എഴുപത്താറാം വയസ്സില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോഴാണ് മുഴുവന്‍ സിനിമാപ്രേമികളും ഈ കലാകാരനെ തിരിച്ചറിഞ്ഞതെങ്കിലും ആന്‍റണിയുടെ കലാജീവിതം കുട്ടിക്കാലത്തേ ആരംഭിക്കുന്ന ഒന്നാണ്. മറ്റൊരര്‍ഥത്തില്‍ അയാളുടെ തെരഞ്ഞെടുപ്പ് പോലുമായിരുന്നില്ല അത്. അത്രയേറെ സ്വാഭാവികമായാണ് ആന്‍റണി ഒരു നാടക രചയിതാവും നടനുമായത്.
'കടയല്ല, സ്റ്റുഡിയോ..' മഹേഷിന്‍റെ പ്രതികാരമെന്ന ദിലീഷ് പോത്തന്‍ ചിത്രത്തില്‍ ഫോട്ടോഗ്രഫിയില്‍ വലിയ ഗ്രാഹ്യമില്ലാത്ത, സ്റ്റുഡിയോയെ ഒരു ബിസിനസ് മാത്രമായി കാണുന്ന മകനോടുള്ള 'ചാച്ചന്‍റെ' ആ ഒറ്റ ഡയലോഗില്‍ ആ കഥാപാത്രം മുഴുവനുമുണ്ടായിരുന്നു. സ്വന്തം കലയില്‍ കലര്‍പ്പില്ലാത്ത വിശ്വാസമുള്ള ഒരു പഴയ ഫോട്ടോഗ്രാഫറായിരുന്നു 'ചാച്ചനെ'ങ്കില്‍ നാടകമെന്ന കലയാല്‍ ജീവിതം തന്നെ നിയന്ത്രിക്കപ്പെട്ടയാളായിരുന്നു കെ എല്‍ ആന്‍റണി എന്ന അഭിനേതാവ്. എഴുപത്താറാം വയസ്സില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോഴാണ് മുഴുവന്‍ സിനിമാപ്രേമികളും ഈ കലാകാരനെ തിരിച്ചറിഞ്ഞതെങ്കിലും ആന്‍റണിയുടെ കലാജീവിതം കുട്ടിക്കാലത്തേ ആരംഭിക്കുന്ന ഒന്നാണ്. മറ്റൊരര്‍ഥത്തില്‍ അയാളുടെ തെരഞ്ഞെടുപ്പ് പോലുമായിരുന്നില്ല അത്. അത്രയേറെ സ്വാഭാവികമായാണ് ആന്‍റണി ഒരു നാടക രചയിതാവും നടനുമായത്.
ചവിട്ടുനാടക പാരമ്പര്യമുള്ള ഫോര്‍ട്ട് കൊച്ചിയിലാണ് ആന്‍റണിയുടെ ജനനം. അവിടെ വെളി മൈതാനിയിലെ ചവിട്ടുനാടക അരങ്ങുകളാവും ആന്‍റണിയിലെ നാടക കലാകാരനെ ഉണര്‍ത്തിയതും ഉദ്ദീപിപ്പിച്ചതും. സ്കൂളിലെത്തിയപ്പോള്‍ യുവജനോത്സവത്തിനും മറ്റ് ആഘോഷങ്ങള്‍ക്കുമൊക്കെ കളിക്കുന്ന നാടകങ്ങളില്‍ ആദ്യാവസാനക്കാരനായി ആന്‍റണി. ആദ്യം സ്കൂള്‍ നാടകങ്ങള്‍ രചിച്ച്, അവതരിപ്പിച്ചു അദ്ദേഹം. ഒപ്പം കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. ഈ സ്കൂള്‍ നാടകവേദികള്‍ നല്‍കിയ ആത്മവിശ്വാസത്തോടെയായിരുന്നു പിന്നീടുള്ള വളര്‍ച്ച. സ്കൂള്‍ കാലത്തുതന്നെ കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമുള്ള നാടകങ്ങളില്‍ ബാലനടനായുമെത്തി കെ എല്‍ ആന്‍റണി.
undefined
നാടകവേദിയില്‍ സ്കൂള്‍ കാലത്തുതന്നെ അദ്ദേഹം എത്തിപ്പിടിച്ച നേട്ടങ്ങള്‍ ഉണ്ടായിരുന്നു. 1957ലെ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിറ്റേവര്‍ഷം സംഘടിപ്പിച്ച യുവജനോത്സവത്തില്‍ ആന്‍റണി എഴുതിയ നാടകത്തിനായിരുന്നു ഒന്നാംസമ്മാനം ലഭിച്ചത്. ജീവിതം ആരംഭിക്കുന്നു എന്ന ഈ നാടകം പിന്നീട് ഒട്ടേറെ വേദികളില്‍ അവതരിപ്പിച്ചു. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവതരിപ്പിച്ച കണ്ണുകള്‍ എന്ന നാടകവും വലിയ ശ്രദ്ധ നേടി. എന്നാല്‍ പത്താം ക്ലാസ്സോടെ പഠിപ്പ് നിര്‍ത്തി ആന്‍റണി. പത്തില്‍ ഒരു വിഷയത്തില്‍ തോറ്റതോടെ പിന്നീട് സ്കൂളില്‍ പോയില്ല. മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി പിന്നീട്. ഒപ്പം നാടകപ്രവര്‍ത്തനവും തുടര്‍ന്നു. പത്ത് വര്‍ഷത്തോളം അദ്ദേഹം സിപിഎം ഓഫീസിലാണ് താമസിച്ചത്.
ആന്‍റണിയുടെ ജീവിതത്തിന് സമാന്തരമായി കൊച്ചിയിലെ അമച്വര്‍ നാടകരംഗവും വളര്‍ച്ച പ്രാപിക്കുന്നുണ്ടായിരുന്നു. കൊച്ചിന്‍ കലാകേന്ദ്രം എന്ന പേരില്‍ ഒരു നാടകസമിതി തന്നെ ആന്‍റണി രൂപീകരിച്ചു. പാര്‍ട്ടിയില്‍ സജീവ പ്രവര്‍ത്തകനായിരുന്ന കാലത്ത് എഴുതി അവതരിപ്പിച്ച നാടകങ്ങളുടെ ഉള്ളടക്കം രാഷ്ട്രീയപ്രധാനമായിരുന്നു. പ്രസ്ഥാനത്തിന് വേണ്ടിയുള്ള നാടകങ്ങളെന്നാണ് അദ്ദേഹം അക്കാലത്ത് എഴുതിയ നാടകങ്ങളെ വിശേഷിപ്പിച്ചത്.
1979ല്‍ കൊച്ചിന്‍ കലാകേന്ദ്രത്തില്‍ അഭിനയിക്കാനെത്തിയ ലീനയെയാണ് ആന്‍റണി ജീവിതസഖിയാക്കിയത്. വിവാഹശേഷം കുട്ടികള്‍ കൂടി വന്നതോടെ, ജീവിതം നാടകാവതരണങ്ങള്‍ കൊണ്ടുമാത്രം പുലരില്ലെന്ന് ബോധ്യമായി അദ്ദേഹത്തിന്. സ്വന്തം നാടകങ്ങള്‍ പുസ്തകമാക്കി വീടുകള്‍ തോറും കൊണ്ടുനടന്ന് വില്‍ക്കാന്‍ തീരുമാനിച്ചു. സാക്ഷാല്‍ ചെറുകാട് ആയിരുന്നു ഈ ആശയത്തിനുള്ള പ്രചോദനം. ആദ്യമായി പ്രസിദ്ധീകരിച്ചത് കുരുതി എന്ന നാടകമായിരുന്നു. പല പുസ്തകങ്ങളായി 50,000 കോപ്പികളിലേറെ അദ്ദേഹം ഇത്തരത്തില്‍ വിറ്റിട്ടുണ്ട്. നാടകവേദികളോട് അകലം പാലിക്കേണ്ടിവന്ന ഇക്കാലത്ത് അതില്‍ നിന്നുള്ള മോചനത്തിനായി ചില നാടകങ്ങള്‍ അദ്ദേഹമൊരുക്കിയിരുന്നു. രണ്ട് കഥാപാത്രങ്ങള്‍ മാത്രം വേദിയിലെത്തുന്ന നാടകങ്ങള്‍. ആ കഥാപാത്രങ്ങളെ ആന്‍റണിയും ഭാര്യ ലീനയും തന്നെ അരങ്ങിലെത്തിച്ചു. 'മഹേഷിന്‍റെ പ്രതികാരം' പുറത്തെത്തുന്നതിന് രണ്ട് വര്‍ഷം മുന്‍പും അദ്ദേഹം അത്തരത്തിലൊരു നാടകം അവതരിപ്പിച്ചിരുന്നു. അമ്മയും തൊമ്മനും എന്ന നാടകത്തില്‍ നാല്‍പത് വയസ്സുകാരനായി അഭിനയിച്ചത് എഴുപത്തി മൂന്ന് വയസ്സുള്ള ആന്‍റണി തന്നെയായിരുന്നു. അറുപത്തിമൂന്നുകാരി ലീന തൊമ്മന്‍റെ അമ്മയുമായി ആ നാടകത്തില്‍..