ഇന്നലെ വൈകുന്നേരം ആറ് മണിക്ക് നടന്‍ കുഞ്ചാക്കോ ബോബന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലായിരുന്നു ഈ പാട്ടിന്‍റെ റിലീസിംഗ്. മികച്ച അഭിപ്രായം നേടി ഈ പാട്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.
തിരുവനന്തപുരം: ജോജു ജോർജ്ജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ജോസഫിലെ ആദ്യഗാനം പുറത്തിറങ്ങി. കവി അജീഷ് ദാസനാണ് പാട്ടിന് വരികളൊരുക്കിയിരിക്കുന്നത്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനം നടൻ കുഞ്ചാക്കോ ബോബന്റ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ''പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍ മഴയായി പെയ്‌തെടീ'' എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് നിരഞ്ച് സുരേഷാണ്. രഞ്ജിൻ രാജ് ഈണം നൽകിയിരിക്കുന്നു. ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് പാട്ട് പുറത്തിറക്കിയത്. സമൂഹമാധ്യമങ്ങളിൽ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ പാട്ട്.
'ജോസഫ് എ മാൻ വിത്ത് എ സ്കാർ' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ. സൗബിന്‍ ഷാഹിര്‍, സുധി കോപ്പ, ദിലീഷ് പോത്തന്‍, ജോണി ആന്റണി, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, ജെയിംസ് എലിയാ, ഇര്‍ഷാദ്, മാളവിക മേനോന്‍, ആത്മീയ, മാധുരി തുടങ്ങിയ നീണ്ട താരനിര ചിത്രത്തിലണിനിരക്കുന്നു.
റിട്ടയേർഡ് പൊലീസ് ഓഫീസറായിട്ടാണ് ജോജു ഈ ചിത്രത്തിന്റെ ടൈറ്റിൽ റോൾ കൈകാര്യം ചെയ്യുന്നത്. നവംബറിൽ ചിത്രം തിയേറ്ററുകളിലെത്തും. ഇരുപത്തഞ്ച് വർഷത്തിലധികമായി വില്ലനായും ഹാസ്യതാരമായും സ്വഭാവനടനായും സിനിമയില്‍ സജീവമായ ജോജുവിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായിരിക്കും ഈ സിനിമ.