ഓണത്തിന് സ്റ്റാര്‍ പുള്ളിക്കാരന്‍ തന്നെ! റിവ്യൂ

By Siniya C V  |  First Published Sep 1, 2017, 4:00 PM IST

മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ റിവ്യു. സി വി സിനിയ എഴുതുന്നു

'ടെന്‍ഷന്‍ കൊണ്ടുനടക്കാനുള്ളതല്ല വഴിയില്‍ കളയാനുള്ളതാണ്‌'. ഇത്‌ രാജകുമാരന്റെ കിടിലന്‍ ഡയലോഗ്‌ ആണ്‌. ഇതുതന്നെയാണ്‌ ശ്യാംധറിന്റെ ഓണച്ചിത്രമായ 'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന ചിത്രത്തിലുടനീളമുള്ളതും. ഒരു തരത്തില്‍ പറഞ്ഞാല്‍ പ്രേക്ഷകനെ ടെന്‍ഷനടിപ്പിക്കാതെ ലളിതമായ അവതരിപ്പിച്ച ചിത്രം എന്നു തന്നെ വിശേഷിപ്പിക്കാം. കുട്ടിക്കാലത്ത്‌ താന്‍ അറിയാതെ പെണ്ണുങ്ങളുടെ കാര്യത്തില്‍ കിട്ടുന്ന ഒരുപാട്‌ ചീത്ത പേരും അത്‌ മാറ്റാന്‍ പുള്ളിക്കാരനും സുഹൃത്തുക്കളും ശ്രമിക്കുന്നതാണ്‌ സിനിമയുടെ പ്രമേയം.

Latest Videos

undefined

ഇടുക്കിക്കാരനായ രാജകുമാരന്‍ (മമ്മൂട്ടി) അധ്യാപകരെ പഠിപ്പിക്കാനായിട്ട്‌ കൊച്ചിയിലേക്ക്‌ എത്തുന്നു. അവിടെ വച്ച്‌ രണ്ട്‌ സ്‌ത്രീകള്‍ നായകന്റെ ജീവിതത്തിലേക്ക്‌ കടന്നു വരുന്നു. തുടര്‍ന്നുണ്ടാകുന്ന കഥയാണ്‌‌ ലളിതമായ രീതിയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ്‌ ചിത്രം മുന്നേറുന്നത്‌. ശ്യാംധറിന്‌ നല്ല രീതിയില്‍ തന്നെ ഈ സിനിമ എടുക്കാന്‍ കഴിഞ്ഞു. കുടുംബത്തെ ആകര്‍ഷിപ്പിക്കുന്ന തരത്തിലാണ്‌ സിനിമ അണിയിച്ചൊരിക്കിയിരിക്കുന്നത്‌. തമാശയ്‌ക്കപ്പുറത്തേക്ക്‌ ഇതിലെ ഗാനങ്ങളും പ്രേക്ഷകര്‍ക്ക്‌ ഹരം പകരുന്നുണ്ട്‌. മമ്മൂട്ടി എന്ന നടനെ പൂര്‍ണമായും ഉപയോഗിക്കാന്‍ ശ്യാംധറിന്‌ സാധിച്ചു എന്നു തന്നെ പറയാം.

സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന തരത്തിലുള്ള ഒട്ടേറെ സന്ദശേം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സിനിമയുടെ ആദ്യഭാഗം പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ നര്‍മ്മത്തില്‍ കൊണ്ടുപോകാന്‍ സംവിധായകന്‌ കഴിഞ്ഞിട്ടുണ്ട്‌. ഇതിന്‌ അപ്പുറത്തേക്ക്‌ ഒരു അധ്യാപകനും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം എങ്ങനെയാവണമെന്നും, ഒരു അധ്യാപകന്‍ എന്നു പറഞ്ഞാല്‍ ആരാണെന്നും ആരാവണമെന്നും സിനിമ പറഞ്ഞു തരുന്നു.


മമ്മൂട്ടി ഇതില്‍ പുതുമയുള്ള ഒരു സ്വഭാവമുള്ള കഥാപാത്രമായാണ്‌ എത്തുന്നത്‌. ഇന്നസെന്റ്‌, ദിലീഷ്‌ പോത്തന്‍, ഹരീഷ്‌ കണാരന്‍ എന്നിവര്‍ ഹാസ്യം കൈവിടാതെ ഇടയ്‌ക്കിടെ പ്രേക്ഷകര്‍ക്ക്‌ പകരുന്നുണ്ട്‌‌. ഏഴുവര്‍ഷത്തിന്‌ ശേഷം ഇന്നസെന്റും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്‌. ആശാ ശരത്തും നീനയിലൂടെ സുപരിചിതമായ ദീപ്‌തി സതിയും തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കിട്ടുണ്ട്‌. നവാഗതനായ രതീഷ്‌ രവിയുടെ തിരക്കഥ ബോറടിപ്പിക്കാതെയാണ്‌ കൊണ്ടുപോകുന്നത്‌.

 

കാവാലം കിളി പൈങ്കിലിയായും, കോലുമിഠായിയുമൊക്കെ എന്നീ ഗാനങ്ങള്‍ നേരത്തെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്‌. എം ജയചന്ദ്രന്റെ സംഗീതത്തില്‍ ശ്രേയയുടെയും, വിജയ്‌ യേശുദാസിന്റെയും ശബ്‍ദം പ്രേക്ഷകരെ രസിപ്പി്‌ച്ചു. ഇതിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്‌ വിനോദ്‌ ഇല്ലംപിള്ളിിയാണ്‌. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ്‌ ചിത്രം നിര്‍മ്മിച്ചത്‌.

സിനിമയുടെ ആദ്യഭാഗം ചിരിപ്പിച്ചും ചിന്തിപ്പിച്ചുകൊണ്ടും മനോഹരമാക്കിയെങ്കില്‍ രണ്ടാം പകുതിയില്‍ ഇത്തിരി ലാഗ്‌ ചെയ്യുന്ന തരത്തിലുള്ള രംഗങ്ങളുമുണ്ട്‌. കഥ നീങ്ങുന്നത്‌ മുഴുവന്‍ രണ്ടാം പകുതിയിലാണ്‌. ചിത്രത്തിന്റെ അവസാന ഭാഗത്തിലേക്ക്‌ വരുമ്പോള്‍ ചില സീനുകള്‍ അനാവശ്യമായി തോന്നുന്നുണ്ട്‌. പ്രത്യേകിച്ച്‌ ട്വിസ്റ്റോ സസ്‌പെന്‍സോ ഒന്നുമില്ലാത്ത ലളിതമായ ഒരു കഥയാണ്‌. ഇതിന്റെ അവസാന ഭാഗം കുറേക്കൂടി മികച്ചതാക്കാന്‍ സംവിധായകനും തിരക്കഥാകൃത്തും ശ്രമിക്കണമായിരുന്നു. സെവന്‍ത് ഡേയ്‌ക്ക്‌ ശേഷം ശ്യാംധര്‍ ഒരുക്കിയ ഈ ചിത്രം പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയിട്ടില്ല എന്നു തന്നെ പറയാം.

 

click me!