Latest Videos

മലയാളിയെ പൊള്ളിക്കുന്ന ചുംബനം

By JAYAN P MFirst Published Oct 11, 2017, 6:30 PM IST
Highlights

ആഴമുള്ള സ്‌നേഹബന്ധങ്ങളെയും പ്രണയത്തെയും ഭയക്കുന്ന/ രക്ഷിതാവ് ചമഞ്ഞ് അതിനെ അടിച്ചോടിക്കുന്ന പുരുഷമലയാളിയെ, അവന്റെ മുഴുനീള ചേഷ്‍ടകളെ പച്ചയ്ക്ക് കാണാന്‍ കഴിഞ്ഞു. പ്രതാപ് ജോസഫ് ഒരുക്കിയ 'രണ്ടു പേര്‍ ചുംബിക്കുമ്പോള്‍' എന്ന സിനിമയില്‍. മൊബൈല്‍ ക്യാമറയില്‍ ചുംബനരംഗം പകര്‍ത്തി ബ്ലാക്‌മെയിലിന് മുതിരുന്ന യുവാവില്‍ മാത്രമല്ല വിദ്യര്‍ത്ഥിനിയോടൊപ്പം ചേര്‍ന്നിരിക്കുന്ന അധ്യാപകന്റെ ഉള്ളിലും വീട്ടമ്മയായ പഴയ കാമുകിയോടൊപ്പം ഇരിക്കുന്ന പൊലീസുകാരന്റെയുള്ളിലുമെല്ലാം വിറളി പൂണ്ടിരിപ്പുണ്ട് ഒരു സദാചാരപുരുഷന്‍. തനിക്കൊപ്പം തന്റെ ശരീരത്തെ തൊട്ടുകൊണ്ട് ഒരു പെണ്‍കുട്ടി ഇരിക്കുന്നു എന്നതില്‍ എന്തെല്ലാം വേവലാതികളാണ് ഇതിലെ ആണുങ്ങള്‍ക്കുള്ളത്. അവരുടെ ശരീരചലനങ്ങളും ഭാവഹാവാദികളും ശരാശരി മലയാളിപുരുഷനെ മുറിച്ചുവെച്ചതുപോലെ അനുഭവിപ്പിക്കുന്നു ചിത്രം.

 

മുന്‍ അനുമതിയില്ലാതെ മൊബൈലില്‍ ചിത്രം പകര്‍ത്തി സദാചാരം പഠിപ്പിക്കുന്ന/അതുവെച്ച് ബ്ലാക്‌മെയിലിന് മുതിരുന്ന ചെറുപ്പക്കാരന്റെ കാല് പിടിക്കുന്ന, തനിക്ക് തെറ്റ് പറ്റിയെന്ന് ഏറ്റ് പറയുന്ന മാന്യതയുടെ മൂടുപടമിട്ട മലയാളിയുടെ ശരിയായ മാനറിസം എത്ര അനായാസേനയാണ് സിനിമയിലെ ആദ്യ ഷോട്ടില്‍തന്നെ നടന്‍(അധ്യാപകന്‍) കാഴ്ചവെയ്ക്കുന്നത്. ഒരുവേള ആ കഥാപാത്രത്തോട് വല്ലാത്ത ഈര്‍ഷ്യ തോന്നുമെങ്കിലും പലപ്പോഴും സദാചാരവാദത്തോട് സന്ധി ചെയ്യുന്ന നമ്മുടെയുള്ളിന്റെയുള്ളിലെ നമ്മെത്തന്നെ ആ കഥാപാത്രം കാട്ടിത്തരുന്നുണ്ട്. താനാരാടോ അനുമതിയില്ലാതെ ചിത്രം പകര്‍ത്താന്‍ എന്ന് പറഞ്ഞ് മുഖത്തൊരു പെട കൊടുത്ത് മൊബൈല്‍ പിടിച്ചുവാങ്ങി എറിഞ്ഞുടക്കേണ്ട ധീരത പ്രകടമാകാത്തത് ആ അധ്യാപകന്റെയുള്ളിലും ഒരു സദാചാരവാദി പതുങ്ങിയിരിക്കുന്നതിനാലാണ്. ഈ സ്യൂഡോ ആണത്തമാണ് മലയാളിയുടെ ഐക്കണെന്നോര്‍ക്കണം. അവരാണ് മലയാളി പൊതുബോധനിര്‍മിതിയുടെ പിതാവെന്നോര്‍ക്കണം. ഇത്തരം ഘട്ടത്തില്‍ ജീവിതം തകര്‍ന്നല്ലോ എന്നോര്‍ത്ത് കണ്ണീരൊഴുക്കാതെ, കാല് പിടിക്കാതെ സദാചാരപൊലീസ് ചമയുന്ന ചെറുപ്പക്കാരനെ തല്ലാനായി തെറി പറഞ്ഞുകൊണ്ട് ഓടിയടുക്കുന്ന വിദ്യാര്‍ത്ഥിയും പൂര്‍വപ്രണയത്തിലെ ഓര്‍മകളില്‍ വീണുഴറുന്ന കാമുകന്റെ കൈയില്‍ അമര്‍ത്തിപ്പിടിക്കാന്‍ ആര്‍ജവം കാണിക്കുന്ന വീട്ടമ്മയും സദാചാരത്തെ ചെറുതായൊന്നു പോറുന്നുണ്ട്. അതിനെ പൊളിക്കാനുള്ള ധീരത പ്രകടിപ്പിക്കുന്നുണ്ട്.

പ്രണയത്തിന്റെയും സമരത്തിന്റെയും കാര്യത്തില്‍ ഭീരുക്കളായ ആണുങ്ങളേക്കാള്‍ ഒരു പടി മുന്നിലാണ് നമ്മുടെ പെണ്‍കുട്ടികള്‍ എന്ന വസ്തുതപുതുകാലസമരചരിത്രത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. നട്ടെല്ലുള്ള പെണ്ണത്തമാണ് സദാചാരത്തെ ഒന്നു പോറാന്‍ മുതിരുന്നതെന്ന് സിനിമ പ്രഖ്യാപിക്കുമ്പോള്‍ അത് ഒട്ടും അതിശയോക്തിയാകുന്നില്ല, സത്യത്തിന്റെ ചരിത്രവത്കരണമായാണ് മാറുന്നത്.

രണ്ടുപേര്‍ ചുംബിക്കുമ്പോള്‍/ ലോകം മാറുന്നു/അഭിലാഷങ്ങള്‍ക്ക് മാംസമുണ്ടാകുന്നു/ചിന്തകള്‍ക്ക് മാംസമുണ്ടാകുന്നു.. എന്നൊക്കെയുള്ള ഒക്ടോവിയോ പാസിന്റെ വരികള്‍ എഴുപതുകളുടെ മലയാളി സാംസ്‌കാരിക ധമനികളില്‍ എത്രയോ പാഞ്ഞെങ്കിലും യാതൊരു ഗുണവും അതുണ്ടാക്കിയില്ല എന്നതിന്റെ തെളിവായിരുന്നു ചുംബനസമരവേളയിലുണ്ടായ മലയാളി പ്രതികരണം. ഒക്ടോവിയോപാസ് ജീവിച്ചിരുന്നെങ്കില്‍, കേരളത്തിലെത്തിയിരുന്നെങ്കില്‍ ഹനുമാന്‍സേനക്കാരുടെ ചൂരല്‍ പ്രയോഗം അറിഞ്ഞേനെ, അതിനെ മൗനംകൊണ്ട് ന്യായീകരിച്ചേനെ നാം. എന്തിന് വ്യവസ്ഥാപിത ഇടതുപക്ഷത്തുനിന്നുപോലും വന്നല്ലോ മുറിയില്‍ അടച്ചിരുന്ന് ചെയ്യേണ്ടത് റോഡില്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന്. പിന്നെങ്ങനെ നാം ഹനുമാന്‍സേനക്കാരെയും അവര്‍ക്ക് കുടപിടിക്കാന്‍ ഒപ്പം നിന്ന കേരളാപൊലീസിനെയും കുറ്റം പറയും. അത്രയ്ക്ക് മതവത്കരിക്കുകയും പിന്തിരിപ്പനാകുകയും ചെയ്തതാണ് നമ്മുടെ പ്രണയവും ലൈംഗിതകയും. പരസ്പരമിഷ്ടമുള്ളവര്‍ ഒന്നിച്ച് നടന്നാല്‍ ഒന്ന് കെട്ടിപ്പിടിച്ചുപോയാല്‍ ചുംബിച്ചുപോയാല്‍ എത്രമാത്രം മലയാളി ഇളകിമറിയുമെന്ന് തെളിയിച്ച ഒരു സമരമായിരുന്നു ചംബനസമരം. ആ സമരം അതിന്റെ രാഷ്‍ട്രീയ/ സാമൂഹ്യപശ്ചാത്തലത്തില്‍ ചരിത്രവത്കരിക്കപ്പെട്ടു, ആര്‍കൈവ് ചെയ്യപ്പെട്ടു എന്നതാണ് ഈ ഡോക്യുഫിക്ഷന്‍ സ്വഭാവത്തിലുള്ള സിനിമയുടെ മേന്മ.

കേരളത്തിലും ഇന്ത്യയിലുമെമ്പാടും പടര്‍ന്നുപിടിച്ച ചുംബനസമരത്തിന്റെ ഷോട്ടുകള്‍ക്കൊപ്പം അതിനോട് കേരളത്തിലെ വ്യവസ്ഥാപിതവും പുരോഗമനവുമായ മനസ്സുകള്‍ എങ്ങനെ പ്രതികരിച്ചു എന്നതുകൂടി ഇതില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു എന്ന് തോന്നിപ്പോയി. കാലങ്ങള്‍ ചെന്നാല്‍ അത്തരമൊരു സംശയം ആരെങ്കിലുമുന്നയിച്ചാല്‍ അതീ സിനിമയുടെ ശൂന്യതയായേക്കും. കേരളത്തില്‍ സദാചാര പൊലീസിങ്ങിനെതിരെ ഉയര്‍ന്ന പ്രതിരോധങ്ങളുടെ നിര്‍ണായക ഏടാണ് പ്രതാപ് ഇവിടെ ആര്‍ക്കൈവ് ചെയ്തിരിക്കുന്നത്. അത് കാണേണ്ടതും അതിന്റെമേല്‍ കൂടുതല്‍ ക്രിയാത്മകമായ സംവാദങ്ങള്‍ ഉയരേണ്ടതും അവശ്യമാണ്. രാഷ്‍ട്രീയസിനിമകളെ നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ഓരോ മനുഷ്യന്റെയും ബാധ്യതയാണ് ഇത്തരം സിനിമകളുടെയും സിനിമാക്കാരുടെയും അതിജീവനം. ക്രൗഡ് ഫണ്ടിങ്ങിലൂടെ മൂലധനം കണ്ടെത്തി കഷ്‍ടപ്പെട്ട് മുന്നേറാന്‍ ശ്രമിക്കുന്ന ഇത്തരം ഫിലിം ആക്ടവിസ്റ്റുകള്‍ക്ക് കരുത്തേകാന്‍ ഈ ചുംബനത്തിന് കൂടുതല്‍ പ്രദര്‍ശനവേദികള്‍ ഒരുങ്ങട്ടെ, അതിനായി കൂടുതല്‍ പേര്‍ മുന്നോട്ട് വരട്ടെ.

click me!