ഒരിറ്റു കണ്ണീരെങ്കിലും പൊഴിക്കാതെ നിങ്ങൾക്ക് ഈ പാട്ട് കാണുവാനോ കേള്‍ക്കുവാനോ കഴിയില്ല. കാരണം ഈ പാട്ടിനു പിന്നില്‍ കണ്ണു നനയ്ക്കുന്നൊരു കഥയുണ്ട്.
മിഴി നിറഞ്ഞു മനം മുറിഞ്ഞു..
തളര്‍ന്നു വീണു ഞാന്‍..
കുഞ്ഞു നൈഗയുടെ ഈ പാട്ട് സോഷ്യല്‍ മീഡിയ ഏറ്റുപാടുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഫേസ് ബുക്കിലും യൂ ട്യൂബിലുമൊക്കെ വൈറലാണ് ഈ പാട്ട്. കെ എസ് ചിത്രയുടെ ഈ ഹിറ്റ് ഗാനം ആറു വയസുകാരി നൈഗ പാടുന്നത് അവളുടെ കുഞ്ഞനുജത്തിക്കു വേണ്ടിയാണ്. അവള്‍ക്ക് ധൈര്യം പകരുന്നതിനു വേണ്ടിയാണ്. ഒരിറ്റു കണ്ണീരെങ്കിലും പൊഴിക്കാതെ നിങ്ങൾക്ക് അവളുടെ ഈ പാട്ട് കാണുവാനോ കേള്‍ക്കുവാനോ കഴിയില്ല. കാരണം ഈ പാട്ടിനു പിന്നില്‍ കണ്ണു നനയ്ക്കുന്നൊരു കഥയുണ്ട്.
കണ്ണൂര്‍ ജില്ലിയിലെ ചെറുപുഴ കടുമേനി സ്വദേശികളായ സനു സിദ്ധാര്‍ത്ഥ് - ഷോഗ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് നൈഗയും വൈഗയും. കളിയും ചിരിയും കുട്ടിക്കുറുമ്പുകളുമൊക്കെയുള്ള അവരുടെ ജീവിതത്തില്‍ പെട്ടെന്നാണ് ഇരുട്ടുപരക്കുന്നത്. ന്യൂമോണിയയുടെ രൂപത്തിലായിരുന്നു വിധി അവരുടെ സന്തോഷം കവരാനെത്തിയത്. ന്യൂമോണിയ തലച്ചോറിനെ ബാധിച്ചതോടെ കുഞ്ഞു വൈഗ തളര്‍ന്നു പോയി.
ആഴ്ചകളോളം അവള്‍ വെന്റിലേറ്ററില്‍ കിടന്നു. പ്രതീക്ഷകളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു പറഞ്ഞു. വെന്‍റിലേറ്റര്‍ നീക്കം ചെയ്യാന്‍ പോലും തീരുമാനിച്ചു. ഒടുവില്‍ കുട്ടിയുടെ തലച്ചോറ്‍ തുറന്ന് ശസത്രക്രിയ ചെയ്തു. പക്ഷേ ശസ്ത്രക്രിയയ്ക്കു ശേഷം കുട്ടി വീണ്ടും ഗുരുതരാവസ്ഥയിലായി. വൃക്കകള്‍ കൂടി തകരാറിലായതോടെ ഒരിക്കല്‍ക്കൂടി തലച്ചോറ്‍ തുറന്നുള്ള ശസത്രക്രിയയ്ക്ക് കുട്ടിയെ വിധേയയാക്കി.
സഹോദരിക്കു വേണ്ടി നൈഗ ധൈര്യം പകർന്നു കൂടെ നിന്നു. ഈ സമയമൊക്കെ അവള്‍ക്ക് കരുത്തുപകര്‍ന്നത് നൈഗയായിരുന്നു. ഐസിയുവില്‍ അവള്‍ക്കൊപ്പം നൈഗയും കൂട്ടിരുന്നു. സ്നേഹനിധിയായ ദൈവം കൈവിടില്ലെന്ന പ്രതീക്ഷയോടെ അവള്‍ പ്രാർത്ഥിച്ചു. പാട്ടു പാടി. ദൈവത്തിന് കത്തുകളെഴുതി. ശസ്ത്രക്രിയയില്‍ അനിയത്തിയുടെ മുടി നഷ്ടപ്പെട്ടപ്പോള്‍ നൈഗ തന്‍റെ മുടി മുറിച്ച് ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കി.
ഒടുവില്‍ നൈഗയുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. രണ്ടു മാസത്തോളം നീണ്ട ആശുപത്രി ജീവിതത്തിനും തുടർന്നുള്ള രണ്ടുമാസത്തെ റീഹാബിലിറ്റേഷനും ശേഷം വൈഗ തന്‍റെ കുട്ടിക്കുറുമ്പ് നിറഞ്ഞ പഴയ ജീവിത്തിലേക്ക് പതിയെ തിരിച്ചു നടക്കാന്‍ തുടങ്ങി. 'മിറാക്കിള്‍ ബേബി' എന്നാണ് ഡോക്ടര്‍മാര്‍ അവളെ വിളിച്ചത്. ഇങ്ങനൊരു ആല്‍ബം ഇറക്കണമെന്നത് വൈഗയുടെ ആഗ്രഹമായിരുന്നു. അങ്ങനെയാണ് അനിയത്തിക്കു വേണ്ടി കെ എസ് ചിത്രയുടെ 'ദൈവം നിന്നോടു കൂടെ' എന്ന ആല്‍ബത്തിനായി ഗോഡ്‍വിന്‍ വിക്ടര്‍ കടവൂര്‍ എഴുതി ജോര്‍ജ്ജ് മാത്യു ചെറിയത്ത് ഈണമിട്ട ഈ ഗാനം നൈഗ പാടിയതും പുതിയൊരു ആല്‍ബമായി ചിത്രീകരിക്കുന്നതും. തുടക്കത്തില്‍ പറഞ്ഞതുപോലെ ഒരിറ്റ് കണ്ണീരെങ്കിലും പൊഴിക്കാതെ നിങ്ങൾക്ക് ഈ പാട്ട് കാണുവാന്‍ കഴിയില്ല; കേള്‍ക്കുവാനും.