അധികം ബഹളങ്ങളില്ലാതെ തിയേറ്ററിലെത്തിയ സിനിമയാണ് കടംകഥ. തന്‍റെ ആദ്യ സിനിമയെക്കുറിച്ച് സംവിധായകന്‍ സെന്തില്‍ രാജന്‍ സംസാരിക്കുന്നു.
undefined
ആദ്യ സിനിമ എന്ന അനുഭവം...
100ലധികം തിയേറ്ററുകളിലാണ് കടംകഥ റിലീസ് ചെയ്തത്. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ വലിയ ആള്‍ത്തിരക്കില്ലായിരുന്നു തിയേറ്ററുകളില്‍. എന്നാല്‍ അടുത്ത ഷോ മുതല്‍ തിയേറ്ററുകള്‍ നിറഞ്ഞുതുടങ്ങി. അതുകണ്ടപ്പോള്‍ സിനിമ വലിയ വിജയമാകുമെന്നാണ് കരുതിയത്. എന്നാല്‍ റിലീസ് ചെയ്ത സമയവും ഹര്‍ത്താല്‍ പോലുള്ള സാഹചര്യങ്ങളും ചെറിയ രീതിയില്‍ സിനിമയെ ബാധിച്ചിട്ടുണ്ട്. എങ്കിലും വളരെ നല്ല അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്.
ലോ ബജറ്റ് സിനിമയില്‍ തുടക്കം...
ലളിതമായി ആരംഭിക്കാം എന്ന് തീരുമാനിച്ചതുകൊണ്ടാണ് കടംകഥയില്‍ എത്തിയത്. അതിനുതകുന്ന കഥയാണ് കടംകഥയുടേത്. കടമുണ്ടാകുന്ന സാധാരണക്കാരന്‍റെ അവസ്ഥയെക്കുറിച്ചാണ് സിനിമ. അത് അല്പം നര്‍മ്മം ഉള്‍ക്കൊള്ളിച്ച് അവതരിപ്പിക്കാനാണ് ശ്രമിച്ചത്. തുടക്കക്കാരന്‍ എന്ന നിലയില്‍ എനിക്ക് എന്‍ട്രി കിട്ടിയിട്ടുണ്ട് എന്നു തന്നെയാണ് വിശ്വാസം.
വിനയ് ഫോര്‍ട്ടും ജോജുവും...
സിനിമയെ വിജയിപ്പിച്ചത് അവരുടെ അഭിനയം കൊണ്ടുകൂടിയാണ്. വിനയ് ഫോര്‍ട്ടും ജോജുവും തീര്‍ച്ചയായും കാഴ്ച്ചക്കാരെ കൈയ്യിലെടുത്തിട്ടുണ്ട്. സിനിമയിലെ എല്ലാവരുടേയും അഭിനയത്തെക്കുറിച്ചാണ് എറ്റവും കൂടുതല്‍ ആളുകള്‍ എന്നോടു സംസാരിച്ചത്. വീണ, രഞ്ജി പണിക്കര്‍, റോഷന്‍, സൈജു കുറുപ്പ് തുടങ്ങിയവരെയൊക്കെ നന്നായി അഭിനയിച്ചിട്ടുണ്ട്.
പരിമിതികളെ മറികടക്കാന്‍ ശ്രമം...
ആദ്യ സിനിമയെന്ന നിലയ്ക്ക് അതിന്‍റേതായ പരിമിതികള്‍ ഈ സിനിമയ്ക്കുണ്ട്. കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നു തോന്നിയ ചില ഭാഗങ്ങള്‍ ഈ സിനിമയിലുണ്ട്. ഒരിക്കലും പ്ലാന്‍ ചെയ്തപോലെ ചെയ്യുക എന്നത് പുതിയ ഒരാള്‍ക്ക് കഴിയണമെന്നില്ല. എന്നാല്‍ പരിഭ്രമങ്ങളില്ലാതെ സിനിമ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അനുഭവങ്ങളിലൂടെ വളരുന്ന കല തന്നെയാണ് സിനിമയും.
സിനിമ വെല്ലുവിളിയല്ല...
ജീവിതത്തില്‍ കുറച്ച് റിസ്ക്കെടുക്കാന്‍ തയ്യാറാണോ എന്നൊരു ചോദ്യം സിനിമയിലുണ്ട്. എന്നാല്‍ കടംകഥ ഒരിക്കലും സംവിധായകന്‍ എന്ന നിലയില്‍ ഒരു റിസ്കായിരുന്നില്ല. സംവിധായകന് സിനിമയെപ്പോളും ആത്മ സമര്‍പ്പണമാണ്. അതുകൊണ്ട് ആസ്വദിച്ചു തന്നെയാണ് കടംകഥ പൂര്‍ത്തിയാക്കിയത്.
സിനിമയ്ക്കു പിന്നിലെ കഥകള്‍...
ആദ്യ സിനിമയാണ് കടംകഥ. എന്നാല്‍ സംവിധായകന്‍ ജയരാജിന്‍റെ ക്യാമല്‍ സഫാരി എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തിരുന്നു. കുറച്ച് വര്‍ഷങ്ങളായി പരസ്യചിത്ര നിര്‍മ്മാണത്തില്‍ സജീവമാണ്. ഇവയില്‍ നിന്നൊക്കെയുള്ള അനുഭവങ്ങളാണ് ഒരു സിനിമ ചെയ്യാനുള്ള ശക്തി തന്നത്. ജയരാജേട്ടന്‍റെയൊക്കെ പിന്തുണയും ഈ സിനിമയ്ക്കു പിന്നിലുണ്ടായിരുന്നു.
ജയരാജ് സാര്‍ വിളിച്ചു..
സിനിമ കണ്ട് ഡയറക്ടര്‍ ജയരാജ് സാറും ഭാര്യയും വിളിച്ചിരുന്നു. നന്നായി ചെയ്തുവെന്നാണ് ഇരുവരും എന്നോടു പറഞ്ഞത്. കണ്ടവരില്‍ നിന്ന് എനിക്കും നിര്‍മ്മാതാവിനും അറിയാന്‍ കഴിഞ്ഞതും നല്ല പ്രതികരണങ്ങള്‍ തന്നെയാണ്.
മാറുന്ന സാഹചര്യങ്ങള്‍...
സിനിമയുടെ സംപ്രേഷണാവകാശം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതിനാല്‍ സിനിമ സാമ്പത്തികമായി എത്രത്തോളം വിജയിച്ചുവെന്ന് കൃത്യമായി പറയാനാവില്ല. ഈയൊരു സിനിമ മാത്രമല്ല അനേകം സിനിമകളാണ് ഒരേ സമയം തിയേറ്ററിലെത്തുന്നത്. തിയേറ്ററില്‍ പരാജയപ്പെട്ട സിനിമകള്‍ പിന്നീട് ഡിവിഡി പുറത്തിറങ്ങിപ്പോള്‍ ഹിറ്റായത് നമുക്ക് മുമ്പിലുണ്ട്. മുന്‍കൂട്ടി സാറ്റലൈറ്റ് നല്‍കുന്ന രീതിയിലടക്കം വളരെയേറെ മാറ്റങ്ങള്‍ സിനിമയില്‍ വന്നിട്ടുണ്ട്.
സിനിമ ഭീഷണിയല്ല...
കടംകഥ ഈയാഴ്ച്ച തിയേറ്ററുകളില്‍ നിന്ന് പിന്‍വാങ്ങുകയാണ്. ഒരു ഹിന്ദി സിനിമയടക്കം അഞ്ച് സിനിമകളാണ് ഈയാഴ്ച്ച തിയേറ്ററിലെത്തുന്നത്. കാണികള്‍ക്ക് വിനോദമാണ് വേണ്ടത്. അവര്‍ സിനിമകാണാന്‍ വരുന്നത് അതിനുവേണ്ടിയാണ്. അതുകൊണ്ടാണ് വിക്രംവേദ പോലുള്ള സിനിമകള്‍ കേരളത്തില്‍ നന്നായി ഓടുന്നത്. അതുകൊണ്ട് സിനിമ മറ്റൊരു സിനിമയ്ക്ക് ഭീഷണിയാകും എന്ന് കരുതുന്നില്ല.