''ഇനിയൊരു സിനിമ ചെയ്യാൻ എനിക്ക് ധൈര്യം പോര. കാരണം അത്രയും മോശമായ ഒരവസ്ഥയിലൂടെയാണ് ഞാനിപ്പോൾ കടന്നു പോകുന്നത്. എല്ലാവരും കൂടി എന്നെ അങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിച്ചതല്ലേ? പേടിയാണ് സത്യത്തിൽ.'' റോഷ്നി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു.
പൃഥ്വിരാജും പാർവ്വതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മൈ സ്റ്റോറി എന്ന സിനിമയുടെ സംവിധായിക ആയിരുന്നു ബംഗളൂരു മലയാളിയായ റോഷ്നി ദിനകർ. എന്നാൽ ഇനിയൊരു സിനിമയുമായി മലയാളത്തിലേക്ക് വരാൻ ധൈര്യമില്ലെന്നാണ് ഈ വനിതാ സംവിധായികയുടെ വാക്കുകൾ. ഈ പ്രസ്താവനയ്ക്ക് പിന്നിൽ റോഷ്നി പറയാൻ നിരവധി കാരണങ്ങളുണ്ട്. ആദ്യ സിനിമയുടെ പരാജയം തന്നെ ബാധിച്ചതെങ്ങനെയെന്ന് റോഷ്നി ദിനകർ വെളിപ്പെടുത്തുന്നു. ''ഇനിയൊരു സിനിമ ചെയ്യാൻ എനിക്ക് ധൈര്യം പോര. കാരണം അത്രയും മോശമായ ഒരവസ്ഥയിലൂടെയാണ് ഞാനിപ്പോൾ കടന്നു പോകുന്നത്. എല്ലാവരും കൂടി എന്നെ അങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിച്ചതല്ലേ? പേടിയാണ് സത്യത്തിൽ.'' റോഷ്നി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുന്നു.
''ഒരു പെണ്ണ് പറഞ്ഞതിന്റെ അനന്തര ഫലം മുഴുവൻ അനുഭവിച്ചത് ഞാനാണ്. ഞാനെന്ത് ചെയ്തു എന്നൊന്ന് പറഞ്ഞു തരാമോ? ഞാനാരാണെന്നോ എന്താണെന്നോ ആർക്കും അറിയില്ല. ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹം തോന്നി. അങ്ങനെ വന്നതാണ്. പക്ഷേ സിനിമാ ലോകവും കൂടെ നിൽക്കുന്നവരും എന്നോട് ഇങ്ങനെ പെരുമാറുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. ഒരു സാധാരണ സ്ത്രീയാണ് ഞാൻ. ഒരു സാധാരണ സിനിമാ സംവിധായികയായി സിനിമയിൽ വരണമെന്നായിരുന്നു ആഗ്രഹം. എനിക്ക് സാധിക്കുന്നത് പോലെ ഒരു സിനിമ സംവിധാനം ചെയ്തു. ഇന്ത്യയിലെല്ലായിടത്തും മാർക്കറ്റിംഗ് ചെയ്യുകയും ചെയ്തു. എന്നിട്ടും ആ സിനിമ പരാജയമായി. ഞാൻ ആദ്യമായിട്ടാണ് സിനിമാ മേഖലയിലേക്ക് സംവിധായികയായി എത്തുന്നത്. ഇവിടുത്തെ രാഷ്ട്രീയമോ കളികളോ എനിക്കറിയില്ല. ഒരു കാര്യം മനസ്സിലായി. പുറമെ കാണുന്ന പോലെയല്ല ആരും.'' റോഷ്നിയുടെ വാക്കുകളിൽ രോഷം നിറയുന്നു.
undefined
''വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഞാനിപ്പോൾ കടന്നു പോകുന്നത്. സഹായിക്കണമെന്ന് ഞാൻ പറയില്ല. പക്ഷേ സ്വന്തം തൊഴിൽ മേഖലയുടെ എത്തിക്സിന്റെ ഭാഗമായിട്ട് പോലും ആരും ഒന്നും ചെയ്തില്ല. സ്ത്രീസംരക്ഷണം എന്ന മുദ്രാവാക്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയുടെ ഭാഗമാണ് പലരും. എന്നിട്ടാണോ എനിക്കിങ്ങനെ അനുഭവിക്കേണ്ടി വന്നത്? '' റോഷ്നി ചോദിക്കുന്നു
''സിനിമ കാണാതെയാണ് പലരും മോശം റിവ്യൂ എഴുതിവിട്ടത്. കണ്ടിട്ടാണ് മോശം പറയുന്നതെങ്കിൽ ശരിയാണ്. അതവരുടെ അഭിപ്രായമാണ് എന്ന് പറയാമായിരുന്നു. കൂടെയുണ്ടായിരുന്നവരിൽ നിന്ന് എനിക്ക് പിന്തുണയൊന്നും ലഭിച്ചില്ല. സത്യമായും ഇനിയൊരു സിനിമ സംവിധാനം ചെയ്യാനുള്ള ധൈര്യം എനിക്കില്ല. ആ സിനിമ റിലീസിംഗിനെത്തിക്കുന്ന സമയം വരെ വളരയെധികം പ്രതിസന്ധികളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. ഇനി വരുന്ന സംവിധായികമാരോട് എനിക്ക് പറയാനുള്ളത് ഇതാണ്. കരുതലോടെ സിനിമാ മേഖലയിലേക്ക് വരിക. മിന്നുന്നതെല്ലാം പൊന്നല്ല എന്നറിയണം. ധൈര്യത്തോടെ നിവർന്ന് നിന്ന് സ്വന്തം കാര്യം പറയാനുള്ള തൻേടം ഉണ്ടാകുക എന്നത് പ്രധാനമാണ്. ശരിയേതാണ് തെറ്റേതാണ് എന്ന് തിരിച്ചറിയാൻ സാധിക്കണം.''
വിമൻ ഇൻ സിനിമ കളക്ടീവിന്റെ പ്രവർത്തനത്തിൽ തനിക്കുള്ള അസംതൃപ്തിയും റോഷ്നി പങ്കുവച്ചു. ''സ്ത്രീസംരക്ഷണം എന്നൊക്കെ പറയുമെങ്കിലും അവരെ സംബന്ധിച്ച് ഞാനൊരു സ്ത്രീയല്ല. സ്വന്തം വിഷയങ്ങൾ മാത്രം പറയുകയും കൈകാര്യം ചെയ്യുകയും ഒരു കൂട്ടം സ്ത്രീകൾ മാത്രമാണവർ. കസബ വിഷയത്തിൽ ഞാൻ അവർക്കൊപ്പമാണ് നിലകൊണ്ടത്. എന്നാൽ എനിക്കൊപ്പം നിൽക്കാൻ അവർ തയ്യാറായില്ല. എനിക്കൊരു പ്രശ്നം വന്നപ്പോൾ വളരെ തന്ത്രപരമായി അവർ അതിൽ നിന്ന് തെന്നിമാറി.'' റോഷ്നി കൂട്ടിച്ചേർക്കുന്നു.
വസ്ത്രാലങ്കാര രംഗത്ത് നിന്നാണ് റോഷ്നി ദിനകർ സംവിധായികയായി മലയാളത്തിലെത്തുന്നത്. പതിനാല് വർഷം മുപ്പതിലധികം സിനിമകൾക്ക് വസ്ത്രാലങ്കാരം നിർവ്വഹിച്ചു. പ്രധാനമായും കന്നട. തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് ഇവർ ജോലി ചെയ്തിരുന്നത്. പതിനെട്ട് കോടിയായിരുന്നു മൈ സ്റ്റോറിയുടെ മുടക്കു മുതൽ. വളരെയധികം ആഗ്രഹിച്ച് ഒരു സിനിമ സംവിധാനം ചെയ്തപ്പോൾ നേരിടേണ്ടി വന്നത് കയ്പേറിയ അനുഭവങ്ങളാണെന്ന് റോഷ്നി ദിനകർ പറഞ്ഞു നിർത്തുന്നു.