'കുറേ തയ്യാറെടുപ്പുകള്‍ നടത്തിയതിനാലാവണം ലില്ലിയിലെ കഥാപാത്രത്തില്‍ നിന്ന് പുറത്ത് കടക്കാനും കുറച്ചു കഷ്ടപ്പെടേണ്ടി വന്നു. അഭിനയിക്കുമ്പോള്‍ ശരീരത്തില്‍ മുറിവുകളും മറ്റും വന്നിരുന്നു..'
ടൊവീനോ ചിത്രം തീവണ്ടിയിലെ ദേവി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളി സിനിമാപ്രേമിയുടെ ശ്രദ്ധ പിടിച്ച നടിയാണ് സംയുക്ത മേനോന്‍. എന്നാല്‍ സംയുക്ത ആദ്യം അഭിനയിച്ച ചിത്രം തീവണ്ടിയല്ല. പ്രശോഭ് വിജയന്‍ എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ ലില്ലിയ്ക്കുവേണ്ടിയാണ് സംയുക്ത ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയത്. ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളിലെത്താനിരിക്കെ ആ കഥാപാത്രത്തക്കുറിച്ചും അത് പകര്‍ന്നുതന്ന അനുഭവ പാഠങ്ങളെക്കുറിച്ചും പറയുകയാണ് സംയുക്ത മേനോന്‍, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട്.
ആദ്യമായി അഭിനയിച്ച ലില്ലി തീയേറ്ററുകളിലെത്തുകയാണ്. സംയുക്തയെ സംബന്ധിച്ച് എത്രത്തോളം പ്രധാനപ്പെട്ട ചിത്രമാണിത്?
undefined
മുന്‍പ് രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായും ഒരു ടീമിന്റെ ഭാഗമാകുന്നത് ലില്ലിയുടെ സെറ്റില്‍ എത്തിയതോടെയാണ്. ചെയ്യുന്ന സിനിമയെപ്പറ്റി ആദ്യാവസാനം ഓരോ ആര്‍ട്ടിസ്റ്റും അറിഞ്ഞിരിക്കണമെന്ന് സംവിധായകന്‍ പ്രശോഭ് വിജയന് നിര്‍ബന്ധമായിരുന്നു. സിനിമയിലെ എല്ലാ കഥാപാത്രങ്ങളെയും പറ്റി പറഞ്ഞുതന്നത് കൂടാതെ ക്യാമറ, ലെന്‍സുകള്‍, ഷോട്ട് ഡിവിഷന്‍ തുടങ്ങി സാങ്കേതിക വശങ്ങളെപറ്റിപോലും പറഞ്ഞുതരുമായിരുന്നു. ഇതെല്ലാംകൊണ്ടുതന്നെ ഇത് എന്റെ കൂടി സിനിമയാണ് എന്നൊരു തോന്നല്‍ എല്ലാവരിലും ഉണ്ടായിരുന്നു. വെറുതെ പെര്‍ഫോം ചെയ്യുക മാത്രമായിരുന്നില്ല അതില്‍. കഥാപാത്രത്തിന്റെ മാനസിക നില അറിഞ്ഞു സ്വന്തമായി ആലോചിച്ചു വേണ്ടത് ചെയ്യുക എന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇതെല്ലാം സിനിമയോടുള്ള ഇഷ്ടം കൂടുന്നതിന് സഹായിച്ചു.
തീവണ്ടിയിലേക്ക് എത്തിയത് ഈ ചിത്രം കാരണമാണോ?
ലില്ലി ഇല്ലായിരുന്നെങ്കില്‍ തീവണ്ടി ഉണ്ടാകുമായിരുന്നില്ല. ലില്ലിയിലെ അവസരം സംവിധായകന്റെയും എന്റെയും ഒരു പൊതുസുഹൃത്ത് വഴിയാണ് വന്നത്. ലില്ലിയുടെ എഡിറ്റര്‍ ആണ് എന്നെ തീവണ്ടിയിലേക്ക് നിര്‍ദേശിച്ചത്.
പുറത്തുവന്ന ട്രെയ്‌ലറൊക്കെ കാണുമ്പോള്‍ ഒരു നടിയുടെ ഭാഗത്തുനിന്ന് ഏറെ ശ്രമം വേണ്ട കഥാപാത്രമായി തോന്നുന്നുണ്ട് ലില്ലിയിലെ ടൈറ്റില്‍ കഥാപാത്രം?
ഗര്‍ഭിണിയായ സ്ത്രീയുടെ വേഷം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അത്തരത്തില്‍ ഉള്ള ഒരാളുടെ നടത്തവും രീതികളും മറ്റും മനസ്സിലാക്കുന്നതിനായി ആശുപത്രിയിലെ മറ്റേര്‍നിറ്റി വാര്‍ഡില്‍ പോവുകയുണ്ടായി. നടക്കുന്ന രീതിയും കുനിയുന്ന രീതിയും എല്ലാം ഇങ്ങിനെയാണ് മനസിലാക്കിയത്. അവിടെ നിന്നാണ് പലര്‍ക്കും കാലില്‍ നീരുണ്ടാകുമെന്നും ശരീരത്തിനു ചൂട് കൂടുതല്‍ ആയിരിക്കുമെന്നുമൊക്കെ മനസിലായത്. ഇതെല്ലാം കഥാപാത്രത്തിന് ഒരു സ്വാഭാവികത കൊണ്ടുവരുന്നതിന് സഹായിച്ചു.
ആദ്യമായി അവതരിപ്പിക്കാന്‍ ലഭിച്ച കഥാപാത്രം തന്നെ ഇത്രയും വെല്ലുവിളി നിറഞ്ഞത്. ഷൂട്ടിംഗ് പൂര്‍ത്തിയായപ്പോള്‍ എന്തുതോന്നി?
കുറേ തയ്യാറെടുപ്പുകള്‍ നടത്തിയതിനാലാവണം ലില്ലിയിലെ കഥാപാത്രത്തില്‍ നിന്ന് പുറത്ത് കടക്കാനും കുറച്ചു കഷ്ടപ്പെടേണ്ടി വന്നു. അഭിനയിക്കുമ്പോള്‍ ശരീരത്തില്‍ മുറിവുകളും മറ്റും വന്നിരുന്നു. സെറ്റില്‍ ഏതാണ്ട് എല്ലാവര്‍ക്കും പനിയും പിടിപെട്ടു. കഥാപാത്രത്തില്‍ നിന്ന് പുറത്തു കടക്കുന്നതിന് കൗണ്‍സിലിംഗിന് പോകേണ്ടി വന്നു. കൂടാതെ പെട്ടെന്നൊരു മാറ്റം വേണം എന്ന് തോന്നിയതിനാല്‍ മുടി മുറിച്ചു കളയുകയും ചെയ്തു.
ഒരേ വസ്ത്രം ആണല്ലോ സിനിമയില്‍ അധികവും ഉപയോഗിച്ചിരിക്കുന്നത്?
ഇരുപത്തിയൊന്നു ദിവസം ഒരേ വസ്ത്രമണിഞ്ഞാണ് അഭിനയിച്ചത്. അതാകട്ടെ ചോരയും മറ്റും ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ പറ്റിപിടിച്ച് ആകെ വൃത്തികേടും. ചോക്കലേറ്റും ഗ്രേപ് ജ്യൂസും മറ്റു ചില വസ്തുക്കളുമാണ് ചോരയും മറ്റും ചിത്രീകരിക്കാന്‍ ഉപയോഗിച്ചതെങ്കിലും പത്തു ദിവസം കഴിഞ്ഞപ്പോഴേക്കു വസ്ത്രത്തിന് നാറ്റം വന്നുതുടങ്ങി. ദേഹത്തിടുമ്പോള്‍ ചൊറിച്ചിലും. ഒരേ വസ്ത്രം ധരിച്ച് അഭിനയിച്ചതിനാല്‍ പിന്നീട് ചികിത്സ തേടേണ്ടിവന്നു.
എന്നാല്‍ വെല്ലുവിളി നിറഞ്ഞ ലില്ലിയിലെ ടൈറ്റില്‍ കഥാപാത്രം തന്നെ കൂടുതല്‍ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതിന് പകപ്പെടുത്തുകയാണ് ചെയ്തതെന്നാണ് സംയുക്തയുടെ പക്ഷം. നടി എന്ന നിലയില്‍ ഒരു പരിധി നിശ്ചയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ വന്നാല്‍ ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യംമെന്നും പറയുന്നു സംയുക്ത.