കുട്ടികളുടെ മനസോടെ കൊച്ചുണ്ണിയെ കാണാനെത്തുക : റോഷന്‍ ആന്‍ഡ്രൂസ്

By Lakshmi Menon  |  First Published Oct 11, 2018, 10:20 AM IST

ഐതിഹ്യമാലയിലും അമര്‍ചിത്രകഥകളിലും മാത്രം വായിച്ചു പരിചയിച്ച കഥാപാത്രങ്ങളെ വലിയ സ്ക്രീനില്‍ കാണുന്നതിനുള്ള ഒരവസരം ആണ് മലയാളിക്ക് കായംകുളം കൊച്ചുണ്ണി എന്ന സിനിമ സമ്മാനിക്കുന്നത്. നിവിന്‍ പോളിയേയും മോഹന്‍ലാലിനെയും ചരിത്രകഥാപാത്രങ്ങളായി അവതരിപ്പിക്കുന്നതിനെപറ്റി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഏഷ്യാനെറ്റ് ന്യൂസ്‌ ഓണ്‍ലൈനിനോട് സംസാരിക്കുന്നു. 


 

Latest Videos

undefined

നിവിന്‍ പോളിയെ പ്രധാന കഥാപാത്രമായും മോഹന്‍ലാലിനെ അതിഥിതാരമായും തീരുമാനിച്ചതിനു പിന്നിലെ കാരണം എന്തായിരുന്നു?

നിവിന്‍ തന്നെയാണ് കൊച്ചുണ്ണി. മോഹന്‍ലാലിന്‍റെ കഥാപാത്രം സംഭവിച്ചു പോയതാണ്. പക്കിയുടെ കഥാപാത്രത്തെപ്പറ്റി സംസാരിച്ചപ്പോള്‍ തന്നെ അദ്ദേഹം ഓക്കേ പറഞ്ഞു. അരമണികൂര്‍ മാത്രം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണ് ഇത്തിക്കര പക്കി. പന്ത്രണ്ടു ദിവസമായിരുന്നു ഷൂട്ടിംഗ്. എന്നാല്‍ മൊത്തം സിനിമയില്‍ ആ കഥാപാത്രത്തിനു ഏറെ പ്രാധാന്യമുണ്ട്. കൊച്ചുണ്ണിയുടെ ചെറുപ്പം മുതല്‍ കള്ളനാകുന്നത് വരേയുള്ള വിവിധഘട്ടങ്ങള്‍ അവതരിപ്പിക്കാന്‍ നിവിന്‍ ആണ് ഏറ്റവും നല്ലത് എന്ന് ഉറപ്പുണ്ടായിരുന്നു. എട്ടു മാസം മറ്റൊരു സിനിമയും ചെയ്യാതെ കൊച്ചുണ്ണിക്കായി മാറ്റിവച്ചു. കൂടാതെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഓരോരുത്തരും വളരെ നല്ല പ്രകടനമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. 

എങ്ങിനെയാണ് കൊച്ചുണ്ണിയേയും പക്കിയേയും ഒരേ കഥയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്?

കൊച്ചുണ്ണിയും പക്കിയുമെല്ലാം ഒരേകാലഘട്ടത്തില്‍ ജീവിച്ചിരുന്ന കഥാപാത്രങ്ങളാണ്. അവരെ കൂടാതെ ആ സമയത്ത് കേരളത്തില്‍ ജീവിച്ചിരുന്ന മറ്റു പലരും  സിനിമയില്‍ കഥാപാത്രങ്ങളായി വരുന്നുണ്ട്. കൊച്ചുണ്ണിയുടേത് വളരെ ചെറിയ ഒരു കഥയാണ്‌. അതിനെ രണ്ടര മണിക്കൂര്‍ ആക്കാന്‍ വലിയ കാന്‍വാസില്‍ കഥ പറയണം. ഇതിനായി കൊച്ചുണ്ണിയുടെ ചെറുപ്പം, പ്രണയം തുടങ്ങി കള്ളനാകുന്നതിനു മുന്‍പുള്ള ജീവിതം പിന്നീട് വന്ന മാറ്റങ്ങള്‍ ഇവയെല്ലാം ഉള്‍ക്കൊള്ളിക്കുകയായിരുന്നു. രണ്ടു വര്‍ഷത്തെ അന്വേഷണ ഫലമാണ് സ്ക്രീനില്‍ കാണുന്നത്. 

ഐതിഹ്യമാലയില്‍ വായിച്ചറിഞ്ഞ കൊച്ചുണ്ണി തന്നെയാണോ സിനിമയില്‍ ഉള്ളത്?

ഇത്തിക്കര പക്കിയേയും കൊച്ചുണ്ണിയേയും കാണാന്‍ എത്തുമ്പോള്‍ അമര്‍ചിത്രകഥയും ഐതിഹ്യമാലയും വായിക്കുന്നതുപോലൊരു സമീപനം തന്നെയാണ് ആവശ്യം. കുട്ടിയുടെ മനസുമായി സിനിമ കാണാന്‍ വരണം. കുട്ടികള്‍ക്ക് രണ്ടു ഭാവമാണുള്ളത്, സ്നേഹവും ദേഷ്യവും. അവര്‍ക്ക് വൈരാഗ്യമോ, അസൂയയോ, കുശുമ്പോ ഒന്നുമില്ല. അവര്‍ ഒന്നിനെയും മുന്‍വിധിയോടെ നോക്കി കാണില്ല. അതുപോലെ തെളിഞ്ഞ മനസോടെയാണ്‌ കൊച്ചുണ്ണിയെ കാണാന്‍ വരേണ്ടത്. വലിയവീട്ടില്‍ പീടികയില്‍ ജീവിച്ചിരുന്ന ജാനകിയെ സ്നേഹിച്ചിരുന്ന, പിന്നീട് കള്ളനായി മാറിയ കൊച്ചുണ്ണി.

കുട്ടികളെകൂടി മുന്നില്‍ കണ്ടുള്ള സമീപനം ആണോ സിനിമയുടേത്?

ഈ സിനിമ ഞാന്‍ എന്‍റെ കുട്ടികള്‍ക്കായാണ് സമര്‍പ്പിക്കുന്നത്. അവര്‍ വലുതാകുമ്പോള്‍ എന്‍റെ അച്ഛന്‍ ചെയ്ത സിനിമയാണ് കൊച്ചുണ്ണി എന്ന് അഭിമാനത്തോടെ പറയണം. എന്നാല്‍ ഇത് കുട്ടികള്‍ക്ക് മാത്രമുള്ള സിനിമയല്ല. മുതിര്‍ന്നവരിലെ കുട്ടിയെ കൂടി ഉദ്ദേശിച്ചുള്ള സിനിമയാണ്. മുന്‍വിധികളില്ലാതെ കാണേണ്ട സിനിമയാണിത്. ഒരു 150 വര്‍ഷം മുന്‍പ് കേരളത്തില്‍ ജീവിച്ചിരുന്ന ചില കഥാപാത്രങ്ങളാണ് ഇവരെല്ലാം. ഒരു അമര്‍ചിത്രകഥ വായിക്കുന്നതു പോലൊരു സമീപനം ആണ് സിനിമ കാണാന്‍ വരുമ്പോള്‍ വേണ്ടത്. നിങ്ങളിലെ നഷ്ടപ്പെട്ട കുട്ടിയെ വീണ്ടെടുക്കാന്‍ ഈ സിനിമ സഹായിക്കും. 

150 വര്‍ഷം മുന്‍പുള്ള കേരളം സൃഷ്ടിക്കുക ശ്രമകരമായിരുന്നില്ലേ?

1830 കാലഘട്ടത്തിലാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരുന്നത്. അന്നത്തെ മനുഷ്യരോടൊപ്പം ചുറ്റുപാടുകളും ചെയ്തെടുക്കണമായിരുന്നു. അത് തന്നെയാണ് ഈ പ്രൊജക്റ്റ്‌ ചെയ്യാന്‍ പ്രേരിപ്പിച്ചതും. 150 വര്‍ഷം മുന്‍പുള്ള കേരളം സൃഷ്ടിക്കുക. പ്രേക്ഷകരെ ആ ലോകത്തിലേക്ക് കൂട്ടികൊണ്ട് വന്ന് അതിലൂടെ സഞ്ചരിപ്പിക്കുക. ഇതൊക്കെ തന്നെയായിരുന്നു ഈ സിനിമ ചെയ്യുമ്പോള്‍ ഉള്ള ഏറ്റവും  വലിയ പാഷന്‍. ആ ഒരു ലോകം സൃഷ്ടിക്കല്‍ തന്നെയാണ് സിനിമയെ ഇത്ര വലിയ ബജറ്റിലേക്ക് എത്തിച്ചതും. കൊച്ചുണ്ണിയുടെ ലൊക്കേഷനില്‍ ഇലക്ട്രിക്‌ ലൈനുകളോ, ടാര്‍ റോഡോ ഒന്നും പാടില്ല. ലൈവ് സൌണ്ട് ഉപയോഗിച്ചതിനാല്‍ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് അതിന്‍റെ അഞ്ചു കിലോമീറ്റര്‍ ചുറ്റുപാടില്‍ ഒരുവിധ യന്ത്രങ്ങളും പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇതെല്ലാം വെല്ലുവിളികള്‍ ആയിരുന്നു. 

എവിടെയാണ് കൊച്ചുണ്ണിയിലെ കേരളം പുനസൃഷ്ടിച്ചത്?

കൊച്ചുണ്ണിയിലെ കളരി ആയാലും ചന്ത ആയാലും എന്‍റെ മനസ്സില്‍ വ്യക്തമായ ചിത്രം ഉണ്ടായിരുന്നു. അന്നത്തെ ആളുകള്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നതിനും യാത്രചെയ്യുന്നതിനും ആശ്രയിച്ചിരുന്നത് വഞ്ചികളായിരുന്നു. എന്നാല്‍ കേരളത്തിലെ പുഴകളൊന്നും എന്‍റെ മനസ്സില്‍ ഉള്ളതുമായി ചെരുന്നുണ്ടായിരുന്നില്ല. ഒടുവില്‍ മംഗലാപുരത്താണ് ഷൂട്ടിങ്ങിനു പറ്റിയ പുഴ കിട്ടിയത്. അവിടേക്ക് കണ്ടയ്നറില്‍ വഞ്ചിയും മറ്റു സാധനങ്ങളും എത്തിക്കുകായിരുന്നു. ഒരു ചന്തയാണ് പുനഃസൃഷ്ടിക്കുന്നതെങ്കില്‍ അവിടെ ആ കാലഘട്ടത്തിലെ ആളുകള്‍, മൃഗങ്ങള്‍ ഒക്കെ വേണം. അതില്‍ അന്നത്തെ കാലത്ത് കേരളത്തില്‍ കച്ചവടത്തിന് എത്തിയിരുന്ന അറബികള്‍ വരെ ഉണ്ടാകും. ഇതിനിടയിലൂടെ ആകും കഥാപാത്രങ്ങള്‍ നടന്നു പോകുന്നത്. ഇതെല്ലാം ഒരേ സമയം ചലഞ്ചിങ്ങും ത്രില്ലിങ്ങും ആയിരുന്നു. ഫൈനല്‍ പ്രോഡക്റ്റ് മനസ്സില്‍ ഉണ്ടായിരുന്നു. മറ്റെല്ലാം അതിലേക്കുള്ള യാത്രയായിരുന്നു.
 

click me!