പേരില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന മലയാള സിനിമ!

By Web Desk  |  First Published May 28, 2017, 5:34 PM IST

പേര് എന്താണ് എന്നതില്‍ വലിയ കാര്യമുണ്ട്. അതു സിനിമയായാലും സാഹിത്യമായാലും കമ്പനികളായാലും ഒക്കെ. പേരിലൂടെയായിരിക്കും ആദ്യം ആള്‍ക്കാരെ ആകര്‍ഷിക്കുക. ഇപ്പോഴിത് പറയാന്‍ കാരണം ഒരുപിടി മലയാള സിനിമകള്‍ വ്യത്യസ്‍ത പേരില്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്ന് സൂചിപ്പിക്കാനാണ്.

Latest Videos

undefined

എല്ലാ സിനിമകളുടെയും പേര് വ്യത്യസ്തമാക്കിയ സംവിധായകനാണ് അനില്‍ രാധാകൃഷ്‍ണ മേനോന്‍. അനില്‍ രാധാകൃഷ്‍ണ മേനോന്റെ നോർത്ത് 24 കാതം, സപ്തമശ്രീ തസ്കരാ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്നീ സിനിമകളെല്ലാം പേരിന്റെ പുതുമ കൊണ്ടുകൂടി ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ സിനിമയ്‍ക്കും ഒരു വ്യത്യസ്തമായ പേരാണ്. ദിവാൻജി മൂല ഗ്രാന്റ് പ്രി (ക്സ്) എന്നാണ് പുതിയ സിനിമയ്ക്കു പേരിട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തുമായി ചേര്‍ന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍ പുതിയ സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നത്. കുഞ്ചാക്കോ ബോബന്‍ കളക്ടറായി വേഷമിടുന്നു. നെടുമുടി വേണുവും നൈല ഉഷയും സിനിമയിലുണ്ടാകും.

ആന അലറലോടലറല്‍ ആണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു വ്യത്യസ്ത പേരുള്ള സിനിമ. ഒരു വടക്കന്‍ സെല്‍ഫിയില്‍ ജി പ്രജിത്തിന്റെ സഹസംവിധായകനായിരുന്ന ദിലീപ് മേനോന്‍ ആണ് ആന അലറലോടലറല്‍ സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസനും അനു സിത്താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശരത് ബാലന്‍ ആണ് തിരക്കഥ എഴുതുന്നത്. മാമുക്കോയ, വിജയരാഘവന്‍, വിശാഖ് നായര്‍, സുരാജ് വെഞ്ഞാറമൂട്, ധര്‍മ്മജന്‍, ഹരീഷ് പെരുമന്ന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വ്യത്യസ്ത പേരുള്ള മറ്റൊരു സിനിമ മമ്മൂട്ടി നായകനാകുന്നതാണ്. സച്ചി- സേതു കൂട്ടുകെട്ടിലെ സേതു സ്വതന്ത്ര സംവിധായകനാകുന്ന സിനിമയ്‍ക്ക് കോഴി തങ്കച്ചന്‍ എന്നാണ് പേര്. മമ്മൂട്ടി ടൈറ്റില്‍ കഥാപാത്രമായി അഭിനയിക്കും. ഒരു ഗ്രാമീണനായ കഥാപാത്രമായിരിക്കും മമ്മൂട്ടിയുടേത്. കുട്ടനാടിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ഉണ്ണി മുകുന്ദന്‍ സേതുവിന്റെ സംവിധാനസഹായിയായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന പ്രേത്യേകതയുമുണ്ട്. നായികമാരായി ദീപ്തി സതി, മിയ, അനു സിത്താര എന്നിവരുടെ പേരുകളാണ് കേള്‍ക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. അനന്തവിഷന്റെ ബാനറില്‍ മുരളീധരനും ശാന്താ മുരളീധരനുമാണ് സിനിമ നിര്‍മ്മിക്കുന്നത്. ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയേക്കും.


 
പേരില്‍ വൈവിധ്യവുമായി എത്തുന്ന മറ്റൊരു സിനിമയാണ് വിശ്വ വിഖ്യാതരായ പയ്യന്മാർ.  ദീപക് പറമ്പോല്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  രാജേഷ് കണ്ണങ്കരയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഒരു പുണ്യപുരാണ കളർസ്കോപ്പ് ഗുണ്ടാപ്പടം എന്ന ടാഗ് ലൈനോടുകൂടി എം എൻ നമ്പ്യാർക്ക് ബാലൻ കെ നായരിൽ സംഭവിച്ചത് എന്ന ഒരു സിനിമയും വരുന്നു. സുബാഷ് അഞ്ചൽ ആണ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്നത്.  ഗായകൻ എം ജി ശ്രീകുമാർ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.ർ


അഞ്ചരേം ഒന്നും ആറര, കുഞ്ചറിയേ  ഒന്ന് മാറെടാ എന്ന പേരില്‍ ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് കലേഷ് നേത്രയാണ്. നെടുമുടി വേണുവും മനോജ് കെ ജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയ്‍ക്കു ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്നതും പുതുമയുള്ള പേരുള്ള സിനിമയാണ്. വർണ്യത്തിൽ ആശങ്ക എന്നാണ് സിനിമയുടെ പേര്. കുഞ്ചാക്കോ ബോബനാണ് സിനിമയിലെ നായകന്‍.

മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം  ദിലീഷ് പോത്തനും ഫഹദും ഒന്നിക്കുന്ന സിനിമയ്‍ക്കും വ്യത്യസ്തമായ പേരാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും. രാജീവ് രവിയാണ് ചിത്രത്തിന്‍റെ ക്യാമറമാന്‍ ആകുന്നത്. സൗബിൻ ഷാഹിർ, അലെൻസിയർ എന്നിവരാണ് മറ്റുതാരങ്ങൾ.


ആഭാസം എന്ന പേരിലും ഒരു സിനിമ ഒരുങ്ങുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടും റിമാ കല്ലിങ്കലും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

click me!