വേദനകളില്ലാത്ത ഒരു ലോകത്ത് അവന്‍ ജീവിക്കട്ടെ, അവന്റെ ജാനീമോൾക്കൊപ്പം...

By Web Team  |  First Published Oct 5, 2018, 8:26 PM IST

നല്ലൊരു യാത്രയയപ്പാണ്  ബാലുവിന് ലഭിച്ചത്. അവനും കുടുംബത്തിനുമുണ്ടായ ദുരന്തം സ്വന്തം കുടുംബത്തിലുണ്ടായ ദുരന്തം പോലെ എല്ലാവരും കണ്ടു. എല്ലാവരും അവര്‍ക്കൊപ്പം നിന്നു. അതാണ് അവന് കിട്ടിയ എറ്റവും വലിയ സമ്മാനം. 


ആത്മസുഹൃത്തായ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സൃഷ്ടിച്ച ആ​ഘാതത്തിന് ശേഷം സം​ഗീതരം​ഗത്ത് വീണ്ടും സജീവമാക്കാൻ ഒരുങ്ങുകയാണ് സ്റ്റീഫൻ ദേവസ്സി. ബാലുവിന്റെ വിയോ​ഗത്തിന് ശേഷം പരിപാടികൾ ഒഴിവാക്കി മാറിനിന്ന സ്റ്റീഫൻ ജോലിയില്‍ വീണ്ടും സജീവമാക്കുന്നതോടൊപ്പം ബാലഭാസ്കറിന്റെ സ്മരണയ്ക്കായി ചില പരിപാടികൾ ചെയ്യാനും പദ്ധതിയിണ്ടുന്നുണ്ട്. തിരിച്ചു വരവിന് മുന്നോടിയായി തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ സ്റ്റീഫൻ ആരാധകരുമായി സംസാരിച്ചു. എന്നാൽ ലൈവിൽ എത്തിയ സം​ഗീതപ്രേമികൾക്ക് ചോദിക്കാനുണ്ടായിരുന്നതും സ്റ്റീഫന് പറയാനുണ്ടായിരുന്നതും ബാലഭാസ്കറെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും മാത്രമായിരുന്നു.‌...

സ്റ്റീഫൻ ദേവസിയുടെ വാക്കുകളിൽ നിന്ന്...

Latest Videos

ബാലുവിന്‍റെ മൃതദേഹം കലാഭവനില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ എന്നോട് കീബോര്‍ഡ് വായിക്കാന്‍ പറഞ്ഞത് സുരേഷേട്ടനാണ് (സുരേഷ് ഗോപി എം.പി) ബാലഭാസ്കറിന്‍റെ ബാന്‍ഡ് അംഗങ്ങള്‍ അവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും അവനു വേണ്ടി അവന്‍റെ കംപോസിഷന്‍സ് വായിച്ചു. ആ ദിവസം ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു ഞാന്‍. മാനസികമായി തകര്‍ന്നതു പോരാതെ ഭക്ഷണം ഒന്നും കഴിക്കാത്തത് കൊണ്ടും ആകെ ക്ഷീണമായിരുന്നു എന്നിട്ടും സുരേഷട്ടന്‍ അങ്ങനെ ചെയ്യാന്‍ പറഞ്ഞപ്പോള്‍ അതു ചെയ്തു. 

സൂര്യഫെസ്റ്റിന് വേണ്ടിയുള്ള ബാലുവിന്റെ കംപോസിഷൻ വായിച്ചാണ് അത് സം​ഗീതാർച്ഛന അവസാനിപ്പിച്ചത്. അത് വായിക്കുമ്പോൾ വല്ലാത്തൊരു എനർജിയാണ് എനിക്കുണ്ടായത്. ആ ദിവസം മുഴുവന്‍ എല്ലാ വേദനയും അടക്കിപ്പിടിച്ച് സുരേഷേട്ടന്‍ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഒരു കലാകാരന് നൽകാവുന്ന ഏറ്റവും അജ്ഞലിയായിരുന്നു അതെന്ന് സുരേഷേട്ടന് അറിയാമായിരുന്നു.   അതേ പോലെ അശോകേട്ടന്‍, ബിനീഷ് കൊടിയേരി അവരെല്ലാം ആണ് ഞങ്ങള്‍ തകര്‍ന്നു പോയപ്പോള്‍ കാര്യങ്ങളെല്ലാം മുന്നോട്ട് കൊണ്ടു പോയത്. 

സംസ്കാരചടങ്ങുകള്‍ക്ക് ശേഷം ശിവമണിക്കൊപ്പം ആശുപത്രിയിലെത്തി ഞാന്‍ ലക്ഷമിയെ കണ്ടു. തുടര്‍ന്ന് കൊച്ചിയിലോട്ട് പോന്നു ഇപ്പോള്‍ രണ്ട് ദിവസമായി ഇവിടെയാണ്. ഒരു ബ്രേക്ക് ആവശ്യമാണെന്ന് തോന്നിയത് കൊണ്ട് ഇവിടെ നില്‍ക്കുകയാണ് ഇതുവരെ വീട്ടിലേക്കും പോയില്ല. പിയാനോ ഒന്നും തൊട്ടിട്ടില്ല. ഇനി എല്ലാം തുടങ്ങണം. നാളെ എന്‍റെ ബാന്‍ഡ് ടീം അംഗങ്ങളെ കാണണം. ഒരു പരിപാടിയുണ്ട് അതു ചെയ്യണം. അതിനു ശേഷം വീണ്ടും പ്രാക്ടീസ് തുടങ്ങണം. ബാലയുടെ കുറച്ചു കംപോസിഷന്‍സുമായി ഞാന്‍ നിങ്ങളുടെ മുന്‍പില്‍ വീണ്ടും വരും. 

ലക്ഷമിയുടെ ആരോഗ്യനിലയില്‍ കാര്യമായ മാറ്റമുണ്ട്. ശരീരത്തില്‍ ഒരുപാട് മുറിവുകളുണ്ട്. എങ്കിലും പരിക്കുകള്‍ വേഗത്തില്‍ ഭേദമാവുന്നുണ്ട്. തിങ്കളാഴ്ച്ചയോടെ ലക്ഷമിയെ വെന്‍റിലേറ്ററില്‍ നിന്നും മാറ്റാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും കുറച്ചു ദിവസം കൂടി ഐസിയുവില്‍ തുടരേണ്ടി വരും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബാലുവിന്റേയും ജനിമോളുടേയും മരണവാര്‍ത്ത അവളെ ഇതുവരെ അറിയിച്ചിട്ടില്ല. ഐസിയുവിൽ നിന്നും മാറ്റിയാൽ പിന്നെ എന്തു സംഭവിച്ചു എന്ന കാര്യം അവളെ അറിയിക്കേണ്ടി വരും. ആ കുടുംബത്തില്‍ ഇനി അവള്‍ മാത്രമേ ബാക്കിയുള്ളൂ. ഇക്കാര്യങ്ങൾ എങ്ങനെ അവളുടെ മുന്നിൽ അവതരിപ്പിക്കും എന്ന സമ്മര്‍ദ്ദത്തിലാണ് ലക്ഷമിയുടേയും ബാലുവിന്‍റേയും കുടുംബങ്ങള്‍. എല്ലാം നേരിടാനുള്ള കരുത്ത് ലക്ഷമിക്കും അവരുടെ കുടുംബാം​ഗങ്ങൾക്കും നൽകാൻ നിങ്ങൾ പ്രാർത്ഥിക്കണം. വലിയൊരു ദുരന്തത്തിലൂടെയാണ് ആ കുടുംബം കടന്നു പോവുന്നത്. 

ദൈവത്തിന് എന്തെങ്കിലും ഒരു പദ്ധതിയുണ്ടാവാം അതുകൊണ്ടാവും ലക്ഷമിയെ മാത്രം ദൈവം ബാക്കിവച്ചത് .  ലക്ഷമിയിലൂടെ ബാലു നമ്മളോട് സംസാരിക്കുമെന്ന് ഞാന്‍ കരുതുന്നു. ബാലഭാസ്കറിന്‍റെ ഓര്‍മയ്ക്കായി നല്ലതെന്തെങ്കിലും ചെയ്യണമെന്നുണ്ട്. ഇക്കാര്യം പൊതുവിദ്യഭ്യാസവകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടനെയൊരു തീരുമാനമുണ്ടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

നല്ലൊരു യാത്രയയപ്പാണ്  ബാലുവിന് ലഭിച്ചത്. അവനും കുടുംബത്തിനുമുണ്ടായ ദുരന്തം സ്വന്തം കുടുംബത്തിലുണ്ടായ ദുരന്തം പോലെ എല്ലാവരും കണ്ടു. എല്ലാവരും അവര്‍ക്കൊപ്പം നിന്നു. അതാണ് അവന് കിട്ടിയ എറ്റവും വലിയ സമ്മാനം. അതൊരു വലിയ കാര്യമാണ് ഒരു കലാകാരന് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമാണത്. അവന്‍ സന്തോഷമായിട്ട് പോയിട്ടുണ്ടാവാം. എനിക്കറിയാം അവന് സന്തോഷായിട്ടുണ്ടെന്ന്. അവൻ പോയതിൽ  വിഷമമുണ്ടെങ്കിലും അവനെ സന്തോഷത്തോടെ വിടണം നമ്മള്‍.  വേദനകളില്ലാത്ത ഒരു ലോകത്ത് അവന്‍ ജീവിക്കുകയാണ്, ദൈവം അങ്ങനെയാണ് വിധിച്ചതെങ്കില്‍ അങ്ങനെയാവട്ടെ. അവന് അത്രയും സ്നേഹമായിരുന്നു ജാനീനെ (മകളെ) അവള്‍ക്കൊപ്പം അവന്‍ പോയതാണെന്ന് നമ്മുക്ക് വിചാരിക്കാം.അവന്‍റെ സംഗീതം നമ്മുക്ക് ഈ ലോകത്തിലെത്തിക്കാം എല്ലാവരും അതു കേള്‍ക്കട്ടെ. അതിലൂടെ അവനെ ഓർക്കട്ടെ എല്ലാവരും. 

മരണപ്പെടുന്നതിനെ തലേന്ന് രാത്രി താന്‍ ഐസിയുവില്‍ കയറി ബാലുവിനെ കണ്ടിരുന്നു. നാല്‍പ്പത്തിയഞ്ച് മിനിറ്റോളം സമയം ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍  ബാലുവുമായി സംസാരിച്ചു. എല്ലാം ശരിയാവുമെന്നും നവംബറില്‍ നടക്കുന്ന സംഗീത പരിപാടി ഗംഭീരമാക്കണമെന്നും ബാലുവിനോട് പറഞ്ഞു. അവനെല്ലാത്തിനും പതുക്കെ മൂളിക്കൊണ്ട് സമ്മതം പറഞ്ഞു. സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും പറയുന്നതെല്ലാം കൃത്യമായി മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.  

മരിക്കുന്നതിന് മുന്‍പുള്ള അവസാന മണിക്കൂറുകളില്‍ ബാലു വളരെ ശാന്തനായിരുന്നു. ജ്യൂസോ കോഫിയോ കുടിക്കണമോ എന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍ വേണ്ടെന്ന് പറഞ്ഞു. സ്റ്റീഫനെ കണ്ടത് സന്തോഷമായില്ലേയെന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍ അവന്‍ പുഞ്ചിരിച്ചു. അല്‍പസമയം കഴിഞ്ഞ് ഡോക്ടര്‍ പോയി. പിന്നെ രണ്ട് നഴ്സുമാരാണ് ബാലുവിനെ ശ്രുശൂഷിച്ചത് മരണത്തിന് മുന്‍പുള്ള അവസാന മിനിറ്റുകളിലും ബാലു ബോധവാനായിരുന്നു. പിന്നെ പെട്ടെന്നാണ് രക്തസമ്മര്‍ദ്ദം താഴ്ന്നതും ഹൃദയാഘാതമുണ്ടായതും, എല്ലാം കഴിഞ്ഞതും...

മരിക്കുന്നതിന് തൊട്ടുമുന്‍പുള്ള രാത്രിയില്‍ അവനെ കണ്ടു മടങ്ങുമ്പോൾ. അവൻ എന്നോട് താങ്ക്യൂ എന്നു പറഞ്ഞു. ഞാനപ്പോള്‍  ഐവല് യൂ എന്നു പറഞ്ഞു  അവന്റെ കൈയിൽ പിടിച്ചു. അവനത് കേട്ടു എന്നോടും തിരിച്ചു ഐ ലവ് യൂ എന്നു പറഞ്ഞു.  അപ്പോള്‍ അവന്‍റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ആ കണ്ണീരൊക്കെ ‌ഞാന്‍ തുടച്ചു കളഞ്ഞു. അവന്‍റെ നെറ്റിയില്‍ ഉമ്മ വച്ച് ഞാൻ ഐ.സി.യുവില്‍ നിന്നും പുറത്തിറങ്ങി. അപ്പോള്‍ ഞാന്‍ കരയുകയായിരുന്നു. ആ നിമിഷങ്ങളൊന്നും മരണം വരെ മറക്കാനാവില്ല, അതെല്ലാം എന്നും എന്‍റെ ഹൃദയത്തിലുണ്ടാവും അതേക്കുറിച്ചൊന്നും കൂടുതലായി പറയാനില്ല... ഞാന്‍ പിന്നെയും തകര്‍ന്നു പോവും. 

 

click me!