സിംഗിള്‍ ടേക്കൊരു കൈവിട്ട കത്തിയേറല്ല !

By Arun Kumar  |  First Published Mar 13, 2017, 10:04 AM IST

സിനിമാപ്രണയികള്‍ക്കിടയില്‍ അടുത്തിടെ ചര്‍ച്ചാവിഷയമായ അങ്കമാലി ഡയറീസിലെ പതിനഞ്ച് മിനിട്ടോളം നീളുന്ന ഒറ്റഷോട്ട് ക്‌ളൈമാക്‌സിന്റെ പശ്ചാത്തലത്തില്‍ സിംഗിള്‍ ടേക്കുകളെപ്പറ്റി ചില ചിന്തകള്‍.  ടി അരുണ്‍ കുമാര്‍ എഴുതുന്നു

മനുഷ്യന് ഒരു ചെറിയ കാല്‍വെപ്പ്, മനുഷ്യരാശിക്കോ ഒരു കുതിച്ചു ചാട്ടം എന്ന അടിക്കുറിപ്പ് ചലച്ചിത്രകലയില്‍ ഏറ്റവും സ്വീകാര്യമാകുന്നത് എഡിറ്റിംഗ് അഥവാ ചിത്രസന്നിവേശം എന്ന സങ്കേതത്തിനാണ്.  ഒരേസമയം സാങ്കേതികമായും കലാപരമായും സിനിമയുടെ സകലവ്യാകരണനിയമങ്ങളെയും അത് കാറ്റില്‍ പറത്തി. എഡിറ്റിംഗ് ടേബിളിലാണ് തങ്ങളുടെ സിനിമകള്‍ രൂപം കൊള്ളുന്നതെന്ന് പറഞ്ഞ വിഖ്യാതചലച്ചിത്രകാരന്‍മാര്‍ ഏറെയാണ്. കൗതുകകരമെന്ന് പറയാം, സാങ്കേതികമായും അല്ലാതെയും എഡിറ്റിംഗിന്റെ എതിര്‍പക്ഷത്താണ് സിംഗിള്‍ ടേക്കുകള്‍ നില്‍ക്കുന്നത്. ഒരു സിനിമ മുഴുവനായും ഒരു സംവിധായകന്‍ സിംഗിള്‍ ടേക്കില്‍ ചിത്രീകരിക്കുക എന്ന് പറഞ്ഞാല്‍ അവിടെ എഡിറ്ററെ / എഡിറ്റിംഗിനെ ഇല്ലാതാക്കുക എന്ന് കൂടി അര്‍ത്ഥമുണ്ട്. അങ്ങനെ എഡിറ്ററെ ഇല്ലാതാക്കുക എന്നത് സംവിധായകന്‍ ഏറ്റെടുക്കുന്ന സര്‍ഗപരമായ വലിയ വെല്ലുവിളിയാണ്. കാരണം എഡിറ്റിംഗിന്റെ അഭാവത്തിലും സിനിമയുടെ പൂര്‍ണമായ വിനിമയം, അതില്‍ സാങ്കേതികമായതും, വൈകാരികമായതും, പിന്നെ മറ്റെന്തൊക്കെയാണോ അയാള്‍ ആ സിനിമ കൊണ്ടുദ്ദേശിച്ചിട്ടുള്ളത് അതെല്ലാം ഉള്‍പ്പെടും. അവിടെ പുതിയൊരു ക്രാഫ്റ്റ് രൂപം കൊള്ളളുന്നു. ഒരു പൊളിച്ചെഴുത്ത് നടക്കുന്നു. ആ പരീക്ഷണം പാളിയാലോ, സിനിമ പൊളിയുന്നു, എഡിറ്റര്‍ ചിരിക്കുന്നു, സംവിധായകന്‍ ഇല്ലാതെ ആകുന്നു.

Latest Videos

undefined

ചുരുക്കത്തില്‍ ചലച്ചിത്രകലയിലെ ഡെത്ത് റെയ്‌സ് ആണ് സിംഗിള്‍ ടേക്ക് സീക്വന്‍സുകളും സിനിമകളുമെന്ന് പറയാം.

സിംഗിള്‍ ടേക്കുകള്‍ എന്തിന്?

എന്തിനാണ് സിനിമയില്‍ സിംഗിള്‍ ടേക്കുകളെന്ന നമ്മുടെ അടിസ്ഥാനപരമായ ചോദ്യത്തിലേക്ക് തിരികെ വരാം. ഏറ്റവും ആദ്യമായി അത് സംവിധായകന്റെ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നു എന്നതാണ് ഒരു കാര്യം. അതായത് , തന്റെ ക്രാഫ്റ്റിനകത്ത് അയാള്‍ മന: പൂര്‍വം ഒരു പൊട്ടിത്തെറി നടത്താന്‍ തീരുമാനിക്കുന്നു എന്നര്‍ത്ഥം. നമ്മുടെ നാട്ടിലൊക്കെ കൂട്ടപ്പൊരിച്ചിലിനിടയില്‍ അസാധ്യമായൊരു സ്‌ഫോടനശബ്‍ദവും അതിന് പിന്നാലെ ആകാശത്തൊരു വര്‍ണദീപ്‍തിയുമുണ്ടാകുന്നതോര്‍ത്താല്‍ മതി. നാം വിസ്‍മയിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. അതു പോലെ സ്വന്തം ക്രാഫ്റ്റ് കൊണ്ട് കാണിയെ വിസ്‍മയിപ്പിക്കാന്‍ ഒരു സംവിധായകന്‍ സ്വയം തീരുമാനിക്കുമ്പോഴാണ് ഒരു സിംഗിള്‍ ടേക്ക് ജനിക്കുന്നതെന്ന് പറയാം. എന്തിനാണ് കാണിയെ അങ്ങനെ വിസ്‍മയിപ്പിക്കുന്നത്? വിസ്‍മയം സന്തോഷം ജനിപ്പിക്കുന്നു. വിസ്‍മയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന സംവിധായകനില്‍ പ്രേക്ഷകന് വിശ്വാസം ജനിക്കുന്നു. ആ വിശ്വാസത്തിനായാണ് സംവിധായകന്‍ ഇക്കണ്ട മരണക്കളി മുഴുവന്‍ കളിക്കുന്നത്. ആ വിശ്വാസമില്ലെങ്കില്‍ പ്രേക്ഷകന് മുന്നിലെ സിനിമ ചീറ്റിപ്പോയ പടക്കമാവുമെന്ന് സംവിധായകനറിയാം. വിശ്വാസമുണ്ടെങ്കില്‍ എന്തും ധീരമായി പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കാം. 'ഓഡിയന്‍ അത് എടുക്ക്വോ? ' എന്നതാണ് മലയാളസിനിമയില്‍ സംവിധായകന്‍ തിരക്കഥാകൃത്തിനോട് ഏറ്റവുമധികം ചോദിക്കുന്ന ചോദ്യമെന്നത് മനസ്സിലായിക്കഴിയുമ്പോള്‍ മേല്‍പ്പറഞ്ഞതും പൂര്‍ണമായി മനസ്സിലാവും.

ഒരു സിംഗിള്‍ ടേക്ക് സാക്ഷാത്ക്കരിക്കുന്നതിനെപ്പറ്റി ഒരു സംവിധായകന്‍ ഗൗരവമായി ചിന്തിക്കുന്നുണ്ടെങ്കില്‍ അയാള്‍ ഒരു ധീരനാണെന്നാണ് ആദ്യത്തെ അര്‍ത്ഥം. കാരണം , മുന്നിലെ പൊതുവഴി, അതും എളുപ്പമായത്, അതിനെ അടച്ചു കളഞ്ഞിട്ടാണ് അയാള്‍ ലക്ഷ്യത്തിലെത്തുമോ എന്നുറപ്പില്ലാത്ത പുതിയതൊന്ന് പരീക്ഷിക്കുന്നത്. അതായത്, സിംഗിള്‍ ടേക്കില്‍ എടുക്കുന്ന എന്തും നിങ്ങള്‍ക്ക് ഷോട്ട് ബൈ ഷോട്ടായി പകര്‍ത്താന്‍ കഴിയുമെന്നര്‍ത്ഥം. അപ്പോള്‍ സിംഗിള്‍ ടേക്ക് എന്നത് ഇവിടെ ഒരു ആലോച്ചിച്ചുറപ്പിച്ച തീരുമാനമാണെന്നര്‍ത്ഥം. അവിടെയാണ് സിനിമ സംവിധായകന്റെ കലയാവുന്നത്. കാരണം, തന്റെ സിനിമയുടെ അടിസ്ഥാനയൂണിറ്റായ ഷോട്ടുകളെയാണ് അയാള്‍ നിഷേധിക്കാന്‍ ശ്രമിക്കുന്നത്. അല്ലെങ്കില്‍ ഷോട്ട് എന്ന അടിസ്ഥാനഘടകത്തെ അയാള്‍ കലാപരമായി പുനര്‍നിര്‍വചിക്കുന്നു. തനിക്ക് നിയന്ത്രണമില്ലാത്ത സംഗതികളിന്‍മേലാണ് സാധാരണസംവിധായകര്‍ സിംഗിള്‍ ടേക്ക് എടുക്കുന്നത്. ഉദാഹരണത്തിന്, ഒരു തീവണ്ടി പാഞ്ഞുപോകുന്നു. മിക്കവാറും അത് സിംഗിള്‍ ടേക്ക് ആയിട്ട് ആവും എടുക്കുക. കാമറ കൊണ്ട് വച്ചിട്ട് സംവിധായകന്‍ സിഗരറ്റ് വലിക്കാന്‍ പോവുന്നു. തിരിച്ചു വരുമ്പോള്‍ ഷോട്ട് റെഡിയായിട്ടുണ്ടാവും. എന്നാല്‍ തനിക്ക് നിയന്ത്രണമുള്ള എല്ലായിടത്തും അയാള്‍ ഷോട്ട് ഡിവിഷന്‍ നടത്തുന്നത് കാണാം. ഇത് കലാകാരന്റെ ഒരു തരം ഡോമിനേഷനാണെന്ന് പറയാം. എന്നാല്‍ സിംഗിള്‍ടേക്കിന് ശ്രമിക്കുന്ന സംവിധായകന്‍ ഇതിന്റെ മറുവശമാണ്, തനിക്ക് നിയന്ത്രണമില്ലാത്ത എല്ലാറ്റിനേയും നിരീക്ഷിക്കാനും അതിനെ നിയന്ത്രണത്തിലാക്കുന്നതെങ്ങനെയെന്ന് പരീക്ഷിക്കാനുമാണ് അയാള്‍ മുതിരുന്നത്. അതിനകത്ത് ഒരു റെവലൂഷന്‍ ഉണ്ട്.

ടൈമും സ്‌പേസും  അട്ടിമറിക്കുമ്പോള്‍

ഒരു സിനിമയ്ക്ക് ഒരു ടൈമും സ്‌പേസും ഉണ്ടാവും. ഇതിനെ അട്ടിമറിക്കുന്ന സിനിമകളും ഉണ്ട്. പെട്ടന്നോര്‍മ്മ വരുന്ന ഉദാഹരണം- 2001 എ സ്‌പെയിസ് ഒഡീസി. സംവിധായകന്‍ - സ്റ്റാന്‍ലി കുബ്രിക്. കഥാപരമായൊരു തുടര്‍ച്ച ഭൂരിഭാഗം സിനിമകള്‍ക്കും ഉണ്ടാവാം. ഈ തുടര്‍ച്ച പുതിയ കാലസിനിമകളില്‍ ക്രമരഹിതമായി ചിത്രീകരിക്കപ്പെടുന്നുണ്ട്. ഒരു കഥ അത് നടക്കുന്ന ക്രമത്തിലാവണമെന്നില്ല നമ്മള്‍ കാണുന്നത്. ഏറ്റവും പോപ്പുലറായ ഉദാഹരണം- പള്‍പ്പ് ഫിക്ഷന്‍. അത് പല സ്‌പെയ്‌സില്‍, പല ടൈമില്‍, പല കഥാപാത്രങ്ങളിലൂടെ, പല മീഡിയത്തിലൂടെ കടന്നാവാം അതിനൊരു ഘടന ഉണ്ടാക്കുന്നത്. ഡേവിഡ് ഫിഞ്ചറിന്റെ ' ദി ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടണി ' ല്‍ ഡയറിക്കുറിപ്പുകളിലൂടെയാണ് നാം നയിക്കപ്പെടുന്നത്. ഇങ്ങനെയൊക്കെ നോണ്‍ലീനിയറായി സിനിമ സഞ്ചരിച്ചാലും ചില സിനിമകള്‍ അവസാനം യുക്തിപരമായൊരാദിമധ്യാന്ത സ്വഭാവത്തില്‍ കഥ അവസാനിപ്പിക്കണമെന്നില്ല. കാരണം, ഒരു കഥ ഏറ്റവും നന്നായി അവതരിപ്പിക്കുന്നതാണ് സിനിമയുടെ ബ്രില്യന്‍സ് എന്ന് പുതിയ കാലത്തെ സംവിധായകരില്‍ പലരും വിശ്വസിക്കുന്നില്ല. സിനിമ കൊണ്ട് മാത്രം സാധ്യമാകുന്ന ഒരു അനുഭവം, ആ അനുഭവത്തിന്റെ പല തരം സാധ്യതകള്‍, പ്രേക്ഷകരെ അനുഭവിപ്പിക്കാനാണ് സംവിധായകര്‍ ശ്രമിക്കുന്നത്. അതില്‍ ചിലത് വിജയിക്കുന്നു, ചിലത് പരാജയപ്പെടുന്നു. പക്ഷെ, എല്ലാ പരിശ്രമങ്ങളും അടിസ്ഥാനപരമായി സിനിമയെ മുന്നോട്ടുനയിക്കുന്നു. ലിജോയുടെ തന്നെ ആമേനും ഡബിള്‍ബാരലും പ്രേക്ഷകര്‍ക്ക് ഏറ്റവും പെട്ടന്ന് മനസ്സിലാവുന്ന ഉദാഹരണങ്ങളായിരിക്കും. ആമേന്‍ വലിയ ഹിറ്റും ഡബിള്‍ ബാരല്‍ വലിയ ഫ്‌ളോപ്പുമായി. പക്ഷെ, രണ്ട് സിനിമകളം പ്രസക്തമാണെന്ന് പറയേണ്ടി വരും.

സിംഗിള്‍ ടേക്കുകളില്‍ സമയവുമായി ബന്ധപ്പെട്ട ഒരു സംഗതി പ്രകടമാണ്. നിങ്ങളുടെ സിനിമയുടെ കഥാപരമായ തുടര്‍ച്ച ലീനിയറായാലും നോണ്‍ലീനിയറായാലും സിംഗിള്‍ടേക്ക് എപ്പോഴും നിയതമായ ഒരു സമയത്തെയാണ് നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുക. അതിന് കൃത്യമായ ഒരു സമയത്തുടര്‍ച്ചയുണ്ടാകും. അത് അതിന്റെ പരിമിതിയും ശക്തിയുമാണ്. 'സിനിമാറ്റിക് ടൈം' എന്നൊരു സംഗതിയുണ്ട്. ഉദാഹരണത്തിന് മൂന്ന് പേര്‍ ഒരുമിച്ചിരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നൊരു സ്വീക്വന്‍സ് സങ്കല്‍പ്പിക്കുക. റിയല്‍ടൈമില്‍ കുറഞ്ഞത് ഇരുപത് മിനിറ്റെടുക്കുന്ന ഈ രംഗം സിനിമ നിങ്ങള്‍ക്ക് മുന്നില്‍ ഒരു മിനിറ്റില്‍ കുറഞ്ഞ സമയത്തില്‍ അവതരിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഒരസ്വാഭാവികതയും തോന്നുന്നില്ലെന്ന് മാത്രമല്ല, അങ്ങേയറ്റം സ്വാഭാവികമായി അത് അനുഭവപ്പെടുകയും ചെയ്യുന്നു! അവിടെയാണ് എഡിറ്റിംഗും ഷോട്ട് ഡിവിഷനും ഇടപെടുന്നത്. ശരിക്കും റിയല്‍ ടൈമിനെ 'ട്രിം' ചെയ്തു കൊണ്ട് വ്യാജമായൊരു സമയബോധത്തെ ഉണ്ടാക്കിയെടുക്കുകയാണ് സംവിധായക പിന്തുണയോടെ എഡിറ്റര്‍ ചെയ്‍തത്. ഉദാഹരണത്തിന് രാമുകാര്യാട്ട് ചെമ്മീനില്‍ പളനി- കറുത്തമ്മ വിവാഹം ഇരുപത് മിനിറ്റോളം വിവിധ ഷോട്ടുകളായി ചിത്രീകരിച്ചതും ഹൃഷികേശ് മുഖര്‍ജി അത് രണ്ട് ഷോട്ടില്‍ മുപ്പത് സെക്കന്റില്‍ താഴെ എഡിറ്റിംഗില്‍ ഒതുക്കിയെടുത്തതും പരിഗണിക്കാം. ഇവിടെ റിയല്‍ടൈമിനെ ഇല്ലാതാക്കി എന്ന് പറയാന്‍ പറ്റില്ല. മറിച്ച് ഒന്നോ രണ്ടോ ഷോട്ട് കൊണ്ട് ഒരു വലിയ അര്‍ത്ഥത്തെ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്. പക്ഷെ, സമയത്തെ ഇല്ലാതാക്കുക എന്നതാണ് ഇതിലൂടെയും ആത്യന്തികമായി സംഭവിക്കുന്നത്. എന്നാല്‍ സിംഗിള്‍ ടേക്കുകള്‍ ഇത്തരം കണ്‍കെട്ട് നടത്തുന്നില്ല. അത് യഥാര്‍ത്ഥസമയത്തെ അടിസ്ഥാനമാക്കിയാണ് നില്‍ക്കുന്നത്. അതുകൊണ്ടാണ് അതൊരു റിയലസ്റ്റിക് ട്രീറ്റ്‌മെന്റായി സംവിധായകര്‍ കണക്കാക്കുന്നത്. അടൂരിനെപ്പോലുള്ളവരുടെ സിനിമയുടെ മന്ദതാളത്തെ നാം കണ്ണടച്ച് വിമര്‍ശിക്കുമ്പോള്‍ ഇത്തരം ചില കാര്യങ്ങളെപ്പറ്റി കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും. അങ്കമാലി ഡയറീസ് നീളുമുള്ള ലോംഗ് ടേക്കുകളിലാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നതെന്ന് അതിന്റെ സംവിധായകന്‍ പറഞ്ഞത് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ സിംഗിള്‍ ടേക്ക് നിര്‍വഹിക്കുന്ന ദൗത്യമെന്തെന്ന് കുറച്ചു കൂടി വ്യക്തമാവും.

നടന്‍/ നടി സിംഗിള്‍ ടേക്ക് അനിവാര്യമാക്കുമ്പോള്‍

സംവിധായകന്‍ സിംഗിള്‍ ടേക്ക് തെരഞ്ഞെടുക്കുന്നതു പോലെ തന്നെ തിരിച്ചും സംഭവിക്കുന്നുണ്ട്. ചിലയിടത്ത് പെര്‍ഫോമിംഗ് അഥവാ അഭിനേതാവ് സിംഗിള്‍ ഷോട്ട് അനിവാര്യമാക്കും. ഉദാഹരണത്തിന് രാവിലെ നാം ജാലകം തുറക്കുമ്പോള്‍ മാനത്ത് നിന്നും മഞ്ഞുപൊഴിഞ്ഞു കൊണ്ടേയിരിക്കുകയാണെന്ന് കരുതുക. തുറന്ന ജാലകത്തിലൂടെ നാമത് നോക്കിക്കൊണ്ടേയിരിക്കുന്നു. ഈ തുറന്ന ജാലകം പോലെയാണ് ഇത്തരം സാഹചര്യങ്ങളിലെ സിംഗിള്‍ ടേക്ക്. ജനലടച്ചിട്ട് വാതില്‍ തുറന്ന് നോക്കിയാലും നമുക്കാ കാഴ്ച കാണാമെങ്കിലും നാമങ്ങനെ തന്നെ തുടരുന്നു. അതാ കാഴ്ച അത്രയും സുന്ദരമായത് കൊണ്ടാണ്. സ്‌കോര്‍സസെയുടെ കിംഗ് ഓഫ് കോമഡിയില്‍ റോബര്‍ട്ട് ഡിനീറോയുടെ സ്റ്റാന്‍ഡിംഗ് കോമഡി വെറുടെ കാമറ തുറന്ന് വച്ച് പകര്‍ത്തിയിരിക്കുന്നത് ഓര്‍ക്കുക. മികച്ച അഭിനേതാക്കളാണ് ഇവിടെ സിംഗിള്‍ ടേക്കുകള്‍ അനിവാര്യമാക്കുന്നത്. ലോകമെമ്പാടുമുള്ള സിനിമകളില്‍ ഇത്തരം സിംഗിള്‍ ടേക്കുകള്‍ ധാരാളമാണ്. രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ മനോഹരമായി സംസാരിക്കുമ്പോഴും ആ ടൈമിനുള്ളില്‍ അവരെ ഒറ്റയ്ക്ക് വിടാന്‍ ചില സംവിധായകര്‍ തീരുമാനിക്കാറുണ്ട്. അപ്പോഴും ജനിക്കുന്നത് സിംഗിള്‍ടേക്കുകള്‍ തന്നെ ആയിരിക്കും. ഇത്തരത്തിലുള്ള മികച്ച ചില ടേക്കുകളാല്‍ സമ്പന്നമാണ് റിച്ചാര്‍ഡ് ലിംഗ്‌ളേറ്ററുടെ മൂന്ന് ചിത്രങ്ങളുടെ സമാഹാരമായ ബിഫോര്‍ ട്രയോളജി. സാങ്കേതികക്കസര്‍ത്തല്ല , മറിച്ച് കലാപരമായൊരു തെരഞ്ഞെടുപ്പാണ്  സിംഗിള്‍ ടേക്കുകള്‍ എന്ന് നാം വിലയിരുത്തുന്ന സാഹചര്യത്തില്‍ ലോകസിനിമയിലെ തന്നെ ചില ബ്രിലന്റ് സിംഗിള്‍ ടേക്കുകളെപ്പറ്റിക്കൂടി പരാമര്‍ശിക്കുന്നത് നല്ലതായിരിക്കുമെന്ന് കരുതുന്നു.

ലോക സിനിമയിലെ സിംഗിള്‍ ടേക്ക് കാഴ്‍ചകള്‍

സിംഗിള്‍ ടേക്കുകളുടെ കാര്യത്തിലുള്ള രണ്ട് ക്‌ളാസിക് ഉദാഹരണങ്ങള്‍ ടര്‍ക്കോവ്‌സ്‌ക്കിയുടെ മിററും ജോ റൈറ്റിന്റെ വാര്‍ഫിലിം അറ്റോണിമെന്റും ആണ്.

അറ്റോണിമെന്റ്

മിറര്‍

 

മിററിലെ സിംഗിള്‍ ടേക്ക് എക്കാലത്തേയും മനോഹരമായ ഒന്നാണ്. പൊയറ്റിക് എന്ന വിശേഷണമാണ് ഈ ടേക്കിന് ചേരുക. ഒപ്പം തര്‍ക്കോവ്‌സ്‌ക്കി ചിത്രങ്ങളുടെ പരമമായ ഒരാത്മീയത ഈ ടേക്കിനെ വാരിപ്പുണരുന്നുമുണ്ട്. അറ്റോണിമെന്റിലെ സിംഗിള്‍ ടേക്ക് സംവിധായകന്റെ ബ്രില്യന്‍സ് എത്രത്തോളമാവാം എന്നതിന് ദൃശ്യപരമായി ഉത്തരം നല്‍കുന്ന ഒന്നാണ്. മഹാഭാരതത്തിനുള്ള വിശേഷം ഈ ടേക്കിനും യോജിക്കും. ഇതിലുള്ളത് മറ്റെവിടെയും നിങ്ങള്‍ കണ്ടേക്കാം, ഇതിലില്ലാത്തത് വേറെയെവിടെയുമുണ്ടാവില്ല എന്നത്. അറ്റോണിമെന്റിലെ ടേക്കില്‍ എല്ലാമുണ്ട്. അസാധ്യം എന്ന് തോന്നുന്നത് സാധ്യമാക്കിയിരിക്കുകയാണ് ഇവിടെ.

മാര്‍ട്ടിന്‍സ്‌കോര്‍സസെയുടെ സിംഗിള്‍ ടേക്കുകള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇതില്‍ ഗുഡ്‌ഫെല്ലാസ് എന്ന ചിത്രത്തിലെ സിംഗിള്‍ ടേക്ക് അതിപ്രശസ്‍തമാണ്. നിരവധി ആളുകളും, അതും പലതരം പ്രവൃത്തികള്‍ ചെയ്യുന്ന ആളുകള്‍, വ്യത്യസ്‍തമായ ഇമോഷന്‍സും, സംഭാഷണങ്ങളും ഒക്കെ നിറഞ്ഞ സിംഗിള്‍ ടേക്കാണിത്. റോഡില്‍ നിന്ന് തുടങ്ങി ക്‌ളബ്ബിനകത്ത് അവസാനിക്കുന്ന സീനില്‍ റേ ലയോട്ടയും ലോറെയിന്‍ ബ്രാക്കോയുമാണ് അഭിനയിച്ചിരിക്കുന്നത്. മൂന്ന് മിനുട്ട് 12 സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ട് ഈ ടേക്കിന്.

 

 

ഇത് കൂടാതെ, അദ്ദേഹത്തിന്റെ റയ്‍ജിംഗ് ബുള്‍, വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങളിലെയും സിംഗിള്‍ ഷോട്ടുകള്‍ പ്രശസ്‍തമാണ്. കൊറിയന്‍ ചിത്രം ഓള്‍ഡ് ബോയിയിലെ 'ചുറ്റികസംഘട്ടനസീന്‍ ' ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മൂന്നരമിനിറ്റോളം നീളുന്ന ഈ ടേക്ക് വാപൊളിച്ചല്ലാതെ കണ്ടു തീര്‍ക്കാന്‍ കഴിയില്ല. പശ്ചാത്തസംഗീതവും അത്യുഗ്രനാണ്.

 

 

ഗ്രാവിറ്റിയിലെയും, ബേര്‍ഡ് മാനിലെയും സിംഗിള്‍ടേക്കുകളും നിരന്തരം ഉദാഹരിക്കപ്പെടുന്നവയാണ്. പെട്ടന്ന് പറയാവുന്ന ചില ടേക്കുകള്‍ മേല്‍പ്പറഞ്ഞെന്നേയുള്ളൂ. കിടയറ്റതും, ലക്ഷണമൊത്തതുമായ നിരവധി സിംഗിള്‍ ടേക്കുകള്‍ ഇനിയുമിനിയും എത്രയോ ബാക്കിയാണ്. ഇത്തരത്തില്‍ എസ്‍തറ്റക്‌സില്‍ നടന്ന സിംഗിള്‍ടേക്ക് പരീക്ഷണങ്ങള്‍ക്കൊടുവില്‍ സിനിമകള്‍ തന്നെ ഒറ്റഷോട്ടില്‍ ചിത്രീകരിക്കുന്നത് പോലും പുതുമയല്ലാതായി മാറിയിട്ടുണ്ട്. റഷ്യന്‍ സംവിധായകനായ അലക്‌സാണ്ടര്‍ സുഖറോവ് 2002ല്‍ സംവിധാനം ചെയ്‍ത റഷ്യന്‍ ആര്‍ക്കാണ് ഇത്തരത്തില്‍ പ്രശസ്‍തമായ സിംഗിള്‍ ടേക്ക് ചിത്രം. ഇരുപതോളം സിംഗിള്‍ ടേക്ക് സിനിമകള്‍ തന്നെ ഇതേവരെ പുറത്തു വന്നിട്ടുണ്ടെന്നാണ് കണക്ക്. അനുരാഗ കശ്യപിന്റെ ബ്‌ളാക്ക് ഫ്രൈഡേയിലെ ചില സിംഗിള്‍ ടേക്കുകളും ഇവിടെ ഓര്‍ക്കാവുന്നതാണ്.

 

മലയാള സിനിമയിലെ സിംഗിള്‍ ടേക്ക്

ഇനി നമുക്ക് മലയാളസിനിമയിലേക്ക് വരാം. ഇത്തരത്തില്‍ ഒരു സംവിധായകനെ അടയാളപ്പെടുത്തുന്ന ഒന്നായി സിംഗിള്‍ടേക്കുകള്‍ മാറിയിട്ടുണ്ടെങ്കിലും താരതമ്യേന നമ്മുടെ സിനിമയില്‍ അത് അപൂര്‍വമായിരിക്കുന്നത് എന്തുകൊണ്ടാവാം? ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്‍ത ഇവര്‍ എന്ന ചിത്രം അത്തരത്തിലൊരു വ്യത്യസ്‍തപരീക്ഷണമായിരുന്നു. സിനിമ മൊത്തമായി സിംഗിള്‍ ടേക്കുകളിലാണ് അദ്ദേഹം ചിത്രീകരിച്ചത്. ഷോട്ടുകളും സീനുകളും തുല്യമായിരുന്നു ആ ചിത്രത്തില്‍. അക്കാലത്ത് തികച്ചും ധീരമായ പരീക്ഷണമായിരുന്നു ആ ചിത്രം.

ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ സിംഗിള്‍ ഷോട്ടുകള്‍ വീണ്ടും ഒരു ചര്‍ച്ചയിലേക്ക് കടന്നു വരുന്നത്. അദ്ദേഹത്തിന്റെ സിറ്റി ഓഫ് ഗോഡില്‍ ഒരു സംഘട്ടനരംഗവും ആമേനില്‍ ഒരു ഗാനവും സിംഗിള്‍ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

 

ഇപ്പോഴിതാ അങ്കമാലി ഡയറീസില്‍ ക്‌ളൈമാക്‌സ് മൊത്തമായും ഒറ്റഷോട്ടില്‍ ചിത്രീകരിച്ചിരിക്കുന്നു. താരതമ്യേന നീളം കൂടിയ ഷോട്ടുകളാണ് ഇവ എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ദേഹം ക്രാഫ്റ്റില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്തുന്ന ആളായത് കൊണ്ട് ഇത്തരം ഷോട്ടുകളില്‍ ഒരു സംവിധായകന്റെ അടയാളപ്പെടുത്തലുകള്‍ ഉണ്ട് എന്നതില്‍ സംശയം വേണ്ട.

 

ഇപ്പോഴിതാ അങ്കമാലി ഡയറീസില്‍ ക്‌ളൈമാക്‌സ് മൊത്തമായും ഒറ്റഷോട്ടില്‍ ചിത്രീകരിച്ചിരിക്കുന്നു. താരതമ്യേന നീളം കൂടിയ ഷോട്ടുകളാണ് ഇവ എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ദേഹം ക്രാഫ്റ്റില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്തുന്ന ആളായത് കൊണ്ട് ഇത്തരം ഷോട്ടുകളില്‍ ഒരു സംവിധായകന്റെ അടയാളപ്പെടുത്തലുകള്‍ ഉണ്ട് എന്നതില്‍ സംശയം വേണ്ട.

നമ്മുടെ ചോദ്യം ഇതെന്തുകൊണ്ട് പൊതുവേ മലയാളസിനിമ നഷ്ടപ്പെടുത്തുന്നു എന്നാണ്. ഒരാര്‍ട്ടിസ്റ്റിന്റെ 40 ദിവസത്തെ ഡേറ്റും 60 ദിവസം ഷൂട്ടിംഗ് ഷെഡ്യൂളുമായി ചിത്രീകരണത്തിനിറങ്ങുന്ന സംവിധായകന് പടം എങ്ങനെയെങ്കിലും തീര്‍ത്താല്‍ മതി. ഇതിനിടയില്‍ കിട്ടുമോ ഇല്ലയോ എന്നുറപ്പില്ലാത്ത സിംഗിള്‍ ടേക്കിലേക്ക് പോവേണ്ട കാര്യമെന്ത്? അതും നല്ല വൃത്തിയില്‍ അത് പല ഷോട്ടുകളായി ചിത്രീകരിക്കാമെന്ന എളുപ്പ വഴി മുന്നിലുള്ളപ്പോള്‍? ചുരുക്കത്തില്‍ ധീരതയാണ് നല്ല കലാകാരനെ ഉണ്ടാക്കുന്നത്. അവനാണ് പുതിയ വഴികളിലൂടെ സഞ്ചരിക്കുന്നതും.

click me!