തനിക്ക് സിനിമ തന്നതെല്ലാം ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ ആണെന്നും സിനിമയിൽ അഭിനയിച്ചു എന്നത് വലിയൊരു കാര്യമായി കാണേണ്ട കാര്യമില്ലെന്നും മഞ്ജു.
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവു തെളിയിച്ചിട്ടുള്ള താരമാണ് മഞ്ജു പത്രോസ്. യൂട്യൂബ് ചാനലിലൂടെയും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും താരം തന്റെ വിശേഷങ്ങൾ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. സിനിമയിൽ അഭിനയിക്കുന്നവർക്ക് വലിയ ഹൈപ്പ് കൊടുക്കേണ്ട ആവശ്യമില്ല എന്നാണ് മഞ്ജു പത്രോസ് പറയുന്നത്.
തനിക്ക് സിനിമ തന്നതെല്ലാം ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ ആണെന്നും സിനിമയിൽ അഭിനയിച്ചു എന്നത് വലിയൊരു കാര്യമായി കാണേണ്ട കാര്യമില്ലെന്നും മഞ്ജു പറയുന്നു. ജീവിതത്തിൽ അച്ഛനും അമ്മയുമല്ലാതെ മറ്റാരും തന്നെ ഇത്രയും സ്നേഹിച്ചിട്ടില്ലെന്നും താരം പറഞ്ഞു. ഏത് ജോലി ആണെങ്കിലും അത് കഴിവുണ്ടെങ്കിൽ മാത്രമേ ചെയ്യാൻ സാധിക്കുകയുളളൂ എന്നും മഞ്ജു കൂട്ടിച്ചേർത്തു. ഒരു സ്വകാര്യം ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
''സിനിമയിൽ അഭിനയിക്കുന്നതും ഒരു തൊഴിൽ തന്നെയാണ്. ഒരു വ്യക്തി സാധാരണ മറ്റേതൊരു തൊഴിലും ചെയ്യുന്നതു പോലെയാണ് സിനിമയിൽ അഭിനയിക്കുന്നതും. അല്ലാതെ അതിന് വലിയൊരു ഹൈപ്പ് കൊടുക്കേണ്ട ആവശ്യമൊന്നുമില്ല. ഞാൻ എനിക്കറിയാവുന്ന ഒരു തൊഴിൽ ചെയ്യുന്നു. സിനിമയിൽ അഭിനയിക്കുന്നവരോട് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല. വലിയ എന്തോ ഒരു സംഭവം ചെയ്തുവെന്ന് തോന്നേണ്ട ആവശ്യവും ഇല്ല. ഞാൻ ഒരു കൂലിപ്പണിക്കാരിയാണ് എന്നു തന്നെയാണ് ശക്തമായി വിശ്വസിക്കുന്നത്. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഒരാളാണ് ഞാൻ'', എന്ന് മഞ്ജു പത്രോസ് പറഞ്ഞു.
''അഭിനയിക്കാൻ അറിയാവുന്ന ഒരുപാട് ആളുകൾ സിനിമയ്ക്ക് പുറത്ത് നിൽക്കുകയാണ്. അതിനിടയിൽ എനിക്ക് അഭിനയിക്കാൻ അവസരം തന്നതിൽ ദൈവത്തിനോട് നന്ദി പറയുന്നുണ്ട്. അതിൽ കൂടുതലൊന്നും മഹത്വവൽക്കരിക്കേണ്ട ആവശ്യമില്ല. ഏത് തൊഴിൽ ചെയ്യാനും കഴിവ് വേണം. അല്ലാതെ വലിയ ഒരു സംഭവത്തിൽ വന്നു നിൽക്കുന്നുവെന്ന തോന്നലില്ല. എനിക്ക് പട്ടിണിയില്ലാതെ ജീവിക്കാൻ ഒരു ജോലി കിട്ടിയതിൽ സന്തോഷമുണ്ട്'', മഞ്ജു പത്രോസ് കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..