'വൈറസില്‍ റിയല്‍ ലൈഫ് കഥാപാത്രങ്ങള്‍ ഉണ്ടാവില്ല'; മുഹ്‌സിന്‍ പരാരി പറയുന്നു

By Nirmal Sudhakaran  |  First Published Sep 8, 2018, 2:13 PM IST

"വൈറസ്' പ്രഖ്യാപിച്ചതിന് പിന്നാലെ ആളുകള്‍ക്കിടയില്‍ ഒരു തെറ്റിദ്ധാരണയുണ്ടെന്ന് തോന്നുന്നു. യഥാര്‍ഥ സംഭവം ചിത്രീകരിക്കുന്ന സിനിമ എന്നാണ് ഭൂരിഭാഗവും ധരിച്ചിരിക്കുന്നതെന്ന് തോന്നുന്നു"


പ്രഖ്യാപനവേളയില്‍ തന്നെ, ആഷിക് അബുവിന്റെ 'വൈറസി'നോളം സാമാന്യശ്രദ്ധ ലഭിച്ചൊരു ചിത്രം അടുത്തകാലത്തില്ല. പ്രളയത്തിന് മുന്‍പ് മലയാളികളില്‍ ഭീതി വിതച്ച നിപ്പ വൈറസും കേരളം നടപ്പാക്കി വിജയിച്ച പ്രതിരോധവുമൊക്കെ വിഷയമാക്കുന്ന ചിത്രമാക്കുന്നതുകൊണ്ടായിരുന്നു ഈ സ്വീകാര്യത. ആഷിക് അബു ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മൂവര്‍ സംഘമാണ്. സുഹാസ്, ഷര്‍ഫു എന്നിവര്‍ക്കൊപ്പം കെഎല്‍ 10 പത്ത് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച, സമീപകാലത്തെ വലിയ വിജയങ്ങളിലൊന്നായ സുഡാനി ഫ്രം നൈജീരിയയുടെ സഹ രചയിതാവായിരുന്ന മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് വൈറസിന്റെ രചന നിര്‍വ്വഹിക്കുന്നത്. വലിയ സാമൂഹിക മാനങ്ങളുള്ള നിപ്പ വൈറസ് പ്രതിരോധം പോലെ ഒരു വിഷയം ഫീച്ചര്‍ ഫിലിം രൂപത്തിലാക്കുമ്പോള്‍ എഴുത്തുകാരന്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാമാണ്? വേണ്ടിവന്ന റിസര്‍ച്ച് എന്തൊക്കെയാണ്? നിപ്പ പ്രതിരോധവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ വന്നിരുന്ന യഥാര്‍ഥ വ്യക്തിത്വങ്ങള്‍ തന്നെയാണോ സിനിമയില്‍ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുക. മുഹ്‌സിന്‍ പരാരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.


നിപ്പ പ്രതിരോധം സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കാനായത് പല മേഖലകളിലുള്ള ഒരുപാട് മനുഷ്യരുടെ കൂട്ടായ പരിശ്രമഫലമായാണ്. ഒരു ഫീച്ചര്‍ ഫിലിം ഫോര്‍മാറ്റിലേക്ക് നിപ്പ അതിജീവനം കൊണ്ടുവരിക ദുഷ്‌കരമല്ലേ?

Latest Videos

undefined

തീര്‍ച്ഛയായും. തിരക്കഥാ രചനയിലെ ഏറ്റവും വലിയ വെല്ലുവിളി അതാണ്. നിപ്പയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അനുഭവങ്ങള്‍ ആളുകള്‍ക്ക് ഉണ്ടാവും. ഡോക്ടര്‍മാരുടെയും രോഗികളുടെയും വീക്ഷണം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാലും ഡോക്ടര്‍മാരുടെ സമൂഹം നേരിട്ട പ്രതിസന്ധിക്ക് മേല്‍ക്കൈ ഉണ്ടാവും. ആരോഗ്യവകുപ്പ്, ഭരണവിഭാഗം തുടങ്ങി എല്ലാവരും വളരെ മാനുഷികതയോടെയാണ് ഈ അടിയന്തിര സാഹചര്യത്തില്‍ പെരുമാറിയത്. ഇതൊക്കെ ഒരു സിനിമയായി ചിത്രീകരിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. കഥ പറയാനുള്ള സൗകര്യത്തിന് കഥാപാത്രങ്ങളെ സൃഷ്ടിച്ച് ഒരു ശ്രമം നടത്തുകയാണ്. ചോദിച്ചതുപോലെ ഒരു ഭഗീരഥ പ്രയത്‌നം തന്നെയാണ് അത്. നിപ്പയുടെ പശ്ചാത്തലത്തില്‍ നമുക്ക് ഒരുപാട് കഥകള്‍ പറയാം. പക്ഷേ നിപ്പയെത്തന്നെ പറയാനുള്ള കഥയാക്കുമ്പോള്‍ അതിന് പ്രായോഗികമായ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. 

'വൈറസ്' പ്രഖ്യാപിച്ചതിന് പിന്നാലെ ആളുകള്‍ക്കിടയില്‍ ഒരു തെറ്റിദ്ധാരണയുണ്ടെന്ന് തോന്നുന്നു. യഥാര്‍ഥ സംഭവത്തെ ചിത്രീകരിക്കുന്ന സിനിമ എന്നാണ് ഭൂരിഭാഗവും ധരിച്ചിരിക്കുന്നതെന്ന് തോന്നുന്നു. യഥാര്‍ഥ സംഭവം എന്നതിനേക്കാള്‍ അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു ഫിക്ഷന്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളൊക്കെ അങ്ങനെ ആയിരിക്കും. യഥാര്‍ഥ വ്യക്തികളുടെ പേരുകളിലൊന്നുമാവില്ല കഥാപാത്രങ്ങള്‍. ജില്ലാ കലക്ടറായാലും ആരോഗ്യവകുപ്പ് മന്ത്രിയായാലുമൊക്കെ ഫിക്ഷണല്‍ ആയിട്ടാവും സിനിമയില്‍ കൈകാര്യം ചെയ്യുക. കഥാപാത്രങ്ങളുടെ 'സിനിമാറ്റിക് സ്വഭാവ'ത്തിനായി വരുത്തുന്ന വ്യത്യാസങ്ങള്‍ തീര്‍ച്ഛയായും ഉണ്ടാവും. ഒന്നാമത് ഇതൊന്നും നമുക്ക് നേരിട്ട് പരിചയമുള്ള ആളുകളല്ല. അങ്ങനെയുള്ള ആളുകളിലേക്ക് നേരിട്ട് കണക്ട് ചെയ്തിട്ട് അവരുടെ ധാര്‍മ്മികതയെ ബാധിക്കുന്ന രൂപത്തിലേക്ക് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നമുക്ക് പറ്റില്ല. യഥാര്‍ഥ സംഭവത്തിന്റെ ഒരു സത്തയാണ് വൈറസില്‍ കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നത്. നമ്മള്‍ സയന്‍സിനെ, അറിവിനെ എങ്ങനെ ഉപയോഗിക്കുന്നു, ഇത്തരമൊരു പ്രതിസന്ധിയില്‍ ഭയം ഒരു സമൂഹത്തെ എങ്ങനെ ഗ്രസിക്കുന്നു എന്നതൊക്കെ ചേര്‍ന്ന ഒരു വീക്ഷണത്തിലാണ് സിനിമ ഒരുക്കുന്നത്. 

ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഒരുപാട് മനുഷ്യര്‍ അവരുടെ ധാര്‍മികത കാത്തുസൂക്ഷിച്ചിട്ടുണ്ട്. അവരുടെയൊക്കെ സന്നദ്ധത, ധൈര്യം, പ്രോട്ടോകോളോ അധികാരക്രമമോ ഒന്നും നോക്കാതെയുള്ള ഉദ്യോഗസ്ഥരുടെ ഇടപെടല്‍, നാട്ടുകാരുടെ സന്നദ്ധത ഇങ്ങനെ ഒത്തിരി കാര്യങ്ങളുണ്ട്. കോഴിക്കോട്ടുകാരായതുകൊണ്ട് തനിക്ക് സാധ്യമായ ഒരുപാട് കാര്യങ്ങളുണ്ടെന്ന് കളക്ടര്‍ പറഞ്ഞിരുന്നു. അതിനോടൊക്കെ സത്യസന്ധത പുലര്‍ത്തിക്കൊണ്ടുള്ള ഒരു ഭാവനാസൃഷ്ടി ആയിരിക്കും 'വൈറസ്'. അതുകൊണ്ടുതന്നെ നിപ്പ ഇവിടെ സിനിമയ്ക്കുള്ള ഒരു പ്രചോദനമാണ്. സ്റ്റീവന്‍ സോഡര്‍ബര്‍ഗിന്റെ contagion (2011) എന്ന സിനിമയൊക്കെ അത്തരത്തില്‍ തന്നെയായിരുന്നു. 

നിപ്പയുമായി ബന്ധപ്പെട്ടുള്ള വ്യക്തികളുടെ അനുഭവങ്ങളെ എത്രത്തോളം ആശ്രയിച്ചാണ് തിരക്കഥാ രചന? അവയെ കേസ് സ്റ്റഡികളായെടുത്ത് ആഴത്തില്‍ പരിശോധിച്ചിട്ടുണ്ടോ?

വ്യക്തിപരമായ അനുഭവങ്ങളുടെ എല്ലാ നരേറ്റീവുകളും കേട്ടുകൊണ്ട് അതിനെ സ്വതന്ത്രമായ നിലയില്‍ ആവിഷ്‌കരിക്കുകയാവും ചെയ്യുക. ഒരു കഥാപാത്രത്തിന്റെ അനുഭവങ്ങളോ അംശങ്ങളോ ഒക്കെ മറ്റൊരു കഥാപാത്രത്തിലേക്ക് ചിലപ്പോള്‍ എടുക്കും. യഥാര്‍ഥ കഥാപാത്രങ്ങള്‍ക്ക് പകരം ഞങ്ങള്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളിലൂടെയാവും ആളുകള്‍ അറിയേണ്ടതുണ്ട് എന്ന് തോന്നുന്ന സംഭവങ്ങളെ സിനിമയിലേക്ക് കൊണ്ടുവരിക. റിയല്‍ ലൈഫ് കഥാപാത്രങ്ങള്‍ വൈറസില്‍ ഉണ്ടാവില്ല. 

നിപ്പയുമായി ബന്ധപ്പെട്ട പേഴ്‌സണല്‍ നരേറ്റീവുകളുടെ കാര്യം പറയവെ മുഹ്‌സിന്റെ ബന്ധുവായ ഒരു മെഡിക്കല്‍ പിജി വിദ്യാര്‍ഥിയെക്കുറിച്ച് ആഷിക് അബു സൂചിപ്പിച്ചിരുന്നു?

ഒരുപാട് ആളുകള്‍ അങ്ങനെയുണ്ട്. ഫസല്‍ എന്റെ കസിന്‍ ആയതുകൊണ്ട് നേരിട്ട് അറിയാനായി എന്നേയുള്ളൂ. എന്റെ വളരെ അടുത്ത സുഹൃത്ത് കൂടിയാണ് അവന്‍. കോഴിക്കോട് വച്ച് സ്ഥിരം കണ്ടുമുട്ടാറുള്ളതാണ്. എന്റെ എല്ലാ വര്‍ക്കുകളിലും നന്ദി എഴുതി കാണിക്കുന്നവരുടെ കൂട്ടത്തില്‍ അവന്റെ പേര് ഉണ്ടാവാറുണ്ട്. നിപ്പയുടെ ഭീകരത വലിയ വാര്‍ത്തയാവുന്നതിന് മുന്‍പ് അവനില്‍ നിന്ന് ഞാന്‍ ഇതേക്കുറിച്ച് അറിഞ്ഞിരുന്നു. ഫസലിനെപ്പോലെ ഒരുപാട് ആളുകള്‍, വിദ്യാര്‍ഥികളും അധ്യാപകരും സീനിയര്‍ ഡോക്‌ടേഴ്‌സുമൊക്കെ ആ സമയത്ത് നന്നായി പണിയെടുത്തിട്ടുണ്ട്. പല മെഡിക്കല്‍ ബ്രാഞ്ചുകളിലെ ആളുകള്‍ ആ ശ്രമവുമായി സഹകരിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരുപാട് ഹീറോസ് ഉണ്ട് ഈ വിഷയത്തില്‍. 

രചന ഏത് ഘട്ടത്തില്‍ എത്തി?

എഴുത്ത് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതേയുള്ളൂ. എഴുത്തിനൊപ്പം ഈ വിഷയത്തില്‍ സമാന്തരമായി ഗവേഷണവും നടക്കുന്നുണ്ട്. പുതുതായി ആളുകളെ കണ്ടുകൊണ്ടിരിക്കുന്നുമുണ്ട്. ആളുകളെ കണ്ട് തീരില്ല, കാരണം അത്രയും പേരുടെ അനുഭവങ്ങള്‍ നമുക്ക് കേള്‍ക്കാനുണ്ട്. മെഡിക്കല്‍ കോളെജില്‍ നിന്നുതന്നെ അത്രയും വ്യത്യസ്തമായ വ്യക്ത്യനുഭവങ്ങളുണ്ട്. അതൊരു വലിയ ശൃഖലയാണ്. 

സിനിമാരൂപം എത്തരത്തില്‍ വേണമെന്ന് രചന ആരംഭിക്കും മുന്‍പേ കൃത്യമായ ധാരണ ഉണ്ടായിരുന്നോ?

തീര്‍ച്ഛയായും. ഇത്തരത്തില്‍ ഒരു സിനിമയെക്കുറിച്ചുള്ള ആലോചന പറയുമ്പോള്‍ത്തന്നെ ആഷിക്കയ്ക്ക് അത് എങ്ങനെ വേണമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. എന്തായിരിക്കണം നരേഷന്റെ സ്‌റ്റൈല്‍ എന്നതിനെക്കുറിച്ചൊക്കെ. അത് എനിക്കും സുഹാസിനും ഷര്‍ഫുവിനും വേഗത്തില്‍ ബോധ്യമായി. ഒരു ത്രില്ലര്‍ തന്നെയായിരിക്കും വൈറസ് എന്നാണ് കരുതുന്നത്. 

ഒരു സാധാരണ ചിത്രത്തേക്കാള്‍ വലിയ തോതിലുള്ള ഗവേഷണം ഇവിടെ ആവശ്യമല്ലേ?

നമ്മളില്‍ മിക്കവര്‍ക്കും നിരക്ഷരതയുള്ള രംഗമാണല്ലോ വൈദ്യശാസ്ത്ര മേഖല. എന്റെ കൂടെ നില്‍ക്കുന്ന രണ്ടുപേരും എഞ്ചിനീയര്‍മാരാണ്. സാഹിത്യമാണ് ഞാന്‍ പഠിച്ചത്. വൈദ്യശാസ്ത്ര പദങ്ങളുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ സഹായം വേണ്ടിയിരുന്നു. പക്ഷേ റഫറന്‍സുകള്‍ക്കായി കോഴിക്കോടുള്ള സീനിയര്‍ ഡോക്ടേഴ്‌സൊക്കെ ഞങ്ങളോട് അത്രയും നന്നായി സഹകരിച്ചു. 

വലിയൊരു താരനിരയുടെ പേരുവിവരമുണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടൊവീനോ, പാര്‍വ്വതി അങ്ങനെ. ഒരു പ്രധാന കഥാപാത്രത്തിന്റെ വീക്ഷണത്തിലേക്ക് ഒതുങ്ങാതെ പല കഥാപാത്രങ്ങളിലേക്ക് ഒരേപോലെ ഫോക്കസ് ചെയ്യുന്ന തരത്തിലാണോ തിരക്കഥയുടെ രൂപം?

ഒരു ഹൈപ്പര്‍ലിങ്ക് ഫോര്‍മാറ്റിലാണോ സിനിമ എന്ന് ചോദിച്ചാല്‍ സാങ്കേതികമായി അങ്ങനെയാണെന്ന് പറയാം. അതേസമയം ചില കഥാപാത്രങ്ങളെ കേന്ദ്രകഥാപാത്രങ്ങളായിത്തന്നെ അനുഭവിക്കാന്‍ സാധിക്കും. ചില അഭിനേതാക്കളൊക്കെ അതിഥിതാരങ്ങളായാവും വരിക. അവരുടെ സ്‌ക്രീന്‍ ടൈമിലൊക്കെ വ്യത്യാസമുണ്ടാവും. പ്രധാന കഥാപാത്രങ്ങളെയൊക്കെ അവതരിപ്പിക്കാന്‍ താരങ്ങള്‍ തന്നെ വേണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. താരതമ്യങ്ങള്‍ക്കപ്പുറത്ത് നിപ്പ പ്രതിരോധവുമായി ബന്ധപ്പെട്ട് ഓരോ മനുഷ്യരുടെയും സംഭാവനകള്‍ അത്രത്തോളം പ്രധാനമാണെന്നുള്ള തിരിച്ചറിവില്‍ നിന്നായിരുന്നു അത്. പ്രേക്ഷകര്‍ക്ക് ഓരോ കഥാപാത്രവുമായും വേഗത്തില്‍ കണക്ട് ചെയ്യാനും അവരെ താരങ്ങള്‍ അവതരിപ്പിച്ചാല്‍ നന്നാവുമെന്ന് തോന്നി. കഥാപാത്രങ്ങള്‍ക്ക് നമ്മള്‍ കൊടുക്കുന്ന ഒരു ബഹുമാനവും കൂടിയാണ് അത്. നിപ്പ പ്രതിരോധവുമായി പല തരത്തില്‍ സഹകരിച്ച ആളുകള്‍ ആ ബഹുമാനം അര്‍ഹിക്കുന്നുണ്ട്. 

നിപ്പയുടെ പശ്ചാത്തലം എന്നതിനപ്പുറം കോഴിക്കോടന്‍ പ്രാദേശികത സിനിമയില്‍ കടന്നുവരുന്നുണ്ടോ?

നിപ്പ കോഴിക്കോട് സംഭവിച്ചതുകൊണ്ട് അവിടം പശ്ചാത്തലമാക്കി എന്നേയുള്ളൂ. അതല്ലാതെ ആ പ്രദേശത്തിലേക്ക് കൂടുതല്‍ കേന്ദ്രീകരിക്കുന്നില്ല. റിസര്‍ച്ചുമായി ബന്ധപ്പെട്ട് കാണാനുള്ള കൂടുതല്‍ ആളുകളും ഇവിടെയാണ്. അതിനാല്‍ പ്ലേസ് ചെയ്യുന്നതും ഇവിടെ ആവുന്നതാണ് സൗകര്യം എന്ന് വിചാരിച്ചു. 

സ്വന്തം സിനിമയല്ലാതെ നേരത്തേ സുഡാനിയുടെ രചനയില്‍ പങ്കാളിയായിരുന്നു. ഒരു ആഷിക് അബു ചിത്രത്തിലേക്ക് എങ്ങനെയാണ് എത്തുന്നത്?

യഥാര്‍ഥത്തില്‍ ഞാന്‍ സിനിമയില്‍ വരാനുള്ള കാരണം ആഷിക് അബുവാണ്. അഞ്ചു സുന്ദരികളുടെ സമയത്താണ് അദ്ദേഹം ആദ്യം വിളിക്കുന്നത്. എഴുതാനാവുമോ എന്ന് ചോദിക്കാനാണ് വിളിച്ചത്. നേറ്റീവ് ബാപ്പ ഇറങ്ങിയതിന് ശേഷമുള്ള കാലമായിരുന്നു. ഞാന്‍ സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന ആളാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ള വിളിയായിരുന്നു അത്. പക്ഷേ അന്നത്തെ ശ്രമം വര്‍ക്ക് ആയില്ല. പക്ഷേ അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്നുണ്ടായിരുന്നു, എഴുതണമെന്നുണ്ടായിരുന്നു. സുഡാനിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന സമയത്ത്, മായാനദി കഴിഞ്ഞ സമയത്ത് ആഷിക്കയുമായി സംസാരിച്ച് ഇരിക്കുമായിരുന്നു. അദ്ദേഹത്തിനുവേണ്ടി എഴുതാന്‍ പല തിരക്കഥകള്‍ ആലോചിച്ചിട്ടുണ്ട് അപ്പോള്‍. ശ്യാമേട്ടന്റെ (ശ്യാം പുഷ്‌കരന്‍) ഒരു കഥയ്ക്ക് തിരക്കഥാരൂപം നല്‍കാനുള്ള പണികള്‍ ആരംഭിച്ചിരുന്നു. മറ്റ് ചില ആശയങ്ങളിലും ചര്‍ച്ചകള്‍ നടന്നിരുന്നു. പിന്നീട് സ്വന്തം സിനിമയായ കാക്ക 921 ന്റെ എഴുത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് നില്‍ക്കുന്ന സമയത്താണ് വൈറസിന്റെ കാര്യം പറയാന്‍ എന്നെ വിളിച്ചത്. നിപ്പയുടെ പശ്ചാത്തലത്തില്‍ ഒരു സിനിമ നടക്കുകയാണെങ്കില്‍ പെട്ടെന്ന് നടക്കണമായിരുന്നു. സംഭവിക്കേണ്ട ഒരു സിനിമയായിട്ടും എനിയ്ക്കത് തോന്നി. ആഷിക്കയ്ക്കുവേണ്ടി എഴുതാന്‍ കിട്ടുന്ന ഒരവസരം, ഒപ്പമെഴുതാന്‍ സുഹാസും ഷറഫും അങ്ങനെ കുറേ പ്രചോദനങ്ങള്‍ ഉണ്ടായി. എഴുത്തില്‍ തന്നെ ഒരു കൂട്ടായ്മ ആവശ്യമുള്ള സിനിമയാണ് വൈറസ്. ഒരാള്‍ക്ക് തനിയെ ബുദ്ധിമുട്ടായിരിക്കും. 

കാക്ക 921 ഏത് ഘട്ടത്തിലാണ്?

അത് തിരക്കഥാരചനയുടെ അവസാന ഘട്ടത്തിലാണ്. പൂര്‍ത്തിയാവുന്നതനുസരിച്ച് ഷൂട്ട് പ്ലാന്‍ ചെയ്യണം. 

click me!