ലാലേട്ടനും മമ്മൂക്കയും ഒന്നിച്ചപ്പോള്‍!

By Web Desk  |  First Published Nov 14, 2016, 11:47 PM IST

വെബ് ഡെസ്ക്

മലയാളത്തിന്റെ എക്കാലത്തേയും മികച്ച അഭിനേതാക്കളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരുടേയും ചിത്രങ്ങള്‍ എന്നും ആരാധകര്‍ക്ക് ആഘോഷമാണ്. അപ്പോള്‍, ഇരുവരും ഒരു ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചാലോ? ആരാധകരുടെ ആവേശം വാനോളമാകും. അമ്പത്തിയഞ്ചോളും ചിത്രങ്ങളില്‍ ഇവര്‍ ഇതിനുമുമ്പ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും വീണ്ടും ഒന്നിക്കാന്‍ ആരാധകര്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുമുണ്ട്. അത് സൂപ്പര്‍ഹിറ്റാകുമെന്ന് പ്രേക്ഷകര്‍ക്ക് അറിയാം. എന്തായാലും മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച് സൂപ്പര്‍ഹിറ്റായ സിനിമകള്‍ പരിശോധിക്കാം..

Latest Videos

undefined




കരുണനും ഗോപിയും

മോഹന്‍ലാലും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു അടിയൊഴുക്കുകള്‍. പരുക്കനായ കരുണന്‍ എന്ന മത്സ്യത്തൊഴിലാളിയായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. തടവുശിക്ഷ കഴിഞ്ഞ് തിരിച്ചെത്തുന്ന കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്. തൊഴില്‍രഹിതനായ ഗോപി എന്ന ചെറുപ്പക്കാരനായി മോഹന്‍ലാലും വേഷമിട്ടു. ചിത്രത്തിലെ അഭിനയത്തിനു മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‍കാരവും ലഭിച്ചു. 1984ലാണ് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഐവി ശശിയാണ് ചിത്രം സംവിധാനം ചെയ്‍തത്.




ഗൂര്‍ഖയും ഗള്‍ഫുകാരനും

തൊഴില്‍രഹിതനായ സേതു ഗൂര്‍ഖയായി വേഷം കെട്ടിയ ചിത്രമാണ് ഗാന്ധിനഗര്‍‌ സെക്കന്‍ഡ് സ്‍ട്രീറ്റ്. സേതുവായി അഭിനയിച്ച് പ്രേക്ഷകരെ ചിരിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്‍തത് മോഹന്‍ലാലും. ഇതില്‍ അതിഥി വേഷമാണ് മമ്മൂട്ടിക്ക്. പക്ഷേ കഥാഗതിയില്‍ നിര്‍ണ്ണായകമായ കഥാപാത്രം.  ബാലചന്ദ്രന്‍ എന്ന ഗള്‍ഫുകാരനായാണ് മമ്മൂട്ടി അഭിനയിച്ചത്. 1986ലാണ് ചിത്രം സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.




ഹരിയും കൃഷ്‍ണനും

രണ്ടു ഉടലും ഒരു മനസ്സുമായിരുന്നു അവര്‍ക്ക്. ഹരിക്കും കൃഷ്‍ണനും. ഇരുവരും വക്കീലന്‍മാരാണ്. മമ്മൂട്ടി ഹരിയായി അഭിനയിച്ചപ്പോള്‍ മോഹന്‍ലാല്‍ കൃഷ്‍ണനായി വേഷമിട്ടു. തമാശരംഗങ്ങളില്‍ ഇരുവരും തകര്‍‌ത്ത് അഭിനയിച്ചപ്പോള്‍ ചിത്രം സൂപ്പര്‍ഹിറ്റുമായി. ഇരു സൂപ്പര്‍സ്റ്റാറുകളുടേയും ആരാധകരെ തൃപ്‍‌തിപ്പെടുത്താന്‍ ഇരട്ടക്ലൈമാക്സുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. 1998ല്‍ റിലീസ് ചെയ്‌‍ത ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തത് ഫാസിലായിരുന്നു. മധു മുട്ടം ആണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയത്.





ടോണി കുരിശിങ്കലും മമ്മൂട്ടിയും!

കുസൃതിക്കാരനായ ടോണി കുരിശിങ്കലും സുഹൃത്തുക്കളും നമ്പര്‍ 20 മദ്രാസ് മെയിലില്‍ യാത്ര ചെയ്‍തപ്പോള്‍ ചിത്രം സൂപ്പര്‍ഹിറ്റ്. തിരുവനന്തപുരത്ത് നിന്നും മദ്രാസ് വരെയുള്ള ട്രെയിന്‍ യാത്രയില്‍ നടക്കുന്ന കൊലപാതകത്തെ കുറിച്ചുള്ള രഹസ്യം അനാവരണം ചെയ്യുന്ന നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന സിനിമയില്‍ ടോണി കുരിശിങ്കലായി മോഹന്‍ലാല്‍ അഭിനയിച്ചു. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ആയിട്ടുതന്നെയായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. 1990ല്‍‌ പ്രദര്‍ശനത്തിനെത്തിയ ചിത്രം സംവിധാനം ചെയ്‍തത് ജോഷിയാണ്. ഹരികുമാറിന്റെ കഥയ്‍ക്ക് ഡെന്നീസ് ജോസഫ് ആണ് തിരക്കഥ എഴുതിയത്.




പൂവള്ളി ഇന്ദുചൂഢനും നന്ദഗോപാല്‍ മാരാറും

പൂവള്ളി ഇന്ദുചൂഢനായി മോഹന്‍ലാല്‍‌ തകര്‍ത്താടിയ സിനിമയായിരുന്നു നരസിംഹം. മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രം. ചിത്രത്തില്‍ അതിഥി വേഷത്തിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. നന്ദഗോപാല്‍ മാരാര്‍ എന്ന വക്കീലായി എത്തി മമ്മൂട്ടിയും കയ്യടി നേടി. 2000ത്തില്‍‌ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഷാജി കൈലാസ് ആണ് സംവിധാനം ചെയ്തത്. രഞ്ജിത്ത് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.




പ്രതാപ വര്‍മ്മയും രമേഷ് നമ്പ്യാരും

മലയാളത്തിലെ എല്ലാ താരങ്ങളും അഭിനയിച്ച ട്വന്റി 20യിലെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കോമ്പിനേഷന്‍ രംഗങ്ങള്‍. പ്രതാപ വര്‍മ്മയെന്ന മലഞ്ചരക്ക് വ്യാപാരിയായി മോഹന്‍ലാലും രമേഷ് നമ്പ്യാരായി മമ്മൂട്ടിയും അഭിനയിച്ചു. 2008ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം സംവിധാനം ചെയ്‍തത് ജോഷിയാണ്. ഉദയ്‍കൃഷ്‍ണ - സിബി കെ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

click me!