'സര്‍ക്കാര്‍' റിവ്യൂ: ട്രോളല്ല, ഈ നായകന്‍

By Nirmal Sudhakaran  |  First Published Nov 6, 2018, 11:12 AM IST

വിജയ്‌യെപ്പോലൊരു സൂപ്പര്‍താരം അവതരിപ്പിക്കുന്ന നായകകഥാപാത്രം അന്ത്യത്തില്‍ പരാജയപ്പെടാനുള്ള സാധ്യത നൂറിലൊന്നുപോലും വരില്ല. ഈ യാഥാര്‍ഥ്യം പ്രേക്ഷകര്‍ക്കും ബോധ്യമുണ്ട് എന്നുള്ളതാണ് അത്തരമൊരു താരത്തെവച്ച് സിനിമയെടുക്കുമ്പോള്‍ സംവിധായകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇവിടെ 'സുന്ദര്‍ രാമസാമി'ക്ക് പൂര്‍ത്തിയാക്കേണ്ട മിഷന്‍ സിനിമയുടെ തുടക്കത്തില്‍ത്തന്നെ ഒറ്റയടിക്ക് അവതരിപ്പിക്കപ്പെടുന്നില്ല എന്നതാണ് തിരക്കഥയില്‍ മുരുഗദോസ് കാണിച്ചിരിക്കുന്ന മിടുക്ക്.


നാനാവിധ ആപത്തുകളില്‍ നിന്ന് ഒരു ജനതയെ കൈപിടിച്ച് കയറ്റുന്ന നായകന്‍. ചിലപ്പോള്‍ ഒരു ഗ്രാമത്തിന്റെ, മറ്റുചിലപ്പോള്‍ മുഴുവന്‍ തമിഴകത്തിന്റെയും 'രക്ഷകന്‍'. വിജയ് കഥാപാത്രങ്ങളുടെ ഈ സ്ഥിരം ഫോര്‍മാറ്റ് ട്രോള്‍ പേജുകളില്‍ ലൈക്കുകള്‍ വാങ്ങുമ്പോഴും ആ സിനിമകള്‍ക്കുള്ള കാത്തിരിപ്പിലും പലപ്പോഴും അവ നേടുന്ന ബോക്‌സ്ഓഫീസ് വിജയങ്ങളിലും മാറ്റമുണ്ടാകാറില്ല. തുപ്പാക്കിക്കും കത്തിക്കും ശേഷം എ ആര്‍ മുരുഗദോസ് വിജയ്‌യെ നായകനാക്കുന്ന 'സര്‍ക്കാര്‍' കോളിവുഡ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷ പുലര്‍ത്തിയ സൂപ്പര്‍താര പ്രോജക്ടുകളില്‍ ഒന്നാണ്. വിജയ്‌യുടെ നായകകഥാപാത്രത്തിന്റെ 'രക്ഷക പരിവേഷ'ത്തിന് ഇക്കുറിയും മാറ്റമൊന്നുമില്ല. പക്ഷേ ട്രോള്‍ പേജുകളുടെ പരിഹാസം ഏല്‍ക്കാനുള്ള വകുപ്പുകള്‍ താരതമ്യേന കുറവാണ് സിനിമയില്‍.

യുഎസ് ആസ്ഥാനമായ ജിഎല്‍ എന്ന ഐടി കമ്പനിയുടെ സിഇഒയാണ് സുന്ദര്‍ രാമസാമി എന്ന, വിജയ് അവതരിപ്പിക്കുന്ന നായക കഥാപാത്രം. 'കോര്‍പറേറ്റ് മോണ്‍സ്റ്റര്‍' എന്ന് ഐടി വ്യവസായ ലോകത്ത് വട്ടപ്പേരുള്ള അയാള്‍ സ്വന്തം നാട്ടിലേക്ക് ഒരു അപ്രതീക്ഷിത സന്ദര്‍ശനം നടത്തുകയാണ്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനാണ് സുന്ദര്‍ രാമസാമി ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്ത് എത്തിയിരിക്കുന്നതെന്ന വാര്‍ത്ത പിന്നാലെയെത്തുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ സ്വന്തം ബൂത്തിലെത്തുന്ന സുന്ദറിന് തന്റെ പേരില്‍ ആരോ കള്ളവോട്ട് രേഖപ്പെടുത്തിയിരിക്കുന്നെന്ന വിവരമാണ് ലഭിക്കുന്നത്. ഇതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുന്ന അയാള്‍ വിജയിക്കുന്നു. എന്നാല്‍ അവിടം കൊണ്ട് അവസാനിപ്പിക്കുന്നില്ല അയാള്‍. കള്ളവോട്ട് എന്നത് ആഴത്തിലും പരപ്പിലുമുള്ള രാഷ്ട്രീയ അഴിമതികളുടെ മുകള്‍പ്പരപ്പിലെ സൂചകം മാത്രമാണെന്ന തിരിച്ചറിവില്‍ പ്രത്യക്ഷ രാഷ്ട്രീയത്തില്‍ത്തന്നെ ഇതര സാധ്യതകള്‍ തേടുകയാണ് അയാള്‍. പ്രമുഖ പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് സുന്ദര്‍ രാമസാമി നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ് 'സര്‍ക്കാരി'ന്റെ പ്ലോട്ട്.

Latest Videos

undefined

വിജയ്‌യെപ്പോലൊരു സൂപ്പര്‍താരം അവതരിപ്പിക്കുന്ന നായകകഥാപാത്രം അന്ത്യത്തില്‍ പരാജയപ്പെടാനുള്ള സാധ്യത നൂറിലൊന്നുപോലും വരില്ല. ഈ യാഥാര്‍ഥ്യം പ്രേക്ഷകര്‍ക്കും ബോധ്യമുണ്ട് എന്നുള്ളതാണ് അത്തരമൊരു താരത്തെവച്ച് സിനിമയെടുക്കുമ്പോള്‍ സംവിധായകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇവിടെ 'സുന്ദര്‍ രാമസാമി'ക്ക് പൂര്‍ത്തിയാക്കേണ്ട മിഷന്‍ സിനിമയുടെ തുടക്കത്തില്‍ത്തന്നെ ഒറ്റയടിക്ക് അവതരിപ്പിക്കപ്പെടുന്നില്ല എന്നതാണ് തിരക്കഥയില്‍ മുരുഗദോസ് കാണിച്ചിരിക്കുന്ന മിടുക്ക്. പകിട്ടുള്ള ഗാന, നൃത്ത രംഗങ്ങളും സൂപ്പര്‍ലേറ്റീവ് ഫൈറ്റ് സീക്വന്‍സുകളും 'ഇളയ ദളപതി' സ്റ്റൈല്‍ മാനറിസങ്ങളുമൊക്കെ ഉള്ളപ്പോള്‍ത്തന്നെ കടുത്ത വിജയ് ആരാധകര്‍ അല്ലാത്ത പ്രേക്ഷകര്‍ക്കും കണ്ടിരിക്കാവുന്ന സിനിമയായി സര്‍ക്കാരിനെ മാറ്റുന്നത് തിരക്കഥാരചനയിലെ, വിശേഷിച്ചും ആദ്യ പകുതിയില്‍ പുലര്‍ത്തിയിരിക്കുന്ന ഈ കൈയ്യടക്കമാണ്. വോട്ട് ചെയ്യാന്‍ സുന്ദര്‍ എത്തുന്ന ബൂത്തില്‍ തുടങ്ങി പിന്നീട് സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയകക്ഷിയെയും സ്ഥിരം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെയുമൊക്കെ പരിചയപ്പെടുത്തി കൂട്ടത്തില്‍ 'വിജയ് ചേരുവകളും' ചേര്‍ത്ത് പതിയെ വളര്‍ന്നുവരുന്ന നരേറ്റീവ് സാധാരണ കാണിയെയും ബോറടിപ്പിക്കാത്തതാണ്.

എന്നാല്‍ രണ്ട് മണിക്കൂര്‍ 43 മിനിറ്റ് ദൈര്‍ഘ്യമുള്ള കഥപറച്ചിലില്‍ ആദ്യന്തം ഈ കൈയടക്കം പുലര്‍ത്താനാവുന്നില്ല മുരുഗദോസിന്. കൗതുകമുണര്‍ത്തുന്ന തുടക്കത്തില്‍ നിന്ന് സമയബന്ധിതമായി വികസിപ്പിച്ചെടുക്കുന്ന നരേഷന്‍ വേണ്ട രീതിയില്‍ അവസാനിപ്പിക്കാനാവുന്നില്ല സംവിധായകന്. മുക്കാല്‍ ഭാഗവും സിനിമ പുലര്‍ത്തിയ വേഗത്തില്‍ നിന്ന് ഒരു ക്രാഷ് ലാന്‍ഡിംഗ് പോലെയാണ് അന്ത്യം അനുഭവപ്പെടുക. പാലാ കറുപ്പയ്യയാണ് പ്രധാന രാഷ്ട്രീയകക്ഷിയുടെ അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാധാരണ മട്ടിലുള്ള ചേരുവകളിലല്ലാതെ അവതരിപ്പിച്ചിരിക്കുന്ന, പ്രതിനായകസ്വഭാവമുള്ള ഈ കഥാപാത്രം നരേഷന് ഒരുതരം ഗൗരവം കൊടുക്കുകയും രസകരമാക്കുകയും ചെയ്യുന്നുണ്ട്. കീര്‍ത്തി സുരേഷിന്റേത് ക്ലീഷേ നായികയായിരിക്കുമ്പോള്‍ വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിക്കുന്ന പാലാ കറുപ്പയ്യ കഥാപാത്രത്തിന്റെ മകള്‍ വ്യക്തിത്വമുള്ള കഥാപാത്രമാണ്.

എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന പാട്ടുകള്‍ വിജയ്‌യുടെ നൃത്തച്ചുവടുകള്‍ക്കായി മാത്രമുള്ളതാണ്. അപ്രതീക്ഷിതമായാണ് കടന്നുവരവെങ്കിലും ആ ഗാനരംഗങ്ങള്‍ നരേഷനെ തകിടംമറിക്കുന്നവയല്ല. പശ്ചാത്തലസംഗീതവും തീം മ്യൂസിക്കും നിലവാരം പുലര്‍ത്തുന്നുണ്ട്. നീലാകാശം പച്ചക്കടല്‍ മുതല്‍ അങ്കമാലി ഡയറീസിനും സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിനുമൊക്കെ ക്യാമറ ചലിപ്പിച്ച മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് സര്‍ക്കാരിന്റെ ഛായാഗ്രഹണം. മുരുഗദോസിന് വേണ്ടത് വേണ്ട പാകത്തില്‍, പ്രേക്ഷകര്‍ക്ക് അരുചിയാവാതെ പകര്‍ത്തിക്കൊടുത്തിട്ടുണ്ട് ഗിരീഷ്. ഈ വര്‍ക്ക് കോളിവുഡില്‍ അദ്ദേഹത്തിന് തിരക്കുണ്ടാക്കിക്കൊടുത്താല്‍ അത്ഭുതപ്പെടാനില്ല.

രാഷ്ട്രീയപ്രവേശം ഇതിനകം നടത്തിയ കമല്‍ഹാസനും എപ്പോള്‍ വേണമെങ്കിലും അത്തരമൊരു വാര്‍ത്ത സൃഷ്ടിക്കാവുന്ന രജനീകാന്തും അവരവരുടെ സിനിമയില്‍ ഇപ്പോള്‍ പ്രകടമായി രാഷ്ട്രീയം പറയാറുണ്ട്. അഥവാ അവരുടെ പുതിയ സിനിമകള്‍ സ്വാഭാവികമായും അത്തരത്തില്‍ വായിക്കപ്പെടാറുണ്ട്. അവസാനം തീയേറ്ററിലെത്തിയ രജനി ചിത്രം, പാ രഞ്ജിത്തിന്റെ കാലാ അടിമുടി രാഷ്ട്രീയം പറയുന്ന ഒന്നായിരുന്നു. നേരത്തേ ചിത്രീകരണം പൂര്‍ത്തിയാക്കി, അടുത്തിടെ റിലീസ് ചെയ്ത കമല്‍ഹാസന്റെ വിശ്വരൂപം 2ല്‍ ടൈറ്റില്‍ കാര്‍ഡ് തെളിയും മുന്‍പേ കമല്‍ ദൃശ്യവല്‍ക്കരിച്ചത് സ്വന്തം പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിന്റെ റാലികളുടെയും മറ്റും മിനിറ്റുകള്‍ നീളുന്ന സീക്വന്‍സുകളായിരുന്നു. കമലും രജനിയും തെളിക്കുന്ന വഴിയേ, രാഷ്ട്രീയവും സിനിമയും തമ്മില്‍ പതിറ്റാണ്ടുകളുടെ പാരസ്പര്യമുള്ള തമിഴകത്ത് മറ്റ് താരങ്ങളും യാത്ര ആരംഭിക്കുമോ എന്ന സജീവ ചര്‍ച്ചകള്‍ കോളിവുഡിലുണ്ട്. 'സര്‍ക്കാര്‍' എന്ന പേരിലെത്തുന്ന വിജയ് ചിത്രം ആ രീതിയില്‍ക്കൂടി ശ്രദ്ധിക്കപ്പെട്ടിരുന്നു. 'രക്ഷകന്‍' കഥാപാത്രങ്ങളിലൂടെ മുന്‍പുതന്നെ 'അരസിയല്‍' പറയുന്ന സിനിമകളാണ് വിജയ്‌യുടേതെങ്കിലും ഇവിടെ സംസാരിക്കുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ചാണ്. ആം ആദ്മി പാര്‍ട്ടിയുടേതിനൊക്കെ സമാനമായ ഇടപെടലാണ് സുന്ദര്‍ രാമസാമി മുന്നോട്ടുവെക്കുന്ന ആശയം. പക്ഷേ താന്‍ സ്ഥാനമോഹിയല്ലെന്നും എപ്പോഴും പ്രതിപക്ഷത്തിരിക്കാനാണ് ആഗ്രഹമെന്നുമാണ് ആ കഥാപാത്രത്തിന്റെ അന്തിമ നിലപാട്.

തെറ്റുകുറ്റങ്ങളില്ലാത്ത ചിത്രമല്ല സര്‍ക്കാര്‍. അതേസമയം തുടക്കത്തില്‍ പറഞ്ഞതുപോലെ ട്രോള്‍ പേജ് വഴക്കങ്ങളില്‍ മാത്രം മുങ്ങിപ്പോകുന്ന സിനിമയുമല്ല. കഴിഞ്ഞ വര്‍ഷം മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കിയ സ്‌പൈഡര്‍ നല്‍കിയ പരാജയത്തില്‍ നിന്ന് മുരുഗദോസ് കരകയറാനാണ് സാധ്യത.

click me!