രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും ഒരു ഷാഫി ചിത്രം. ഒപ്പം ഷേര്‍ലക്ക് ടോംസായി എത്തുന്നത് ബിജുമേനോന്‍. കാണാന്‍ ഏറെ കാരണങ്ങളുള്ള ചിത്രമാണ് ഷെര്‍ലക് ടോംസ്. എന്നാല്‍ ഈ പ്രതീക്ഷകളെ പൂര്‍ണ്ണമായും സാക്ഷത്കരിക്കാന്‍ പരാജയപ്പെട്ട ഒരു ചിരി ചിത്രമാണ് ഷെര്‍ലക് ടോംസ് എന്ന് ആദ്യകാഴ്ചയില്‍ പറയാം. സ്വതസിദ്ധമായ രീതിയില്‍ ചിരിചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകനാണ് ഷാഫി. വണ്‍മാന്‍ ഷോ മുതല്‍ മലയാളി ഇത് കാണുന്നുണ്ട്. കല്ല്യാണരാമനിലെയും മറ്റും രംഗങ്ങള്‍ വീണ്ടും വീണ്ടും ടെലിവിഷന്‍ സ്ക്രീനില്‍ ഹിറ്റാകുന്നതിന്‍റെ കാരണം തന്നെ ഇതാണ്. എന്നാല്‍ ഇത്തരത്തിലുള്ള ചിരിയുടെയോ രംഗങ്ങളുടെയോ ഫ്ലോ ഉണ്ടാക്കുവാന്‍ പുതിയ ചിത്രത്തില്‍ ഷാഫിക്ക് സാധിക്കുന്നില്ല.
undefined
ഷേര്‍ലക് ഹോംസ് കഥകളുടെ ആരാധകനായതിനാലാണ് തോമസിന് ഷേര്‍ലക് ടോംസ് എന്ന വിളിപ്പേര് വരുന്നത്. ചെറുപ്പത്തിലെ നേരിടുന്ന പ്രതിസന്ധികളെ അതിജീവിച്ച് ഇന്ത്യന്‍ റെവന്യൂ സര്‍വീസില്‍ ഉദ്യോഗസ്ഥനായ തോമസിന് ഏറ്റവും വലിയ പ്രതിസന്ധി ഭാര്യയാണ്. നികുതി വകുപ്പില്‍ നിന്നും എന്‍ഫോഴ്സ്മെന്‍റിലേക്ക് എത്തുന്ന തോമസ് തന്‍റെ ഷേര്‍ലക് ഹോംസ് വിദ്യകള്‍ പ്രയോഗിക്കാം എന്ന സന്തോഷത്തിലാണ്. പക്ഷെ അവിടുന്ന് തുടങ്ങുന്ന പ്രതിസന്ധികള്‍ ശരിക്കും ഷേര്‍ലക്കിനെ വലയ്ക്കുന്നു. അത് അതിജീവിക്കാനുള്ള ശ്രമങ്ങളാണ് രസകരമായി ചിത്രം അവതരിപ്പിക്കുന്നത്.
എന്നാല്‍ ആദ്യഘട്ടത്തില്‍ തന്നെ സിനിമയിലെ താരങ്ങളെ പരിചയപ്പെടുത്താനായി എപ്പിസോഡ് പോലെ അവരുടെ പാശ്ചാത്തലം കാണിക്കുന്നതില്‍ തന്നെ ഒരു മടുപ്പ് സമ്മാനിക്കുന്നുണ്ട് സംവിധായകന്‍. ഇതിന് പകരമായി ഈ കഥാപാത്രങ്ങള്‍ ചിത്രം ആവശ്യപ്പെടുന്ന സമയത്ത് മാത്രം രംഗത്ത് എത്തിയാല്‍ ചിത്രത്തിന്‍റെ അസ്വാദന നിലവാരം ഒന്നുകൂടി ഉയരുമായിരിന്നു. സലിംകുമാര്‍ അടക്കമുള്ള വലിയൊരു നിര തമാശയ്ക്കായി ചിത്രത്തിലുണ്ടെങ്കിലും അവര്‍ കാര്യമായി ഉപയോഗിക്കാന്‍ പ്രാപ്‍തമല്ല ഇതിന്‍റെ തിരക്കഥ. പതിവ് പോലെ ഇതുവരെ കണ്ടതെല്ലാം നായകന്‍റെ മാസ്റ്റര്‍ പ്ലാനിന്‍റെ ഭാഗമാണ് എന്ന രീതിയിലുള്ള ട്വിസ്റ്റിലാണ് ചിത്രം അവസാനിക്കുന്നത്. അപ്പോഴും പല രംഗങ്ങളും കൂട്ടിയോജിപ്പിക്കാന്‍ കഴിയാതെ വരുന്നത് തിരക്കഥയിലെ ന്യൂനത തന്നെയാണ്.
ബിജുമേനോന്‍ ആണ് ചിത്രത്തിന്‍റെ പ്രധാന ഭാഗം കൈയ്യാളുന്നത്. സ്വതിസിദ്ധമായ ശൈലിയില്‍ തോമസ് എന്ന ഐആര്‍എസ് ഉദ്യോഗസ്ഥനായി ബിജുമേനോന്‍ തകര്‍ക്കുന്നു എന്ന് തന്നെ പറയാം. മുന്‍പ് ചെയ്ത ചില റോളുകളോട് സാമ്യം തോന്നുമെങ്കിലും സിന്ദ്രയുടെ ഭാര്യ റോള്‍ നല്ല രീതിയില്‍ തന്നെ അവര്‍ കൈകാര്യം ചെയ്യുന്നുണ്ട്. കാര്യമായി ഒന്നും ചെയ്യാനില്ലാതെ മലയാള സിനിമ എന്നും കാണുന്ന ടിവി റിപ്പോര്‍ട്ടറുടെ റോളിലാണ് മിയ ജോര്‍ജ്ജ്. സലീംകുമാര്‍, വിജയരാഘവന്‍, റാഫി, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
ബിജിപാല്‍ ആണ് ചിത്രത്തിന്‍റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. രണ്ടാം പകുതിയിലെ കാലന്‍ എന്ന ഗാനം അത്യാവശ്യം ആസ്വാദ്യകരമായ ഗാനമെന്ന് പറയാം. പാശ്ചാത്തല സംഗീതവും ശ്രദ്ധേയമാകുന്നുണ്ട്. ആല്‍ബിയാണ് ചിത്രത്തിലെ രംഗങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മികച്ച താരനിരയും കഥാ സന്ദര്‍ഭവും ലഭിച്ചിട്ടും സച്ചിയും, നജീംകോയയും,ഷാഫിയും ചേര്‍ന്ന് എഴുതിയ തിരക്കഥയുടെ ഇഴയടുപ്പം ഇല്ലായ്മയാണ് ശരിക്കും ചിത്രത്തെ ബാധിച്ചത് എന്ന് പറയേണ്ടിവരും.