ജോസഫും ഹോംസും കേരളവും

By Web Team  |  First Published Dec 24, 2018, 11:54 AM IST

റിട്ടയര്‍ ചെയ്ത പൊലീസുകാരനാണ് ജോസഫ്. എന്നിട്ടും കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ജോസഫിന്റെ സഹായം തേടും. അങ്ങിനെയൊരു വിളിയിലാണ് ജോസഫ് അരുകില്‍ ഹെല്‍മറ്റ് തൂക്കിയിട്ട സ്‌കൂട്ടറില്‍ എത്തുന്നത്. മറ്റാരും കാണാത്തതു കാണുക, അവ തമ്മില്‍ മറ്റാരും സങ്കല്പിക്കുക പോലും ചെയ്യാത്ത ബന്ധങ്ങള്‍ കണ്ടെത്തുക, അങ്ങിനെ ഒരു പ്രശ്‌നം പരിഹരിക്കുക- ഹോംസിന്റെ അതേ വഴി.


രണ്ടായി പകുത്തുകെട്ടിയ കര്‍ട്ടനുകള്‍ക്കിടയിലൂടെ മറഞ്ഞു നിന്ന് നോക്കിയാലും താഴെ കുതിരവണ്ടികള്‍ പോകുന്നതും പല വേഗതയില്‍ ആളുകള്‍ നടക്കുന്നതും കാണാവുന്ന ഒരു മുറിയില്‍ ഇടയ്‌ക്കൊക്കെ ഇടതുകൈയിലെ ഷര്‍ട്ടിന്റെ കൈ പകുതിയിലേറെ തെറുത്തുകയറ്റിയിട്ടു ശ്രദ്ധയോടെ തെളിഞ്ഞു നില്‍ക്കുന്ന ധമനികളിലേക്കു മോറോക്കന്‍ ചെപ്പില്‍ സൂക്ഷിച്ച സിറിഞ്ചു കൊണ്ട് കടത്തിവിടുന്ന ഒരു ദ്രാവകമുണ്ടായിരുന്നു ഷെര്‍ലക് ഹോംസിന്. കൊക്കൈന്‍- കൃത്യമായി പറഞ്ഞാല്‍ ഏഴു ശതമാനം കൊക്കൈന്‍. ജോസഫ് എന്ന സിനിമയിലെ നായകന്‍ ഉപയോഗിക്കുന്ന വസ്തുവിന്റെ പേര് കാവടി എന്നാണ്. നേരിട്ട് ധമനിയിലേക്കല്ല മറിച്ചു ബീഡിപ്പുകയായി ശാസ്വകോശത്തിലെത്തി അവിടെ നിന്ന് നേര്‍ത്ത ധമനികളിലെ രക്തത്തിലേക്ക്. വലിയ സമയവ്യത്യാസമില്ല രണ്ടുവഴികളിലൂടെയും ശരീരത്തിലെത്താനും അവ പ്രവര്‍ത്തനം തുടങ്ങാനും. സിനിമയുടെ ആദ്യ നിമിഷങ്ങളില്‍ തന്നെ ഇരട്ടക്കൊല നടന്ന ഒരു വീട്ടിലേക്ക് വിളിച്ചു വരത്തപ്പെടുമ്പോള്‍ ഇറങ്ങിപ്പോരുന്ന സ്വന്തം വീട് എപ്പോഴും വാട്‌സണ്‍ പരാതി പറയുമായിരുന്ന ബേക്കര്‍ സ്ട്രീറ്റിലെ വീട് പോലെ തന്നെ ഇടുക്കിയുടെ താഴ്‌വാരത്തിലെ ജോസഫിന്റെ വീടും പുകകൊണ്ട് മലിനമായിരുന്നു, ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കൊണ്ടും.

Latest Videos

undefined

റിട്ടയര്‍ ചെയ്ത പൊലീസുകാരനാണ് ജോസഫ്. എന്നിട്ടും കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ജോസഫിന്റെ സഹായം തേടും. അങ്ങിനെയൊരു വിളിയിലാണ് ജോസഫ് അരുകില്‍ ഹെല്‍മറ്റ് തൂക്കിയിട്ട സ്‌കൂട്ടറില്‍ എത്തുന്നത്. മറ്റാരും കാണാത്തതു കാണുക, അവ തമ്മില്‍ മറ്റാരും സങ്കല്പിക്കുക പോലും ചെയ്യാത്ത ബന്ധങ്ങള്‍ കണ്ടെത്തുക, അങ്ങിനെ ഒരു പ്രശ്‌നം പരിഹരിക്കുക- ഹോംസിന്റെ അതേ വഴി. ഹോംസിനേക്കാള്‍ ഡ്രാമ കുറവ്. പക്ഷെ ക്ലാസ് അതുതന്നെ. നിരവധി ക്ലോസ് ഷോട്ടുകളിലൂടെ മുന്നോട്ടു നീങ്ങുന്ന ചിത്രത്തില്‍ ജോസഫായി വരുന്ന ജോജു ജോര്‍ജ് ഗംഭീരമായി ഈ കുറ്റാന്വേഷകനെ ഏറ്റെടുത്തു. ഇന്ന് വരെ ഷെര്‍ലക് ഹോംസ് എന്ന കഥാപാത്രം ഇരുന്നൂറ്റി അമ്പതിലേറെ പ്രാവശ്യം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ടിവിയിലും തീയേറ്ററിലുമായി. നിരവധി നടന്മാര്‍ പലകാലത്തായി ഹോംസായി അഭിനയിച്ചു. വളഞ്ഞു നീണ്ട പൈപ്പും സദാ വലിച്ചു പ്രത്യക്ഷപ്പെട്ടിരുന്ന അവരുടെ നിരയിലേക്കാണ് ബീഡി വലിച്ചു കൊണ്ട് ജോജു ജോര്‍ജ് നടന്നു കയറിയത്. 

സാമ്യം അവിടെയും അവസാനിക്കുന്നില്ല. ഓരോ വട്ടവും ജോസഫിന്റെ കണ്ടെത്തലിന്റെ ക്രെഡിറ്റ് മറ്റുള്ളവര്‍ കൊണ്ട് പോകുമ്പോള്‍ ഒപ്പം റിട്ടയര്‍ ചെയ്ത ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ചോദിക്കുന്നുണ്ട് നിനക്ക് വേറെ പണിയില്ലേ എന്ന്. ഇവന്‍ ജോലിയിലായിരുന്നപ്പോഴും ഇത് തന്നെയായിരുന്നില്ലേ അവസ്ഥ എന്ന് മറ്റൊരു സുഹൃത്ത്. വെറുതെ അലസമായി വീട്ടില്‍ ഇരിക്കുമ്പോള്‍ ഇതൊരു രസല്ലേ എന്നാണ് ജോസഫിന്റെ മറുപടി. ഹോംസിന്റെ അതെ നിലപാട്. ശമ്പളത്തിനായി ജോലി ചെയ്യാതിരിക്കുക. ഇഷ്ടമുള്ളത് കൊണ്ട് മാത്രം ചെയ്യുക. അമ്പതുകളിലും അറുപതുകളിലും ലോകത്തെ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞനായിരുന്ന റിച്ചാര്‍ഡ് ഫെയ്ന്‍മാന്‍ വളരെ രസകരമായി ഇത് ഇങ്ങിനെ പറയും, തന്റെ ഗവേഷണവിഷയത്തെ കുറിച്ച്: 'ഫിസിക്‌സ് ഇണചേരും പോലെയാണ്. ശരിയാണ് അതുകൊണ്ടു പ്രായോഗിക ഫലങ്ങള്‍ ഉണ്ടായേക്കാം. പക്ഷെ അത് കൊണ്ടല്ല അത് ചെയ്യുന്നത്'

സാമ്യം അവിടെയും തീരുന്നില്ല. ചുറ്റുമുള്ള അതിനിസാരതകളില്‍ നിന്നുള്ള രക്ഷപ്പെടലായിരുന്നു ഹോംസിന് മയക്കുമരുന്നുകള്‍. കുറച്ചു സമയത്തേക്ക് സ്വപ്നം പോലുമില്ലാത്ത പൂര്‍ണ സുഷുപ്തിയിലേക്ക് തലച്ചോറിനെ വിടുക. അവിടെത്തി മടങ്ങുവോളം തെളിയുന്ന മറ്റാരും കാണാത്ത കാഴ്ചകളും. രണ്ടുവട്ടം എങ്കിലും ജോസഫ് ഇത്തരത്തില്‍ ഉറങ്ങിയെണീക്കുന്നുണ്ട് ചിത്രത്തില്‍, നിറഞ്ഞ മദ്യപാനത്തിന് ശേഷം. ചുറ്റുമുള്ള അതിനിസ്സാരതകളില്‍ നിന്ന് വേര്‍പെടുത്തി തലച്ചോറിനെ ഒരു മൊബൈല്‍ ഫോണ്‍ ഓഫാക്കി ഓണാക്കുന്ന പോലെ തിരിച്ചെടുക്കുക. അവിടെ നിന്നാണ് അസാമാന്യ സര്‍ഗാത്മകതയിലേക്ക് ജോസഫും ഹോംസും ഉറങ്ങിയെണീക്കുക.

പക്ഷെ ഹോംസിന് ഇല്ലാതിരുന്ന ഒരധികബാധ്യത ജോസഫിന് ഉണ്ടായിരുന്നു. കുടുംബം എന്നതായിരുന്നു അത്. അതില്‍ പക്ഷെ കാമുകനായും ഭര്‍ത്താവായും അച്ഛനായും നിറഞ്ഞാടിയിട്ടുണ്ട് ജോസഫ് എന്ന ജോജു ജോര്‍ജ്. കാമുകിയും മകളും ഭാര്യയും ജോസഫിന്റെ ജീവിതത്തില്‍ നിന്ന് മാത്രമല്ല സിനിമയില്‍ നിന്നും ഇറങ്ങിപ്പോകുന്നിടത്തുനിന്നാണ് ജോസഫിന്റെ കുറ്റാന്വേഷണ കഴിവുകള്‍ ഏറ്റവും നിര്‍ണ്ണായകമായി ഉപയോഗിക്കേണ്ട അവസ്ഥയിലേക്ക് കഥ എത്തുന്നത്.

താന്‍ ഇരയാകുന്നതറിഞ്ഞ്, ഒരു നാള്‍ കുളിച്ചൊരുങ്ങി മുടിയൊക്കെ നന്നായി ചീകി, ചിരിച്ചു കൊണ്ട് വീട് പൂട്ടിയിറങ്ങി, തന്റെ ഭാര്യയുടെയും മകളുടെയും ഓര്‍മ്മകള്‍ നിറഞ്ഞ മുറ്റവും പടികളും ഒരിക്കല്‍ കൂടെ വിടര്‍ന്ന കണ്ണുകളോടെ കണ്ട് പള്ളിയില്‍ പോയി കുര്‍ബാന കൈക്കൊണ്ട്, സെമിത്തേരിയില്‍ പോയി, തന്നെ വിട്ടു പിരിഞ്ഞവരോട് ഞാനും വരുന്നു എന്ന് പറഞ്ഞു സ്‌കൂട്ടറോടിച്ചു പോകുന്ന ജോസഫിന് പുറകെ മരണമെത്തുമ്പോള്‍ സിനിമക്ക് ഏകദേശം പ്രായം 120 മിനിറ്റാണ്. അതിവിദഗ്ദ്ധമായ ജോസഫിന്റെ കുറ്റാന്വേഷണം റാപ്പ് ചെയ്യാന്‍ പിന്നെയും ആവശ്യമായത് ഒരു അഞ്ചു മിനിട്ടു കൂടി. കല കലയ്ക്കു വേണ്ടി എന്ന് എത്ര വട്ടം പറഞ്ഞാലും ആര്‍കും മനസ്സിലാവാത്തതിനാല്‍ സിനിമ പിന്നെയും പതിനെട്ടു മിനിറ്റ് നീളും. സമൂഹത്തിനു വേണ്ടി മാറ്റി വച്ച ആ അവസാന മിനിറ്റുകളില്‍ നിന്ന് നമ്മളെന്താണ് പഠിക്കുക?

ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ജീവിക്കുന്നവര്‍ സോഷ്യലിസത്തിലോ കമ്മ്യൂണിസത്തിലോ അല്ല മുതലാളിത്തത്തില്‍ തന്നെയാണ് ജീവിക്കുന്നത് എന്ന് ഓര്‍മ്മിപ്പിക്കുന്ന ചലച്ചിത്രമാണ് ജോസഫ്. ഞാന്‍ പഠിക്കുന്ന കാലത്ത് ഇത്ര ആശുപത്രികള്‍ ഉണ്ടായിരുന്നില്ല. എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല ആശുപത്രികള്‍ എന്തിനാണ് സ്വയം പരസ്യം ചെയ്യുന്നതെന്നും. സേവനമേഖല കച്ചവടമേഖലയായി മാറിയത് എത്ര മനോഹരമായ പരസ്യങ്ങളിലൂടെ ആയിരുന്നു! തണലുകളെ വില്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ മുതലാളിത്തം മരം വെട്ടുക തന്നെ ചെയ്യുമെന്ന് പറഞ്ഞത് മാര്‍ക്സാണ്. നമ്മുടെ തണലുകള്‍ ഇപ്പോള്‍ ആരും വാങ്ങിത്തുടങ്ങിയിട്ടില്ല. ഇപ്പൊ വില്‍ക്കാവുന്നത് കണ്ണുകളും കിഡ്‌നിയും കരളും ഹൃദയവും ഒക്കെയാണ്. ഈ അവസ്ഥയുടെ രാഷ്ട്രീയത്തെ സ്പര്‍ശിക്കാതെ പോയ ആ അവസാന മിനുട്ടുകളാണ് ജോസഫിന്റെ പരിമിതിയും.  

click me!