ലാളിത്യമുള്ള ഒരു സിനിമയാണ് ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ. ഒരു ഫാന്റസി കോമഡി ചിത്രമായിട്ടാണ് ബിരിയാണിക്കിസ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് രസിക്കുന്ന ചേരുവകള്‍ ഉള്‍പ്പെടുത്തിതന്നെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
കോഴിക്കോട്ട് നടക്കുന്ന ബിരിയാണിനേര്‍ച്ചയും അതോട് അനുബന്ധിച്ച് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയില്‍ പറയുന്നത്. നാട്ടുനന്‍മയുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ആ ഗ്രാമത്തിലെ ബിരിയാണിനേര്‍ച്ചയെ കുറിച്ചുള്ള ഒരു ടിവി പ്രോഗ്രാം ഷൂട്ടിംഗിലൂടെയാണ് കഥ തുടങ്ങുന്നത്. ബിരിയാണിനേര്‍ച്ച തുടങ്ങിയതിന്റെ കാരണവും മറ്റും രസകരമായി അവതരിപ്പിക്കുന്നു. തുടര്‍ന്ന് അങ്ങോട്ട് ആ ഗ്രാമത്തിലെ കൊച്ചുതമാശകളുമായാണ് സിനിമ പുരോഗമിക്കുന്നത്.
undefined
അതിനിടയില്‍, ബിരിയാണി ഉണ്ടാക്കിയിരുന്ന പാചകക്കാരന്‍ മരിച്ചുപോകുന്നു. ബിരിയാണിനേര്‍ച്ച തുടരാന്‍ മറ്റൊരു പാചകക്കാരനെ അന്വേഷിക്കുകയാണ്. തുടര്‍ന്നുള്ള സംഭവങ്ങളാണ് സിനിമയുടെ സസ്പെന്‍സും.
ബിരിയാണിക്കഥയുടെ ഒപ്പം തന്നെ തന്നെ ലെന അവതരിപ്പിക്കുന്ന താര എന്ന കഥാപാത്രത്തിന്റെ കഥയും സമാന്തരമായി പറഞ്ഞുപോകുന്നിടത്താണ് സിനിമ കുടുംബപ്രേക്ഷകരിലേക്കും എത്തുന്നത്. വിധവയായ താരയെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയവും. പക്വതയാര്‍ന്ന അഭിനയത്തോടെ ലെന താരയെ മികച്ചതാക്കിയിട്ടുമുണ്ട്.
കിരണ്‍ നാരായണനാണ് സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്‍തിരിക്കുന്നത്. രസകരമായ ഒരു കുഞ്ഞു പ്രമേയത്തെ ഒരു വലിയ സിനിമയാക്കി മാറ്റാനുള്ള ശ്രമത്തില്‍ കഥ പറച്ചലില്‍ വേഗം കുറഞ്ഞുപോയോയെന്ന് ചിലപ്പോള്‍ സംശയിച്ചേക്കാം. എങ്കിലും ഓരോ കഥാസന്ദര്‍ഭങ്ങളെയും മനോഹരമായി ചിത്രീകരിക്കാന്‍ കിരണിനു കഴിഞ്ഞിട്ടുണ്ട്. ആദ്യ സംരഭമായിട്ടും പതര്‍ച്ചകളില്ലാതെ സിനിമയുടെ ആഖ്യാനം കിരണ്‍ നാരായണന്‍ നിര്‍വഹിച്ചിട്ടുണ്ട്.
ലെനയ്‍ക്കു പുറമേ അണിനിരന്ന ഒരു വലിയ താരനിരയാണ് സിനിമയുടെ മറ്റ് പ്രധാന ആകര്‍ഷണം. ഒരിടവേളയ്ക്ക് ശേഷം നെടുമുടി വേണു ഊര്‍ജ്ജസ്വലമായി അഭിനയിച്ചിരിക്കുന്ന ചിത്രം കൂടിയാണ്. നാട്ടിലെ പ്രമാണിയും മുന്‍ അധ്യാപകനുമൊക്കെയായ, നെടുമുടി വേണുവിന്റെ കഥാപാത്രം സിനിമയില്‍ നിര്‍ണ്ണായകവുമാണ്. അലവികുട്ടിയായി അഭിനയിച്ച മാമുക്കോയയും മായിന്‍ ഹാജ്യര്‍ ആയ വി കെ ശ്രീരാമനും മികവ് കാട്ടി. വളരെ കുറച്ച് സമയമേ ഉള്ളൂവെങ്കിലും സുരഭി ലക്ഷ്മിയും വിനോദ് കോവൂരും കയ്യടിനേടുന്നു. വിനയ് ഫോര്‍ട്ട്, ഭാവന, അജു വര്‍ഗ്ഗീസ് തുടങ്ങിയവരും അതിഥി താരങ്ങളായി സിനിമയിലുണ്ട്.
സാധാരണ മുസ്ലീം കഥാപരിസരങ്ങളില്‍ കേള്‍ക്കാറുള്ളതില്‍ വ്യത്യസ്തമായ പശ്ചാത്തലസംഗീതമൊരുക്കിയ ബിജിപാലും കയ്യടി അര്‍ഹിക്കുന്നു. ഗ്രാമത്തിന്റെ ഭംഗി ക്യാമറയില്‍ ഒപ്പിയെടുത്തിരിക്കുന്നത് സുനില്‍ കൈമനമാണ്.
കുടുംബസമേതം കാണാവുന്ന ഒരു കുഞ്ഞുസിനിമയാണ് ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സയെന്നു ഒറ്റവാക്കില്‍ പറയാം. സിനിമ കണ്ടിറങ്ങുമ്പോള്‍ ഇനിയൊന്ന് ബിരിയാണി കഴിക്കാമെന്ന് ആഗ്രഹിക്കുകയും ചെയ്യും.