മേരിക്കുട്ടി ഏറ്റവും കൂടുതല്‍ തവണ ഉപേക്ഷിച്ച സിനിമ, ധൈര്യം തന്നത് ജയസൂര്യ: രഞ്ജിത്ത് ശങ്കര്‍

By Nirmal Sudhakaran  |  First Published Jun 12, 2018, 6:27 PM IST

"ഷൂട്ടിംഗ് തുടങ്ങുന്നതിന് രണ്ടാഴ്ച മുന്‍പ് മുതല്‍ സ്വന്തം വീട്ടില്‍ ഒരു സ്ത്രീ ആയിട്ടാണ് ജയസൂര്യ ജീവിച്ചത്. സ്ത്രീയുടെ വേഷത്തില്‍, പുറത്തുള്ളവരെയൊന്നും കാണാതെ, അങ്ങനെ.."


പറയുന്ന വിഷയത്തില്‍ എപ്പോഴും കൗതുകം കാത്തുവെക്കുന്ന സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. സംവിധാനം ചെയ്ത ഭൂരിഭാഗം സിനിമകളിലും നായക കഥാപാത്രത്തെ അവതരിപ്പിച്ച ജയസൂര്യ തന്നെയാണ് ഇക്കുറിയും. പക്ഷേ ഇവിടെ കഥാപാത്രത്തെ 'നായകന്‍' എന്ന് പൂര്‍ണാര്‍ഥത്തില്‍ പറയാനാവില്ല. കാരണം സിനിമയുടെ പേര് നല്‍കുന്ന സൂചനയ്ക്കപ്പുറം ഒരു ട്രാന്‍സ് സെക്ഷ്വലാണ് ജയസൂര്യയുടെ കഥാപാത്രം. 'മാത്തുക്കുട്ടി'യില്‍ നിന്ന് 'മേരിക്കുട്ടി'യിലേക്കുള്ള ഒരു വ്യക്തിയുടെ പ്രയാണമാണ് തന്‍റെ പുതിയ ചിത്രമെന്ന് പറയുന്നു രഞ്ജിത്ത് ശങ്കര്‍. ഒപ്പം ഇതരലൈംഗികതയോടുള്ള മലയാളിയുടെ മനോഭാവം മാറുന്നുണ്ടെങ്കിലും ഇത്തരത്തിലൊരു വിഷയം സിനിമയില്‍ കൈകാര്യം ചെയ്യുമ്പോള്‍ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും..


ആണും പെണ്ണുമല്ല, മനുഷ്യന്‍റെ കഥ പറയുന്നു എന്നാണ് പോസ്റ്ററില്‍. ആരാണ് 'മേരിക്കുട്ടി'?

Latest Videos

undefined


ജയസൂര്യ അവതരിപ്പിക്കുന്ന, പ്രധാന കഥാപാത്രത്തിന്‍റെ പേരാണ് മേരിക്കുട്ടി. ആ വ്യക്തി മുന്‍പ് 'മാത്തുക്കുട്ടി' ആയിരുന്നു. പുരുഷനായി ജനിച്ച, എന്നാല്‍ സ്ത്രീയുടെ മനസ്സുണ്ടായിരുന്ന ഒരാള്‍. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അയാള്‍ പൂര്‍ണമായും ഒരു സ്ത്രീയാവുന്നു. അങ്ങനെയൊരാള്‍ നമ്മുടെ സമൂഹത്തില്‍, സ്വന്തം പേരും വ്യക്തിത്വവും കണ്ടെത്താന്‍ നടത്തുന്ന ശ്രമമാണ് സിനിമ.


നമ്മുടെ പോപ്പുലര്‍ സിനിമ ലിംഗരാഷ്ട്രീയത്തെയൊക്കെ പരിഗണിച്ച് തുടങ്ങിയിട്ടേയുള്ളൂ. നായക കേന്ദ്രീകൃത സിനിമകളിലെ സ്ത്രീകഥാപാത്രങ്ങള്‍ തന്നെ പലപ്പോഴും നായകന് തമാശയുണ്ടാക്കാനായി സൃഷ്ടിക്കപ്പെട്ടവയായിരുന്നു. ഇതരലിംഗക്കാരായ കഥാപാത്രങ്ങളുടെ കാര്യം പറയണ്ട, പരിഹാസത്തിന്‍റെ ഭയാനക വെര്‍ഷനുകളിലാണ് അവര്‍ അവതരിപ്പിക്കപ്പെട്ടത്. കാലം മാറിയെങ്കിലും നമ്മുടെ സിനിമയില്‍ ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുമ്പോഴുള്ള റിസ്ക് എലമെന്‍റുകള്‍ എന്തൊക്കെയാണ്?


റിസ്‍ക് എലമെന്‍റ് എന്നുള്ളതല്ല. പക്ഷേ ഒരു കൊമേഴ്‍സ്യല്‍ സിനിമയില്‍ ഇതുപോലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അല്‍പം ഭയപ്പെടുത്തുന്ന കാര്യമാണ്. പൊതുസമൂഹത്തിന് അകല്‍ച്ച തോന്നുന്ന ഒരു വിഭാഗം മനുഷ്യരാണത്. ഇനി സമൂഹത്തിന്‍റെ അഭിപ്രായങ്ങളില്‍ നിന്ന് വേറിട്ട് ചിന്തിക്കുന്ന, ബുദ്ധിയുള്ളവരെന്ന് നമ്മള്‍ കരുതുന്നവര്‍ക്ക് പോലും ആ മനുഷ്യര്‍ എന്താണെന്നുപോലും അറിയില്ല. അവര്‍ക്കുവേണ്ടി വാദിക്കുന്നവര്‍ പോലും അവര്‍ എന്താണെന്ന് അറിഞ്ഞിട്ടോ മനസിലാക്കിയിട്ടോ അല്ല പലപ്പോഴും വാദിക്കുന്നതെന്നാണ് ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ എനിക്ക് മനസിലായത്. അപ്പോള്‍ അങ്ങനെയൊരു സമൂഹത്തില്‍ ഈ വിഭാഗത്തില്‍ നിന്നൊരു കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിക്കുന്നതിന്‍റെ പേടിയുണ്ടായിരുന്നു. 

പ്രേതം ചെയ്യുന്ന സമയത്താണ് ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന് എനിക്ക് ആദ്യം തോന്നിയത്. ആ സമയത്ത് നടി പേളി മാണിയുടെ കൂടെയാണ് ഞാന്‍ ഇത്തരം മനുഷ്യരെ ആദ്യമായി അടുത്തറിയുന്നത്. നമ്മളെക്കാളൊക്കെ വളരെ സുപ്പീരിയര്‍ ആയ ആള്‍ക്കാരായാണ് എനിക്ക് ഇവരെ അനുഭവപ്പെട്ടത്. അവരുടെ മനസ്സില്‍ സ്നേഹം മാത്രമേയുള്ളൂ. നമ്മുടെ മനസിലാണ് അസൂയയും കുശുമ്പും പകയുമൊക്കെയുള്ളത്. പക്ഷേ ആ സമൂഹം വളരെ തെറ്റായ രീതിയിലാണ് പ്രൊജക്ട് ചെയ്യപ്പെടുന്നത്. പക്ഷേ ഇത്തരമൊരു കഥാപാത്രത്തെവച്ച് സിനിമ ചെയ്യണമെന്ന് അന്ന് തോന്നിയെങ്കിലും  പേടിമൂലം മാറ്റിവച്ചു. ഇപ്പോള്‍ സിനിമയുടെ ട്രെയ്‍ലറിനും പാട്ടിനുമൊക്കെ ലഭിച്ച സ്വീകാര്യത ജയസൂര്യയുടെ കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് അകല്‍ച്ചയൊന്നും തോന്നുന്നില്ല എന്നതിന്‍റെ തെളിവാണ്. ആദ്യം കാണുമ്പോള്‍ത്തന്നെ അങ്ങനെയാണ് തോന്നുന്നതെങ്കില്‍ പിന്നെ തീയേറ്ററിലേക്ക് ആരും വരില്ല. അതായിരുന്നു വലിയ വെല്ലുവിളി. എന്‍റെ കരിയറില്‍ ചെയ്യണമെന്നാലോചിച്ച് ഏറ്റവും കൂടുതല്‍ തവണ ഉപേക്ഷിച്ച സിനിമയാണ് മേരിക്കുട്ടി. അങ്ങനെ പലകുറി സംഭവിച്ചെങ്കിലും ഈ വിഷയം എന്നെ വിട്ടുപോകാന്‍ തയ്യാറല്ലായിരുന്നു. ഇവരെക്കുറിച്ചുള്ള വാര്‍ത്തകളില്‍ക്കൂടിത്തന്നെയാണ് ഈ വിഷയം എന്‍റെ ശ്രദ്ധയില്‍ നിന്ന് പോകാതെ നിന്നത്. അത്തരത്തിലൊരാളെ വനിത കവര്‍ ഇമേജാക്കി. ഒരാള്‍ മമ്മൂട്ടിയുടെ സിനിമയില്‍ നായികയായി അഭിനയിക്കുന്നു. വേറൊരാള്‍ ടെക്‍നോപാര്‍ക്കിലെ വലിയൊരു സ്ഥാപനത്തില്‍ ഉയര്‍ന്ന ഉദ്യോഗം നേടുന്നു. ഒരാള്‍ റേഡിയോ ജോക്കിയാവുന്നു. അങ്ങനെ സമൂഹത്തിലെ മാറ്റം കാണുമ്പോള്‍ ഈ വിഷയത്തിന്‍റെ പ്രസക്തി എന്താണെന്ന് മനസ്സിലായി. എന്നിട്ടും ഇത് ചെയ്യാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. 

പുണ്യാളന്‍ കഴിഞ്ഞ് ചില വിദേശരാജ്യങ്ങളില്‍ യാത്ര ചെയ്യാനുള്ള അവസരമുണ്ടായി. അവിടെയും ഈ വിഷയം എന്നെ പിന്തുടര്‍ന്നു. യാത്രയ്ക്കിടെ ഈ വിഭാഗത്തില്‍ നിന്നുള്ള ഒട്ടേറപ്പേരെ പരിചയപ്പെടാന്‍ ഇടയായി. എയര്‍പോര്‍ട്ടില്‍ എന്നെ കൂട്ടാന്‍ വന്ന ഒരാള്‍, കാര്‍ഡ്രൈവര്‍, ടൂര്‍ ഗൈഡ് ഒക്കെ ഈ വിഭാഗത്തില്‍ പെടുന്നവരായിരുന്നു. പക്ഷേ നമ്മുടെ സമൂഹത്തില്‍ നിന്ന് വ്യത്യസ്തമായി അവരൊക്കെ വളരെ സന്തോഷകരമായ ജീവിതം നയിക്കുന്ന മനുഷ്യരാണെന്ന് മനസ്സിലായി. പിന്നീട് വിഷയത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി. അമേരിക്കയിലൊക്കെ ഈ വിഷയത്തെ സാമൂഹിക സംവിധാനങ്ങളൊക്കെ എത്ര സൂക്ഷ്‍മതയോടെയാണ് പരിഗണിക്കുന്നതെന്ന് അറിഞ്ഞു. ജനിക്കുമ്പോള്‍ ഒരാള്‍ക്ക് ആറ് വിരലുകളുണ്ടെങ്കില്‍ അത് അയാളുടെ കുറ്റമാണോ? ഒരു സ്കൂള്‍ വിദ്യാര്‍ഥിക്ക് ഇത്തരം 'പ്രത്യേകത'യുണ്ടെന്ന് മനസിലാക്കിയാല്‍ അവിടെ മാതാപിതാക്കള്‍ക്ക് വരെ കൗണ്‍സലിംഗ് നല്‍കും. അവിടുത്തെ ചില കുടുംബ വാട്ട്സ്ആപ് ഗ്രൂപ്പുകളിലൊക്കെ വന്ന ചില സന്ദേശങ്ങള്‍ കണ്ടു. 'ജാക്ക് നാളെ മുതല്‍ ആനിയാണ്..' എന്ന മട്ടിലുള്ള സന്ദേശങ്ങള്‍. വിദേശങ്ങളില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നല്ല. പക്ഷേ നമ്മുടെ ഇടത്തെ അപേക്ഷിച്ച് അവര്‍ക്കുള്ള സ്വീകാര്യത വലുതാണ്. ആലോചനകള്‍ക്കൊക്കെ അവസാനം എനിക്ക് തോന്നി, കരിയറിന്‍റെ ഈയൊരു ഘട്ടത്തില്‍ ഈ സിനിമ ചെയ്യില്ലെങ്കില്‍ പിന്നീട് ചെയ്യാന്‍ പോകുന്നില്ലെന്ന്. ഇതൊരു വൈകല്യമല്ല, വൈവിധ്യമാണെന്നാണ് സിനിമയിലൂടെ ഞാനും പറയാന്‍ ശ്രമിക്കുന്നത്. എന്നെ കുറെയൊക്കെ വ്യക്തിപരമായി ബാധിച്ച സിനിമ കൂടിയാണ് ഇത്. എന്‍റെ പല വ്യക്തിപരമായ അഹന്തകളും തെറ്റായിരുന്നെന്ന് സ്വയം ബോധ്യപ്പെട്ടു. ഇതര ലിംഗത്തിലുള്ളവരെക്കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാട് അത്ര നല്ലതൊന്നുമായിരുന്നില്ല, കുറച്ച് മുന്‍പുവരെ. ഈ സിനിമ കാണുന്ന പ്രേക്ഷകരിലും അക്കാര്യത്തില്‍ ചെറുതെങ്കിലും ഗുണപരമായ ഒരു മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.  

 

ജയസൂര്യയുടെ കഥാപാത്ര രൂപീകരണത്തെ വലിയതോതില്‍ സ്വാധീനിച്ച ഏതെങ്കിലും ഒരു വ്യക്തിയുണ്ടോ? അതോ മൊത്തത്തില്‍ നടത്തിയ റിസര്‍ച്ചില്‍ നിന്നും രൂപപ്പെടുത്തിയതാണോ മേരിക്കുട്ടിയെ?

 

രണ്ടാമത് ചോദിച്ചതുപോലെയാണ്. ഏതെങ്കിലും ഒരു വ്യക്തിയുടെ ജീവിതം അടിസ്ഥാനമാക്കിയാല്‍ അതിനോട് സത്യസന്ധത പുലര്‍ത്തേണ്ടിവരും. അങ്ങനെയെങ്കില്‍ സംവിധായകന് എടുക്കാവുന്ന സിനിമാറ്റിക് ആയ സ്വാതന്ത്ര്യം കുറയും. ഒരുപാട് വ്യക്തികളുടെ ഇന്‍സ്പിരേഷനുണ്ട് മേരിക്കുട്ടിക്ക് പിന്നില്‍. ഒരു ഇരുപത്തഞ്ച് പേരെയെങ്കിലും നേരിട്ടുകണ്ട് സംസാരിച്ചിട്ടുണ്ട്. പലരെയും ഫോണില്‍ വിളിച്ചു. പലരെക്കുറിച്ചും വായിച്ചു. പുറത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ ശ്രമിച്ചു. അങ്ങനെ മാത്രമേ ഈ വിഷയത്തെ സമീപിക്കാന്‍ പറ്റുമായിരുന്നുള്ളൂ. നമ്മള്‍ ചെറുതായി കാണുന്ന പല കാര്യങ്ങളും അവര്‍ക്ക് അങ്ങനെയാവണമെന്നില്ല. ഉദാഹരണത്തിന് സ്വന്തം പേരില്‍ ഒരു കത്ത് വരുന്നത് അവര്‍ക്ക് വലിയ സന്തോഷമാണ്. ഗസറ്റില്‍ പേര് മാറ്റുന്നതുപോലെയല്ല ലിംഗമാറ്റത്തിലൂടെയുള്ള അവരുടെ പേരുമാറ്റം. അത് സമൂഹം അംഗീകരിക്കണ്ടേ? കേരളത്തിലെ അവസ്ഥ എന്താണ്? 2014ല്‍ ഇന്ത്യയില്‍ ആദ്യമായി ഒരു ട്രാന്‍സ്‍ജെന്‍ഡര്‍ പോളിസി നടപ്പാക്കിയ സംസ്ഥാനമാണിതെന്നാണ് പറയപ്പെടുന്നത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ എല്ലാ ചൊവ്വാഴ്ചയും പ്രവര്‍ത്തിക്കുന്ന ഒരു ട്രാന്‍സ്‍ജെന്‍ഡര്‍ ക്ലിനിക്ക് ഉണ്ടെന്ന് പറയപ്പെടുന്നു. അങ്ങനെ പലപല കാര്യങ്ങള്‍. പക്ഷേ ഇതൊക്കെ വെറും പറച്ചില്‍ മാത്രമാണ്, ഒന്നും പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇവര്‍ക്ക് ഒരു ഐഡി കാര്‍ഡ് ലഭിക്കാനായി സെക്രട്ടേറിയറ്റിന് മുന്നില്‍ ആഴ്ചകളോളം സമരം ചെയ്യേണ്ടിവരുന്നത്. തമിഴ്‍നാട്ടില്‍ പോലും ഇത്രയും പ്രശ്നമില്ല. 


ട്രെയ്‍ലറിലും പാട്ടിലുമൊക്കെ ജയസൂര്യ പ്രതീക്ഷ നല്‍കുന്നുണ്ട്. ക്യാപ്റ്റന് ശേഷമെത്തുന്ന ജയസൂര്യ ചിത്രം എന്നതുകൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രതീക്ഷ അല്‍പം ഉയര്‍ന്നതായിരിക്കും. എന്താണ് ശരിക്കും ആ കഥാപാത്രം? മേരിക്കുട്ടിയായി എങ്ങനെയുണ്ട് ജയസൂര്യ?


ഈ സിനിമ ചെയ്യാനുള്ള വലിയൊരു കാരണം ജയസൂര്യയാണ്. ജയന്‍റെ കൂടെ ഇത് അഞ്ചാമത്തെ സിനിമയാണ്. മുന്‍പ് ചെയ്ത നാല് സിനിമയും യഥാര്‍ഥത്തില്‍ ജയനെ വച്ച് ചെയ്യാന്‍ പ്ലാന്‍ ചെയ്തതല്ല. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് പോലും അങ്ങനെ ആയിരുന്നു. പക്ഷേ മേരിക്കുട്ടി ആലോചിച്ച് തുടങ്ങിയപ്പോള്‍ മുതല്‍ എനിക്ക് ജയനല്ലാതെ വേറൊരു ഓപ്ഷന്‍ ഇല്ലായിരുന്നു. നേരത്തേ പറഞ്ഞതുപോലെ ഈ വിഷയം എന്നെ ഭയപ്പെടുത്തിയപ്പോഴൊക്കെ ധൈര്യം തന്നത് ജയസൂര്യയാണ്. ആ ധൈര്യപ്പെടുത്തല്‍ ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ ഇത് ചെയ്യില്ലായിരുന്നു. മേരിക്കുട്ടിയെ അഭിനയിച്ച് ഫലിപ്പിക്കുക, ഏത് അഭിനേതാവിനും കടുപ്പമാണ്. അത് ഏറ്റെടുക്കുന്നതില്‍ തന്നെ വെല്ലുവിളിയുണ്ട്. കരിയറിന്‍റെ ഒരു വിജയഘട്ടത്തില്‍ ഇത്തരം കഥാപാത്രങ്ങള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് അഭിനേതാക്കള്‍ക്ക് സംശയമൊക്കെ തോന്നാം. പക്ഷേ ജയസൂര്യയ്ക്ക് അത്തരം സംശയങ്ങളൊന്നും ഉണ്ടായില്ല. 

ചെയ്യാന്‍ തീരുമാനിച്ചതിന് ശേഷം തുടക്കത്തില്‍ ആലോചിക്കാതിരുന്ന പല കാര്യങ്ങളിലും ഒരുപാട് ആലോചനകള്‍ വേണ്ടിവന്ന സിനിമയാണിത്. മേക്കപ്പിലും കോസ്റ്റ്യൂമിലുമൊക്കെ. പ്രീ-പ്രൊഡക്ഷന്‍ തന്നെ ചെലവേറിയതായിരുന്നു. മേരിക്കുട്ടിയുടെ പാത്രരൂപീകരണത്തിലെ പ്രത്യേകത കൊണ്ട് വന്ന അധിക വെല്ലുവിളികളുണ്ട്. കഥാപാത്രം ബുദ്ധിയും വിദ്യാഭ്യാസവുമൊക്കെയുള്ള ഒരാളാണ്. അവര്‍ക്ക് അവരുടേതായ ഒരു നിലവാരമുണ്ട്. ആ നിലവാരത്തിലുള്ള, ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്‍റെ വെല്ലുവിളി ഉണ്ടായിരുന്നു. വിദ്യാഭ്യാസമില്ലാത്ത വ്യക്തിയായിരുന്നു മേരിക്കുട്ടിയെങ്കില്‍ മറ്റൊരു രീതിയിലാവും അപ്രോച്ച്. അത് ഇതിലും എളുപ്പമാണെന്നും തോന്നുന്നു. നമുക്ക് വലുതെന്ന് തോന്നുന്ന കാര്യങ്ങള്‍ മേരിക്കുട്ടിക്ക് അങ്ങനെ ആയിരിക്കില്ല. എംസിഎ ഒക്കെ പഠിച്ച് ഒരു ലക്ഷം ശമ്പളം വാങ്ങി ചെന്നൈയില്‍ ജോലി ചെയ്യുന്ന ഒരാള്‍. 22-23 വയസ്സിലാണ് അവര്‍ ശസ്ത്രക്രിയയ്ക്കുള്ള തീരുമാനമെടുക്കുന്നത്. 

കഥാപാത്രമായി മാറാന്‍ ജയന്‍ തന്‍റേതായ ശ്രമങ്ങള്‍ നടത്തിയിരുന്നു, പ്രീ-പ്രൊഡക്ഷന്‍ ഘട്ടത്തില്‍. ഇത്രയും സിനിമകള്‍ ഒരുമിച്ച് ചെയ്തിട്ടും നടന്‍ എന്ന നിലയില്‍ ജയസൂര്യയോട് എനിക്ക് ആദ്യമായി ബഹുമാനം തോന്നിയ സിനിമയാണ് ഇത്. അത് എങ്ങനെ വന്നിട്ടുണ്ട് എന്നത് പ്രേക്ഷകരാണ് പറയേണ്ടത്. അയാള്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചാണ് പറയുന്നത്. കാതുകുത്തലൊന്നും ഞാന്‍ ആലോചിച്ചതല്ല. അയാള്‍ സത്യസന്ധമായി ചെയ്തതാണ്. മേരിക്കുട്ടി അനുഭവിച്ച പെയിന്‍ അനുഭവിക്കുക എന്നതിലുപരി നന്നായി പെര്‍ഫോം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കൈ തട്ടി കമ്മല്‍ പോയാലോ എന്നതായിരുന്നു ജയന്‍റെ ലോജിക്ക്. പിന്നെ, ഷൂട്ടിംഗ് തുടങ്ങുന്നതിന് രണ്ടാഴ്ച മുന്‍പ് മുതല്‍ സ്വന്തം വീട്ടില്‍ ഒരു സ്ത്രീ ആയിട്ടാണ് ജയസൂര്യ ജീവിച്ചത്. സ്ത്രീയുടെ വേഷത്തില്‍, പുറത്തുള്ളവരെയൊന്നും കാണാതെ, അങ്ങനെ. പക്ഷേ ഇത്തരത്തില്‍ തയ്യാറെടുപ്പുകളൊക്കെ ഉണ്ടായിരുന്നെങ്കിലും ഷൂട്ടിംഗ് എളുപ്പമായിരുന്നില്ല. ഒന്നും ശരിയാവുന്നുണ്ടായിരുന്നില്ല. അങ്ങനെ നാല് ദിവസത്തിന് ശേഷം ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതാണ്. കാരണം ആ കഥാപാത്രം നമ്മള്‍ ഉദ്ദേശിച്ച ഒരു തലത്തിലേക്ക് എത്തുന്നുണ്ടായിരുന്നില്ല. എനിക്ക് കറക്ട് ചെയ്യാനും പറ്റുന്നില്ലായിരുന്നു. കാരണം കൃത്യമായി ഈ രീതിയില്‍ അഭിനയിക്കണമെന്ന് പറഞ്ഞുകൊടുക്കാനും എനിക്ക് പറ്റുന്നില്ലായിരുന്നു. പക്ഷേ പിന്നീട് എന്തോ ഭാഗ്യത്തിന് അതങ്ങ് ശരിയായി. നാലാമത്തെ ദിവസം രാത്രി ഒരു ഷോട്ട് എടുത്തപ്പോള്‍ കുറച്ച് ശരിയായി. അന്ന് പുലര്‍ച്ചെ വരെ അതേക്കുറിച്ച് ഞങ്ങളിരുന്ന് സംസാരിച്ചു. ആദ്യ നാല് ദിവസം എടുത്തത് പിന്നീട് റീഷൂട്ട് ചെയ്തു. 


പുണ്യാളന്‍ മുതല്‍ മേരിക്കുട്ടി വരെ, ചെയ്തതില്‍ പകുതി സിനിമകളിലും ജയസൂര്യയാണ് നായകന്‍. എന്താണ് ജയസൂര്യയ്ക്കൊപ്പമുള്ള കംഫര്‍ട്ട് സോണ്‍?


അങ്ങനെ കംഫര്‍ട്ട് സോണ്‍ ഇഷ്ടപ്പെടുന്ന ഒരാളല്ല ഞാന്‍. അതുകൊണ്ടാണ് ഇതുപോലെയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നത്. അതല്ലായിരുന്നെങ്കില്‍ എളുപ്പത്തില്‍ ബിസിനസ് ചെയ്ത് പൈസ ഉണ്ടാക്കാവുന്നതരം സിനിമകളുണ്ട്. ഒരു വെല്ലുവിളിയും ഉയര്‍ത്താത്ത ഒരു സിനിമ എനിക്ക് ചെയ്യാനാവില്ല. സംവിധാനത്തിന് പുറമെ പ്രൊഡക്ഷനും ഡിസ്ട്രിബ്യൂഷനുമൊക്കെയായി ഓരോ സിനിമയ്ക്ക് പിന്നിലും പ്രയത്നം കൂടുതലാണ്. പക്ഷേ അതൊന്നും യാന്ത്രികമായി തോന്നാറില്ല. അത് ഇത്തരം വിഷയങ്ങള്‍ സ്വീകരിക്കുന്നതുകൊണ്ടാണ്. ജയനുമായി കഴിഞ്ഞ നാല് സിനിമകളും പ്ലാന്‍ ചെയ്യാതെ സംഭവിച്ചതാണെന്ന് പറഞ്ഞല്ലോ. പലപ്പൊഴും അത് ജയന്‍റെ ഭാഗത്തുനിന്നുള്ള ശ്രമമാണ്. പിന്നെ, ഈ സിനിമകളൊക്കെ പറയുന്ന വിഷയങ്ങള്‍ക്ക് ഏറ്റവും യോജിക്കുന്ന നടന്‍ അദ്ദേഹമാണ്. 


പത്താമത്തെ സിനിമയാണ് മേരിക്കുട്ടി. ഒരു സംവിധായകന്‍ എന്ന നിലയില്‍ തോന്നുന്നത് എന്താണ്? ഒരു രഞ്ജിത്ത് ശങ്കര്‍ ചിത്രത്തിന് കാത്തിരിക്കുകയോ തീയേറ്ററിലെത്തിയാല്‍ ആദ്യ ദിവസങ്ങളില്‍ മുടങ്ങാതെ പോയി കാണുകയോ ചെയ്യുന്ന പ്രേക്ഷകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞോ?


ഒരിക്കലുമില്ല. അങ്ങനെ ഒരാള്‍ പോലുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഓരോന്നും ഓരോ സിനിമയാണ്. അതാത് സിനിമകളാണ് പ്രേക്ഷകരില്‍ താല്‍പര്യമുണ്ടാക്കുന്നത് എന്നാണ് എന്‍റെ വിശ്വാസം. പ്രത്യേകിച്ച് ഇപ്പോഴത്തെ കാലത്ത്. അല്ലാതെ യാതൊരുവിധ തെറ്റിദ്ധാരണകളും എനിക്കില്ല. 


ഫിലിംമേക്കര്‍ എന്നതിന് പുറമെ നിര്‍മ്മാണവും വിതരണവും ചെയ്യുന്നുണ്ട്. 2012 മുതല്‍ ഡ്രീംസ് ആന്‍റ് ബിയോണ്ടിന്‍റെ ബാനറിലാണ് സ്വന്തം സിനിമകള്‍ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജയസൂര്യയ്ക്കൊപ്പം ചേര്‍ന്ന് വിതരണവും ആരംഭിച്ചു. ഒരു ബിസിനസ് മോഡല്‍ എന്ന നിലയില്‍ ഈ മാതൃക നല്‍കുന്ന സ്വാതന്ത്ര്യം എന്താണ്? ഒരര്‍ഥത്തില്‍ മറ്റൊരു നിര്‍മ്മാതാവിനെ കണ്‍വിന്‍സ് ചെയ്യിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണോ രഞ്ജിത്ത് ശങ്കര്‍ ചെയ്യുന്ന തരം സിനിമകള്‍?


അതില്‍ ഗുണവും ദോഷവുമുണ്ട്. ഗുണം എന്താണെന്ന് വച്ചാല്‍, ഇപ്പോള്‍ മേരിക്കുട്ടിയുടെ കാര്യം വച്ച് പറയാം. അതില്‍ കടന്നുവന്ന അധിക ചെലവുകളെക്കുറിച്ച് നമുക്ക് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. നമ്മുടെ ഇഷ്ടത്തിന് ചെയ്യാം എന്ന സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഇതിന്‍റെ കുഴപ്പം, നമുക്ക് ഫിലിംമേക്കിംഗിന്‍റെ ഓരോ തലത്തിലും സാമ്പത്തികമായ ആലോചനകൂടി കടന്നുവരും എന്നതാണ്. അത് സര്‍ഗാത്മകതയെ ബാധിക്കുന്നുണ്ടോ എന്ന് ചോദിക്കാല്‍ അങ്ങനെയുണ്ടാവാം. പക്ഷേ വേറെ നിവൃത്തിയില്ല. അതിജീവിക്കാന്‍ ശ്രമിക്കുക എന്നതേ ചെയ്യാനുള്ളൂ.

പിന്നെ മറ്റ് നിര്‍മ്മാതാക്കളുടെ ലഭ്യതയില്ലായ്മ ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്കില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവിടുത്തെ പ്രധാനപ്പെട്ട പത്ത് നിര്‍മ്മാതാക്കളെങ്കിലും എനിക്കുവേണ്ടി മുതല്‍മുടക്കാന്‍ തയ്യാറാണ്. ഇതൊരു അഹങ്കാരമായി പറയുന്നതല്ല. പക്ഷേ സിനിമയിലൂടെ കുറെ പണമുണ്ടാക്കണം എന്ന ആഗ്രഹക്കാരനല്ല ഞാന്‍. അതുകൊണ്ടാണ് ആ ഓഫറുകള്‍ സ്വീകരിക്കാതിരുന്നത്. പണത്തിനുവേണ്ടി ഒരിക്കലുമൊരു സിനിമ ചെയ്തിട്ടില്ലെന്ന് അഭിമാനത്തോടെ പറയാനാവും. ചെയ്ത പത്ത് സിനിമകളും എന്‍റെ ഇഷ്ടത്തിലാണ് ചെയ്തത് എന്നും ഉറപ്പോടെ പറയാന്‍ കഴിയും. 

click me!