ്മില്‍. മിക്കദിവസങ്ങളിലും പ്രദീപിന് ഒന്നിച്ചായിരുന്നു അക്കാലം. തന്‍റെ ഈണം കേട്ടാല്‍ പ്രദീപിന്  അറിയാം. കൃത്യമായി എഴുതും. ഒരൊറ്റ മൂളലില്‍ തന്നെ തന്‍റെ മനസിലുള്ള കാര്യം മനസിലാക്കുമായിരുന്നു പ്രദീപ്. അതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധം. ഓര്‍മ്മകളുടെ സങ്കടപ്പാച്ചിലുകള്‍ക്കിടയില്‍ വിനോദിന്‍റെ നെഞ്ചിടറുന്നത്  തെല്ലുതെക്കുപുറത്തെ മുറ്റത്ത് ആറടിമണ്ണിലുറങ്ങിയല്ലോ എന്ന താളത്തില്‍ മുഴങ്ങുന്നതു കേട്ടു.

ഓണക്കളിപ്പാട്ടിനെക്കുറിച്ച്
ഇതൊരു പ്രാദേശിക കലാരൂപമാണെന്നു പറയാം. പുരുഷന്മാര്‍ ഉള്‍പ്പെടുന്ന ടീമുകളാണ് ഈ പാട്ടു മത്സരത്തിലെ പങ്കാളികള്‍. തൃശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കിലെ ചില ഭാഗങ്ങളില്‍ ഓണക്കാലത്താണിത് നടക്കുന്നത്. നെല്ലായിയിലും പരിസരപ്രദേശങ്ങളിലുമായി 20 ഓളം ഓണക്കളി ടീമുകളുണ്ട്. ഒരു ടീമില്‍ ഏകദേശം 60 പേരൊക്കെ കാണും. പാടുന്നയാള്‍ നടുക്ക് നിന്നും പാടും. മറ്റുള്ളവര്‍ അയാളുടെ ചുറ്റും നിന്ന് ചുവടുവച്ചു ഏറ്റുപാടും. 

രാമായണമാണ് ഇപ്പോള്‍ മുഖ്യമായും ഉപയോഗിക്കുന്നത്. ആദ്യകാലത്ത് മഹാഭാരതമൊക്കെയായിരുന്നു. സാഹിത്യകൃതികളൊക്കെ മുമ്പ് ഉപയോഗിച്ചിരുന്നു. പാട്ടെഴുതി ഈണമിട്ട് പാടുന്ന നിരവധി ആശാന്മാര്‍ ജീവിച്ചിരുന്ന മണ്ണാണിത്. പലരും മണ്‍മറഞ്ഞു. ചിലര്‍ സജീവമല്ല. ടി കെ മുരളീധരനൊക്കെയാണ് ജീവിച്ചിരിക്കുന്നവരില്‍ പ്രമുഖര്‍. ഈ കലാകരന്മാര്‍ക്കൊക്കെ അര്‍ഹിക്കുന്ന പരിഗണന കിട്ടിയോ എന്നറിയില്ല. ഓണക്കളിക്കു വേണ്ടി ഫോക്ക് ലോര്‍ അക്കാദമിയോ മറ്റോ എന്തൊക്കെയോ ചെയ്യുമെന്ന് കുറച്ചുകാലം മുമ്പു കേട്ടിരുന്നു. പിന്നെയെന്ത് സംഭവിച്ചുവെന്ന് അറിയില്ല. 

ഓണക്കളിപ്പാട്ടിനു പുറമേ ചിന്തുപാട്ടിലും സജീവമാണ് വിനോദ് നെല്ലായി. ദേശവിളക്കിനോടും വീടുകളിലെ കെട്ടുനിറകളോടുമൊക്കെ അനുബന്ധിച്ച് നടക്കുന്ന അനുഷ്ഠാന ഗാനാലപനമാണ് ചിന്തുപാട്ടുകള്‍. അയ്യപ്പന്‍, ശിവന്‍, മുരുകന്‍ തുടങ്ങിയവരെക്കുറിച്ചൊക്കെ ചിന്തുപാട്ടുകളുണ്ടാക്കി പാടും. ഇത്തവണ നാടിനെ പ്രളയം വിഴുങ്ങിയതിനാല്‍ ഓണക്കളി ഉള്‍പ്പെടെ പരിപാടികളൊന്നും നടന്നില്ല. വീട്ടില്‍ വെള്ളം കയറിയതിനാല്‍ ഏറെനാള്‍ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ജീവിതമെന്നും വിനോദ് ഓര്‍ക്കുന്നു. 

അനി ഇരിങ്ങാലക്കുടയാണ് ഇപ്പോള്‍ വിനോദിനായി കൂടുതലും പാട്ടെഴുതുന്നത്. 'ഒരിക്കലും പെണ്ണേ ചതിയരുതേ', 'ജനകന്‍റെ പൊന്മകളല്ലേ', 'പച്ച വെയില്‍പ്പാടിയുലഞ്ഞൂ', 'ഈ വഴിയിന്നിതാ കഴിയുന്നൊരീക്കഥാ..' അങ്ങനെ വിനോദിന്‍റെ ഗാനങ്ങളുടെ പട്ടിക നീണ്ടുകിടപ്പുണ്ട്. ജീവിതത്തെ നിറംപിടിപ്പിക്കുന്ന ജോലിത്തിരക്കുകള്‍ക്കിടയിലും ഒരു ആല്‍ബത്തിന്‍റെ പണിപ്പുരയിലാണിപ്പോള്‍ രാമനെ കരയിപ്പിച്ച രാവണൻറെ ഈ പടപ്പാട്ടുകാരന്‍.

"

click me!