ഗുണവും മണവും ഇല്ലാത്ത ഒരു റോസാപ്പൂ - റോസാപ്പൂ റിവ്യൂ

By ദീപക്.വി  |  First Published Feb 9, 2018, 3:01 PM IST

റോസപ്പൂവിന് സുഗന്ധം ഉണ്ടാകും, അതിന് ഒരു ആകര്‍ഷണത്വമുണ്ടാകും. ട്രെയിലറും ടീസറും കണ്ട് ഇത്തരം ഒരു ആവേശത്തോടെ തീയറ്ററില്‍ എത്തുന്ന പ്രേക്ഷകന്‍റെ സഹൃദയത്വത്തെ റോസാപ്പൂ മുള്ളിനിട്ട് കുത്തുന്ന സിനിമയാണ് റോസാപ്പൂ എന്ന് തോന്നും. ബിജു മേനോന്‍ നീരജ് മാധവ് കൂട്ടുകെട്ടില്‍ സൗബിന്‍ ഷാഹീര്‍, അലന്‍സിയര്‍, അഞ്ജലി അടക്കമുള്ള ഒരു താര നിര അണിനിരത്തി നവാഗതനായ വിനു ജോസഫാണ് റോസാപ്പൂ അണിയിച്ചൊരുക്കുന്നത്. ഷിബു തമീന്‍സ് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധായകന്‍റെ തന്നെ. എബിസിഡി എന്ന ചിത്രത്തിന് ശേഷം തമീന്‍സ് മലയാളത്തില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് റോസാപ്പൂ.

കഥയുടെ പാശ്ചാത്തലം 2001 ആണ്.സമീപ വര്‍ഷങ്ങളില്‍ പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും അതില്‍ ജീവിക്കുന്ന നായകന്‍, ഇങ്ങനെ കഥ ആലോചിക്കുമ്പോള്‍ മുഖത്ത് വരുന്ന പേരാണ് ബിജു മേനോന്‍റെത്. അതേ റോസാപ്പൂവിലും കടവും ഇത്തിരി തട്ടിപ്പും വെട്ടിപ്പും ഒക്കെ തന്നെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്ന നായകനായ ഷാജഹാന്‍റെ സമ്പദ്യം എന്ന് ആദ്യം തന്നെ വ്യക്തമാക്കുന്നു. എങ്ങനെ പണക്കാരനാകാം എന്നതിനുള്ള ഓട്ടത്തിലാണ് ഷാജഹാന്‍. അതില്‍ അയാള്‍ക്ക് ഒപ്പം നില്‍ക്കുന്ന വ്യക്തിയാണ് സിനിമ സ്വപ്നങ്ങളുമായി നടക്കുന്ന നീരജ് മാധവിന്‍റെ ആംബ്രോസ്. കൂടെയുള്ള എംബിഎക്കാരന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി തുടങ്ങിയ മുട്ടകച്ചവടം പൊട്ടി പാളിസായി നില്‍ക്കുന്ന സമയത്താണ് ഒരു പടം പിടിക്കാം എന്നതിലേക്ക് ഷാജഹാനെ നയിക്കുന്നത്.

Latest Videos

undefined

2001 മലയാള സിനിമയില്‍ ഒരു മാറ്റത്തിന്‍റെ കാലമാണ്, സൂപ്പര്‍താരപ്പടങ്ങള്‍ പോലും പൊട്ടിതകരുമ്പോള്‍ ലക്ഷങ്ങള്‍ മാത്രം വച്ച് നിര്‍മ്മിച്ച് കോടികള്‍ കൊയ്യുന്ന എ പടങ്ങളുടെ കാലം. ഇത്തരം ഒരു സാഹചര്യത്തില്‍ ചിലരെ പറഞ്ഞും പറ്റിച്ചും ഷാജഹാന്‍ അന്നത്തെ എ പടങ്ങളിലെ താരം 'ലൈലയെ' വച്ച് ഒരു  ചിത്രം നിര്‍മ്മിക്കാന്‍ പണവുമായി ചെന്നൈയിലേക്ക് വണ്ടി കയറുന്നു. ഒപ്പം സിനിമ സംവിധാനം ചെയ്യാന്‍ അംബ്രോസും. തുടര്‍ന്ന് നടക്കുന്ന രസകരമായ പ്രതിസന്ധികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. അവസാനം ആനുകാലികമായി 2017 ലേക്ക് ഒരു പാലവും ഇട്ട് ഒരു ക്ലൈമാക്സും തുന്നിച്ചേര്‍ത്ത് പടം അവസാനിക്കുന്നു.

കൃത്യമായ ഒരു അച്ചടക്കവും പാലിക്കാതെയാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയതെന്ന് വ്യക്തം. നീരജ് മാധവിന്‍റെ പാവം പയ്യന്‍ ലുക്ക്, ബിജു മേനോന്‍റെ 'വെള്ളി മൂങ്ങ മാമച്ചന്‍' ഹാങ്ങ് ഓവര്‍, സൗബിന്‍റെ മാനറിസങ്ങള്‍ ഇവയൊക്കെ വച്ച് ഒരു തിരക്കഥയും ഇല്ലാതെ പ്രേക്ഷകനെ പിടിച്ചിരുത്താം എന്നാണ് സംവിധായകന്‍ അബദ്ധവശാല്‍ ധരിച്ചുവച്ചതെന്ന് തോന്നും. പല രംഗങ്ങളിലും അവതരിപ്പിക്കുന്ന കോമഡികള്‍ ഉന്നം തെറ്റി ഒരു ചിരിയും സൃഷ്ടിക്കാതെ അവസാനിപ്പിക്കുന്നു. കഥയില്‍ കാര്യമായ ട്വിസ്റ്റോ ടേണോ കൊണ്ടു വരാന്‍ സാധിക്കാതെ എവിടെ കഥയവസാനിപ്പിക്കും എന്ന അങ്കലാപ്പ്  ഇടവേള കഴിയുമ്പോള്‍ തന്നെ കാണികള്‍ക്ക് മനസിലാകും. അതിനാല്‍ തന്നെയാണ് കഥയെ 2017 ലേക്ക് വലിച്ചുനീട്ടിയത്.

തന്‍റെ കരിയറില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ ബിജുമേനോന്‍റെ സാന്നിധ്യം കഴിഞ്ഞ പടം ഷെര്‍ലക്ക് ടോംസ് പോലെ ഇതിലും ശോകം എന്ന് തന്നെ പറയേണ്ടിവരും. കഥയെ മുന്നോട്ട് നയിക്കുന്ന കഥാപാത്രം തന്നെ ഇത്തരത്തില്‍ ആയതിനാല്‍ മറ്റ് താരങ്ങളിലേക്ക് കടക്കുന്നില്ല. തമിഴില്‍ നിന്നും എത്തിയ അഞ്ജലിക്കും കാര്യമായി ഒന്നും ചെയ്യാനില്ല എന്നതാണ് സത്യം. ഇവരും നീരജ് മാധവും ചേര്‍ന്നുള്ള സീനുകള്‍ തീര്‍ത്തും വിരസമായി മാറുന്നുണ്ട്. 

കൃത്യമായ ഒരു കഥയോ, തിരക്കഥയോ മുന്നോട്ട് വയ്ക്കാതെ മാനറിസങ്ങള്‍ കൊണ്ടും, കോമഡി എന്ന് തോന്നിക്കുന്ന ആക്ടുകളാലും ഒരു പടം വിജയിപ്പിക്കാം എന്ന ധാരണയാണ് ഈ ചിത്രത്തിന്‍റെ കാഴ്ചയിലൂടെ പൊളിയുന്നത്. ഇത്തരം ഒരു വിലയിരുത്തല്‍ വരുന്നതോടെ ചിത്രത്തിന്‍റെ മറ്റ് സാങ്കേതിക വിഭാഗങ്ങളെക്കുറിച്ച് പറയേണ്ടതെയില്ല എന്നാണ് പ്രേക്ഷകന് തോന്നുക.

click me!