ഇന്ത്യന്‍ സിനിമയുടെ സ്വപ്‍ന സുന്ദരിയെന്ന് വിശേഷിപ്പിക്കുമ്പോഴും അഭിനയം കൊണ്ടും വിസ്‍മയിപ്പിച്ച നടിയാണ് ശ്രീദേവി. രാജേശ്വരിയുടെയും അഭിഭാഷകനായിരുന്ന അയ്യപ്പന്റെയും മകൾ ശ്രീ അമ്മ യങ്കാർ അയ്യപ്പൻ എന്ന ശ്രീദേവി തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ ആണ് വെള്ളിത്തിരിയിലെത്തിയത്. പിന്നീട് നായികയായി വളര്‍ന്ന ശ്രീദേവിയുടെ കരിയര്‍ സ്വപ്‍നതുല്യമായിരുന്നു. വിവിധ ഭാഷകളില്‍ കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ശ്രീദേവി അമ്പത്തിനാലാം വയസ്സില്‍ ഓര്‍മ്മയുടെ വെള്ളിത്തിരയിലേക്ക് മടങ്ങിയത്. ശ്രീദേവിയുടെ മകിച്ച കഥാപാത്രങ്ങളെ നോക്കാം
undefined
ഭര്‍ത്താവിനെ തിരിച്ചുപിടിക്കുന്ന കോകില
ജി എന്‍ രംഗരാജന്റെ സംവിധാനത്തില്‍ കമല്‍ഹാസന്റെ നായികയായിട്ടാണ് മീണ്ടും കോകിലയില്‍ ശ്രീദേവി അഭിനയിച്ചത്. സുബ്രഹ്‍മണ്യത്തിന്റെ ഭാര്യ കോകിലയായിട്ടായിരുന്നു ശ്രീദേവിയുടെ ഭാവപ്പകര്‍ച്ച. സിനിമാ നടിയായ കാമിനിയില്‍ ആകൃഷ്‍ടയാകുന്ന ഭര്‍ത്താവിനെ തിരിച്ചുപിടിക്കാന്‍ കോകില നടത്തുന്ന ശ്രമങ്ങളായിരുന്നു സിനിമയില്‍ പറഞ്ഞത്. കമല്‍ഹാസന് തോളൊപ്പം തന്നെ ശ്രീദേവിയും തകര്‍ത്ത് അഭിനയിച്ച ചിത്രം വന്‍ ഹിറ്റായിരുന്നു. 1981ലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
ആരാധകര്‍ക്ക് ആവേശമായി മൂന്നാംപിറ
കമല്‍ഹാസന്റെ തന്നെ നായികയായി ശ്രീദേവി അഭിനയിച്ച മറ്റൊരു തമിഴ് ചിത്രമാണ് മൂന്നാംപിറ. ഒരു അപകടത്തില്‍ പെട്ട് അബോധാവസ്ഥയിലേക്ക് എത്തുകയും പിന്നീട് കുട്ടികളുടെ മാനസികാവസ്ഥയിലേക്ക് എത്തുകയും വേശ്യാലയത്തിലേക്ക് തള്ളപ്പെടുകയും ചെയ്യുന്ന കഥാപാത്രമായിട്ടായിരുന്നു ശ്രീദേവി ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തില്‍ മന്ദബുദ്ധിയായ കുട്ടിയായും മുതിര്‍ന്ന സ്‍ത്രീയായും ശ്രീദേവി തകര്‍ത്ത് അഭിനയിച്ചു. ഭാഗ്യലക്ഷ്‍മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീദേവിക്ക് ആ വര്‍ഷം മികച്ച നടിക്കുള്ള തമിഴ്‍നാട് സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു. 1983ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം സംവിധാനം ചെയ്‍തത് ബാലുമഹേന്ദ്ര ആയിരുന്നു. ഹിന്ദിയില്‍ സദ്‍മ എന്ന ചിത്രം റീമേക്ക് ചെയ്‍തപ്പോഴും ശ്രീദേവിയും കമല്‍ഹാസനും തന്നെയായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ശ്രീദേവിക്ക് ലഭിച്ചു.
ശ്രീദേവിയുടെ മിസ്റ്റര്‍ ഇന്ദിര
ഒരു സയന്‍സ് ഫിക്ഷന്‍ സൂപ്പര്‍ ഹീറോ ജോണറില്‍ 1987ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു മിസ്റ്റര്‍ ഇന്ദിര. സീമ സോണി എന്ന മാധ്യമപ്രവര്‍ത്തകയായിട്ടായിരുന്നു ചിത്രത്തില്‍ ശ്രീദേവി വേഷമിട്ടത്. ശേഖര്‍ കപൂര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിലെ ശ്രീദേവിയുടെ കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടു.
ഇരട്ടകുട്ടികളായി ശ്രീദേവി
ശ്രീദേവി ലേഡി സൂപ്പര്‍ പദവിയിലേക്ക് എത്തിയ ചിത്രമായിരുന്നു ചാല്‍ബാസ്. ഇരട്ടകളായ പെണ്‍കുട്ടികളുടെ വേഷത്തിലായിരുന്നു ശ്രീദേവി അഭിനയിച്ചത്. ആരാധകര്‍ എന്നും ആവേശത്തോടെ ഓര്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു ഇത്. പങ്കജ് പരാശര്‍ സംവിധാനം ചെയ്‍ത ചിത്രം 1989ലാണ് പ്രദര്‍ശനത്തിന് എത്തിയത്.
ടൈറ്റില്‍ റോളില്‍ ശ്രീദേവി
ശ്രീദേവി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഹിന്ദി ചിത്രമായിരുന്നു 1989ല്‍ പുറത്തിറങ്ങിയ ചാന്ദ്‍നി. നിരവധി ഗാനങ്ങളും നൃത്തരംഗങ്ങളുമുള്ള ചിത്രമായിരുന്നു ചാന്ദ്‍നി. യാഷ്‍ ചോപ്രയാണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച ഫിലിം ഫെയര്‍ നോമിനേഷന്‍ ശ്രീദേവിക്ക് ലഭിച്ചു.
ക്ഷണ ക്ഷണം
മധ്യവര്‍ഗ കുടുംബത്തിലെ പെണ്‍കുട്ടിയായി സത്യായിട്ടാണ് ശ്രീദേവി ക്ഷണ ക്ഷണത്തില്‍ അഭിനയിച്ചത്. ഒരു റോഡ് മൂവിയായി എടുത്ത ചിത്രത്തില്‍ ദഗ്ഗുപതി വെങ്കടേഷ് ആയിരുന്നു നായകന്‍. 1991ലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. തെലുങ്കില്‍ ചിത്രം ഒരുക്കിയ രാം ഗോപാല്‍ വര്‍മ്മ തന്നെ പിന്നീട് ഹിന്ദിയിലേക്ക് റീമേക്കും ചെയ്‍തു. മികച്ച നടിക്കുള്ള നന്ദി അവാര്‍ഡ് ശ്രീദേവിക്ക് ലഭിച്ചു. മികച്ച നടിക്കുള്ള ഫിലിം അവാര്‍ഡും ശ്രീദേവിക്ക് ലഭിച്ചു.
അമ്മയും മകളുമായി ശ്രീദേവി
ശ്രീദേവി ഇരട്ടവേഷത്തില്‍ അഭിനയിച്ച മറ്റൊരു ചിത്രമായിരുന്നു ലംഹെ. ചിത്രത്തില്‍ ആദ്യം പല്ലവി എന്ന സ്‍ത്രീയായിട്ടായിരുന്നു ശ്രീദേവി അഭിനയിച്ചത്. ഒര് അപകടത്തില്‍ പെട്ട് പല്ലവി മരിക്കുന്നു. ഗര്‍ഭിണിയായിരുന്ന പല്ലവി, പൂജ എന്ന മകള്‍ക്ക് ജന്മം നല്‍കിയ ശേഷമായിരുന്നു ജീവന്‍ വെടിഞ്ഞത്. അനാഥയായി വളര്‍ന്ന് പൂജയായിട്ടാണ് സിനിമയില്‍ പിന്നീട് ശ്രീദേവി. തന്റെ ഇരട്ടിപ്രായമുള്ളയാളെ പ്രണയിക്കുന്ന പെണ്‍കുട്ടി. 1991ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം സംവിധാനം ചെയ്‍തത് യാഷ് ചോപ്രയായിരുന്നു.
വ്യവസായിയായി ശ്രീദേവി
വളരെ കരുത്തുറ്റ ഒരു വ്യവസായിയായിട്ടായിരുന്നു ശ്രീദേവി ലാഡ്‍ല എന്ന ചിത്രത്തില്‍ അഭിനയിച്ചത്. ശീതള്‍ എന്ന ആ കഥാപാത്രത്തിന്റെ പഞ്ച് ഡയലോഗും ആരാധകര്‍ ഏറ്റെടുത്തു. അണ്ടര്‍സ്റ്റുഡ്, യു ബെറ്റര്‍ അണ്ടര്‍സ്റ്റുഡ് എന്ന ഡയലോഗ്. രാജ് കന്‍വര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.
പതിനഞ്ച് വര്‍ഷങ്ങളുടെ ഇടവേളയ്‍ക്ക് ശേഷം ശ്രീദേവി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ഇംഗ്ലീഷ് വിംഗ്ലീഷ്. വീട്ടമ്മയായും ലഡു ഉണ്ടാക്കി വില്‍ക്കുകയും ചെയ്യുന്ന ഒരു സ്‍ത്രീയുമായിട്ടാണ് ശ്രീദേവി ചിത്രത്തില്‍ അഭിനയിച്ചത്. ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ മകളുടെയടക്കം കളിയാക്കലുകള്‍ സഹിക്കേണ്ടി വരുന്ന കഥാപാത്രം. 2012ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഗൗരി ഷിന്‍ഡയാണ് സംവിധാനം ചെയ്‍തത്.
മകളുടെ അമ്മ
ശ്രീദേവി കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് 2017ല്‍ പ്രദര്‍ശനത്തിന് എത്തിയ മോം. മകള്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി പോരാടുന്ന അമ്മയായാണ് ശ്രീദേവി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. രവി ഉദയവാര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്.