മോഹന്‍ലാല്‍ ഇല്ലാതെ പ്രിയനില്ല

By Web Desk  |  First Published Jan 31, 2017, 8:26 AM IST

കൊച്ചി: മോഹന്‍ലാല്‍ എങ്ങനെ തന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുകയാണ് ഹിറ്റ് സംവിധായകന്‍ പ്രിയദര്‍ശന്‍. തന്‍റെ 60-ാം പിറന്നാള്‍ ദിനത്തില്‍  ഒരു എഫ്എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെക്കുറിച്ചും സിനിമ ജീവിതത്തെക്കുറിച്ചും പ്രിയന്‍ മനസ് തുറന്നത്.

പ്രിയന്‍റെ തലവര മാറ്റിയത് ആരാണെന്ന ചോദ്യത്തിന് മറുപടി മോഹന്‍ലാല്‍. 'അതിനൊരു ഉത്തരമേയുള്ളൂ മോഹന്‍ലാല്‍. പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ ഇല്ലെങ്കിലും മോഹന്‍ലാല്‍ എന്ന നടനുണ്ടാകുമായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഇല്ലാതെ പ്രിയന്‍ എന്ന സംവിധായകന്‍ ഉണ്ടാകില്ലായിരുന്നു. കുട്ടിക്കാലം മുതലുള്ള ബന്ധമായിരിക്കാം, ഞാന്‍ എന്ത് വിചാരിക്കുന്നുവോ അത് ലാല്‍ മനസ്സിലാക്കു'മെന്ന് പ്രിയന്‍ പറയുന്നു. 

Latest Videos

പ്രിയദര്‍ശന്‍ എന്ന സംവിധായകനെ ഏറെ വിശ്വസിച്ച രണ്ടു നടന്മാരാണ് മോഹന്‍ലാലും അക്ഷയ്കുമാറും. ഇവര്‍ എന്നോട് സ്‌ക്രിപ്റ്റ് പോലും ആവശ്യപ്പെടാറില്ല. അത്രമാത്രം എന്നെ വിശ്വസിച്ചിരുന്നു. അക്ഷയ്കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്, പ്രിയദര്‍ശന് കഥ പറയാന്‍ അറിയില്ല എടുക്കാനേ അറിയൂ എന്ന്. ലാലും ഇത് തന്നെയാണ് പറയാറ്. ഈ സ്‌നേഹവും വിശ്വാസവും എനിക്ക് വലിയ ഉത്തരവാദിത്വമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

എന്നാല്‍ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ തന്‍റെ പ്രതീക്ഷ തെറ്റിച്ചതായി പ്രിയന്‍ അഭിമുഖത്തില്‍ പറയുന്നു. ഒരു ചിത്രം വിജയിക്കുമോ പരാജയപ്പെടുമോ എന്ന് ആദ്യ പതിനഞ്ച് ചിത്രങ്ങള്‍ക്ക് ശേഷം ചിത്രീകരണ സമയത്ത് തന്നെ എനിക്ക് മനസിലാകും, എന്നാല്‍ മുന്‍ധാരണ തെറ്റിപ്പോയ അപൂര്‍വ്വം സന്ദര്‍ഭങ്ങളേ ഉണ്ടായിട്ടുള്ളൂ. 

രണ്ടേരണ്ട് സിനിമകളുടെ കാര്യത്തിലാണ് അത്. മോഹന്‍ലാല്‍ നായകനായ മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, മിഥുനം എന്നീ സിനിമകളുടെ കാര്യത്തില്‍. ഈ രണ്ട് സിനിമകളിലേ എന്റെ കാല്‍ക്കുലേഷന്‍ തെറ്റിയിട്ടുള്ളൂ. ഈ രണ്ട് ചിത്രങ്ങളും ഓടുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ രണ്ടും പരാജയപ്പെട്ടും, പ്രിയന്‍ പറയുന്നു.

click me!